ADVERTISEMENT

ഏഴാം സ്ഥാനമേ ഉള്ളോ എന്നു ചോദിക്കുന്നവരോട്... രാജ്യത്തെ ഐഐടി, എൻഐടി, പേരുകേട്ട ടെക്നിക്കൽ കോളജ് എന്നിവരുമായി മത്സരിച്ച് ഏഴാം സ്ഥാനം കിട്ടിയത് ചില്ലറകാര്യമാണോ? ആ കഥയാണ് കോതമംഗലം നെല്ലിമറ്റത്തെ ടീം മെറ്റൽ ഹെഡ്സിനു പറയാനുള്ളത്.  എൻജിനീയറിങ് വിദ്യാർഥികൾക്കായുള്ള നാഷനൽ ലെവൽ ഓഫ് റോഡ് ചാംപ്യൻഷിപ് ആൻഡ് ഡിസൈൻ ചാലഞ്ചാണ് ക്വാഡ് ടോർക്ക്. എൻജിനീയറിങ് വിദ്യാർഥികളുടെ സ്വപ്നമാണ് ക്വാഡ് ടോർക്കിൽ പങ്കെടുക്കുക എന്നത്.  ഇന്ത്യൻ സൊസൈറ്റി ഓഫ് ന്യൂ എറ എൻജിനീയേഴ്സ് (ISNEE) നടത്തിയ വാട്ട് ക്വാഡ് ടോർക്ക് 2018 ൽ ഒാൾ ഓവർ റാങ്കിങ്ങിൽ ഏഴാം സ്ഥാനവും ട്രാക്‌ഷൻ ടെസ്റ്റിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ്  നെല്ലിമറ്റത്തെ മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് സംഘം ഉത്തർപ്രദേശിലെ ബിജിനോറിൽനിന്നു മടങ്ങിയെത്തിയത്. രാജ്യാന്തരതലത്തിൽ ആദ്യ പത്തിൽ എത്തി കോളജിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച ടീം മെറ്റൽ ഹെഡ്സിനെ പരിചയപ്പെടാം. 

സീനിയേഴ്സ് സ്പാർക്ക്

കോളജിൽ സീനിയേഴ്സിന്റെ വിജയഗാഥകൾ ഏറെ കേട്ടിട്ടുണ്ടാകും ജൂനിയേഴ്സ്. എറണാകുളം നെല്ലിമറ്റത്തെ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് സീനിയേഴ്സ് റോൾ മോഡലാണ്.സീനിയേഴ്സ് വാട്ട് ക്വാഡ് ടോർക്കിൽ മത്സരിക്കുന്നത് കണ്ടിട്ടാണ് ഇവർക്കും ഇത് ചെയ്യണമെന്നു തോന്നിയത്. മൂന്നാം വർഷം ആയപ്പോൾ എന്തായാലും ഒരു പ്രോജക്ട് ചെയ്യണം. എന്നാൽ പിന്നെ ക്വാഡ് ടോർക്കിൽ മത്സരിച്ചാലെന്താ എന്ന ചിന്തയായി. വിഷയം 

atv-1

മെക്കാനിക്ക് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രഫസർ എബിൻ സണ്ണിയുടെ മുൻപിൽ അവതരിപ്പിച്ചു. അങ്ങനെ ക്വാഡ് ബൈക്ക് എന്ന ഓൾ ടെറൈൻ വെഹിക്കിൾ അവിടെ രൂപം കൊണ്ടു. ക്യാപ്റ്റൻ അനീഷ് ചന്ദ്രന്റെ കീഴിൽ  ഇരുപത്തൊന്നുപേർ ചേർന്ന് ടീം മെറ്റൽ ഹെഡ്സ് രൂപീകരിച്ചു. ഇതിൽ നാലു പേർ വീതമുള്ള അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് എടിവിയുടെ ഓരോ പാർട്ടുംനിർമിക്കുന്നതിന്റെ ചുമതലയേറ്റെടുത്തു. ഐഎസ്എൻഇഇയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുമാത്രമേ വെഹിക്കിൾ ഡിസൈൻ ചെയ്യാൻ പറ്റൂ. സീനിയേഴ്സ് നിർമിച്ച  വാഹനത്തിന്റെ പഴയ ഫ്രെയിം മോഡിഫൈ ചെയ്തു പുതിയ ഡിസൈൻ ഉണ്ടാക്കി. നാലഞ്ചുമാസം വർക്‌ഷോപ്പിൽനിന്ന് ഇറങ്ങിയിട്ടില്ല. കുട്ടികൾക്കു പിന്തുണയുമായി സാങ്കേതിക ഉപദേശങ്ങൾ നൽകിയത് ലാബ് അസിസ്റ്റന്റ് ബിനീഷ് ജോയ് ആണ്. എടിവി പൂർത്തിയായപ്പോഴേക്കും ഏകദേശം 3–4 ലക്ഷത്തിനടുത്ത് രൂപ ചെലവായി. ടീമിന് എല്ലാ പിന്തുണയുമായി അധ്യാപകരും സഹപാഠികളും കൂടെ നിന്നു. 

എൻജിൻ

തായ്‌ലൻഡ് നിർമിത 250 സിസി സിംഗിൾ സിലിണ്ടർ  ലൈഫാൻ പെട്രോൾ എൻജിനാണ് ഈ എടിവിയിൽ. കരുത്ത് 15 ബിഎച്ച്പി. കൂടിയ വേഗം 60 Kmh. ഭാരം 300 കിഗ്രാം. മുന്നിൽ പ്രോഗ്രസീവ് സസ്പെൻഷനും പിന്നിൽ മോണോ ഷോക്ക് സസ്പെൻഷനുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകളാണ് ഇതിന്. ട്രാൻസ്മിഷൻ 5–സ്പീഡ് മാന്വൽ. വീൽ ബേസ് 1092.0 എംഎം. 

ബിജിനോറിലേക്ക്

ക്വാഡ് ടോർക്കിൽ പങ്കെടുക്കണമെങ്കിൽ ആദ്യം, വാഹനത്തിന്റെ പെർഫോമൻസ് വിഡിയോസ്, ഫോട്ടോസ് എന്നിവ ആദ്യം സംഘടനയ്ക്ക് അയച്ചുകൊടുക്കണം. എന്നിട്ടേ ക്വാഡിൽ പങ്കെടുപ്പിക്കൂ. തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് ഫൈനൽ റൗണ്ടിൽ പങ്കെടുക്കാം. വിവിധ റൗണ്ടുകളായുള്ള മത്സരത്തിൽ ടീമികൾക്കു പോയിന്റ് ലഭിക്കും. ഫൈനൽ റൗണ്ടിൽ വാഹനത്തിന്റെ ഡിസൈൻ, നിർമാണത്തുക, ഡിസൈൻ വാലിഡേഷൻ പ്ലാൻ, കംപ്യൂട്ടർ സഹായത്തോടെയുള്ള എൻജിനീയറിങ് റിപ്പോർട്ട് തുടങ്ങിയവയെല്ലാം വിശകലനം ചെയ്യും.   മത്സരത്തിൽ വാഹനത്തിന്റെ കാര്യക്ഷമത, ബ്രേക്കിങ് ആൻഡ് ആക്സിലറേഷൻ ടെസ്റ്റ്, ഡ്രോപ് ടെസ്റ്റ് (ഉയരത്തിൽ നിന്നു താഴേക്ക് ഇട്ടു നോക്കുക), സസ്പെൻഷൻ, എൻഡുറൻസ് (നാലു മണിക്കൂർ തുടർച്ചയായി ഓടിക്കുക), മന്വറബിലിറ്റി (പല ടെറൈൻ ഉള്ള ട്രാക്കിൽ ഓടിക്കുക) തുടങ്ങിയവയെല്ലാം ടെസ്റ്റ് ചെയ്യും. രാജ്യത്തെ നൂറ്റിപ്പതിനാലോളം എൻജിനീയറിങ് കോളജുകളിൽ നിന്നായി അവസാനം തിരഞ്ഞെടുക്കപ്പെട്ട 49 കോളജുകൾക്കായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ അവസരം കിട്ടിയത്. 

കേരളത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക കോളജായിരുന്നു കോതമംഗലം മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്. മൊത്തം 494.46 പോയിന്റുകൾ നേടിയാണ് ഏഴാം സ്ഥാനം കരസ്ഥമാക്കിയത്. ട്രാക്‌ഷൻ ടെസ്റ്റിൽ ക്വാഡ് ബൈക്ക് രണ്ടാം സ്ഥാനം നേടി. ബിസിനസ് പ്ലാനിൽ നാലാം സ്ഥാനം, മാനുഫാക്ചറിങ് ലെവലിൽ എഴാം സ്ഥാനം എന്നിങ്ങനെ എല്ലാ റൗണ്ടുകളിലും ആദ്യ പത്തിൽ എത്താൻ സാധിച്ചിട്ടുണ്ട്. ജൂനിയേഴ്സിനു കൂടുതൽ പ്രചോദനമേകുകയാണ് ഇവർ. കൂടുതൽ ഉയരങ്ങളിലേക്കു പറക്കാനൊരുങ്ങുന്ന ഒരു കൂട്ടം പറവകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com