ADVERTISEMENT

ബസിന്റെ ജനറൽ സീറ്റിൽ ഒപ്പം പുരുഷനിരുന്നു എന്ന പരാതി വിവാദമായത് അടുത്തിടെയാണ്. ജനറൽ സീറ്റിൽ തന്റെ അടുത്തിരുന്നു എന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ ശരിക്കും ജനറൽ സീറ്റിൽ സ്ത്രീയ്ക്കൊപ്പം പുരുഷന് ഇരുന്നു സഞ്ചരിക്കാമോ?. സ്ത്രീകൾക്കുള്ള സംവരണ സീറ്റിൽ പുരുഷന്മാർക്ക് ഇരിക്കാമോ?

ഇരുന്നോളൂ... പക്ഷേ, എഴുന്നേൽക്കണം

സീറ്റൊഴിഞ്ഞു കിടക്കുമ്പോൾ ആരും നിന്നു തളരേണ്ടെന്നു തന്നെയാണു നിയമം പറയുന്നത്. ദീർഘദൂര ബസുകളിൽ സ്ത്രീകളുടെ സീറ്റിൽ ആളില്ലെങ്കിൽ പുരുഷൻമാർക്ക് ഇരുന്നു യാത്രചെയ്യാം. പക്ഷേ, പിന്നീടു സ്ത്രീകൾ കയറിയാൽ സീറ്റിൽ നിന്നു പുരുഷൻമാർ സ്വയം എഴുന്നേറ്റു കൊടുക്കണമെന്നാണു നിയമം (മര്യാദയും). കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകൾ സ്ത്രീകൾക്കു സംവരണം ചെയ്തിട്ടുണ്ട്. ബസ് സർവീസ് തുടങ്ങുന്ന സ്ഥലത്ത് ഇങ്ങനെ സംവരണം ചെയ്ത സീറ്റുകളിൽ സ്ത്രീകൾ ഇല്ലെങ്കിൽ മാത്രം അവ പുരുഷന്മാർക്ക് അനുവദിച്ചു നൽകാം. യാത്രയ്ക്കിടയിൽ സ്ത്രീകൾ ആവശ്യപ്പെടുകയാണെങ്കിൽ മുൻഗണനാ ക്രമത്തിലുള്ള സീറ്റുകൾ ഒഴിഞ്ഞു കൊടുക്കാൻ പുരുഷന്മാരോട് കണ്ടക്ടർ ആവശ്യപ്പെടണമെന്നും അതു സ്ത്രീകൾക്കു ലഭ്യമാക്കണമെന്നുമാണു കെഎസ്ആർടിസിയുടെ ഉത്തരവ്.

ജനറൽ സീറ്റ് എല്ലാവർക്കും

ജനറൽ സീറ്റ് പുരുഷന്മാർക്കു മാത്രമുള്ളതാണ് എന്ന അവകാശവാദമുണ്ട്. എന്നാൽ അങ്ങനെയല്ല ആ സീറ്റുകളിൽ സ്ത്രീകൾ അടക്കം എല്ലാവർക്കും അവകാശമുണ്ട്. ജനറൽ സീറ്റിൽ ആളില്ലെങ്കിൽ ആർക്കു വേണമെങ്കിലും ഇരിക്കാം. തൊട്ടുത്ത് സ്ത്രീ ഇരിക്കുകയാണെങ്കിൽ അവർക്ക് പുരഷന്മാരോട് എഴുന്നേൽക്കണം എന്നു പറയാനാകില്ല. ഏതെങ്കിലും തരത്തിലുള്ള ശല്യപ്പെടുത്തലുണ്ടായാൽ വനിതായാത്രക്കാർക്ക് കണ്ടക്ടറോട് പരാതിപ്പെടാം. കണ്ടകക്ടർക്ക് ഇയാളോടു സീറ്റൊഴിഞ്ഞു കൊടുക്കാനാവശ്യപ്പെടണം

