sections
MORE

എഫ് വണ്‍ സ്കൂൾ ചാ‍ലഞ്ചിലേക്ക് ചീറിപ്പാഞ്ഞ് മലയാളി മിടുക്കന്റെ റേസിങ് കാർ

HIGHLIGHTS
  • ഇന്ത്യയിൽ നിന്ന് അവസരം ലഭിച്ചിരിക്കുന്നത് ഗുരുഗ്രാം സ്കോട്ടിഷ് ഹൈ ഇന്റർനാഷനൽ സ്കൂൾ
  • ഡൽഹി മേഖലകളിൽ നിന്നെത്തിയ എൺപതോളം ടീമുകളെ തോൽപ്പിച്ചു
formula-one-school-racing-challenge
റയാൻ സോണിയും സംഘവും, മത്സരത്തിനായി നിർമിച്ച കാറും
SHARE

അതിവേഗത്തിന്റെ പോരാട്ടമാണു ഫോർമുല വൺ. റേസിങ് ട്രാക്കിൽ ചീറിപ്പായുന്ന കാറുകളുടെ മികവ് വാഹന പ്രേമികളുടെ സ്വപ്നവും. അതിലേക്കു ചുവടുവയ്ക്കുകയാണ് ഒരു പറ്റം വിദ്യാർഥികൾ. കൂട്ടത്തിൽ ഒരു മലയാളിയും.  ‘ഫോർമുല വൺ ഇൻ സ്കൂൾ ചാലഞ്ച്’ ഫൈനൽ നവംബറിൽ അബുദാബിയിൽ അരങ്ങേറുമ്പോൾ മലയാളി റയൻ സോണിയും സംഘവും അതിലുണ്ടാകും. 49 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളോടു പോരാടാൻ. 

ഫോർമുല വണ്ണിനെ ഇഷ്ടപ്പെടുന്ന വിദ്യാർഥികളുടെ സ്വപ്ന വേദികളിലൊന്നാണു സ്കൂൾ ചാലഞ്ച്. ലോക ഫൈനൽ മൽസരത്തിലേക്ക് ഇത്തവണ ഇന്ത്യയിൽ നിന്ന് അവസരം ലഭിച്ചിരിക്കുന്നതു ഗുരുഗ്രാം സ്കോട്ടിഷ് ഹൈ ഇന്റർനാഷനൽ സ്കൂൾ, ന്യൂഡൽഹി ബ്രിട്ടീഷ് സ്കൂൾ, സാകേത് അമിറ്റി ഇന്റർനാഷനൽ സ്കൂൾ എന്നീ സ്കൂളുകൾക്ക്. ഡൽഹിയിൽ നടന്ന ദേശീയ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയാണു സ്കോട്ടിഷ് സ്കൂളിന്റെ ഓറിയോൺ റേസിങ് ടീമും റയൻ സോണിയും ലോക മൽസരത്തിൽ ഇടം നേടിയത്. 

നിസാരമെന്നു കരുതരുത് മൽസരം. ഫോർമുല വൺ കാറിന്റെ ഒരു ചെറു രൂപം ആദ്യം തയാറാക്കണം. ഡിസൈനും മറ്റും സമർപ്പിച്ച് അനുമതി വാങ്ങണം. കളിപ്പാട്ടം പോലെ വലുപ്പമുള്ള ചെറു കാറാണെങ്കിലും സംഗതി നിസ്സാരമല്ല. ഇതു റേസിങ് ട്രാക്കിൽ ഓടിച്ചു കാട്ടണം. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, കണക്ക് (എസ്ടിഇഎം) എന്നിവ കൈകോർക്കുന്ന മൽസരം ലോകത്തെ ഏറ്റവും ശ്രദ്ധ നേടാൻ കാരണം മൽസരത്തിന്റെ കടുപ്പം കൂടിയാണ്. 

റയനു പുറമേ ദക്ഷിണ കൊറിയൻ സ്വദേശി മിൻ വു, അസമിൽ നിന്നുള്ള അശുതോഷ്, മഹാരാഷ്ട്രക്കാരൻ ആര്യൻ എന്നിവരായിരുന്നു ടീമിൽ. ഗ്യാസ് സിലിണ്ടർ പ്രഷറിൽ കാർ മുന്നോട്ടു പോകുന്ന തരത്തിലാണ് കാറുകൾ ഡിസൈൻ ചെയ്യുന്നത്. കാറിന്റെ ഗവേഷണത്തിനു േമൽനോട്ടം വഹിച്ചതും ഗ്രാഫിക്സ് ഡിസൈൻ നിർവഹിച്ചതും മൽസരത്തിനു കാർ ട്രാക്കിൽ റേസ് ചെയ്തതുമെല്ലാം റയാൻ. 

ഇന്റർനെറ്റിന്റെയും പുസ്തകങ്ങളുടെയും സഹായത്തോടെയാണു കാർ നിർമിച്ചതെന്നു റയാൻ  പറയുന്നു. അധ്യാപകരും സഹായിച്ചു. നിർമാണത്തിനു വേണ്ടിയുള്ള പല വസ്തുക്കളും വിദേശരാജ്യങ്ങളിൽ നിന്നു വരുത്തി. 25 മീറ്റർ ദൂരം ഓടിക്കാൻ എത്ര സമയമെടുക്കുന്നു എന്നു കണക്കാക്കിയാണു വിജയികളെ കണ്ടെത്തിയത്. ദേശീയ മൽസരത്തിൽ, മുംബൈ, ബെംഗളുരു, ചെന്നൈ, ഡൽഹി മേഖലകളിൽ നിന്നെത്തിയ എൺപതോളം ടീമുകളെ തോൽപ്പിച്ചായിരുന്നു റയാന്റെയും സംഘത്തിന്റെയും വിജയം. 

ലോക മൽസരത്തിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. മികച്ച സാങ്കേതിക വിദ്യയുള്ള കാറൊരുക്കാനുള്ള പണിപ്പുരയിലാണു സംഘം. ഗുരുഗ്രാമിൽ സ്വകാര്യ കമ്പനിയിൽ ഐടി വിഭാഗത്തിൽ പ്രവർത്തിക്കുന്ന വരാപ്പുഴ കൂടാരപ്പിള്ളി സോണി ലിയോൺസിന്റെയും ഹെലന്റെയും മകനായ റയാൻ 12–ാം ക്ലാസ് വിദ്യാർഥിയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA