ADVERTISEMENT

നല്ല ആണത്തമുള്ള വണ്ടി, കൊള്ളാവുന്ന എസ്‍‌യു‌വികളെ വാഹനപ്രേമികള്‍ വിശേഷിപ്പിക്കുന്ന വാക്കാണിത്. മസ്‌കുലർ ലുക്കു മാത്രമല്ല കരുത്തും, മോശം റോഡിലൂടെയും കൂളായി ഓടാനുള്ള ശേഷിയുമാണ് എസ്‍‌യു‌വികളെ ആണത്തമുള്ള വണ്ടികളാക്കി മാറ്റുന്നത്. ആദ്യ കാലങ്ങളിൽ സൈന്യവും മലപ്രദേശത്തുള്ള ആളുകളും മാത്രമായിരുന്നു എസ്‌യുവികൾ തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഇന്ന് എല്ലാവർക്കും എസ്‌യുവികളോട് പ്രിയമാണ്. ആവശ്യം വർദ്ധിച്ചതോടെ ആളുകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് എസ്‍‌യു‌വികളുടെ സ്വഭാവത്തിൽ ചെറിയൊരു മാറ്റം വരുത്താൻ കമ്പനികൾ ശ്രമിച്ചു. എസ്‌യുവിയുടെ കരുത്തും കാറിന്റെ സുഖസൗകര്യങ്ങളും സമം ചേർത്ത് പുതിയ വാഹനങ്ങൾ പുറത്തിറങ്ങി. ക്രോസ് ഓവറുകൾ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. എസ്‍യുവിയുടേയും കാറിന്റേയും സങ്കരം.

ക്രോസ്‌ഓവറുകളും എസ്‌യുവിയെന്നുമെല്ലാം വിളിപ്പേരിൽ നിരവധി വാഹനങ്ങൾ ഇന്നു നിരത്തിൽ പുറത്തിറങ്ങുന്നുണ്ട്. എന്നാൽ ഇന്ന് എസ്‌യുവികളെക്കാൾ അധികം ക്രോസ്ഓവറുകളാണ് ആളുകൾ ഇഷ്ടപ്പെടുന്നത്. എസ്‍യുവി എന്ന പേരിൽ പുറത്തിറങ്ങുന്ന വാഹനങ്ങളിൽ പലതും ശരിക്കും സങ്കര ഇനങ്ങളാണ്. മലയും കാടും കയറി പോകാന്‍ തക്ക ഓഫ് റോഡ് ശേഷിയുള്ള യാത്രാസുഖം അധികമില്ലാത്ത വാഹനങ്ങളെ എസ്‍‌യു‌വി എന്നും പ്രധാനമായും നിരത്തുകളെ ഉദ്ദേശിച്ചിട്ടുള്ളവയും എന്നാല്‍ എസ്‍‌യു‌വിയുടെ ഒട്ടേറെ ഫീച്ചേഴ്സ് ഉള്ള വാഹനങ്ങളെ ക്രോസ് ഓവര്‍ എസ്‍‌യു‌വി എന്നും വിളിക്കുന്നു. 

ജീപ് റാഗ്ലര്‍, ഹമ്മര്‍, ലാന്‍ഡ് റോവര്‍, നിസാന്‍ പട്രോള്‍, ലാന്‍ഡ് ക്രൂസര്‍, മാരുതി ജിപ്സി തുടങ്ങിയവയാണ് എസ്‍‌യു‌വിയ്ക്ക് ഉദാഹരണങ്ങള്‍. ഹ്യൂണ്ടായ് ക്രെറ്റാ, റെനോ കാപ്ച്ചര്‍, എക്കോസ്പോര്‍ട്ട്, ബ്രെസ, നെക്സണ്‍ തുടങ്ങിയവയെയും ബെന്‍സ് എം ക്ലാസ്സ്, ഓഡി ക്യൂ ത്രീ തുടങ്ങിയവയാണ് ക്രോസ്ഓവറിനുള്ള ഉദാഹരണങ്ങള്‍.

എന്താണ് ക്രോസ്‌ഓവർ, എന്താണ് എസ്‌യുവി?

∙ ക്രോസ്ഓവറും എസ്‍‌യു‌വിയും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ ഷാസി നിന്നു തന്നെ തുടങ്ങുന്നു. ട്രക്കിന് തുല്യമായ ഷാസിയാണ് എസ്‍‌യു‌വിയുടേത്. സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ അത്യാവശ്യം ബുദ്ധിമുട്ടുള്ള വഴികളൂടെ കയറി പോകാനും ചെളിയിലും കല്ലിലും മലയിലും എല്ലാം ഓടിക്കയറാനും തക്ക നിർമിതിയാണ് ഈ ഷാസി. ബോഡി ഓൺ ഫ്രെയിം അടിസ്ഥാനത്തിൽ നിർമിക്കുന്നവയാണ് എസ്‌യുവികൾ. എന്നാൽ സെഡാനെപ്പോലെ തന്നെ മോ‍ണോകോക് ഡിസൈനാണ് ക്രോസ് ഓവറുകൾക്ക്. എന്നാൽ ഉയർന്ന ഗ്രൗണ്ട് ക്രിയറൻസ്, കരുത്തുറ്റ എൻജിൻ, മസ്കുലർ രൂപം തുടങ്ങി എസ്‌യു‌വിയുടെ പ്രത്യേകതകളുള്ള വാഹനങ്ങളാണ് ക്രോസ് ഓവറുകള്‍. 

കാറുകളെപ്പോലെ തന്നെ കൂടുതല്‍ മൈലേജ് കിട്ടുന്നതിനും, യാത്രാ സുഖത്തിനും പര്യാപ്തമായ രീതിയിലാണ് ക്രോസ്ഓവറുകളുടെ നിർമിതി. അതേസമയം എസ്‍‌യു‌വികളെ പോലെ ഉയർന്ന ഗ്രൗണ്ട് ക്ലിയറിന്‍സും ക്രോസ്ഓവറിനു കാണും. അതായത് ചെറിയ ഓഫ് റോഡിങ്ങൊക്കെ ക്രോസ്‌ഓവര്‍ എസ്‍‌യു‌വിക്കും സാധിക്കും. ഇതുതന്നെയാണ് കാറുകളില്‍ നിന്ന് ക്രോസ്‌ഓവര്‍ എസ്‍‌യു‌വിയെ വ്യത്യസ്തമാക്കുന്നതും. ചില ക്രോസ്ഓവറുകളിൽ ഓൾവീൽ ഡ്രൈവ് നൽകുന്നുണ്ടെങ്കിലും എസ്‌യുവികൾ‌ക്ക് മാത്രം പറ്റുന്ന കഠിനമായ ഓഫ്റോ‍ഡിങ്ങിന്  ഇറങ്ങിയാൽ പണി കിട്ടും.

∙ ഇന്ധനക്ഷമതയാണ് ഇവ രണ്ടിനേയും വേര്‍തിരിക്കുന്ന മറ്റൊരു ഘടകം. ഇന്ധനക്ഷമതയാണ് എസ്‍‌യു‌വിയില്‍ നിന്ന് ക്രോസ് എസ് യു വിയുടെ ജനനം സംഭവിക്കാനിടയായ കാരണം എന്നു വേണമെങ്കിൽ പറയാം. ഇന്ധനവില കുത്തനെ ഉയര്‍ന്നതോടെയാണ് ദിവസ യാത്രക്ക് ഉപയോഗിക്കാന്‍ പറ്റാത്ത വാഹനം എന്ന ചീത്തപ്പര് എസ്‍‌യു‌വിയെ തേടിയെത്തിയത്. സ്വാഭാവികമായ ഉയര്‍ന്ന എൻജിന്‍ പവറും കരുത്തും ഭാരമുള്ള ബോഡിയും എസ്‍‌യു‌വിയുടെ മൈലേജ് പരിമിതപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ സാഹചര്യത്തിലാണ് കുടുംബങ്ങള്‍ക്ക് ദൈനംദിനം ഉപയോഗത്തിന് അനുയോജ്യമായ ഒരു എസ്‍‌യുവി എന്ന നിലയില്‍ ക്രോസ്ഓവര്‍ എസ്‍‌യു‌വി എത്തിയതും. എസ്‍‌യു‌വികളുടെ അത്രയും ഭാരമില്ലാത്തതും എൻജിൻശേഷി അല്ലെങ്കിൽ കരുത്തു കുറയുന്നതും ക്രോസ്ഓവറുകളുടെ ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നു.

∙ ക്രോസ്ഓവറും എസ്‍‌യു‌വിയും വ്യത്യസ്തമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മിക്കപ്പെട്ടവയാണ് എന്നതിന്റെ വ്യത്യാസം ഇവയുടെ പെര്‍ഫോമന്‍സിലും കാണാം. ദീര്‍ഘദൂര യാത്രകളില്‍ യാത്രാസുഖത്തിനും സാമ്പത്തിക ലാഭത്തിനും നല്ലത് ക്രോസ‌്ഓവറാണ് എന്നതില്‍ സംശയമില്ല. കാര്‍ യാത്രയുടെ സുഖം ക്രോസ‌്ഓവര്‍ വാഹനങ്ങള്‍ നല്‍കുമ്പോള്‍ അൽപ്പം ദുർഘടം പിടിച്ച പാതകളിലും ഇവ കാറിനെക്കാൾ മികച്ച പെർഫോമൻസ് നൽകും.  അതേസമയം കരുത്തിന്റെ പ്രതിരൂപമായ എസ്‌യുവിക്ക് യാത്രാസുഖം അൽപം കുറവായിരിക്കും. ഓഫ് റോഡുകളെ കൈകാര്യം ചെയ്യാനായി നിർമിച്ചിരിക്കുന്ന സസ്പെൻഷൻ മികച്ച യാത്രസുഖം നൽക്കണമെന്നില്ല. കൂടാതെ ഇന്ധനക്ഷമതയും കുറവായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com