ADVERTISEMENT

ലൈസൻസ് ടെസ്റ്റിന് കമന്ററി ഡ്രൈവിങ് രീതിവരുന്നു എന്ന വാർത്ത വന്നത് അടുത്തിടെയാണ്. വെറുതെ എച്ച് എടുത്ത് കാട്ടാതെ നിരീക്ഷണപാടവം പരിശോധിക്കാൻ മുന്നിൽ കാണുന്നതെല്ലാം പറഞ്ഞുകൊണ്ട് വാഹനമോടിച്ച് കാണിക്കണം എന്നതാണ് കമന്ററി ഡ്രൈവിങ് രീതി. ഡ്രൈവിങ് ലൈസൻസ് എന്ന കടമ്പ കൂടുതൽ കർശനമാകുമ്പോൾ അറുപതുകളിൽ ഉണ്ടായിരുന്ന ഡ്രൈവിങ് ടെസ്റ്റിനെപ്പറ്റി ഓർത്തെടുക്കുകയാണ് കോട്ടയം ബെസ്റ്റോട്ടലിന്റെ മുൻ മാനേജർ പിഎം വർഗീസ്.  

ലൈസൻസിന്റെ പ്രായം 57

1962 ലാണ് ലൈസൻസ് എടുക്കുന്നത്, ഇന്നത്തെപ്പോലെയല്ല അന്നത്തെ ഡ്രൈവിങ് ടെസ്റ്റ് രീതികൾ. എല്ലാം കടുകട്ടി, വർഗീസ് ഓർത്തെടുക്കുന്നു. കമന്ററി ഡ്രൈവിങ് രീതി അന്നുണ്ട്, മുന്നിൽ കാണുന്നതെല്ലാം പറയുക തന്നെവേണം. മോട്ടോർവാഹന ഉദ്യോഗസ്ഥർ കർക്കശക്കാർ. പാലം കയറുമ്പോഴും ഇടറോഡുകളുടെ മുന്നിലുമെല്ലാം പെട്ടെന്ന് വാഹനം നിർത്താൻ പറയും. പക്ഷേ അങ്ങനെ നിർത്തിയാൽ ഡ്രൈവിങ് പരീക്ഷയിൽ പരാജയപ്പെടും. പാലത്തിലും ഇടറോഡുകളുടെ മുന്നിലുമെല്ലാം നിർത്താൻ പാടില്ലെന്നാണ് നിയമം. ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരെ പരീക്ഷിക്കാനാണ് ഇത്തരം കാര്യങ്ങള്‍ ഉദ്യോഗസ്ഥർ പറയുന്നത്. അതുപോലെ തന്നെ നിരവധി കടമ്പകൾ കടന്നാലേ ലൈസൻസ് ലഭിക്കൂ.

ആദ്യം ഡ്രൈവിങ് ലൈസൻസ് പിന്നീട് ഒരു വർഷത്തിനു ശേഷം 1963 ൽ മോട്ടോർ സൈക്കിൽ ലൈസൻസും ബാ‍ഡ്ജും  1965 ൽ ഹെവിലൈസൻസുമെല്ലാം വർഗീസ് സ്വന്തമാക്കി. ഡ്രൈവിങ്ങിനോടുള്ള താൽപര്യം മൂലമാണ് ലൈസൻസ് എടുത്തതെന്നാണ് വർഗീസ് പറയുന്നത്. ഇന്നും വാഹനങ്ങളോടിക്കുന്നുണ്ട് വർഗീസ്. പഴയ വാഹനങ്ങളിൽ കയറ്റത്തിൽ ഹാഫ് ക്ലെച്ചിൽ നിർത്താനും എടുക്കാനുമെല്ലാം പ്രത്യേക കഴിവു തന്നെ വേണം. കൂടാതെ, ഹെവി ലൈസൻസ് എടുക്കാനാണ് ചെല്ലുന്നതെങ്കിൽ ലോറിയിൽ എത്ര വരെ ലോഡു കയറ്റാം തുടങ്ങി നിയമങ്ങൾ അറിയാമോ എന്ന് പരീക്ഷിക്കുന്ന ചോദ്യങ്ങൾ വേറെ. ഇന്ന് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത് കുറച്ചുകൂടി എളുപ്പമായിട്ടുണ്ടെന്നാണ് വർഗീസിന്റെ ഭാഷ്യം.

കമന്ററി ഡ്രൈവിങ് രീതി തിരികെ ലൈസൻസ് ടെസ്റ്റിലെത്തുമ്പോൾ പണ്ട് ലൈസൻസെടുത്ത പലരും തങ്ങളുടെ ഡ്രൈവിങ് ടെസ്റ്റ് കടമ്പ ഓർക്കാതിരിക്കില്ലെന്നാണ് വർഗീസ് പറയുന്നത്. ഡ്രൈവിങ് ഇന്നും ഒരു ഹരമാണെങ്കിലും അധികം വാഹനം ഓടിക്കാറില്ലെന്നും ഈ എഴുപത്തൊൻപതുകാരൻ പറയുന്നു. എന്നാൽ കൂടുതൽ കർക്കശമായ ഡ്രൈവിങ് ടെസ്റ്റ് നിലവിൽ വരുന്നത് നല്ലതാണെന്നും ആളുകളെ വാഹന നിയമങ്ങളെപ്പറ്റി അത് കൂടുതൽ ബോധവാന്മാരാക്കുമെന്നും  വർഗീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com