sections
MORE

റേസിങ്ങ് ട്രാക്കിലെ മിന്നും താരം പറക്കും ഷഹാസ്

shahas
മുഹമ്മദ് ഷഹാസ്
SHARE

പതിനാലാം വയസിൽ വിഡിയോ ഗെയിമിലെ റേസിങ്ങിൽ ഹരം പിടിച്ചിരുന്ന മുഹമ്മദ് ഷഹാസ് അതു ജീവിതത്തിലേക്കു ഇത്ര വേഗം പകർത്തിയെടുക്കുമെന്നു മാതാപിതാക്കൾ സ്വപ്നത്തിൽ വിചാരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ബൈക്കുമെടുത്ത് ട്രാക്കിൽ ഇരച്ചാർക്കാനുള്ള കോട്ടയംകാരൻ ഷഹാസിന്റെ ആഗ്രഹത്തിന് അവർ ആദ്യം തടസ്സം നിൽക്കുകയാണു ചെയ്തത്. എന്നാൽ 18ാം വയസിൽ ലൈസൻസ് കിട്ടിയതോടെ സ്വന്തമാക്കിയ പൾസർ 180 ബൈക്ക് ഷഹാസിന്റെ സ്വപ്നങ്ങളെ നൂറേനൂറിൽ കത്തിക്കുക തന്നെ ചെയ്തു. 

സ്വന്തമായി പഠിച്ചെടുത്ത റേസിങ്ങ് പാഠങ്ങളുമായി ഷഹാസ് നേടിയെടുത്തത് കെടിഎം ട്രാക്ക് ഡേയിലെ മുൻനിര സ്ഥാനമടക്കം ഒട്ടേറെ അംഗീകാരങ്ങൾ. ഇൻസ്റ്റഗ്രാമിൽ @the_demonblack എന്ന പ്രൊഫൈൽ പേരിൽ ലക്ഷം കാഴ്ചക്കാരുള്ള ട്രാക്കിലെ ആ തീപ്പൊരിക്ക് 21 വയസേയുള്ള എന്നറിഞ്ഞപ്പോൾ പലരും കണ്ണുമിഴിച്ചു. ഷഹാസിന്റെ പ്രൊഫൈൽ ഫോളോ ചെയ്യുന്നതാകട്ടേ ഇരുപതിനായിരത്തിനടുത്ത് ആളുകൾ. അതോടെ വീട്ടുകാരും ഫ്ലാറ്റ്. റോഡിൽ ചെവിടുപൊട്ടുന്ന ശബ്ദത്തിൽ അപകടകരമായി ബൈക്കു പായിക്കുന്ന പയ്യന്മാരുടെ കൂട്ടത്തിലല്ല തങ്ങളുടെ മകനെന്ന് അവർക്കു മനസിലായി. റേസിങ്ങ് ട്രാക്കിലെ മിന്നും പ്രകടനമാണ് ഷഹാസിന്റെ ഹരം.

റേസിങ്ങ് നടത്തേണ്ടത് ആളുകളെ പേടിപ്പിച്ച് റോഡിലൂടെ അല്ലെന്നു പറയുന്നു ഷഹാസ്. ഇതുവരെ റേസിങ്ങ് ബൈക്കിനു ചെലവഴിച്ചതിനേക്കാൾ അധികം പണം റേസിങ് സുരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ ചെലവഴിച്ചതും അതുകൊണ്ടുതന്നെ.  യുട്യൂബ് നോക്കിയും മറ്റും സ്വന്തമായിട്ടാണ് റേസിങ്ങിന്റെ ബാലപാഠം ഷഹാസ് പഠിച്ചെടുത്തത്. ഗസ്റ്റോ റേസിങ്ങിലാണ്(വളവിൽ കാൽമുട്ട് ട്രാക്കിൽ മുട്ടിക്കുന്ന റേസിങ്) ഷഹാസ് തീപാറിക്കുന്നത്. മദ്രാസ് മോട്ടോർ റേസിങ് ട്രാക്ക്, കോയമ്പത്തൂരിലെ കരി മോട്ടോഴ്സ് സ്പീഡ് വേ എന്നിവിടങ്ങളിലും പതിവായി ട്രാക്ക് ഡേയിൽ പങ്കെടുക്കാറുണ്ട്. മാംഗ്ലൂർ റേസിങ്ങിൽ പോഡിയം ഫിനിഷ് ചെയ്തതായിരുന്നു റേസിങ്ങിലെ ആദ്യ നേട്ടം. പങ്കെടുത്ത ആദ്യ ട്രാക്ക് ഡേയിലൂടെ തന്നെ ടോപ് 10 പട്ടികയിൽ കയറിപ്പറ്റാനും ഷഹാസിനു സാധിച്ചു. 

ഫെഡറേഷൻ ഓഫ് മോട്ടോർ സൈക്കിൾ ക്ലബ് ഓഫ് ഇന്ത്യ(എഫ്എംഎസ്‌സിഐ)യുടെ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റും ഷഹാസ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ട്രാക്കിൽ റേസിങ്ങിന് ഇറങ്ങാൻ ഈ സർട്ടിഫിക്കറ്റ് ആവശ്യമാണ്. 112 കിലോഗ്രാമായിരുന്നു ഷഹാസിന്റെ തൂക്കം. റേസിങ് തലയ്ക്കു പിടിച്ചതോടെ കടുത്ത ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും അഞ്ചുമാസംകൊണ്ട് അത് 68 കിലോഗ്രാമിൽ എത്തിച്ചു. സ്റ്റണ്ട് റൈഡിങ്ങും പരിശീലിക്കുന്നുണ്ട്.

ഇപ്പോൾ കെടിഎം ആർസിയാണ് ഷഹാസിന്റെ ട്രാക്കിലെ കൂട്ടുകാരൻ. കൂടുതൽ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ ‘ഡ്രീം ബൈക്ക് ഡ്യുക്കാട്ടി പനിഗെയ്‌ൽ വി4 ആർ’ സ്വന്തമാക്കണമെന്നാണ് ഷഹാസിന്റെ ആഗ്രഹം. കാക്കനാട് ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥനായ ഷഹാസ് അതിനെല്ലാം അപ്പുറമുള്ള മറ്റൊരു സ്വപ്നവും മറച്ചുവയ്ക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ റേസിങ് മത്സരമായ മോട്ടോ ജിപിയിൽ ബൈക്ക് പായിക്കണം. ഇതിനെല്ലാം ആവശ്യം ഷഹബാസിന്റെ ഒപ്പം നടക്കാൻ ഒരു സ്പോൺസറെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA