sections
MORE

ക്വിഡിന്റെ വിജയം ആവർത്തിക്കാൻ, വിപണിയെ ഇളക്കി മറിക്കാൻ ട്രൈബർ, അറിയേണ്ടതെല്ലാം; വിഡിയോ

HIGHLIGHTS
  • നാലു മീറ്ററിൽ താഴെയുള്ള 7 സീറ്റർ, ട്രൈബർ
  • ഇന്റീരിയർ സ്പെയ്സാണ് ട്രൈബറിനെ ആകർഷകമാക്കുന്ന പ്രധാന ഘടകം

Renault Triber | First Look Video

SHARE

ചെറു കാർ വിപണിക്ക് വലിയ മാറ്റങ്ങൾ സമ്മാനിച്ച കാറാണ് ക്വിഡ്. ലുക്കിൽ കാര്യമില്ല എന്നു കരുതിയിരുന്ന വിപണിയെ ക്വിഡ് മാറ്റിമറിച്ചു. എസ്‌യുവികളുടെ ചന്തവും ചെറു കാറിന്റെ ഉപയോഗക്ഷമതയുമായി വീണ്ടുമൊരു വാഹനവുമായി റെനോ എത്തുന്നു. എഴു സീറ്റും നാലു മീറ്ററിൽ താഴെ നീളവും മികച്ച സ്റ്റൈലുമായി എത്തുന്ന ട്രൈബർ എന്ന ചെറിയ 'വലിയ' വാഹനം വിപണിയിൽ മാറ്റങ്ങളുടെ കൊടുങ്കാറ്റാവുമോ? ട്രൈബറിനെപ്പറ്റി അറിയേണ്ടതെല്ലാം.

2019 - Nouveau Renault TRIBER
Renault Triber

ഡിസൈൻ

കോംപാക്റ്റ് എംപിവി എന്ന പുതിയൊരു സെഗ്‌മെന്റിലേക്കാണ് റെനൊ ട്രൈബർ പുറത്തിറക്കുന്നത്. ഇന്ത്യയിലേയും ഫ്രാൻസിലേയും ഡിസൈൻ സെന്ററുകൾ സംയുക്തമയാണ് പുതിയ  വാഹനം ഡിസൈൻ ചെയ്തത്. തുടക്കത്തിൽ ഇന്ത്യയിലും പിന്നീട് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലുമടക്കമുള്ള വിപണികളിൽ ഈ വാഹനം വിൽപ്പനയ്ക്കെത്തും.

2019 - Nouveau Renault TRIBER
Renault Triber

ആകർഷകമായ രൂപകൽപനയാണ് ട്രൈബറിന്. റെനൊയുടെ ഗ്ലോബൽ വാഹനങ്ങളോട് സാമ്യം തോന്നുന്ന വലിയ ഗ്രില്ലും പ്രൊജക്റ്റർ ഹെഡ്‌ലാംപുകളും ഡേടൈം റണ്ണിങ് ലാംപും. മുൻവശം കൂടുതൽ സ്പോർട്ടിയറാക്കാൻ ബ്ലാക്ക് ക്ലാഡിങ്ങും സിൽവർ ഫിനിഷുള്ള സ്കീ‍‍ഡ് പ്ലേറ്റും നൽകിയിട്ടുണ്ട്. വശങ്ങളിലെ ലുക്കും മനോഹരമാണ്. വലിയ എംപിവി ലുക്ക് സമ്മാനിക്കുന്നുണ്ട്. എസ്‌യുവി ലുക്ക് നല്‍കുന്നതിനായി വീൽ ആർച്ചുകളിലും ക്ലാഡിങ് നൽകിയിട്ടുണ്ട്. 15 ഇഞ്ച് അലോയ് വിലുകളാണ്. 3990 എംഎം നീളവും 1739 എംഎം വീതിയും (മിററുകൾ ഉൾപ്പെടുത്താതെ) 1643 എംഎം ഉയരവും (റൂഫ് റെയിൽ ഇല്ലാതെ) 2636 എംഎം വീൽബെയ്സുമുണ്ട് വാഹനത്തിന്.

2019 - Nouveau Renault TRIBER
Renault Triber

ഉയരത്തിലും നീളത്തിലുമെല്ലാം നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് വാഹനങ്ങളോട് അടുത്തു നിൽക്കുമെങ്കിലും വീൽബെയ്സ് എല്ലാവരെക്കാളും മുകളിലാണ്. പിന്നില്‍ ഏച്ചുകെട്ടലുകൾ തോന്നാത്ത മനോഹരമായി രൂപം. ബൂട്ട്ഡോറിലും ബോഡി പാനലിലുമായിട്ടാണ് ടെയിൽ ലാംപ്. ബംപറിന് ബ്ലാക്ക് ഫിനിഷും സിൽവ്വർ സ്കിഡ് പ്ലേറ്റുമുണ്ട്.

ഇന്റീരിയർ

മികച്ചതും സ്ഥല സൗകര്യമുള്ള ഇന്റീരിയറാണ് ട്രൈബറിന്റെ മറ്റൊരു പ്രത്യേകത. ആധുനികവും വിശാലവും എന്നാല്‍ ഒതുക്കമുള്ളതുമായ അള്‍ട്രാ മോഡുലാര്‍ രൂപമുള്ള വാഹനമാണ് ട്രൈബർ എന്നാണ് റെനൊ പറയുന്നത്. മികച്ച ഫിനിഷുള്ള ഇന്റരീയർ ഡ്യുവൽ ടോൺ ഫിനിഷിലാണ്. ‌എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (നിലവിലെ റെനൊ വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനെക്കാൾ വലുത്), റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ എന്നിവയും പ്രധാന ആകർഷണങ്ങൾ. യുഎസ്ബി, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയവയുള്ള ഇൻഫോടെൻമെന്റ് സിസ്റ്റമാണ്. 3.5 ഇഞ്ച് എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ട്രൈബറിന്റെ മറ്റൊരു പ്രത്യേകത. രണ്ട് ഗ്ലൗവ് ബോക്സുകളുണ്ട്. അതിലൊന്നിൽ സാധനങ്ങൾ തണുപ്പിക്കാനുള്ള സൗകര്യവും. 

2019 - Nouveau Renault TRIBER
Renault Triber

അകത്തെ സ്ഥലമാണ് ട്രൈബറിനെ ആകർഷകമാക്കുന്ന പ്രധാന ഘടകം. 5, 6, 7 സീറ്റ് കോൺഫിഗറേഷനുകളിലേക്ക് ക്രമീകരിക്കാം. നിലവാരമുള്ള സീറ്റുകള്‍. ഏഴു സീറ്റും ഉപയോഗിക്കുകയാണെങ്കിൽ 84 ലിറ്റർ ബൂട്ട് കപ്പാസിറ്റിയും 6 സീറ്റ് കോൺഫിഗറേഷനിലാണെങ്കിൽ 320 ലീറ്റർ കപ്പാസിറ്റിയും 5 സീറ്റ് കോൺഫിഗറേഷനിലാണെങ്കിൽ 625 ലീറ്റർ ബൂട്ട് കപ്പാസിറ്റിയുമുണ്ട്. സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റവുമുണ്ട്.

2019 - Nouveau Renault TRIBER
Renault Triber

എൻജിൻ

ഒരു ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന ട്രൈബറിന് 72 പിഎസ് കരുത്തും 96 എൻഎം ടോർക്കുമുണ്ട്. മികച്ച പെർഫോമൻസും ഇന്ധനക്ഷമതയുമുള്ള എൻജിന് പരിപാലനച്ചെലവ് വളരെ കുറവാണെന്നാണ് റെനൊ പറയുന്നത്.  5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുകളിൽ ട്രൈബർ ലഭിക്കും. ലീറ്ററിന് 20.5 കിലോമീറ്റാണ് ട്രൈബറിന്റെ എആർഎഐ സർട്ടിഫൈഡ് ഇന്ധനക്ഷമത. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ക്വിഡിന്റെ വിജയം ട്രൈബറും ആവർത്തിക്കും എന്നുതന്നെ കരുതാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA