ADVERTISEMENT

റോയല്‍ എന്‍ഫീല്‍ഡ് പ്രേമികളെല്ലാം തന്നെ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഉപയോഗിച്ച് പഴകിയതെങ്കിലും ഇന്ത്യന്‍ മിലിട്ടറിയില്‍ നിന്ന് ലഭിക്കുന്ന ബുള്ളറ്റ് സ്വന്തമാക്കാനാണ്. എന്തായിരിക്കും മിലിട്ടറി ബൈക്കുകള്‍ ഇത്രയധികം പ്രിയപ്പെട്ടതാകാന്‍ കാരണം. സൈന്യം ഉപയോഗിച്ചിരുന്ന ബൈക്ക് എന്നതിന്‍റെ ഗമയേക്കാള്‍ മിലിട്ടറിയ്ക്ക് വേണ്ടി നിര്‍മിച്ചിരിക്കുന്ന ബൈക്കുകളുടെ കാര്യക്ഷമത മികച്ചതായിരിക്കും എന്നതാണ് വാഹനങ്ങളെ അടുത്തറിയാവുന്നവര്‍ക്ക് മിലിട്ടറി ബൈക്കുകള്‍ പ്രിയപ്പെട്ടതാകാന്‍ കാരണം. ഇന്ത്യന്‍ സൈന്യത്തിന്‍റെ മിലിട്ടറി ബൈക്ക് റോയല്‍ എന്‍ഫീല്‍ഡ് ആണെങ്കിലും സമാനമായ ബൈക്കുകള്‍ ലോകത്തെ വിവിധ സൈന്യങ്ങള്‍ക്കും ഉണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്താണ് ബൈക്കുകള്‍ സൈന്യത്തിന്‍റെ ഭാഗമാകാന്‍ തുടങ്ങിയത്.

യുദ്ധത്തിനുപയോഗിക്കുന്ന മറ്റ് വാഹനങ്ങളേക്കാളും ചെറുതും നശീകരണ ശേഷിയില്ലാത്തവയും ആണ് ബൈക്കുകള്‍. എന്നിട്ടും എന്തുകൊണ്ടാണ് ലോകത്തെ എല്ലാ സൈന്യങ്ങളും ബൈക്കുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമുണ്ട്. നിരീക്ഷണത്തിനും സന്ദേശങ്ങള്‍ എത്തിക്കുന്നതിനും തുടങ്ങി ദുര്‍ഘടം പിടിച്ച സ്ഥലങ്ങളില്‍ ചെറിയ സംഘങ്ങള്‍ക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിന് വരെ സൈന്യം ബൈക്കുകള്‍ ഉപയോഗിക്കാറുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് പല കമ്പനികള്‍ ഉത്പാദിപ്പിച്ചതും, സൈന്യങ്ങള്‍ തന്നെ നിര്‍മിച്ചതുമായ വിവിധ ബൈക്കുകള്‍ പല രാജ്യങ്ങളായി ഉപയോഗിച്ചിരുന്നു.

∙ പൂച്ച് 800

punch-800
Puch 800, Image Courtesy: Motorworld by V.Sheyanov

അക്കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന പല ബൈക്കുകളാണ് വിവിധ സൈന്യങ്ങള്‍ ആദ്യം ഉപയോഗിച്ച് തുടങ്ങിയത്. ചെറിയ മാറ്റങ്ങള്‍ വരുത്തിയും, സൈന്യത്തിന്‍റേതായ നിറം നല്‍കിയുമാണ് ഇവ ഉപയോഗിച്ച് തുടങ്ങിയത്. ആസ്ട്രിയന്‍ പൂച്ച് 800 ഇതിന് ഉദാഹരണമാണ്. ഫാക്ടറിയില്‍ നിന്നെത്തിച്ച ബൈക്കുകള്‍ അതേ രീതിയില്‍ തന്നെയാണ് ആസ്ട്രിയന്‍ സൈന്യം ഉപയോഗിച്ചത്. നിറം മാറ്റുക മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ ചെയ്തത്. വൈകാതെ പല ബൈക്കുകളിലും സൈഡ് കാര്‍ ഘടിപ്പിച്ചും ഇവര്‍ ഉപയോഗിക്കാന്‍ തുടങ്ങി. മറ്റ് ക്രൂയിസര്‍ ബൈക്കുകളെ താരതമ്യപ്പെടുത്തിയാല്‍ വലുപ്പം കുറഞ്ഞ മെലിഞ്ഞ എൻജിനുകളായിരുന്നു ഇവയുടെ പ്രത്യേകത.

∙ എഫ്എന്‍ എം-12

ബെല്‍ജിയത്തിലെ എഫ് എന്‍ കമ്പനി നിര്‍മിച്ച എം 86 ബൈക്കുകള്‍ അക്കാലത്ത് തന്നെ ജനപ്രിയമായിരുന്നു. 1936 ലാണ് ഈ ബൈക്ക് പുറത്തിറങ്ങുന്നത്. ലോകമഹായുദ്ധം ആരംഭിച്ച സമയത്ത് തന്നെ ബല്‍ജിയന്‍ സൈന്യം ഈ ബൈക്കുകള്‍ വലിയ തോതില്‍ വാങ്ങിക്കൂട്ടി. വൈകാതെ എം 86 പുതുക്കി നിര്‍മിച്ച എഫ് എന്‍ കമ്പനി എം 12 പുറത്തിറക്കി. എല്ലാ മേഖലയിലും എം 86 നേക്കാള്‍ മികച്ച് നില്‍ക്കുന്ന ബൈക്കായിരുന്നു എം 12. സൈഡ് കാറും, യന്ത്രത്തോക്കും ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ബല്‍ജിയം സൈന്യം ഈ ബൈക്കില്‍ കൂട്ടിച്ചേര്‍ത്തു. ഏത് ദുർഘടം പിടിച്ച വഴികളില്‍ പോലും വിഷമം കൂടാതെ ഓടിക്കാൻ കഴിയും എന്നതായിരുന്നു ഈ ബൈക്കിന്‍റെ പ്രത്യേകത. കൂടാതെ എം. 12 ന് റിവേഴ്സ് ഗിയറുമുണ്ടായിരുന്നു.

fn-tricar
FN Tricar

∙ നോം–റോൺ 750

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഫ്രഞ്ച് നിര്‍മിത സൈനിക ബൈക്കായിരുന്നു ഴോം നോം 750. സമാനമായ മാതൃകയിലുള്ള ഒരു ജനകീയ ബൈക്കില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഴോം - നോം 750 നിര്‍മിച്ചത്. കൂടുതല്‍ കരുത്തുള്ളതും കനമേറിയതും ആയിരുന്നു 750 ബൈക്ക്. പേരില്‍ ഉള്ളത് പോലെ 750 സി.സി ആയിരുന്നു ഈ ബൈക്കിന്‍റെ എൻജിന്‍. സൈഡ് കാര്‍ ഉപയോഗിക്കാത്ത മിലിട്ടറി ബൈക്കുകളായിരുന്നു 750. അധികം വൈകാതെ തന്നെ ദുര്‍ഘടമായ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നതിനായി കൂടുതല്‍ സസ്പെന്‍ഷനും കരുത്തുമുള്ള 840 ബൈക്കുകളും ഫ്രഞ്ച് ആര്‍മിയ്ക്ക് വേണ്ടി ഇതേ നിര്‍മാതാക്കള്‍ പുറത്തിറക്കി.

∙ ബിഎംഡബ്ല്യൂ ആര്‍ 75

bmw-r75
BMW R 75

ജര്‍മന്‍ നിർമിത ആര്‍ 75 ഉത്പാദിപ്പിച്ചത് തന്നെ സൈന്യത്തിന് വേണ്ടിയാണ്. സൈഡ് കാര്‍ നിർമാണ സമയത്ത് തന്നെ ഈ ബൈക്കില്‍ ഘടിപ്പിച്ചിരുന്നു. കരുത്തുറ്റ എൻജിനൊപ്പം സൈഡ് കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സുഖം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ കൂടി ഈ ബൈക്കില്‍ ഉണ്ടായിരുന്നു. കാരണം യുദ്ധ മേഖലയിലും മറ്റും എത്തുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് ദുര്‍ഘടം പിടിച്ച മേഖലയിലേക്ക് സഞ്ചരിക്കാനുള്ള സൗകര്യം കൂടി മുന്നില്‍ കണ്ടാണ് ഈ ബൈക്കിന്റെ നിര്‍മാണം. കൂടാതെ സഞ്ചരിക്കുന്ന ഒരു ആയുധ ശേഖരം കൂടിയായിരുന്നു ഈ ബൈക്ക്. ബൈക്കിനൊപ്പം തന്നെ മെഷീന്‍ ഗണ്ണോ, മോട്ടര്‍ ഗണ്ണോ എപ്പോഴും ഉണ്ടാകും.

∙ സുണ്ടാപ്പ് കെ 750

zundapp-ks-750
Zundapp KS 750

ആര്‍ 75 ന്‍റെ അതേ മാതൃകയില്‍ കൂടുതല്‍ സജ്ജീകരണങ്ങളുമായി സുണ്ടാപ്പ് കമ്പനി പുറത്തിറക്കിയ മോട്ടോര്‍ ബൈക്കാണ് 750. ജർമന്‍ സൈന്യത്തിന് വേണ്ടിയാണ് ഈ ബൈക്കും നിർമിക്കപ്പെട്ടത്. എൻജിന്‍റെ ശക്തി മുതല്‍ സൈഡ് കാറിലും, ആയുധങ്ങളിലും വരെ ആര്‍ 75 നോട് സാമ്യം പുലര്‍ത്തിയവ ആയിരുന്നു സുണ്ടാപ്പിന്‍റെ കെ 750.

∙ എക്സെല്‍സര്‍ വെല്‍ബൈക്ക്

മിലിട്ടറി ബൈക്കെന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കെത്തുന്ന രൂപത്തിന് ഒരു തരത്തിലും ചേരാത്ത ബൈക്കാണ് വെല്‍ ബൈക്കുകള്‍. ഈ ബ്രിട്ടീഷ് നിര്‍മിത ബൈക്കുകള്‍ കാഴ്ചയില്‍ സാധാരണ സൈക്കിളുകളെയോ, ഒരു പക്ഷേ ലൂണ പോലുള്ള ചെറിയ മോപ്പഡ് വണ്ടികളെയോ ആകും ഓര്‍മിപ്പിക്കുക. 98 സിസി മാത്രമുള്ള എൻജിനും, സാധനങ്ങള്‍ കൊണ്ട് പോകാന്‍ കഴിയാത്ത രൂപഘടനയും ആണ് ഈ ബൈക്കുകള്‍ക്കുള്ളത്.

excelsior-welbike
Excelsior Welbike

ഇങ്ങനെ ഈ ബൈക്കുകൾ ബ്രിട്ടീഷ് മിലിട്ടറി നിര്‍മിച്ചതിന് ഒരു വ്യക്തമായ കാരണമുണ്ട്. ഏതൊരു സ്ഥലത്തേക്കും കൂട്ടത്തോടെ എത്തിക്കാനും അവിടെ സൈനികരുടെ പെട്ടെന്നുള്ള സഞ്ചാരം ഉറപ്പാക്കാനുമാണ് ഈ ബൈക്കുകള്‍ ഉപയോഗിച്ചത്. അക്കാലത്ത് പോലും വിമാനങ്ങളില്‍ കൂട്ടത്തോടെ കയറ്റി ബ്രിട്ടന് പുറത്ത് എവിടേക്കും ഈ ബൈക്കുകള്‍ എത്തിക്കാന്‍ സാധിച്ചിരുന്നു. യുദ്ധം മുഴുവൻ രാജ്യത്തിന് പുറത്ത് മാത്രം പോരാടിയ ബ്രിട്ടനെ സംബന്ധിച്ച് ഈ ബൈക്കുകള്‍ അനിവാര്യവുമായിരുന്നു. പക്ഷേ ബ്രിട്ടീഷ് മിലിട്ടറിയെ സംബന്ധിച്ച് വൈകാതെ ഈ ബൈക്ക് ഉപയോഗശൂന്യമായി തീര്‍ന്നു. പിന്നീടുള്ള ഏതാണ്ട് ഒരു ദശാബ്ദക്കാലത്തേക്ക് സാധാരണക്കാര്‍ ഈ ബൈക്ക് ഉപയോഗിച്ചെങ്കിലും ഇതും പിന്നീട് അപ്രത്യക്ഷമായി.

∙ നോര്‍ട്ടണ്‍ 16 എച്ച്

norton-16h
Norton 16H

മറ്റൊരു ബ്രിട്ടീഷ് നിര്‍മിത ബൈക്കായ നോര്‍ട്ടണ്‍ എച്ച് 16. എൻജിന്‍റെ ശക്തിയിലും ഭംഗിയിലും ശരാശരി ആയിരുന്നു എങ്കിലും പ്രകടനത്തിന്‍റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബൈക്കായിരുന്നു. സന്ദേശങ്ങളെത്തിക്കാനും ദുര്‍ഘട മേഖലയിലേക്ക് സൈനികരെ എത്തിക്കാനുമാണ് ബ്രിട്ടൻ ഈ ബൈക്ക് ഉപയോഗിച്ചത്. ബ്രിട്ടന് പുറമെ കനേഡയിന്‍ സൈന്യവും ഇതേ ആവശ്യങ്ങള്‍ക്കായി ഈ ബൈക്ക് ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷ് സൈന്യത്തിനൊപ്പം വ്യോമസേനയും 16 എച്ച് ഉപയോഗിച്ചിരുന്നു. സൈഡ് കാറിനൊപ്പമാണ് വ്യോമസേന ഈ ബൈക്ക് ഉപയോഗിച്ചത്.

∙ നോര്‍ട്ടണ്‍ 633

norton-663
Norton 633

16 എച്ചിന്‍റെ തന്നെ ശക്തി കൂടിയ പകര്‍പ്പാണ് നോര്‍ട്ടണ്‍ 633. ബ്രിട്ടീഷ് സൈന്യം സൈഡ് കാറിനൊപ്പം ഉപയോഗിച്ച ഏക ബൈക്കാണ് നോര്‍ട്ടണ്‍ 633. സാധാരണ സൈഡ് കാറില്‍ നിന്നും വ്യത്യസ്തമായി അറ്റം കൂര്‍ത്ത് നില്‍ക്കുന്നതിന് പകരം ചതുരപ്പെട്ടി പോലെയാണ് 633 യുടെ സൈഡ് കാര്‍ നിര്‍മിച്ചിരുന്നത്. മെഷീന്‍ ഗണ്ണും സൈഡ് കാറിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന് ഈ ബൈക്ക് പല യുദ്ധമേഖലകളിലും നിർണായക സാന്നിധ്യമായിരുന്നു. 

∙  കുഷ്മാന്‍ എയര്‍ബോൺ സ്കൂട്ടര്‍

cushman-aribone-moto-scooter
Cushman Airborne Motor Scooter

വെല്‍ബൈക്കിന്‍റെ അമേരിക്കന്‍ പകര്‍പ്പെന്ന് തോന്നിക്കുന്ന രൂപത്തിലുള്ളവയായിരുന്നു കുഷ്മാന്‍ എര്‍ സ്കൂട്ടറുകള്‍. വെല്‍ബൈക്കുകളെപ്പോലെ വിമാനത്തിലും മറ്റും കൂട്ടത്തോടെ യുദ്ധരംഗത്തേക്ക് എത്തിക്കുന്നതിനാണ് ഈ സ്കൂട്ടറുകള്‍ ഉപയോഗിച്ചത്. യുദ്ധരംഗങ്ങളില്‍ സൈനികരുടെ വേഗത്തിലുള്ള സഞ്ചാരം സാധ്യമാക്കുക എന്നതായിരുന്നു ഈ സ്കൂട്ടറുകളുടെ ഉദ്ദേശം. രൂപത്തിലും കരുത്തിലും എല്ലാം ഇവ വെല്‍ബൈക്കുകള്‍ക്ക് സമാനമായിരുന്നു.

∙ ഹാര്‍ലി ഡേവിഡ്സണ്‍ WLA

harley-davidson-wla
Harley Davison WLA

പൊതുജനം 1930കളില്‍ ഉപയോഗിച്ചിരുന്ന ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളില്‍ നേരിയ മാറ്റം വരുത്തിയാണ് സൈന്യം WLA ബൈക്കുകള്‍ ഉപയോഗിച്ചത്. സൈന്യം മാത്രമല്ല അമേരിക്കന്‍ പോലീസും ഇതേ ബൈക്കുകള്‍ അക്കാലത്ത് ഉപയോഗിച്ചിരുന്നു. മണിക്കൂറില്‍ 65 മൈല്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ബൈക്ക് അക്കാലത്തെ ഏറ്റവും വേഗമേറിയ മിലിട്ടറി ബൈക്കായിരുന്നു. മിലിട്ടറി ഉപയോഗത്തിന് പ്രധാനമായി ലൈറ്റ് സംവിധാനത്തിലാണ് WLA യില്‍ മാറ്റം വരുത്തിയത്. കൂടാതെ മെഷീന്‍ ഗണ്‍ ഘടിപ്പിക്കാനുള്ള സൗകര്യവും സൈഡ് കാര്‍ ഇല്ലാതെ തന്നെ WLA യില്‍ ഒരുക്കിയിരുന്നു.

∙ ടൈപ്പ് 97

Type 97, Image Courtesy: Motorworld by V.Sheyanov
Type 97, Image Courtesy: Motorworld by V.Sheyanov

അമേരിക്കന്‍ മോട്ടോര്‍ ബൈക്കായ ഹാര്‍ലി ഡെവിഡ്സണിന്‍റെ ജപ്പാന്‍ പകര്‍പ്പെന്ന് വിശേഷിപ്പിക്കാവുന്നവയാണ് ടൈപ്പ് 97 ബൈക്കുകള്‍. ജപ്പാനിലാണ് ഇവ പ്രധാനമായി ഉപയോഗിച്ചിരുന്നത് എങ്കിലും പലപ്പോഴും വിദേശ രാജ്യങ്ങളിലേക്കും യുദ്ധസമയത്ത് ഇവ എത്തിച്ചിരുന്നു. ബൈക്ക് മാത്രമായും സൈഡ് കാറിനൊപ്പവും ടൈപ്പ് 97 ഉപയോഗിച്ചിരുന്നു. യുദ്ധരംഗത്ത് ആയുധം ഘടിപ്പിച്ച് ഇവ പൊതുവെ ഉപയോഗിച്ചിട്ടില്ല. എന്നാല്‍ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഈ ബൈക്കുകളില്‍ മെഷീന്‍ ഗണ്ണുകള്‍ ഘടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Image Source

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com