എഴുന്നേറ്റില്ലെങ്കിൽ പിഴ

സ്ത്രീകളില്ലാത്തപ്പോൾ സ്ത്രീകളുടെ സീറ്റിലിരുന്നു യാത്ര ചെയ്താൽ പിഴയില്ല. പക്ഷേ, സ്ത്രീകൾ ആവശ്യപ്പെട്ടിട്ടും എഴുന്നേറ്റു നൽകിയില്ലെങ്കിൽ പിഴയടയ്ക്കണമെന്നാണു നിയമം. സ്ത്രീകളുടെ സീറ്റിൽ മാത്രമല്ല, സംവരണം ചെയ്ത എല്ലാ സീറ്റുകളിലും നിയമം ലംഘിച്ചു യാത്ര ചെയ്താൽ പിഴയുൾപ്പെടെയുള്ള ശിക്ഷയുണ്ടാകുമെന്നു മോട്ടോർവാഹനവകുപ്പു വ്യക്തമാക്കുന്നു. മോട്ടോർ വാഹന ആക്ട് 177–ാം വകുപ്പു പ്രകാരം 100 രൂപയാണു പിഴ അടയ്ക്കേണ്ടത്. സീറ്റൊഴിഞ്ഞു കൊടുക്കാൻ തയാറാകാതെ കണ്ടക്ടറോടു തർക്കിക്കാൻ പോയാൽ സംഗതി 100 രൂപയിലൊതുങ്ങില്ല. നിയമനടപടിയുണ്ടാകും. പൊതുസേവകന്റെ ജോലി തടസപ്പെടുത്തിയാൽ മോട്ടോർവാഹന ആക്ടിന്റെ പരിധിക്കപ്പുറത്തേക്കു പോകും നടപടികൾ.

ഉറങ്ങിക്കോളൂ; ഉറക്കം നടിക്കേണ്ട

സീറ്റ് നിലനിർത്താനുള്ള പ്രധാന തന്ത്രമാണു ബസ് യാത്രയിലെ ഉറക്കം. ഉറങ്ങിക്കഴിഞ്ഞാൽ ആരും സീറ്റ് ചോദിക്കുന്നതു കാണേണ്ടല്ലോ. പക്ഷേ, സീറ്റിനു വേണ്ടിയുള്ള ഉറക്കത്തിൽ സ്ത്രീകളും പിന്നിലല്ലെന്നാണു യാത്രക്കാർ പറയുന്നത്. ഗർഭിണികൾക്കും കൈക്കുഞ്ഞുമായി വരുന്ന അമ്മമാർക്കും അംഗപരിമിതകർക്കും വയോജനങ്ങൾക്കുമെല്ലാം വേണ്ടി സംവരണം ചെയ്ത സീറ്റുകളിൽ ഇരുന്ന് ഉറക്കമഭിനയിക്കുന്ന (ചിലർ ഉറങ്ങിപ്പോകുന്നതുമാകാം) സ്ത്രീകളുടെ എണ്ണവും കുറവല്ലത്രേ. കൈക്കുഞ്ഞുമായി വരുമ്പോൾ പലപ്പോഴും ആദ്യം സീറ്റൊഴിഞ്ഞു നൽകുന്നതു പുരുഷൻമാരാണെന്നു ചില സ്ത്രീയാത്രക്കാരും പറയുന്നുണ്ട്. എന്തായാലും അർഹരെ ഇരുത്താനായി ഉറക്കമുണർത്താനുള്ള അധികാരം മോട്ടോർ വാഹനവകുപ്പും കെഎസ്ആർടിസിയും പൊലീസുമൊക്കെ കണ്ടക്ടർമാർക്കു നൽകുന്നുണ്ട്.

ഇരിക്കല്ലേ പണി പാളും

സ്ത്രീകളുടെ സീറ്റിലിരിക്കുന്ന പുരുഷൻമാരുടെ മാത്രമല്ല, സംവരണം ചെയ്ത സീറ്റുകളിലിരുന്നാൽ സ്ത്രീകളുടെയും പണി പാളും. ഇരുന്നാൽ കുഴപ്പമില്ല, സീറ്റിന് അർഹതയുള്ളവർ വരുമ്പോൾ എഴുന്നേറ്റുകൊടുക്കണമെന്നു മാത്രം. 5 ശതമാനം സീറ്റാണു ബസുകളിൽ അംഗപരിമിതർക്കു സംവരണം ചെയ്തിരിക്കുന്നത്. അതായത് ആകെ സീറ്റിൽ 2 എണ്ണം. കാഴ്ചയില്ലാത്തവർക്കായി ഒരു സീറ്റും മാറ്റിവച്ചിട്ടുണ്ട്. മുതിർന്ന പൗരൻമാർക്ക് 20 ശതമാനം സീറ്റുകളാണു മാറ്റിവച്ചത്.

മുതിർന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും 10 ശതമാനം സീറ്റ് വീതം നൽകണം. എന്നാൽ ലിമിറ്റഡ് സ്റ്റോപ്, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി എന്നിവയ്ക്കു മുകളിലുള്ള മറ്റു ക്ലാസുകളിൽ ഇവർക്ക് 5% മാത്രമാണു സംവരണം. ഓൺലൈൻ റിസർവേഷനുള്ള വാഹനങ്ങൾക്ക് ഇതും ബാധകമല്ല.

ബസിലെ ആകെ സീറ്റിന്റെ കാൽ ഭാഗവും (25%) സ്ത്രീകൾക്ക് അവകാശപ്പെട്ടതാണ്. എന്നുവച്ചാൽ ഈ സീറ്റിൽ മാത്രമേ സ്ത്രീകൾ ഇരിക്കാൻ പാടുള്ളൂ എന്നല്ല, ഈ സീറ്റുകൾ നിർബന്ധമായി സ്ത്രീകൾക്കു നൽകണമെന്നാണ്. ഇതിൽ ഒരു സീറ്റ് ഗർഭിണിക്കുള്ളതാണ്. എന്നാൽ ഗർഭിണികൾ ബസിലില്ലെങ്കിൽ ഈ സീറ്റ് ഒഴിച്ചിടണമെന്നു പറയുന്നില്ല. 5ശതമാനം സീറ്റാണു കൈക്കുഞ്ഞുമായിക്കയറുന്ന അമ്മമാർക്കുവേണ്ടി മാറ്റിവച്ചിട്ടുള്ളത്.

സ്വകാര്യ ബസിലും കെഎസ്ആർടിസി ബസുകളിലും ഗർഭിണികൾക്കായി സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗർഭിണികൾക്കു നീക്കിവയ്ക്കണമെന്ന നിർദേശമുൾപ്പെടുത്തി കേരള മോട്ടോർ വാഹന നിയമം, മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിട്ടുണ്ട്.

ശല്യക്കാർ അടുത്തിരിക്കേണ്ട

ദീർഘദൂരയാത്രകളിലും മറ്റും ഒഴിഞ്ഞുകിടക്കുന്ന സ്ത്രീസംവരണ സീറ്റുകളിൽ പുരുഷൻമാരുടെ യാത്ര പതിവാണ്. തൊട്ടടുത്ത സീറ്റിലിരിക്കുന്ന സ്ത്രീകളെ ഒരു തരത്തിലും ശല്യമാകാതെ ഇങ്ങനെ യാത്ര തുടരാം. ഏതെങ്കിലും തരത്തിലുള്ള ശല്യപ്പെടുത്തലുണ്ടായാൽ വനിതായാത്രക്കാർക്ക് കണ്ടക്ടറോട് പരാതിപ്പെടാം. കണ്ടകക്ടർക്ക് ഇയാളോടു സീറ്റൊഴിഞ്ഞു കൊടുക്കാനാവശ്യപ്പെടണം. ഇങ്ങനെ ബസിലെ ശല്യം കൂടിയാൽ കേസ് മോട്ടോർ വാഹനനിയമത്തിലോ പിഴയിലോ ഒതുങ്ങില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com