ADVERTISEMENT

നീല നിറത്തിലുള്ള പഴയ മാർക്ക് 2 അംബാസഡർ കാർ കണ്ടാൽ തൃശൂർകാർക്കറിയാം. അത്, മ്മടെ ജോയേട്ടനല്ലേ?മൂപ്പർടെ കാറല്ലേ ആ വര്ണത്.. അത്രയ്ക്കു പരിചിതമാണ് ഈ കാറും കാറിന്റെ ഉടമസ്ഥനെയും. കാരണം, അരനൂറ്റാണ്ടായി തൃശൂർ ഒരുപാടു മാറിയിട്ടുണ്ടെങ്കിലും ഒട്ടും മാറാതെ ഇന്നും നിലനിൽക്കുകയാണ് അൻപത്തിരണ്ടു വർഷം പഴക്കമുള്ള 1966 മോഡൽ അംബാസഡർ മാർക്ക് 2. 78 വയസ്സുള്ള അപ്പൂപ്പന്റെ 53 വയസ്സുള്ള കൂട്ടുകാരി. 

മൂന്നു തലമുറകളുടെ ഓർമകൾ‌

മൂന്നു തലമുറകളുടെ കൂടെയുള്ള ഓർമകൾ ഈ മുത്തശ്ശിക്കാറിനുണ്ട്. തൃശൂർ കുരിയച്ചിറ നെഹ്റു നഗർ കോളനിയിലെ ജോയ് മണവാളന്റേതാണ് ഈ കാർ. ജോയുടെ അച്ഛൻ ഡോ. എ ജോസഫ് മണവാളൻ 1966 ൽ വാങ്ങിയതാണ് ഇത്. ബുക്ക് ചെയ്തു മൂന്നു വർഷം കാത്തിരുന്നാണ് കാർ വീട്ടിലെത്തുന്നത്. 16,500 രൂപയ്ക്കാണ് അന്നു തൃശൂർ മരയ്ക്കാർ മോട്ടോഴ്സിൽനിന്നു വാങ്ങിയത്. അക്കാലത്ത് ഒരു മാസം അഞ്ച് കാറുകളേ ഡീലർഷിപ്പിൽ വിൽക്കുകയുള്ളത്രെ!  രണ്ടു വർഷം കഴിഞ്ഞു നടന്ന ജോയിയുടെയും റീത്ത തരകന്റെയും വിവാഹത്തിന് അച്ഛൻ ഈ കാർ സമ്മാനിച്ചു. പിന്നെ ജോയ് ഈ അംബാസഡർ കാറിനെ പിരിഞ്ഞിരുന്നിട്ടേയില്ല.  വീട്ടിൽ നടക്കുന്ന എല്ലാ ചടങ്ങുകളിലും മാർക്ക് ഉണ്ടാകും. ‌‌

joy
ജോയ് മണവാളനും ഭാര്യയും

ജോയിയുടെ മക്കളുടെയും കൊച്ചുമകളുടെയും വിവാഹത്തിനു സാരഥിയായത് ഈ മാർക്ക് 2 തന്നെ.കാലങ്ങൾ മാറിയാലും കാലമിത്രയായിട്ടും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്നു ജോയ്. 1400 സിസി പെട്രോൾ എൻജിനാണ്. 14 ബിഎച്ച്പിയാണ് പവർ. സ്റ്റിയറിങ്ങിലാണ് ഗിയർ ലിവർ. നാല് സ്പീഡ് ഗീയർബോക്സാണ്. ഊട്ടി, തിരുവനന്തപുരം തുടങ്ങി ഒട്ടേറെ സ്ഥലങ്ങൾ കറങ്ങിയിട്ടുണ്ട് ഈ മാർക്ക്. ഇത്ര കാലമായിട്ടും വേറൊരു കാറും ജോയ് ഉപയോഗിച്ചിട്ടില്ല. എൻജിന്റെ സ്വരം മാറിയാൽ ജോയ്ക്കറിയാം. പിന്നെ അതു ശരിയാക്കാതെ ഉറക്കം വരില്ല. അത്യാവശ്യം റിപ്പയറിങ് തനിയെ ചെയ്യും. ഇതുവരെ അപകടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

മറ്റാരും തന്റെ പ്രിയപ്പെട്ട മാർക്കിനെ കൊണ്ടുപോകുന്നത് ജോയ്ക്കു ഇഷ്ടമല്ല. രണ്ടു വർഷം മുൻപ് മാർക്കിന്റെ അൻപതാം പിറന്നാൾ കേക്ക് മുറിച്ച് എല്ലാവരും ആഘോഷിച്ചു. നിരവധിപേർ വിൽക്കുന്നുണ്ടോ എന്നു ചോദിച്ചു വരാറുണ്ടെങ്കിലും മാർക്കുമായി അൻപത്തിരണ്ടു വർഷമായുള്ള ബന്ധം തുടരാനാണ് ജോയിക്കിഷ്ടം. ഈ കാർ തലമുറകൾ കൈമാറണമെന്നാണ് ആഗ്രഹം. അതുതന്നെയാകും മാർക്കിനും ഇഷ്ടം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com