മോഹിപ്പിക്കുന്ന ഇന്ധനക്ഷമതയുമായി എത്തുന്ന ചെറു ഓട്ടമാറ്റിക്ക് കാറുകൾ

wagon-r
Wagon R
SHARE

ഓട്ടമാറ്റിക്ക് കാറുകളെ ജനപ്രിയമാക്കുന്നതിൽ എഎംടി ഗിയർബോക്സ് വഹിച്ച പങ്ക് ചെറുതല്ല. നഗര യാത്രകളിലെ ഡ്രൈവിങ് സുഖവും മാനുവല്‍ കാറുകളുടെ മൈലേജും പരിപാലന ചെലവുമാണ് എഎംടി കാറുകളെ പ്രിയങ്കരമാക്കുന്നത്. എൻട്രി ലെവൽ ഹാച്ച്ബാക്കുകൾ തുടങ്ങി ഇന്ന് എഎംടിയുടെ സാന്നിധ്യമുണ്ട്. 6 ലക്ഷത്തിൽ താഴെ എക്‌സ്‌ഷോറൂം വിലയുള്ള മികച്ച ഇന്ധനക്ഷമത കൂടിയ ചെറു എഎംടി കാറുകള്‍.

റെഡിഗോ എഎംടി

redigo

ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ എഎംടി കാറുകളിലൊന്നാണ് റെഡിഗോ. സ്‌റ്റൈലന്‍ രൂപം തന്നെയാണ് റെഡിഗോയുടെ ഹൈലൈറ്റ്. ഒതുക്കമുള്ള കാര്‍. നഗരങ്ങളില്‍ ഉത്തമം. മിനി ക്രോസ്ഓവര്‍ എന്നു റെഡിഗോയെ വിശേഷിപ്പിക്കുന്നതു രൂപഗുണം കൊണ്ടാണ്. 185 മി മി ഗ്രൗണ്ട് ക്ലിയറന്‍സുള്ള അധികം മിനി ഹാച്ച് ബാക്കുകളില്ല. രൂപത്തിലും തെല്ല് ക്രോസ് ഓവര്‍ ഛായയുണ്ട്. 999 സി സി പെട്രോള്‍ എന്‍ജിന് 68 പി എസ് ശക്തി. രണ്ട് ഓട്ടമാറ്റിക്ക് വകഭേദമാണ് റെഡിഗോ 1 ലീറ്ററിനുള്ളത്. ഇന്ധനക്ഷമത ലീറ്ററിന് 22.5 കിലോമീറ്റര്‍. വില 4.24 ലക്ഷം രൂപ മുതല്‍ 4.34 ലക്ഷം രൂപ വരെ.

ഓള്‍ട്ടോ കെ 10 എജിഎസ്

alto-k10

മാരുതിയുടെ ഉല്‍പന്ന നിരയിലെ ഏറ്റവും വില കുറഞ്ഞ എഎംടി കാര്‍. മാരുതിയുടെ വിശ്വാസ്യത തന്നെയാണ് ഓള്‍ട്ടോയുടെ പ്രധാന ആയുധം. കൂടെ ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുള്ള ചെറുകാര്‍ എന്ന പേരും. മികച്ച ഇന്ധനക്ഷമതയും, കുറഞ്ഞ പരിപാലന ചിലവുമുള്ള കെ10 എജിഎസ് നഗര ഉപയോഗത്തിന് യോജിച്ച കാറാണ്. 998 സിസി കെബി 10 എന്‍ജിന്‍. 68 പിഎസ് കരുത്തും 90 എന്‍എം ടോര്‍ക്കും. ഉയര്‍ന്ന വകഭേദമായ വിഎക്‌സ്‌ഐയില്‍ മാത്രമാണ് എഎംടി ഗിയര്‍ബോക്‌സ്. മൈലേജ്- 24.07 കി.മീ. എക്‌സ് ഷോറൂം വില-4.54 ലക്ഷം രൂപ.

