ADVERTISEMENT

തിരുവനന്തപുരം ∙ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കു മോട്ടർ വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും തടവുശിക്ഷയും സംബന്ധിച്ച വിവരങ്ങൾ പൊതുജനശ്രദ്ധയ്ക്കായി കേരള പൊലീസ് പ്രസിദ്ധീകരിച്ചു.

വാഹനത്തിൽ കരുതേണ്ട രേഖകൾ

ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, റജിസ്ട്രേഷൻ രേഖകൾ, പുക പരിശോധന സർട്ടിഫിക്കറ്റ്, നികുതി രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കണം. പൊതുഗതാഗത വാഹനങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് രേഖകൾ, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് കാര്യേജുകളിൽ കണ്ടക്ടർ ലൈസൻസും പരാതിപ്പുസ്തകവും വേണം.

റജിസ്ട്രേഷൻ, ഇൻഷുറൻസ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകർപ്പോ വാഹനത്തിൽ സൂക്ഷിക്കാം. ‌‌പരിശോധന സമയത്തു ഡ്രൈവറുടെ കൈവശം ഒറിജിനൽ ഇല്ലെങ്കിൽ 15 ദിവസത്തിനകം വാഹനത്തിന്റെ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ അതു ഹാജരാക്കിയാൽ മതി. രേഖകൾ കൈവശമില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കാം. പരിശോധന സമയത്ത് ഉദ്യോഗസ്ഥന്റെ നിർദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാതിരിക്കുകയോ തെറ്റായ വിവരം നൽകുകയോ ചെയ്താൽ ഒരു മാസം തടവോ 500 രൂപ പിഴയോ ശിക്ഷയുണ്ടാകും.

കുറ്റങ്ങളും പിഴകളും

∙ ഹെൽമറ്റ്്  ഇല്ലാതെ വാഹനം ഓടിച്ചാൽ: 100 രൂപ

∙ സീറ്റ് ബെൽറ്റ് ധരിക്കാതെ ഡ്രൈവിങ്: 100 രൂപ

∙ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം: 1000 രൂപ

∙  അമിതവേഗം: 400 രൂപ കുറ്റം ആവർത്തിച്ചാൽ 1000 രൂപ

∙  അപകടകരമായ സാഹസിക ഡ്രൈവിങ്:  6 മാസം തടവോ 1000 രൂപ പിഴയോ; 3 വർഷത്തിനകം കുറ്റം ആവർത്തിച്ചാൽ 2 വർഷം തടവോ 2000 രൂപ പിഴയോ.  

∙  മദ്യപിച്ച് ഡ്രൈവിങ്: 6 മാസം തടവോ  2000 രൂപ പിഴയോ രണ്ടും കൂടിയോ; ഒപ്പം ലൈസൻസും റദ്ദാക്കാം.  3 വർഷത്തിനകം കുറ്റം ആവർത്തിച്ചാൽ 2 വർഷം തടവോ 3000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ. 

∙ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര: 1000 രൂപ

∙ വായു/ ശബ്്ദ മലിനീകരണം: 1000 രൂപ

∙ നിയമവിരുദ്ധ ഡ്രൈവിങ്:നിയമപരമായി വാഹനം ഓടിക്കാൻ അധികാരമില്ലാത്ത ആൾ ഓടിച്ചാൽ വാഹനത്തിന്റെ ചുമതലയുളള ആളിൽ നിന്നോ ഉടമയിൽ നിന്നോ 1000 രൂപ പിഴ ഈടാക്കാം. 3 മാസം തടവും ലഭിക്കാം.

∙ ലൈസൻസ് ഇല്ലാതെ ഡ്രൈവിങ്: 3 മാസം തടവിനോ 500 രൂപ പിഴയോ ആണു ശിക്ഷ. ലൈസൻസ് അയോഗ്യത നേരിടുന്നവർ വീണ്ടും ലൈസൻസിന് അപേക്ഷിക്കുകയോ കരസ്ഥമാക്കുകയോ ചെയ്താൽ 500 രൂപ പിഴയോ 3 മാസം തടവോ ലഭിക്കും.

∙ നിയമവിരുദ്ധ വാഹനം കൈമാറ്റം/ രൂപമാറ്റം: 500 രൂപ പിഴ. രൂപമാറ്റം വരുത്തിയ വാഹനം പൂർവസ്ഥിതിയിലാക്കി അധികൃതർക്കു മുന്നിൽ ഹാജരാക്കുകയും വേണം.

∙ റജിസ്ട്രേഷൻ നടത്താത്ത വാഹനം: ഓടിച്ചാൽ 2000 – 5000 രൂപ പിഴ. കുറ്റം ആവർത്തിച്ചാൽ ഒരു വർഷം തടവോ 5000 – 10,000 രൂപ പിഴയോ ഈടാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com