sections
MORE

ഡ്രൈവിങ് പഠനം എന്ന പഞ്ചവത്സര പദ്ധതി, നിഖില വിമലിന്റെ വാഹന വിശേഷങ്ങള്‍

HIGHLIGHTS
  • യാത്രകൾ ഇഷ്ടപ്പെടുന്ന, ഡ്രൈവിങ് കാര്യമായി അറിയാത്ത കുട്ടിയാണു ഞാൻ
  • യാത്രകൾ പോകാൻ പെരുത്ത ഇഷ്ടമാണ്. ഷൂട്ടിങ് ലൊക്കേഷൻ യാത്രകളാണ് കൂടുതലും.
nikhila-vimal
Nikhila Vimal
SHARE

കബനിയായും സലോമിയായും മിന്നിയ വേഷങ്ങൾ.. നിഖില എന്ന കണ്ണൂർക്കാരി മലയാളത്തിലെ മുൻനിര നായികയായിട്ട് അധികം ആയിട്ടില്ല. ഡ്രൈവിങ് പഠനം തന്നെ ഒരു കഥയാണ്. സിനിമയിൽ വന്ന ശേഷമാണ് ഡ്രൈവിങ് പഠിക്കണം എന്ന മോഹം ഉണ്ടായത്. അങ്ങനെ ടൂവീലർ ഓടിക്കാൻ പഠിച്ചു, പിന്നെ കാർ ഡ്രൈവിങ് പഠിക്കാൻ പോയി. ഡ്രൈവിങ് ഒരുവിധം ആകുമ്പോഴേക്കും ഷൂട്ടിങ് തിരക്കുകളിലാകും. പിന്നെ ലോങ് ഗ്യാപ്...അപ്പോഴേക്കും മറന്നുപോയിട്ടുണ്ടാകും. പിന്നെയും ആദ്യം തുടങ്ങും. ഇതു കുറെ കാലമായി നടന്നുകൊണ്ടിരിക്കുന്നു. അവസാനം ഡ്രൈവിങ് പഠനം പഞ്ചവത്സര പദ്ധതിപോലെയായി. നീണ്ട്...നീണ്ട്... പോയി.

ബ്ലാക്ക് & റെഡ് ഐ 20

യാത്രകൾ ഇഷ്ടപ്പെടുന്ന, ഡ്രൈവിങ് കാര്യമായി അറിയാത്ത കുട്ടിയാണു ഞാൻ. വീട്ടിലെ കാർ ഹ്യുണ്ടായ് ഐ20. ഒരു വർഷം കഴിഞ്ഞു വാങ്ങിയിട്ട്. അച്ഛനും അമ്മയ്ക്കും ഹോസ്പിറ്റലിൽ പോകാനും മറ്റുമായി മാത്രമാണ് ഉപയോഗിക്കുന്നത്. കാർ വാങ്ങാൻ പ്ലാൻ ചെയ്തപ്പോൾ കുറെ അന്വേഷിച്ചു. എനിക്കാണെങ്കിൽ വണ്ടികളെക്കുറിച്ച് ഒരു ചുക്കും അറിയില്ല. പലരോടും അഭിപ്രായം ചോദിച്ചു. ഫ്രണ്ട്സിനോട് ഈ കാർ കൊള്ളാമോ? ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ടോ? എന്നൊക്കെ ചോദിച്ചാൽ, ഓഹോ... ഇതൊക്കെ അറിയാൻ‍ മാത്രം നീ വലുതായോ? എന്നു പറഞ്ഞ് അവർ കളിയാക്കും. ഐ20 ബ്ലാക്ക്–റെഡ് കോംപിനേഷനിലുള്ള പെട്രോൾ മോഡലാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. എനിക്ക് വെള്ള കളർ ഇഷ്ടമല്ല. ബ്ലാക്ക് ആണ് ഫേവറിറ്റ്. ഐ20 ക്കു ഫുൾ ബ്ലാക്ക് ഇല്ലാത്തതുകൊണ്ടാണ് കോംപിനേഷൻ കളർ എടുത്തത്. കണ്ണൂരിലെ വീട്ടിൽനിന്നു കൊച്ചി വരയേ ഐ 20 പോയിട്ടുള്ളൂ, അതിൽ കൂടുതൽ പോകാൻ അതിനു യോഗമുണ്ടായിട്ടില്ല. 

trivandrum-nikhila

ഹമ്മേ..ഇതാണോ കശ്മീർ

യാത്രകൾ പോകാൻ പെരുത്ത ഇഷ്ടമാണ്. ഷൂട്ടിങ് ലൊക്കേഷൻ യാത്രകളാണ് കൂടുതലും. കാര്യമായി പ്ലാൻ ചെയ്തു പോകുന്നത് വളരെ കുറവാ..സ്ഥലങ്ങൾ കാണാലോ എന്നു കരുതി മാത്രം ഷൂട്ടിങ്ങിനു ഡേറ്റ് കൊടുത്തിട്ടുണ്ട്.   കശ്മീരിലാ ഷൂട്ടിങ് എന്നറിഞ്ഞതുകൊണ്ടു മാത്രം സിനിമ ചെയ്ത ആളാണു ഞാൻ. സിരിരാജിന്റെ ‘രംഗ’ എന്ന തമിഴ് സിനിമ ചെയ്തത് അങ്ങനെയാ. ഇതുവരെ റിലീസ് ആയിട്ടില്ലാത്ത മൂവി ആണ്. ഇതിന്റെ ഒരു ഷെഡ്യൂൾ കശ്മീരിൽ ആയിരുന്നു. കശ്മീർ എന്നൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വിടരുന്ന ഒരു ചിത്രമുണ്ടല്ലോ... അതൊക്കെ പ്രതീക്ഷിച്ചാണു പോയത്. ലൊക്കേഷൻ കാണാൻ പോയവരും അങ്ങനെയാ പറഞ്ഞത്. അവസാനം അവിടെ ചെന്നിറങ്ങിയപ്പോഴല്ലേ...ദൈവമേ.. ഇതാണോ കശ്മീർ എന്നു മനസ്സിൽ പറഞ്ഞുപോയി. ഭീകര മഞ്ഞുവീഴ്ച. മഞ്ഞുകാലത്തെ ഏറ്റവും മോശമായ അവസ്ഥയായിരുന്നു അത്. മഞ്ഞിൽ കളിക്കാനും ആസ്വദിക്കാനും പോയിട്ട് പുറത്തിറങ്ങാൻ പോലും പറ്റാത്ത അത്രയും ഭീകരം. ഒട്ടും പൊരുത്തപ്പെടാൻ പറ്റതെ കരച്ചിലായി. ‘എനിക്ക് വീട്ടീപ്പോണം.’ ഒരാഴ്ചയെടുത്തു കുറച്ചെങ്കിലും സെറ്റ് ആകാൻ.അതിലും കഷ്ടമായിരുന്നു ഷൂട്ടിങ്. എല്ലാ ദിവസവും ക്യാമറ കേടാകും. അപ്പോൾ ടൂറിസ്റ്റ് സീസണും അല്ല. കർഫ്യൂ ആയിരുന്നു. മാത്രമല്ല ഇന്റർനെറ്റ് നിരോധിച്ചിരുന്ന സമയവും. വല്ലാത്തൊരു യാത്രയായിപ്പോയി അത്. ഫ്രണ്ട്സും മറ്റും കശ്മീരിൽ പോയിട്ട് ബ്യൂട്ടിഫുൾ പ്ലേസ് എന്നൊക്കെ സ്റ്റാറ്റസ് ഇടുമ്പോൾ മനസ്സിൽ തോന്നും...ഓ...ഇതൊക്കെ എന്ത്? !!

nikhila-trip8

ഇതാണല്ലേ ബാങ്കോക്ക്?

അതുപോലെ, പ്ലാൻ ചെയ്തിട്ടു നടക്കാതെപോയ ലൊക്കേഷൻ ഉണ്ട്... ബാങ്കോക്ക്. ദുൽഖർ സൽമാൻ നായകനായ ഒരു ‘യമണ്ടൻ പ്രേമകഥ’യുടെ സോങ് ബാങ്കോക്കിൽ നടത്താനായിരുന്നു പ്ലാൻ. സ്വപ്നത്തിലെ പാട്ടായതുകൊണ്ടും സിനിമയിലെ എന്റെ ക്യാരക്ടർ സസ്പെൻസ് ആയതുകൊണ്ടുമാണ് വിദേശത്ത് ഷൂട്ട് ചെയ്യാം എന്നുവച്ചത്. ആഹാ...ബാങ്കോക്ക് കാണാലോ... എന്നൊക്കെയോർത്ത് സന്തോഷിച്ചിരിക്കുമ്പോഴാണ് ലൊക്കേഷൻ മാറ്റിയ വിവരം പറയുന്നത്. പിന്നെ പൊള്ളാച്ചി ആയി. അതുകഴിഞ്ഞ് ഊട്ടി, കൊടൈക്കനാൽ മാറി മാറി... അവസാനം കോട്ടയം... ഷൂട്ട് നടന്നതോ നട്ടുച്ച വെയിലത്തും!! ഷൂട്ട് ചെയ്യുമ്പോൾ ഞാൻ ചോദിച്ചു.. ഇതാണല്ലേ ബാങ്കോക്ക്! വിദേശ യാത്രകൾ അധികം  പോയിട്ടില്ല. ഇടയ്ക്കു ദുബായിൽ പോയിരുന്നു. അവിടെ ഫ്രണ്ട്സും കസിൻസും ഒക്കെ ഉള്ളതുകൊണ്ട് അടിപൊളിയായിരുന്നു.  

ചെന്നൈ എൻ ഉയിര്

എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണെന്നോ... ചെന്നൈ. എന്തുകൊണ്ടാണെന്ന് അറിയില്ല, അവിടെ പ്പോകുമ്പോൾ വളരെ കംഫർട്ടബിൾ ആണ്. എന്റെ വീട്ടുകാർ ചോദിക്കും., ചെന്നൈയിൽ ആരുണ്ടായിട്ടാ അവിടെ പോകുന്നത് എന്ന്. അവിടെ ആരെയും പരിചയം ഇല്ല. പക്ഷേ, എനിക്കിഷ്ടമാണ് ചെന്നൈ. തമിഴ്നാടിനോടുള്ള ഇഷ്ടം കൊണ്ട് ഞാൻ തമിഴ് എഴുതാനും വായിക്കാനും പഠിച്ചു. ദിവസവും ഒരാളോടെങ്കിലും എനിക്കു തമിഴ് സംസാരിക്കുന്നതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഹോബി. 

nikhila-trip6

യാത്രായോഗം ഇല്ലാത്ത കുട്ടി

യാത്രകൾ പ്ലാൻ ചെയ്യുന്ന കാര്യത്തിൽ ഉസ്താദാണു ഞാൻ. പ്ലാനിങ്ങിന് ഒരു കുറവുമില്ല. പക്ഷേ, അവസാനം പ്ലിങ് ആകും. എന്റെ ചേച്ചി അഖില ഡൽഹിയിൽ ആണ്. അവളാണെങ്കിൽ ദേ..ഞാൻ ഇപ്പൊ വരാം എന്നു പറഞ്ഞ് ഒറ്റ പോക്കാണ്. പിന്നെ കുറച്ചു ദിവസം കഴിഞ്ഞേ പൊങ്ങൂ.. ഇഷ്ടം പോലെ ട്രാവൽ ചെയ്യും. ഞാനാണെങ്കിൽ പെട്ടെന്നുള്ള യാത്രയാണെങ്കിൽ പോലും രണ്ടീസം മുൻപെങ്കിലും ആലോചിക്കണം.  യാത്രായോഗം ഇല്ലാത്ത കുട്ടിയാണെന്നാ തോന്നുന്നെ!!എന്നാലും, പ്ലാനൊക്കെ പൊട്ടുമെങ്കിലും ആ കുറവുകൾ തീർക്കാൻ വീണ്ടുമൊരു യാത്രയ്ക്കുള്ള പ്ലാനിലാണ് നിഖില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA