ADVERTISEMENT

സ്‌റ്റേജ് ഷോകളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന രമേഷ് പിഷാരടിയെ ക്യാപ്ഷന്‍ സിംഹമേ എന്നാണ് സമൂഹമാധ്യമങ്ങള്‍ വിളിക്കുന്നത്. പിഷാരടിയുടെ കുറിക്കു കൊള്ളുന്ന മറുപടിയും ചിത്രങ്ങള്‍ക്ക് നല്‍കുന്ന ക്യാപ്ഷനുകളും കണ്ടാല്‍ ആരുമൊന്ന് ചിരിച്ചുപോകും. ഇത്തവണ രമേഷ് പിഷാരടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ ക്യാപ്ഷനെക്കാള്‍ വൈറലായത് അതിലെ സുന്ദരിയുടെ ചിത്രമായിരുന്നു. വാഹന പ്രേമികളെ മോഹിപ്പിക്കുന്ന 85 മോഡല്‍ വിജയ് സൂപ്പറിന്റെ ചിത്രമാണ് ഫെയ്‌സ്ബുക്കിലൂടെ താരം പങ്കുവെച്ചത്. തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ഗാനഗന്ധര്‍വ്വന്റെ തിരക്കിലാണെങ്കിലും പുതുതലമുറ സ്‌കൂട്ടര്‍ സുന്ദരിമാരെ നാണിപ്പിക്കുന്നത്രയും സൗന്ദര്യത്തില്‍ കുളിച്ചു നില്‍ക്കുന്ന വിജയ് സൂപ്പറിന്റെ വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനുമായി രമേഷ് പിഷാരടി പങ്കുവെയ്ക്കുന്നു.

കൊച്ചു കൊച്ചു സന്തോഷങ്ങള്‍

ഒരിക്കല്‍ ഒരു വീട്ടില്‍ പോയപ്പോള്‍ ഭംഗിയുള്ളൊരു പുതപ്പ് കണ്ടു. അത്തരത്തിലൊരെണ്ണം വേണമെന്ന് അന്ന് ആഗ്രഹം തോന്നിയിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായ് യില്‍ പോയപ്പോള്‍ ആദ്യം വാങ്ങിയത് അതുപോലൊരു പുതപ്പായിരുന്നു. വര്‍ക്കിങ് കണ്ടീഷനിലുള്ള ഒരു സ്റ്റീരിയോ കാസറ്റ് പ്ലെയര്‍ ഇപ്പോഴും എന്റെ കൈവശമുണ്ട്, കുട്ടിക്കാലത്ത് സ്വന്തമാക്കണമെന്ന് ഏറെ ആഗ്രഹിച്ച ഒന്നായിരുന്നു അത്. മോഹിച്ചു സ്വന്തമാക്കിയ പണ്ടത്തെ കാസറ്റുകളും റെക്കോര്‍ഡുകളുമെല്ലാം ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ramesh-isharody-1
Ramesh Pisharody's Vijay Super, Image Source; Social Media

വിജയ് സൂപ്പര്‍

ഏകദേശം 9 വര്‍ഷം മുമ്പാണ് വിജയ് സൂപ്പര്‍ വാങ്ങുന്നത്. അച്ഛന്റെ ലാംബി ഓടിച്ചു പഠിച്ചതുകൊണ്ടാകാം വിന്റേജ് സ്‌കൂട്ടറുകളോട് താല്‍പര്യം ഉണ്ടായത്. അതു സ്വന്തമാക്കാന്‍ അവസരവും പണവും ഒത്തുവന്നപ്പോള്‍ സ്വന്തമാക്കി എന്നേയുള്ളു. പത്തു പതിനഞ്ചു വര്‍ഷമായി ഓടാതിരുന്ന വണ്ടിയായിരുന്നു അന്നത്്. പിന്നീട് റണ്ണിങ് കണ്ടീഷനാക്കി സ്ഥിരമായി ഉപയോഗിക്കുമായിരുന്നു. വിന്റേജ് വണ്ടികള്‍ക്ക് കേടുപാടുകള്‍ വന്നാല്‍ നന്നാക്കാന്‍ അറിയാവുന്ന ആളുകള്‍ ചുരുക്കമായതുകൊണ്ടും സ്‌പെയര്‍ പാര്‍ട്ട്‌സുകളുടെ ലഭ്യതക്കുറവുകൊണ്ടും കുറച്ചു നാളായി ഉപയോഗിക്കാതെ ഇരിക്കുകയായിരുന്നു അപ്പോഴാണ് ബഷീറും റൂബനും വിജയ് സൂപ്പര്‍ കുട്ടപ്പനാക്കിത്തരാം എന്നുപറഞ്ഞ് എത്തിയത്. പിന്നെ ഒന്നും നോക്കിയില്ല അവരുടെ കൈയ്യില്‍ കൊടുത്ത് സ്‌കൂട്ടറിനെ വീണ്ടും കണ്ടീഷനാക്കി.

കള്ളന്‍ തിരിച്ചു തന്ന ലാംബി

ലാംബികള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാലത്താണ് വീട്ടില്‍ സ്‌കൂട്ടറെത്തുന്നത്. അതിലായിരുന്നു ഇരുചക്രവാഹനമോടിച്ചു പഠിച്ചത്. ലാംബി മാറ്റി വേറെ സ്‌കൂട്ടര്‍ വാങ്ങണമെന്ന് പിള്ളേരായ ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും അച്ഛന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. അക്കാലത്ത് നാട്ടില്‍ കള്ളന്മാരുടെ ശല്യം കൂടുതലാണ്. ബ്രാസിന്റെ ടാപ്പുകളും വീടിന്റെ പുറത്തിരിക്കുന്ന ബക്കറ്റുകളും സാധനങ്ങളുമെല്ലാം മോഷണം പോകും. അങ്ങനെയിരിക്കുമ്പോഴാണ് വീട്ടിലെ ലാംബിയും അടുത്ത രണ്ടു വീടുകളിലെ സ്്കൂട്ടറുകളും കള്ളന്‍ കൊണ്ടുപോയത്. എന്നാല്‍ ലാംബി മാത്രം തൊട്ടടുത്ത വളവില്‍ ഉപേക്ഷിച്ചു. ശരിക്കും മോഷണം പോയ സാധനങ്ങള്‍ തിരിച്ചു കിട്ടിയാല്‍ സന്തോഷമാണല്ലോ തോന്നുന്നത്. എന്നാല്‍ ഞങ്ങള്‍ക്കങ്ങനെ ആയിരുന്നില്ല. കള്ളന് പോലും ഈ ലാംബി വേണ്ടല്ലോ എന്നായിരുന്നു ചിന്ത.  കള്ളന്‍ പോലും തിരിച്ചു തന്ന ലാംബി മാറ്റണം എന്നായി ആവശ്യം.  പിന്നീട് അതു വിറ്റ് അച്ഛന്‍ ഒരു ബജാജ് ചേതക് വാങ്ങി.

ആദ്യ കാര്‍ ആള്‍ട്ടോ

ബൈക്കില്‍ സ്ഥിരമായി യാത്ര ചെയ്തു നടുവിനു പ്രശ്‌നമായപ്പോള്‍ ബൈക്കോടിച്ചാല്‍ നിങ്ങളുടെ നടുവേദന മാറില്ലെന്ന് ഡോക്ടര്‍ തീര്‍ത്തു പറഞ്ഞു, അങ്ങനെയാണ് ആള്‍ട്ടോ എടുക്കുന്നത്. ആള്‍ട്ടോയ്ക്കു ശേഷം സാന്‍ട്രോ, ആക്‌സെന്റ്, ലോഗന്‍, സൈലോ, ഇന്നോവ, ബെന്‍സ് ബി-ക്ലാസ് എല്ലാം ഉപയോഗിച്ചു. കുറച്ചു കാലമായി ബെന്‍സ് സി-ക്ലാസ് ഓടിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com