ADVERTISEMENT

പ്രത്യേകിച്ച് ആരും ഗൈഡ് ചെയ്യാനില്ലാതെ സീനിയേഴ്സ് വെട്ടിത്തുറന്നിട്ട വഴികളിലൂടെ മുന്നേറിയ കെടിഎം ജൂനിയേഴ്സ് ക്യാംപസിൽ എത്തിച്ചത് വെറും ട്രോഫിയല്ല, സൊസൈറ്റി ഓഫ് ഓട്ടമോട്ടീവ് എൻജിനിയേഴ്സ് ഇന്ത്യ സംഘടിപ്പിച്ച ബാഹ 2019 (SAE BAJA 2019) ൽ രാജ്യന്തരതലത്തിൽ നേടിയ അഞ്ചാം സ്ഥാനമാണ്. അതും കേരളത്തിൽനിന്നു മത്സരിച്ചവരിൽ ഒന്നാമതും.  എല്ലാ വർഷവും ടികെഎം എൻജിനീയറിങ് കോളജിൽനിന്നു ടീം മത്സരിക്കാറുണ്ട്.  പക്ഷേ, ബാഹയിൽ പങ്കെടുത്തു എന്നതിനപ്പുറമൊരു നേട്ടം കൊയ്യാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. ആ തലവരയാണ് ടീം എക്സ്എൽആർ8 മാറ്റിയെഴുതിയത്.

ബാഹയിലൂടെ മികച്ച എൻജിനിയേഴ്സിനെ കണ്ടെത്തുകയാണ്  സൊസൈറ്റി ഓഫ് ഓട്ടമോട്ടീവ് എൻജിനിയേഴ്സിന്റെ (Society of Automotive Engineers - SAE) ലക്ഷ്യം. എസ്എഇ യുടെ റൂൾ ബുക്ക് അനുസരിച്ചാകണം വാഹനം ഡിസൈൻ ചെയ്യേണ്ടത്. ഒരിഞ്ച് വ്യത്യാസം ഉണ്ടായാൽ പോലും പുറത്താകും. ആദ്യം വിഷ്വൽ പ്രസന്റേഷൻ. അതിൽ സിലക്ട് ആയാൽ ഫൈനൽ റൗണ്ടിൽ പങ്കെടുക്കാം. 

tkm-3

പണിപ്പുരയിൽ

അഞ്ചു പേർ വീതമുള്ള അഞ്ച് ടീമുകളായി വേർതിരിഞ്ഞായിരുന്നു പ്രവർത്തനം. മെക്കാനിക്കൽ, മെക്കാനിക്കൽ പ്രൊഡക്‌ഷൻ വിഭാഗങ്ങളിലെ ഒന്നാം വർഷം ഒഴികെയുള്ള എല്ലാ ക്ലാസുകളിലെയും കുട്ടികൾ ടീമിൽ ഉണ്ടായിരുന്നു. ടീം ക്യാപ്റ്റൻ കൂടിയായ അലിൻ അമ്രുള്ള തന്നെയായിരുന്നു മത്സരത്തിൽ വാഹനം ഒാടിച്ചതും. ഫൈനലിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എസ്എഇ പറയുന്ന സ്പെസിഫിക്കേഷനോടുകൂടിയ എൻജിൻ വാങ്ങി. സ്പീഡ്, ടോർക്ക് എല്ലാം സെറ്റ് ചെയ്ത ഗിയർ ബോക്സ് തയാറാക്കി, ജനുവരിയിൽ വർക്ക് തുടങ്ങി. ഒന്നൊന്നര മാസം രാവും പകലും വർക്‌ഷോപ്പിൽത്തന്നെ. ഫെബ്രുവരി പകുതിയോടെ വാഹനം റെഡിയാക്കി ടെസ്റ്റിങ് തുടങ്ങി. 

tkm-2

എൻജിൻ

ആൽഫ 3.0 എന്നാണ് ഈ ഒാൾ ടെറൈൻ വാഹനത്തിനിട്ട പേര്. 305 സിസി ആണ് എൻജിൻ ശേഷി. പവർ 10 എച്ച്പി. ടോർക്ക് 19.65 എൻഎം. സിവിടി ട്രാൻസ്മിഷൻ. ഉയർന്ന വേഗം 50.5 Kmph. നിർമാണത്തിനായി മാത്രം 3.5 ലക്ഷം രൂപ ചെലവായി. ഒരു ലക്ഷത്തോളം രൂപ സ്പോൺസർഷിപ്പായി കിട്ടി. ‌

tkm-1

പഞ്ചാബിലെ പഞ്ച് 

ഐഐടി, എൻഐടി ഉൾപ്പെടെ രാജ്യാന്തരതലത്തിൽ 80 കോളജുകളാണ് ബാഹ 2019 ൽ മാറ്റുരച്ചത്. കേരളത്തിൽനിന്ന് അഞ്ച് കോളജുകൾ പങ്കെടുത്തു. സ്റ്റാർട്ടിങ് ടെസ്റ്റ്, ബ്രേക്കിങ് ടെസ്റ്റ്, ആക്സിലറേഷൻ ടെസ്റ്റ് എന്നിങ്ങനെ മൂന്നു ബേസിക് ടെസ്റ്റുകൾക്കുശേഷം ടെക്നിക്കൽ ടെസ്റ്റ്. പിന്നിൽ വാഹനം കെട്ടിവലിക്കാനാനുള്ള ഹിക്ച്ച്പ്ലേറ്റ് വച്ചതിൽ അളവു വ്യത്യാസം വന്നതിനാൽ ആദ്യ റൗണ്ടിൽ ക്ലിയർ ആയില്ല. അവിടെത്തന്നെയുള്ള വർക്‌ഷോപ്പിൽ കൊണ്ടുപോയി ആവശ്യമായ മാറ്റങ്ങൾ വരുത്തി രണ്ടാം റൗണ്ടിൽ ടെക്നിക്കൽ ടെസ്റ്റ് ക്ലിയർ ചെയ്തു. അതുകഴിഞ്ഞ് സസ്പെൻഷൻ ആൻഡ് ട്രാക്‌ഷൻ ടെസ്റ്റ്, മാന്യൂവെറബിലിറ്റി ടെസ്റ്റ്, എൻഡ്യൂറൻസ് ടെസ്റ്റ്, സെയിൽസ് പ്രസന്റേഷൻ, കോസ്റ്റ് പ്രസന്റേഷൻ എന്നിങ്ങനെ ടെസ്റ്റുകളുടെ നീണ്ടനിരയായിരുന്നു പിന്നീടുള്ള റൗണ്ടുകളിൽ.

team-tkm

കടുത്ത പരീക്ഷണം

സസ്പെൻഷൻ ട്രാക്‌ഷൻ ടെസ്റ്റിൽ വിവിധ തരത്തിലുള്ള പ്രതലങ്ങളിൽ വാഹനത്തിന്റെ പെർഫോമൻസ് പരിശോധിക്കും. ഇതിൽ രണ്ടാം സ്ഥാനം കിട്ടി. മാന്വറബിലിറ്റി ടെസ്റ്റിൽ മരങ്ങൾക്കിടയിലൂടെ ഓടിച്ചു കാണിക്കണം. എൻഡ്യൂറൻസ് ടെസ്റ്റിൽ നാലു മണിക്കൂർ നിർത്താതെ അവിടെ തയാറാക്കിയിട്ടുള്ള വ്യത്യസ്തമായ ട്രാക്കുകളിലൂടെ ഓടിക്കണം. വാഹനത്തിൽ ഒരു ട്രാൻസ്പോണ്ടർ (ചിപ്പ് പോലൊരു സാധനം) ഘടിപ്പിക്കും. ഓരോ തവണ ലാപ് പൂർത്തിയാക്കുമ്പോഴും സ്റ്റാർട്ടിങ് പോയിന്റിലെ മെഷീനിൽ അത് രേഖപ്പെടുത്തും. ഏറ്റവും കൂടുതൽ ലാപ്പ് എടുക്കുന്നവരാണു വിജയിക്കുന്നത്.

മിക്കപ്പോഴും പല വാഹനങ്ങൾക്കും റൗണ്ട് പൂർത്തിയാക്കാൻ പറ്റാറില്ല. എന്നാൽ ടീം എക്സ്എൽആർ 8 മൂന്നാമത് ഫിനിഷ് ചെയ്തു. അവസാന റിസൽട്ട് വന്നപ്പോൾ ഒാവറോൾ അഞ്ചാം സ്ഥാനം നേടി ആദ്യ പത്തിൽ ഉൾപ്പെട്ടു. ബാഹയുടെ പ്രധാന സ്പോൺസർ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ആയിരുന്നു.  ഓരോ വർഷവും ബാഹയിൽ പങ്കെടുക്കുമ്പോഴും കൂടുതൽ മെച്ചപ്പെടുകയാണ് ടികെഎം എൻജിനീയറിങ് കോളജിലെ ടീം എക്സ്എൽആർ8. അടുത്ത തവണ ഇന്ത്യയിൽത്തന്നെ ഒന്നാമതെത്തുകയാണ് ഇവരുടെ ലക്ഷ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com