ADVERTISEMENT

'കേശഭാരം കബരിയിലണിയും കേരള നൃത്തകലാ സൗന്ദര്യമേ'..., വയലാറിന്റെ വരികളെപ്പോലെ തന്നെ മുടിയില്ലാതെന്ത് സൗന്ദര്യം എന്നു വിശ്വസിക്കുന്ന നമ്മള്‍ മലയാളികളെ മൊട്ടയടിച്ച് അമ്പരപ്പിച്ച നടിയാണ് കൃഷ്ണപ്രഭ. ഈ കുട്ടിക്കിതെന്തുപറ്റി എന്ന് മലയാളികള്‍ അടക്കം പറയുമ്പോള്‍ എത്തുന്നു, റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററിന്റെ മുകളില്‍ മൊട്ടത്തലയും മുഖത്തൊരു കൂളിങ് ഗ്ലാസും വെച്ച് കിടിലന്‍ ലുക്കിലിരിക്കുന്ന കൃഷ്ണപ്രഭയുടെ ചിത്രങ്ങള്‍.  സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ ചിത്രങ്ങള്‍ തന്റെ ബൈക്ക് പ്രേമത്തിന്റെ ബാക്കിപത്രമാണെന്നാണ് നടി പറയുന്നത്. കൃഷ്ണപ്രഭയുടെ വാഹന വിശേഷങ്ങള്‍.

 

ബൈക്ക് ക്രേസി

 

krishna-prabha-1

വാഹനങ്ങളെന്നാല്‍ പുരുഷന്മാരുടെ ഡിപ്പാര്‍ട്ടുമെന്റാണെന്നും അതിനെക്കുറിച്ച് അറിയില്ലെന്നു പറയുന്ന നടിമാരില്‍ നിന്നു തികച്ചും വ്യത്യസ്തയാണ് കൃഷ്ണപ്രഭ. അതായത് വെറുതെ രസത്തിന് റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്ററില്‍ കയറി ഇരുന്നതല്ല എന്നു സാരം. ബുള്ളറ്റ് ഓടിച്ചാണ് ശീലം. എസ്‌യുവികളോടാണ് പ്രിയം.

 

ഇന്റര്‍സെപ്റ്റര്‍ എന്ന താരം

krishna-prabha-2
Photos by Adam

 

ഇന്ത്യന്‍ ബൈക്ക് വിപണിയെ ഇളക്കി മറിച്ച വാഹനമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍. ക്ലാസിക്ക് ലുക്കും 650 സിസി എന്‍ജിനും സര്‍വ്വോപരി സാധാരണക്കാരന് താങ്ങാനാവുന്ന വിലയുമായി എത്തിയ ഇന്റര്‍സെപ്റ്റര്‍ നാട്ടില്‍ മാത്രമല്ല മറുനാട്ടിലും താരമാണ്. മോഹിപ്പിക്കുന്ന വാഹനം തന്നെയാണ് ഇന്റര്‍സെപ്റ്റര്‍ എന്നാണ് കൃഷ്ണപ്രഭ പറയുന്നത്. ഇതുവരെ ഇഷ്ടബൈക്ക് സ്വന്തമാക്കിയിട്ടില്ല. ഫോട്ടോ ഷൂട്ടിനായി ഉപയോഗിച്ചത് വിഷ്ണു എന്ന സുഹൃത്തിന്റെ ബൈക്കാണ്. ക്ലാസിക്ക് ലുക്കും സ്‌റ്റൈലും ഓടിക്കാനുള്ള എളുപ്പവുമെല്ലാം ഈ വാഹനത്തെ സ്വന്തമാക്കണമെന്ന ആഗ്രഹം വര്‍ധിപ്പിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഇന്നുവരെ പുറത്തിറക്കിയതില്‍ ഏറ്റവും മികച്ച വാഹനമാണിത്, വിറയല്‍ തീരെയില്ല. ഉയരം അധികമില്ലാത്തവര്‍ക്കും എളുപ്പം ഉപയോഗിക്കാന്‍ സാധിക്കും വൃത്യസ്തമായി കളര്‍ കോമ്പിനേഷനുകളുണ്ട് എന്നിങ്ങനെ ഇന്റര്‍സെപ്റ്ററിനോട് പ്രേമം വര്‍ധിപ്പിക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്. അമ്മയ്ക്ക് ബൈക്ക് വാങ്ങുന്നതിനോട് താല്‍പര്യമില്ല. അടുത്തിടെ ചെറു യാത്രകള്‍ക്കായി ഒരു ഹോണ്ട ബ്രിയോ വാങ്ങിയിരുന്നു, ഇനി ബൈക്ക് എന്തിന് എന്നാണ് അമ്മയുടെ പക്ഷം. പക്ഷേ ഇന്റര്‍സെപ്റ്ററിനോടുള്ള താല്‍പര്യം അങ്ങനെ എളുപ്പം കുറയില്ല. ഈ വര്‍ഷം തന്നെ ഈ സുന്ദരക്കുട്ടനെ വീട്ടിലെത്തിക്കും.

 

ബുള്ളറ്റില്‍ തുടക്കം

 

സ്‌കൂട്ടര്‍ ഓടിക്കുമായിരുന്നെങ്കിലും പ്രഹ്ലാദ് എന്ന സുഹൃത്തിന്റെ ബുള്ളറ്റിലായിരുന്നു ആദ്യ അഭ്യാസങ്ങള്‍. അതുകൊണ്ട് മറ്റ് ഇരുചക്രവാഹനങ്ങളെല്ലാം എളുപ്പം വഴങ്ങും. ബൈക്കുകളോട് എപ്പോഴാണ് കമ്പം തോന്നിയതെന്നറിയില്ല. പക്ഷേ നല്ലൊരു ബൈക്ക് കണ്ടാല്‍ നോക്കി നിന്നുപോകും. വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ സൂപ്പര്‍ബൈക്കുകള്‍ക്ക് അടുത്തു നിന്ന് ഫോട്ടോ എടുക്കാറുണ്ട്. ബെനല്ലിയുടെ ബൈക്കുകളും സ്‌പോര്‍ട്‌സ് ബൈക്കുകളും ഇഷ്ടമാണ്. ഇടയ്ക്ക് ബൈക്ക് സ്വന്തമാക്കണമെന്നു കരുതിയെങ്കിലും അതു നടന്നില്ല. ബുള്ളറ്റിനോടാണ് താല്‍പര്യം കൂടുതല്‍. സ്‌പോര്‍ട്ടി ബൈക്കല്ലെങ്കിലും ബുള്ളറ്റിന്റെ തലയെടുപ്പ് ആദ്യം മുതലേ തന്നെ ആകര്‍ഷിച്ചു.

 

ബൈക്കില്‍ ലോങ് ട്രിപ്

 

ബൈക്ക് ഓടിക്കാന്‍ അറിയാമെങ്കിലും പയ്യന്മാരെപ്പോലെ ലോങ് ട്രിപ്പൊന്നും ഇതുവരെ പോയിട്ടില്ല. ദൂരയാത്രകളെല്ലാം കാറില്‍ തന്നെയാണ്. ബൈക്കില്‍ ഒരു ലോങ് ട്രിപ് സ്വപ്നമാണ്. ഒരുപാട് ബൈക്കറുമാരുടെ കൂടെയുള്ള ആ യാത്ര എന്നെങ്കിലും നടക്കുമെന്ന് കരുതുന്നു.

 

ഓര്‍മയിലെ ഫീയറ്റ്

 

വീട്ടില്‍ ഒരു ഫീയറ്റ് കാറുണ്ടായിരുന്നു. ആദ്യ കാല വാഹനം അതായിരുന്നു. ഫീയറ്റിന്റെ നേരിയ ഓര്‍മ്മകളെയുള്ളു. പിന്നീട് മാരുതി 800, എസ്റ്റീം, സ്‌കോര്‍പ്പിയോ ഇന്നോവ ഇവയെല്ലാം ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു ഫോര്‍ച്യൂണറും ഹോണ്ട ബ്രിയോയുമാണുള്ളത്.

 

പ്രിയ വാഹനം സ്‌കോര്‍പ്പിയോ

 

എസ്‌യുവികളോട് ഇഷ്ടം തോന്നിയത് സ്‌കോര്‍പ്പിയോ ഓടിച്ചു തുടങ്ങിയപ്പോള്‍ മുതലാണ്്. അതിനുമുമ്പുണ്ടായിരുന്ന എസ്റ്റീം ചെറുതായി ഓടിക്കുമായിരുന്നുവെങ്കിലും സ്‌കോര്‍പ്പിയോയിലാണ് കൈ തെളിഞ്ഞത്. എനിക്കു മാത്രമല്ല വീട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട വാഹനമാണ് സ്‌കോര്‍പ്പിയോ. കുടുക്കം കൂടുതലാണ് എന്ന് ആളുകള്‍ കുറ്റം പറയുമെങ്കിലും ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു ആ എസ്‌യുവി. വലിയ വാഹനം ഓടിച്ചു ശീലിച്ചതുകൊണ്ട് ഏതു വാഹനവും ഓടിക്കാം എന്ന കോണ്‍ഫിഡന്‍സുണ്ട്. അതിനു ശേഷം ഇന്നോവയും പിന്നീട് ഫോര്‍ച്യൂണറും സ്വന്തമാക്കി.

 

ഗൃഹാതുരത്വങ്ങള്‍ സമ്മാനിക്കുന്ന സ്‌കൂട്ടി

 

സ്‌കൂട്ടിയാണ് ആദ്യത്തെ ഇരുചക്രവാഹനം. ചെറുപ്പത്തില്‍ സ്‌കൂട്ടി ഓടിച്ച് തൃക്കാക്കരയില്‍ നിന്ന് എറണാകുളം എംജി റോഡിലൊക്കെ പോയിട്ടുണ്ട്. പിന്നിട് ആ വാഹനം  വീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ ചേച്ചിക്ക് കൊടുത്തു. അന്ന് കുറച്ചു വിഷമം തോന്നിയിരുന്നുവെങ്കിലും അവര്‍ ഇപ്പോഴും അത് നന്നായി നോക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT