ADVERTISEMENT

ഇംഗ്ലിഷില്‍ ഡിസ്‌ട്രോയര്‍ എന്ന വാക്കിന് വിനാശകാരി എന്നാണര്‍ഥം. ഈ വാക്കിനോട് നൂറു ശതമാനം നീതി പുലര്‍ത്തുന്നതു കൊണ്ടാണ് ചില യുദ്ധക്കപ്പലുകള്‍ ഡിസ്‌ട്രോയര്‍ എന്ന് അറിയപ്പെടുന്നത്. ലോകത്ത് കരുത്തുറ്റ സൈനിക വ്യവസ്ഥയുള്ള എല്ലാ രാജ്യങ്ങള്‍ക്കും സര്‍വനാശത്തിനു ശേഷിയുള്ള ഇത്തരം കപ്പലുകള്‍ സ്വന്തമായുണ്ട്. കരയില്‍ ആയിരക്കണക്കിനു കിലോമീറ്റര്‍ അകലെയുള്ള തന്ത്രപ്രധാന മേഖലകള്‍ മുതല്‍ ആകാശത്തിലും കടലിലും വരെ ശത്രുക്കളെ നിഗ്രഹിക്കാന്‍ ശേഷിയുള്ളവയാണ് ഡിസ്‌ട്രോയര്‍ ശ്രേണിയില്‍ പെടുന്ന മിക്ക യുദ്ധക്കപ്പലുകളും. ലോകത്തെ ഏറ്റവു മികച്ച പത്തു യുദ്ധക്കപ്പലുകള്‍ ഏതെല്ലാം. 

കിങ് സെജോങ്  ദക്ഷിണ കൊറിയ 

ആയുധ ശേഖരണത്തില്‍ പ്രസിദ്ധി നേടിയ അമേരിക്കയെപ്പോലും മറികടന്ന് ലോകത്തെ ഏറ്റവും വിനാശകാരിയായ കപ്പല്‍ എന്ന വിശേഷണം നേടിയത് ദക്ഷിണ കൊറിയയുടെ കിങ് സെജോങ് ആണ്.  തല്‍ക്കാലത്തേക്കെങ്കിലും മറ്റെല്ലാ യുദ്ധക്കപ്പലുകളേക്കാളും ഒരു പടി മുകളിലാണ്, 11000 ടണ്ണാണ് കിങ് സെജോങ് ക്ലാസുകളുടെ ശേഷി. ഈ ശ്രേണിയില്‍പെട്ട ഒറ്റ കപ്പല്‍ കൊണ്ട് ദക്ഷിണ കൊറിയയുടെ അതിര്‍ത്തി മുഴുവന്‍ നിരീക്ഷിക്കാനും അത്യാവശ്യം സംരക്ഷിക്കാനും കഴിയും എന്നതു തന്നെയാണ് ഇവയുടെ പ്രത്യേകതയും.

king-sejong-the-great-class

നിലവില്‍ ഈ വിഭാഗത്തില്‍ പെട്ട മൂന്നു കപ്പലുകളാണ് ദക്ഷിണ കൊറിയന്‍ നാവിക സേനയ്ക്കുള്ളത്. ഇതിനു പുറമേ 3 കപ്പലുകള്‍ കൂടി നിര്‍മാണത്തിലാണ്. 4 ഗ്യാസ് ടര്‍ബൈനുകളാണ് കപ്പലിലെ ഊര്‍ജസ്രോതസ്സ്. ഇതില്‍നിന്ന് 75 മെഗാവാട്ട് വൈദ്യുതിയാണ് കപ്പലിന്റെ പ്രവര്‍ത്തനത്തിനായി ലഭിക്കുക. ലോകത്തെ മറ്റേതു രാജ്യത്തിന്റെ യുദ്ധക്കപ്പലിനോടും കിടപിടിക്കുന്ന നിരീക്ഷണ സംവിധാനങ്ങളും ഈ കപ്പലിനുണ്ട്. 350 കിലോമീറ്റര്‍ വരെ നിരീക്ഷിക്കാന്‍ കഴിയുന്ന റഡാര്‍ സംവിധാനമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇതു കൂടാതെ മൗണ്ടഡ്, അരേ സോനാറുകള്‍ അടക്കം നാലു റഡാറുകള്‍ കൂടി നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായുണ്ട്. 

1500 കിലോമീറ്റര്‍ ദൂരപരിതിവരെ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ വഹിക്കാന്‍ ഈ വിമാനത്തിനാകും. 150 കിലോമീറ്റര്‍ശേഷിയുള്ള എട്ട് ആന്റി ഷിപ്പ് മിസൈലുകളും 12 ആന്റി എയര്‍ മിസൈലുകളും ഈ കപ്പല്‍ ആക്രമണ സംവിധാനത്തിന്റെ ഭാഗമാണ്. ടോര്‍പിഡോ ലോഞ്ചറുകളും കപ്പലിലുണ്ട്. ഇത് കൂടാതെ എട്ടു വിഭാഗങ്ങളിലായി പല തരം യന്ത്രത്തോക്കുകളും കിങ് സെജോങ്ങിന്റെ ഭാഗമാണ്. രണ്ട് സീഹോക്ക് ഹെലികോപ്റ്ററുകളും ഈ കപ്പലിന് വഹിക്കാനാകും.

അലേഗ് ബുര്‍ഗ് ക്ലാസ്  അമേരിക്ക   

പട്ടികയില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ലോകത്തെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലായാണ് അലേഗ് ബുര്‍ഗ് ക്ലാസ് കപ്പലുകളെ കണക്കാക്കുന്നത്. നിലവില്‍ ഈ ശ്രേണിയില്‍പെട്ട 62 കപ്പലുകളാണ് അമേരിക്കയ്ക്കുള്ളത്. ഇവ കൂടാതെ 13 കപ്പലുകള്‍ നിര്‍മാണത്തിലുമുണ്ട്. അതുകൊണ്ടു തന്നെ ലോകത്തെ ഏറ്റവും നശീകരണ ശേഷിയുള്ള കപ്പല്‍ ശ്രേണിയായി വിലയിരുത്തുന്നതും ബുര്‍ക് ക്ലാസ് കപ്പലുകളാണ്. 2025 ആകുമ്പേഴേക്ക് ഈ ശ്രേണിയില്‍പെട്ട 80 കപ്പലുകള്‍ നിര്‍മിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. 

arleigh-burke-class

1991 ല്‍ നാവിക സേനയുടെ ഭാഗമായ ഈ കപ്പലുകള്‍ക്ക് 9800 ടണ്‍ ഭാരമുണ്ട്. നാലു ഗ്യാസ് ടര്‍ബൈനുകളാണ് കപ്പലിന്റെ ഊര്‍ജ സ്രോതസ്സ്. ഏതാണ്ട് 72 മെഗാവാട്ട് ഊര്‍ജമാണ് നാലു ടര്‍ബൈനുകളും ചേര്‍ന്ന് ഉല്‍പാദിപ്പിക്കുന്നത്. 10000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ കപ്പലുകള്‍ക്ക് സാധിക്കും. 350 കിലോമീറ്റര്‍ റേഞ്ചുള്ള എസ്. ബാന്‍ഡ് റഡാറുകളാണ് കപ്പലിന്റെ നിരീക്ഷണ സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇത് കൂടാതെ സര്‍ഫേസ്, മൗണ്ടഡ്, അരേ വിഭാഗങ്ങളില്‍ പെടുന്ന മൂന്ന് റഡാര്‍ സംവിധാനങ്ങള്‍ കൂടി കപ്പലിലുണ്ട്. 

1500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന തൊമാഹോക്ക് ലാന്‍ഡ് ക്രൂസ് മിസൈലുകളാണ് കപ്പലിലെ ഏറ്റവും കരുത്തുറ്റ ആയുധം. കൂടാതെ 350, 50, 150 കിലോമീറ്റര്‍ പരിധിയുള്ള മിസൈലുകളും കപ്പലിലുണ്ട്. 32 ബാലിസ്റ്റിക് മിസൈലുകളും ആയുധ ശേഖരത്തിന്റെ ഭാഗമാണ്. 8 ആന്റി ഷിപ്പ് മിസൈല്‍, 12 ടോര്‍പിഡോകള്‍ എന്നിവ കൂടാതെ 5 തരം യന്ത്രത്തോക്കുകളും കപ്പലില്‍ ഉണ്ട്. 

അറ്റാഗോ ക്ലാസ്സ്  ജപ്പാന്‍ 

ലോകത്തെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലുകളിലൊന്നാണ് അറ്റാഗോ ക്ലാസ്. ജാപ്പനീസ് നാവിക സേനാ വിഭാഗത്തിന്റെ കുന്തമുനയാണ് അറ്റാഗോ ക്ലാസ് കപ്പലുകള്‍. ചൈനയില്‍ നിന്നും ഉത്തരകൊറിയയില്‍ നിന്നും വര്‍ധിച്ചു വരുന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ജപ്പാന്‍ ഈ കപ്പലുകള്‍  നിര്‍മിച്ചത്. നിലവില്‍ 2 അറ്റാഗോ ക്ലാസ് കപ്പലുകളാണ് ജപ്പാനുള്ളത്. വൈകാതെ ഇവയുടെ എണ്ണം 4 ആയി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 10000 ടണ്‍ ഭാരമുള്ള ഈ കപ്പല്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശേഷിയുള്ളവയാണ് 

atago-class

ഗ്യാസ് ടര്‍ബൈനുകളാണ് ഈ കപ്പലിന്റെ ഊര്‍ജ സ്രോതസ്സ്. നാലു ഗ്യാസ് ടര്‍ബൈനുകളില്‍ നിന്നായി 75 മെഗാവാട്ട് വൈദ്യുതിയാണ് കപ്പലിന്റെ പ്രവര്‍ത്തനത്തിനായി ലഭിക്കുക. 350 കിലോമീറ്റര്‍ വരെ നിരീക്ഷിക്കാന്‍ കഴിയുന്ന നാല് റഡാറുകളാണ് കപ്പലില്‍ ഉള്ളത്. ഇത് കൂടാതെ 3 എസ്പിജി 62 റഡാറുകളും ഒരു സര്‍ഫേസ് സേര്‍ച് റഡാറും 1 ബൈ മൗണ്ടഡ് സോണാറും ഈ ജാപ്പനീസ് കപ്പലിന്റെ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാണ്. 

ദീര്‍ഘദൂര മിസൈലുകള്‍ വിക്ഷേപിക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും നിലവില്‍ ഈ മിസൈലുകള്‍ ജാപ്പനീസ് കപ്പലുകളില്‍ ഉപയോഗിക്കുന്നില്ല. ജപ്പാന്റെ പ്രതിരോധ നയത്തിന്റെ ഭാഗമായുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഇത്. അതേസമയം 150, 50 റേഞ്ചില്‍പെടുന്ന 92 മിസൈലുകള്‍ കപ്പലിലുണ്ട്. ഇത് കൂടാതെ പല തരം യന്ത്ര തോക്കുകളും അറ്റാഗോ ക്ലാസ് കപ്പലുകളുടെ ആക്രമണ സംവിധാനങ്ങളുടെ ഭാഗമാണ്. 68 ടോര്‍പിഡോകളാണ് കപ്പലിന്റെ ആയുധ ശേഖരത്തിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം. 

ടൈപ്പ് 52 ഡി/ ലുയാങ് 3 ക്ലസ്/ കുന്‍മിങ് ക്ലാസ്  ചൈന 

type-52d-luyang-II-class

ഈ പട്ടികയില്‍ ഒന്‍പതാമതായി ഇടം പിടിച്ച ടൈപ്പ് 52 ചൈനീസ് പടക്കപ്പലുകളുടെ പിന്‍മുറക്കാരാണ് കുന്‍മിങ് ക്ലാസ് കപ്പലുകള്‍. 52 ഡി ക്ലാസ് എന്ന പേരിലും അറിയപ്പെടുന്ന ഈ വിഭാഗത്തില്‍ 12 കപ്പലുകളാണ് ഇപ്പോള്‍ ചൈനയ്ക്കുള്ളത്. 7500 ടണ്‍ ഭാരം വരുന്ന ഈ കപ്പലുകളില്‍ റഡാര്‍ മുതല്‍ മിസൈല്‍ സംവിധാനങ്ങള്‍ വരെയുള്ളവ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. വ്യോമാക്രമണ പ്രതിരോധത്തിനായുള്ള വെര്‍ട്ടിക്കല്‍ മിസൈല്‍ ലോഞ്ചിങ് സംവിധാനമാണ് ഈ കപ്പലിന്റെ മറ്റൊരു പ്രത്യേകത. ഈ സംവിധാനത്തില്‍ നിന്ന് വിമാനത്തെ മാത്രമല്ല, മുങ്ങിക്കപ്പലുകളെയും കപ്പലുകളെയും മറ്റു മിസൈലുകളെയും ലക്ഷ്യം വച്ച് മിസൈലുകള്‍ വിക്ഷേപിക്കാം. 

ടൈപ്പ് 52 ഡി  ക്ലാസ്സ് കപ്പലുകളെയും മറി കടക്കുന്ന മറ്റൊരു ക്ലാസ്സിന്റെ നിര്‍മ്മാണത്തിലാണ് ഇപ്പോള്‍ ചൈന. ടൈപ്പ് 55 എന്നതാണ് ഈ കപ്പലിന്റെ വിളിപ്പേര്. നിര്‍മാണം പൂര്‍ത്തിയായാല്‍ ഒരു പക്ഷെ ലോകത്തെതന്നെ ഏറ്റവും കരുത്തുറ്റ പടക്കപ്പലായി ഈ ചൈനീസ് കപ്പല്‍ മാറിയേക്കാം. 

മിക്ക പടക്കപ്പലുകളിലെയും പോലെ 2 ഗ്യാസ് ടര്‍ബൈനുകളും, 2 ഡീസല്‍ ടര്‍ബൈനുകളുമാണ് ഊര്‍ജത്തിനായി ഉപയോഗിക്കുന്നത്. ഇവ രണ്ടും ചേര്‍ന്ന് 68 മെഗാവാട്ട് ഊര്‍ജം ഉത്പാദിപ്പിക്കും. 4 എസ് ബാന്‍ഡ് റഡാറുകളും ഒരു വിഎച്ച്എഫ് റഡാറും ഒരു ആന്റി മിസൈല്‍ ഗൈഡന്‍സ് റഡാറും കപ്പലിലെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. ഇവ കൂടാതെ 2 ചെറു റഡാറുകള്‍ കൂടിയുണ്ട്. കരയില്‍ ആക്രമിക്കാന്‍ ശേഷിയുള്ള 1500 കിലോമീറ്റര്‍ മിസൈലുകള്‍, മറ്റ് കപ്പലുകളെ ലക്ഷ്യം വക്കുന്ന 450 കിലോമീറ്റര്‍ ആന്റി ഷിപ്പ് മിസൈലുകള്‍, 250, 100 കിലോമീറ്റര്‍ വീതം പരിധിയുള്ള മിസൈലുകള്‍ എന്നിവയും കപ്പലിലുണ്ട്. ഇതിനും പുറമെ ചെറു മിസൈലുകളും യന്ത്രത്തോക്കുകളും ക്ലാസ് 52 ഡി കപ്പലുകളുടെ ഭാഗമാണ്. 

ഹോബര്‍ട്ട് ക്ലാസ് ഓസ്‌ട്രേലിയ 

ഓസ്‌ട്രേലിയയുടെ ഏറ്റവും കരുത്തുറ്റ സേനാ വിഭാഗമാണ് നേവി. 6900 ടണ്‍ ഭാരമുള്ള ഹോബര്‍ട്ട് ക്ലാസാണ് അവരുടെ നാവിക സേനയിലെ ഏറ്റവും കരുത്തന്‍. ഈ വിഭാഗത്തില്‍ പെട്ട 12 കപ്പലുകളാണ് ഓസ്‌ട്രേലിയയ്ക്ക് ഉള്ളത്. 600 കിലോമീറ്റര്‍ വരെ ചുറ്റളവില്‍ നിരീക്ഷണം സാധിക്കുന്ന റഡാര്‍ സംവിധാനമാണ് ഇ കപ്പലുകളിലെ മുതല്‍ക്കൂട്ട്. യുദ്ധവിമാനവാഹിനി കപ്പലുകള്‍ക്ക് സുരക്ഷ നല്‍കുകയാണ് ഈ ക്ലാസില്‍ പെട്ട കപ്പലുകളുടെ പ്രധാന ദൗത്യങ്ങളില്‍ ഒന്ന്. അതുകൊണ്ടുതന്നെ ശക്തമായ വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങളും ഹോബര്‍ട്ട് ക്ലാസ് കപ്പലുകളില്‍ ഉണ്ട്. 

hobart-class

2 ഗ്യാസ് ടര്‍ബൈനുകളും 2 ഡീസല്‍ ടര്‍ബൈനുകളുമാണ് കപ്പലിലെ ഊര്‍ജ സ്രോതസ്സുകള്‍. ഇവ സംയുക്തമായി ഉല്‍പാദിപ്പിക്കുന്നത് 46.2മെഗാവാട്ട് വൈദ്യുതിയാണ്. വ്യോമാക്രമണ പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നതിനാല്‍ 350 കിലോമീറ്റര്‍ റേഞ്ച് ഉള്ള പാസ്സീവ് ഇലക്ട്രോണിക് സ്‌കാനിങ് അരേ വിഭാഗത്തില്‍ പെട്ട 4 റഡാറുകളാണ് കപ്പലില്‍ ഉള്ളത്. ഇവ കൂടാതെ ചെറുതും വലുതുമായ മറ്റ് അഞ്ച് റഡാര്‍ സംവിധാനങ്ങള്‍ കൂടി കപ്പലിലുണ്ട്. 150, 50, 350 കിലോമീറ്റര്‍ വീതം റേഞ്ചുള്ള മൂന്ന് വിഭാഗത്തില്‍ പെട്ട മിൈസലുകളാണ് കപ്പലിന്റെ ആക്രമണ നിരയിലെ കരുത്തര്‍. ഇവ മൂന്നും ചേര്‍ന്ന് 48 മിസൈലുകളാണ് കപ്പലിലുള്ളത്. കൂടാതെ 8 ആന്റി ഷിപ്പ് മിസൈലുളും 4 ടോര്‍പിഡോകളും 5 തരം മെഷീന്‍ ഗണ്ണുകളും കപ്പലിലുണ്ട്, 

കൊല്‍ക്കത്ത ക്ലാസ്  ഇന്ത്യ 

തദ്ദേശീയമായി  നിര്‍മിച്ചതും ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റതുമായ യുദ്ധക്കപ്പലാണ് കൊല്‍ക്കത്ത ക്ലാസ് കപ്പലുകള്‍. കപ്പല്‍  നിര്‍മിച്ചത് ഇന്ത്യയിലാണെങ്കിലും യന്ത്രഭാഗങ്ങള്‍ മുതല്‍ ആയുധങ്ങള്‍ വരെയുള്ളവ പല രാജ്യങ്ങളില്‍  നിര്‍മിക്കപ്പെട്ടവയാണ്. ഉദാഹരണത്തിന്, കപ്പലിലെ യന്ത്രത്തോക്കുകളെല്ലാം ഇറ്റാലിയന്‍  നിര്‍മിതമാണ്. കപ്പലിലെ ഗ്യാസ് ടര്‍ബൈന്‍ യുക്രെയ്‌നിലും ചെറു മിസൈലുകള്‍ ഇസ്രയേലിലും നിര്‍മിക്കപ്പെട്ടതാണ്. ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മിച്ചത് റഷ്യന്‍ സഹകരണത്തോടെയാണ്. 

Kolkata Class Destroyers
Kolkata Class Destroyers

കൊല്‍ക്കത്ത ക്ലാസില്‍ പെടുന്ന മൂന്നു കപ്പലുകളാണ് ഇന്ത്യയ്ക്കുള്ളത്. കൊല്‍ക്കത്ത ക്ലാസിന്റെ അതേ മാതൃകയിലാണ് വിശാഖപട്ടണം ക്ലാസ് കപ്പലുകളും ഉള്ളത്. 7500 ടണ്‍ ഭാരമുള്ള കപ്പലിന് 4 ഗ്യാസ് ടര്‍ബൈനുകളും 2 ഡീസല്‍ ടര്‍ബൈനുകളുമാണ് എന്‍ജിന്റെ ഭാഗമായി ഉള്ളത്. എഎഫ് സ്റ്റാര്‍ എന്ന മിസൈല്‍ഗൈഡിങ്ങോടു കൂടിയ റഡാര്‍ സംവിധാനമാണ് കപ്പലിന്റെ കരുത്തുറ്റ പ്രതിരോധത്തിന്റെ ചുക്കാന്‍. ഏതാണ്ട് 250 കിലോമീറ്ററാണ് ഈ റഡാറിന്റെ റേഞ്ച്. കൂടാതെ ഒരു എല്‍ റേഞ്ച് അടക്കം അഞ്ച് റഡാറുകള്‍ കൂടി കപ്പലിലുണ്ട്. 

600 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുളള്ള 16 ബ്രഹ്മോസ് മിസൈലുകളാണ് കപ്പലിലുള്ളത്. 90 കിലോമീറ്ററാണ് ഇസ്രയേല്‍ സഹായത്തോടെ  നിര്‍മിച്ച ബരാക് മിസൈലുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുക. ഈ വിഭാഗത്തില്‍പെട്ട 32 മിസൈലുകള്‍ കപ്പലില്‍ ഉണ്ട്. 4 ടോര്‍പിഡോകളും ഇന്ത്യയില്‍ തന്നെ  നിര്‍മിച്ച 10 കിലോമീറ്റര്‍ വരെ റേഞ്ചുള്ള മിസൈല്‍ സംവിധാനവും വിവിധ യന്ത്രതോക്കുകളും കപ്പലിലെ ആയുധ ശേഖരത്തിന്റെ ഭാഗമാണ്. 

ഹൊറിസോണ്‍/ഒറിസോന്റെ 

യൂറോപ്പിലെ വന്‍ശക്തികളായ ഫ്രാന്‍സും ഇംഗ്ലണ്ടും ഇറ്റലിയും ചേര്‍ന്ന് ആരംഭിച്ച കപ്പല്‍ നിര്‍മാണ പദ്ധതിയുടെ ഉല്‍പന്നമാണ് ഹൊറിസോണ്‍ ക്ലാസ് യുദ്ധക്കപ്പലുകള്‍. അധിക ചെലവു കാരണം പാതി വഴിയില്‍ ബ്രിട്ടന്‍ പിന്‍മാറിയെങ്കിലും ഫ്രാന്‍സും ഇറ്റലിയും മുന്നോട്ടു പോയി. ഇന്ന് ഇരു രാജ്യങ്ങളുടെയും കപ്പല്‍പ്പടയിലെ കുന്തമുനയാണ് ഹോറിസോണ്‍ എന്ന ഫ്രഞ്ച് യുദ്ധക്കപ്പലും ഒറിസോന്റെ എന്നു പേര് നല്‍കിയിട്ടുള്ള ഇറ്റാലിയന്‍ യുദ്ധക്കപ്പലും. ഇരു രാജ്യങ്ങള്‍ക്കും ഈ ക്ലാസില്‍ പെട്ട രണ്ടു വീതം യുദ്ധക്കപ്പലുകളാണ് ഉള്ളത്. 

horizon-orizzonte-class

ഇന്ന് ഈ യുദ്ധക്കപ്പലുകളില്‍ കാണുന്ന അത്യാധുനിക റഡാര്‍ സാങ്കേതിക വിദ്യയും ആയുധങ്ങളും തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. ഘട്ടം ഘട്ടമായാണ് അത്യാധുനിക യുദ്ധക്കപ്പലുകളായി ഹൊറിസോണ്‍ ശ്രേണി കപ്പലുകളെ ഇരു രാജ്യങ്ങളും വികസിപ്പിച്ച് എടുത്തത്. ഇപ്പോള്‍ കരയില്‍നിന്നും ആകാശത്തു നിന്നും മുങ്ങിക്കപ്പലുകളില്‍ നിന്നും വരെയുള്ള ആക്രമണങ്ങളെ നേരിടാനുള്ള സംവിധാനം ഈ കപ്പലുകള്‍ക്ക് ഉണ്ട്. നിലവില്‍, വിമാനവാഹിനി കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാനാണ് ഹൊറിസോണ്‍ ശ്രേണിയിലെ കപ്പലുകളെ ഉപയോഗിക്കുന്നത്. 

മിക്ക ആധുനിക യുദ്ധക്കപ്പലുകളിലും എന്ന പോലെ ഗ്യാസ്, ഡീസല്‍ എന്‍ജിനുകളാണ് ഹൊറിസോണ്‍ ക്ലാസിലും ഉള്ളത്. ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനുകളുടെ ഉല്‍പാദന ശേഷി 20.5 മെഗാവാട്ട് വീതമാണ്, ഡീസല്‍ എന്‍ജിനുകളുടേത് 4.5 മെഗാവാട്ട് വീതമാണ്. വിവിധ വിഭാഗത്തില്‍ പെട്ട അഞ്ച് ഇനം റഡാറുകളാണ് കപ്പലില്‍ ഉപയോഗിക്കുന്നത്. പ്രതിരോധത്തിന് പ്രാധാന്യം നല്‍കുന്ന ഹൊറിസോണിന്റെ ദൗത്യത്തിന് ചേര്‍ന്ന രീതിയിലാണ് ഈ റഡാറുകള്‍. 50 ഉം 120 കിലോമീറ്റര്‍ ദൂരം വരെ വിക്ഷേപിക്കാന്‍ കഴിയുന്ന 48 ആന്റി എയര്‍ റോക്കറ്റുകള്‍ കപ്പലിന്റെ ആയുധ ശേഖരത്തിലുണ്ട്. എട്ട് ആന്റി ഷിപ്പ് മിസൈലുകളും കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വിവിധ തരം മെഷീന്‍ ഗണ്ണുകളും മുങ്ങിക്കപ്പലുകളെ പ്രതിരോധിക്കാനുള്ള ടോര്‍പിഡോകളും ഹോറിസോണ്‍ കപ്പലുകളുടെ ഭാഗമായുണ്ട്. 

ടൈപ്പ് 45 ഡെയറിങ് ക്ലാസ്, ബ്രിട്ടന്‍ 

ഇരുപതാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട കരുത്തുറ്റ യുദ്ധക്കപ്പലുകളില്‍ ഒന്നായിരുന്നു ബ്രിട്ടന്റെ ടൈപ്പ് 42 ഡിസ്‌ട്രോയറുകള്‍. ഇവയുടെ തുടര്‍ച്ചയായി  നിര്‍മിക്കപ്പെട്ട കപ്പലുകളാണ് ടൈപ്പ് 45 ശ്രേണിയില്‍ പെട്ടവ. ഈ ശ്രേണിയില്‍ പെട്ട 12 കപ്പലുകള്‍  നിര്‍മിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത് എങ്കിലും സാമ്പത്തിക പരിമിതികളെ തുടര്‍ന്ന് 6 കപ്പലുകളാക്കി ബ്രിട്ടന്‍ ചുരുക്കുകയായിരുന്നു. ബ്രിട്ടന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഡിസ്‌ട്രോയര്‍ ക്ലാസ് കപ്പലുകള്‍ ഈ ആറ് എണ്ണമാണ്. 

type-45-daring-class

8000 ടണ്‍ ഭാരം വരുന്ന ഈ കപ്പലുകള്‍ ഏതാണ്ട് പൂര്‍ണമായും ഓട്ടോമേറ്റഡ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ എണ്ണം വളരെ കുറവുമാണ്. നിലവില്‍ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള റഡാര്‍ സംവിധാനങ്ങള്‍ മാത്രമാണ് ടൈപ്പ് 45 കപ്പലുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരയില്‍ നിന്നും മറ്റു കപ്പലുകളില്‍നിന്നും ഉണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാനുള്ള സംവിധാനം ഏതാനും കപ്പലുകളിലെങ്കിലും വൈകാതെ ഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സംവിധാനങ്ങള്‍ ഉണ്ടായിരുന്ന ബ്രിട്ടന്റെ ഏക പടക്കപ്പലായ ഹാര്‍പൂണ്‍ 2018 ല്‍ ഡീകമ്മിഷന്‍ ചെയ്തിരുന്നു. 

ഡീസല്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷനും, ഗ്യാസ് പ്രൊപ്പല്‍ഷനുമാണ് ഈ കപ്പലില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്. റോള്‍സ് റോയിസ് നിര്‍മിതമാണ് ഗ്യാസ് എന്‍ജിനുകള്‍. 2 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ഡീസല്‍ജനറേറ്ററുകളാണ് കപ്പലില്‍ ഉള്ളത്. ഇവ ഉപയോഗിച്ച്  നിര്‍മിക്കുന്ന വൈദ്യുതിയാണ് കപ്പലിന്റെ മറ്റൊരു ഇന്ധനം. ഒരു തവണ ഇന്ധനം നിറച്ചാല്‍ 13000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കപ്പലിനു കഴിയും. 

50, 120 കിലോമീറ്റര്‍ വീതം റേഞ്ച് ഉള്ള വെര്‍ട്ടിക്കല്‍ മിസൈല്‍ സിസ്റ്റമാണ് കപ്പലിലെ പ്രധാന ആയുധം. ടോര്‍പിഡോകളും കരയിലേക്ക് അയ്ക്കാന്‍കഴിയുന്ന മിസൈലുകളും ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടെങ്കിലും നിലവില്‍ ഡെയറിങ് ക്ലാസ് ഡിസ്‌ട്രോയറുകളില്‍ ഇവ ഘടിപ്പിച്ചിട്ടില്ല. 20 കിലോമീറ്റര്‍ വരെ റേഞ്ചുള്ള യന്ത്രത്തോക്കുകളാണ് കപ്പലിലെ മറ്റൊരു പ്രധാന ആയുധം. 

ലുയാങ്ങ് 2  ചൈന 

അമേരിക്കയുടെ ഏഗീസ് യുദ്ധക്കപ്പലുകളുടെ തനി പകര്‍പ്പെന്ന് പരിഹസിക്കപ്പെട്ടിട്ടുള്ളവയാണ് ചൈനയുടെ ലുയാങ്ങ് 2 യുദ്ധക്കപ്പലുകള്‍. പക്ഷേ കരുത്തിന്റെയും വിനാശകാരികളായ ആയുധ ശേഖരത്തിന്റെയും ബലത്തില്‍ ലുയാങ്ങ് 2 ഈ പരിഹാസത്തെ നിഷ്പ്രയാസം മറികടക്കും. ടൈപ്പ് 52 സി ഇനത്തില്‍ പെട്ട ഈ ചൈനീസ് കപ്പലിന് യഥാര്‍ഥത്തില്‍ ഏഗില്‍ കപ്പലുകളുമായി സാമ്യമില്ല എന്നതാണ് സത്യം. 7000 ടണ്‍ ഭാരം വരുന്ന ഈ കപ്പല്‍ അത്യാധുനിക റഡാര്‍ സംവിധാനങ്ങളാലും ദീര്‍ഘദൂര മിസൈലുകളാലും സുസജ്ജമാണ്. ഈ മിസൈലുകളുടെ സാന്നിധ്യം കൊണ്ടുതന്നെ കരയിലുള്ള ശത്രുസൈന്യവുമായി യുദ്ധം ചെയ്യാനും ഈ ചൈനീസ് പടക്കപ്പലിന് കഴിയും. 

വാതക ഇന്ധനവും ഡീസലും ഉപയോഗിക്കാവുന്ന വിധത്തിലാണ് കപ്പലിന്റെ രൂപകല്‍പന. ഗ്യാസ് കൊണ്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിനുകള്‍ 2 എണ്ണമാണ്. ഇവ രണ്ടും യുക്രെയ്ന്‍ നിര്‍മിതമാണ്. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് എന്‍ജിനുകളും ചൈനയില്‍ത്തന്നെ നിര്‍മിച്ചതാണ്. 346 ഡ്യൂല്‍ ബാന്‍ഡ് റഡാറാണ് കപ്പലില്‍ ഉള്ളത്. 300 കിലോമീറ്റര്‍ വരെയുള്ള വസ്തുക്കളെ തിരിച്ചറിയാന്‍ ഈ റഡാറിന് കഴിയും. 450 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുന്നതും 210 കിലോ വരെ ഭാരം വഹിക്കാന്‍ കഴിയുന്നതുമായ മിസൈലുകളാണ് കപ്പലിലെ ആയുധ ശേഖരത്തില്‍ പ്രധാനപ്പെട്ടത്. ഇതിന് പുറമെ 20 കിലോമീറ്റര്‍ വരെ റേഞ്ച് ഉള്ള യന്ത്രത്തോക്കും കപ്പലുകള്‍ക്കും മുങ്ങിക്കപ്പലുകള്‍ക്കും എതിരെ പ്രയോഗിക്കാന്‍ കഴിയുന്ന ടോര്‍പിഡോകളും ലുയാങ്ങ് 2 ല്‍ ഉണ്ട്. 

അസിസുകി  ജപ്പാന്‍ 

akizuki-class

ജപ്പാന്‍ നാവികസേനയുടെ ഭാഗമായി മാറിയ ഏറ്റവും പുതിയ യുദ്ധക്കപ്പലുകളാണ് അസിസുകി ശ്രേണിയില്‍പെട്ടവ. ഈ ശ്രേണിയില്‍ പെട്ട നാല് കപ്പലുകളാണ് ഇപ്പോള്‍ ജാപ്പനീസ് സേനയിലുള്ളത്. 2014 ലാണ് ഇവയില്‍ ഏറ്റവും ഒടുവിലത്തേത് കമ്മിഷന്‍ ചെയ്യപ്പെട്ടത്. ഏതാണ്ട് പൂര്‍ണമായും പ്രാദേശിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഈ യുദ്ധക്കപ്പലിന്റ എന്‍ജിനുകള്‍ റോള്‍സ് റോയ്‌സ് കമ്പനിയുടേതാണ്. 19.5 മെഗാവാട്ട് വീതം ശേഷിയുള്ള നാല് എന്‍ജിനുകളാണ് ഈ കപ്പലിന് ഉള്ളത്. സി ബാന്‍ഡ്, എക്‌സ് ബാന്‍ഡ് എന്നീ ശ്രേണികളില്‍ പെട്ട റഡാറുകളാണ് യുദ്ധക്കപ്പലിന്റെ സുരക്ഷയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ആയുധശേഖരത്തിന്റെ കാര്യത്തിലും മറ്റേത് യുദ്ധക്കപ്പലിനോടും കിടപിടിക്കുന്നവയാണ് അസിസുകി ശ്രേണിയിലെ കപ്പലുകള്‍. കുത്തനെ വിക്ഷേപിക്കാന്‍കഴിയുന്ന സീ സ്പാരോ മിസൈലുകള്‍, മുങ്ങിക്കപ്പലുകകളെ തകര്‍ക്കാനുള്ള ആന്റി സബ്മറൈന്‍ റോക്കറ്റുകള്‍, ക്രൂസ് മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഫെലോനോക് ബോക്‌സ് പ്രതിരോധ സംവിധാനം എന്നിവയെല്ലാം അസിസുകി ക്ലാസ് കപ്പലുകളുടെ ഭാഗമാണ്. ദീര്‍ഘദൂര മിസൈലുകളില്ല എന്നതാണ് ഈ കപ്പലിന്റെ പോരായ്മ. അതുകൊണ്ട് കരഭാഗം കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ ഈ കപ്പലുപയോഗിച്ച് സാധ്യമല്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com