റെനോ ക്വിഡ് എഎംടി

renault-kwid

റെനോയുടെ ജനപ്രിയ കാറാണ് ക്വിഡ്. ആകർഷകമായ ലുക്കാണ് ക്വിഡിന്റെ സെല്ലിങ് പോയിന്റ്. ചെറു കാര്‍ സെഗ്മെന്റില്‍ ഏറ്റവും സ്‌റ്റൈലന്‍ കാര്‍ എന്ന വിശേഷം ക്വിഡിന് സ്വന്തം. ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന കാറിന് 1 ലീറ്റര്‍ എന്‍ജിനാണ്. മറ്റു കാറുകള്‍ക്കെല്ലാം ഗിയര്‍ ലിവറുണ്ടെങ്കില്‍ ക്വിഡിന് അതില്ല. ഡാഷ് ബോര്‍ഡിലെ ചെറു നോബ് തിരിച്ചാണ് ഡ്രൈവ് മോഡുകള്‍ തിരഞ്ഞെടുക്കുന്നത്. പരമാവധി 68 പിഎസ് കുരുത്തും 91 എന്‍എം ടോര്‍ക്കും. ഇന്ധന ക്ഷമത ലീറ്ററിന് 24.04 കിലോമീറ്റര്‍. വില- 4.60 ലക്ഷം മുതല്‍ 4.85 ലക്ഷം വരെ

മാരുതി സെലേരിയോ

celerio

എഎംടി ഗിയര്‍ബോക്‌സുമായി ആദ്യമെത്തിയ കാറാണ് സെലേറിയോ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എഎംടി വാഹനങ്ങളിലൊന്ന്. ഉയര്‍ന്ന മൈലേജ്, കുറഞ്ഞ സര്‍വീസ് ചാര്‍ജ്, മികച്ച ഫീച്ചറുകള്‍ എന്നിവ പ്രധാന സവിശേഷതകള്‍. ഇടയ്ക്ക് കാലികമായി മാറ്റങ്ങളുമായി കിടിലന്‍ ലുക്കിലെത്തിയത് സെലേറിയോയുടെ ജനപ്രീതി വര്‍ധിപ്പിച്ചു. 998 സിസി എന്‍ജിനാണ് സെലേറിയോയില്‍. 68 പിഎസ് കരുത്തും 90 എന്‍എം ടോര്‍ക്കും. എഎംടിയുടെ നാല് വകഭേദങ്ങള്‍ സെലേറിയോയ്ക്കുണ്ട്. ഇന്ധന ക്ഷമത ലീറ്ററിന് 23.1 കി.മീ. വില 5.23 ലക്ഷം മുതല്‍ 5.58 ലക്ഷം വരെ.

വാഗണ്‍ ആര്‍ എഎംടി

wagon-r

മാരുതിയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നാണ് വാഗണ്‍ആര്‍. ടോള്‍ ബോയി ആയി 1995 ല്‍ വിപണിയിലെത്തിയ വാഗണ്‍ആറിന്റെ പുതിയ പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്. അടിമുടി മാറി കൂടിതൽ വലുപ്പത്തിലെത്തിയ കാർ സൂപ്പർഹിറ്റായി മാറി. ഒരു ലിറ്റർ, 1.2 ലീറ്റർ എൻജിൻ വകഭേദങ്ങളിൽ വാഗൺആർ വിപണിയിലുണ്ട്. ഇരുവകഭേദങ്ങള്‍ക്കും എഎംടി ഗിയർബോക്സുമുണ്ട്. 1.2 ലീറ്റർ വകഭേദത്തിന് 20.52 കിലോമീറ്റർ ഇന്ധനക്ഷമതയും 1.2 ലീറ്റർ മോഡലിന് 22.5 കിലോമീറ്റർ ഇന്ധനക്ഷമതയുമുണ്ട്. 5.31 ലക്ഷം മുതൽ 5.96 ലക്ഷം രൂപവരെയാണ് എക്സ്ഷോറൂം വില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA