sections
MORE

റോൾസ് റോയ്സ് എന്ന ബ്രിട്ടീഷ് അവതാരം; ആഡംബരത്തിന്റെ അവസാനവാക്ക്

rolls-royce-silver-dawn
Rolls Royce Silver Dawn
SHARE

ഒരാളെപ്പോലെ ലോകത്ത് ഏഴുപേരുണ്ടെന്നൊക്കെ പറയുന്നതു മനുഷ്യരുടെ കാര്യത്തിൽ ശരിയാകാം. പക്ഷേ കാറുകളുടെ കാര്യത്തിൽ ഈ വാദമൊന്നും അത്ര വിലപ്പോവില്ല.  കണ്ടാൽ തീരാത്ത കാഴ്ചകളും പറഞ്ഞാൽ തീരാത്ത വിശേഷങ്ങളും ഒരു കാറിൽ സമ്മേളിക്കുമ്പോൾ അതിനെ ലോകം ഇങ്ങനെ മാത്രമേ വിളിക്കൂ – റോൾസ് റോയ്സ്. ഇതുപോലെ വേറെയൊരണ്ണം ഈ ഭൂമുഖത്തു കാണാനാകില്ല. ആഡംബരത്തിന്റെയും കരുത്തിന്റെയും വിസ്മയാവതാരമാണ് ഈ ബ്രിട്ടിഷ് കാർ. ഈ പേരോടു കൂടി അവസാനിക്കും കാറുകളുടെ ലോകത്തെ ആഡംബരത്തിന്റെ അന്വേഷണം. 

rrolls-royce

ആദ്യം റോയ്സ്, റോൾസ് പിന്നാലെ

പണ്ടുപണ്ടൊരു കുഞ്ഞൻ ബിസിനസ് എന്ന നിലയിൽ ഹെന്റി റോയ്സ് തുടങ്ങിവച്ച സംരംഭമാണ് ഇന്നു സ്വപ്നതുല്യമായി വളർന്ന റോൾസ് റോയ്സ് സാമ്രാജ്യം.1884 ൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ മേഖലയിലായിരുന്നു റോയ്സിന്റെ ചുവടുവയ്പ്. ഈ സംരംഭത്തിനു പത്തു വയസു തികഞ്ഞതോടെ റോയ്സ് കളംമാറ്റി. ഇലക്ട്രിക് ക്രെയിനിന്റെയും ഡൈനാമോയുടെയും നിർമാണത്തിലേയ്ക്കായിരുന്നു മാറ്റം. ഈ ബിസിനസ് മുന്നോട്ടുനീങ്ങവേ റോയ്സ് ലിമിറ്റഡ് എന്നൊരു സ്ഥാപനം റജിസ്റ്റർ ചെയ്തു ഹെന്റി കാർ എന്ന നയം വ്യക്തമാക്കി. ഈ ലക്ഷ്യം സഫലമാകാനും അധികം സമയമെടുത്തില്ല. 1904 ൽ ഹെന്റി റോയ്സിന്റെ ആദ്യകാർ പിറന്നു– പേര് റോയ്സ് 10. റോൾസ് റോയ്സ് എന്ന അദ്ഭുതനിർമിതിയിലേയ്ക്കുള്ള ഫസ്റ്റ് ഗിയർ ആയിരുന്നു അന്നത്തെ ഏതു നിർമിതിയോടും കിടപിടിക്കുന്ന കരുത്തുള്ള റോയ്സ് 10.

rolls-royce-silver-gohst

അതേവർഷം തന്നെ റോയ്സിന്റെയും റോയ്സ് കാറിന്റെയും ഗതി തിരിച്ചുവിട്ടൊരു കൂടിക്കാഴ്ചയ്ക്കു മാഞ്ചസ്റ്ററിലെ മിഡ്‌ലാൻഡ് ഹോട്ടൽ വേദിയായി. ചാൾസ് റോൾസ് എന്ന യുവ എൻജിനീയറുമൊത്ത് ഉച്ചഭക്ഷണം കഴിക്കാനാണ് അന്നു, കൃത്യമായി പറഞ്ഞാൽ 1904 മേയ് നാലിന്, ഹെന്റി റോയ്സ് ആ ഹോട്ടലിൽ ചെന്നത്. നാലു സിലിണ്ടറുകളുള്ളൊരു കാർ സ്വപ്നം മനസിൽ സൂക്ഷിച്ചിരുന്ന റോൾസിനു റോയ്സിന്റെ കാർ ശരിക്കു ബോധിച്ചു. റോയ്സ് നിർമിക്കുന്ന എല്ലാ കാറുകളും വിൽക്കാനുള്ള കരാറിലും വൈകാതെ റോൾസ് ചെന്നെത്തി. റോൾസ് – റോയ്സ് എന്ന പേരിൽ ഈ വാഹനങ്ങൾ വിൽക്കുമെന്ന കരാറിലാണ് ഇരുവരും ഒപ്പുചേർത്തത്. റോയ്സ് 10 അങ്ങനെ റോൾസ്– റോയ്സ് 10 ആയി പുനരവതരിച്ചു. രണ്ടേ രണ്ടു വർഷത്തേയ്ക്കു മാത്രമായിരുന്നു ഈ കച്ചവടം. ഇരുവരും ചേർന്നു പുതിയൊരു കാർ കമ്പനിയെന്ന തീരുമാനമെടുത്തോടെയാണ് ആ കൂട്ടുകെട്ടിന് ഇടവേളയായത്. 1906 ൽ തന്നെ പുത്തൻ കമ്പനിക്കു തുടക്കമായി, റോൾസ്– റോയ്സ് ലിമിറ്റഡ് എന്ന പേരിൽ. 

rolls-royce-phantom-3

വിസ്മയം, മണ്ണിലും വിണ്ണിലും 

1907 ൽ സിൽവർ ഗോസ്റ്റ് എന്ന ആറു സിലിണ്ടർ വിസ്മയത്തോടെയാണ് റോൾസ്– റോയ്സിന്റെ പടയോട്ടം തുടങ്ങുന്നത്. കാർ നിർമാണത്തിന്റെ പതിവുസമവാക്യങ്ങൾ പൊളിച്ചെഴുതി വന്ന സിൽവർ ഗോസ്റ്റിനെത്തേടി ലോകത്തേറ്റവും മികച്ച കാറെന്ന വിലയിരുത്തലുകളും വന്നെത്തി. 1914 ൽ ഒന്നാം ലോക‌യുദ്ധത്തിന്റെ വരവോടെ റോൾസ്– റോയ്സിന്റെ കാറിടപാടുകൾക്കൊരു മാന്ദ്യം വന്നു. എയ്റോഎൻജിൻ നിർമാണത്തിലേയ്ക്കു കമ്പനി കടന്നതാണ് ആ മാന്ദ്യത്തിനു കാരണം. ഈഗിൾ എൻജിനുമായി ആകാശത്തും റോൾസ്–റോയ്സ് പറന്നതോടെ ഇംഗ്ലിഷ് മണ്ണിലെ ഫാക്ടറികളുടെ എണ്ണത്തിലുമുണ്ടായി കുതിപ്പ്. ഫാന്റം –2 എന്ന അദ്ഭുതം നിരത്തിലെത്തിച്ചാണ് റോൾസ്– റോയ്സ് പിന്നീടു ലോകത്തെ അമ്പരപ്പിച്ചത്.

rolls-royce-phantom

ഇന്ധനക്ഷമതയും അവിശ്വസനീയമായ കരുത്തുമായി പിറന്നുവീണ ഫാന്റത്തിന്റെ പിൻഗാമിയെത്താനും വൈകിയില്ല. വി12 എൻജിനുമായി മുപ്പതുകളുടെ ഒടുവിലാണ് ഫാന്റം–3യുടെ വരവ്. നാൽപതുകളിൽ ലോകം യുദ്ധത്തിന്റെ പിടിയിലായതോടെ ആ ഫാക്ടറികൾ ഒരിക്കൽക്കൂടി ആകാശത്തേയ്ക്കു ലക്ഷ്യം തിരിച്ചു. എയ്റോ പ്രൊപ്പൽഷന്റെ രൂപത്തിൽ വെന്നിക്കൊടി പറത്തിയാണ് ആ യുദ്ധം റോൾസ്–റോയ്സ് അതിജീവിച്ചത്. 1946 ൽ സിൽവർ വ്രെയ്ത് എന്ന 4887 സിസി എൻജിനുള്ള ഭീമൻ നിർമിതിയും 1947 ൽ സിൽവർ ഡോൺ എന്ന സ്റ്റീൽ നിർമിതിയും അവതരിപ്പിച്ചതിനു പിന്നാലെയാണ് റോൾസ്–റോയ്സിന്റെ വിഖ്യാതമായ ഫാന്റം – 4 ന്റെ വരവ്. രാജകീയ മോഡൽ എന്ന വിശേഷണം നേടിയ ഈ കാറിനു പിന്നാലെ സിൽവർ ക്ലൗഡും ഫാന്റം അഞ്ചാമനും നിരത്തിലെത്തിയതോടെ ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ സ്വപ്നമായി മാറി റോൾസ്– റോയ്സ്. ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും സ്‌പിരിറ്റ് ഓഫ് എക്‌സ്‌റ്റസി എംബ്ലം സമ്മാനിക്കുന്ന വിസ്മയത്തിന് ഇന്നും മാറ്റമില്ല. ഫാന്റവും ഗോസ്റ്റും പോലുള്ള അദ്ഭുതങ്ങളുമായി ലോകത്തെ വശീകരിക്കുന്ന റോൾസ്– റോയ്സിന്റെ ഇപ്പോഴത്തെ ഉടമസ്ഥർ ബിഎംഡബ്ല്യുവാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA