ADVERTISEMENT

ലുക്കിൽ വലിയ കാര്യമില്ല എന്ന് കരുതിയിരുന്ന ചെറു കാർ വിപണിയുടെ ചിന്താഗതി മാറ്റിയ വാഹനമാണ് ക്വിഡ്. മികച്ച ഇന്ധനക്ഷമതയും കൂടെ എസ്‌യുവികളുടെ സ്റ്റൈലുമായി എത്തിയ കാർ ജനപ്രിയമായി മാറി. ചരിത്രം ആവർത്തിക്കാൻ ട്രൈബറുമായി റെനോ വീണ്ടും എത്തുന്നു. ഇത്തവണ പക്ഷേ എതിരാളികൾ ഇല്ലാതെ സെഗ്മെന്റിലേക്കാണ് വാഹനത്തിന്റെ വരവ്. വാങ്ങണോ ഈ ചെറു വാഹനം ട്രൈബർ?

Renault Triber
Renault Triber

∙ വില: ട്രൈബറിന്റെ പ്രധാന ആകർഷണം വില തന്നെയാണ് ഇന്ത്യൻ വിപണിയിലെ ഏറ്റവും വില കുറഞ്ഞ ഏഴു സീറ്റർ വാഹനങ്ങളിലൊന്നാണ് ട്രൈബർ. എക്സ് എൽ ഇ എന്ന അടിസ്ഥാന വകഭേദത്തിന് വിവ 4.95 ലക്ഷം രൂപയാണ്. ആർഎക്സ്എൽ വകഭേദത്തിന് 5.49 ലക്ഷം രൂപയും ആർഎക്സ്ടി വകഭേദത്തിന് 5.99 ലക്ഷം രൂപയും ആർഎക്സ്ഇസഡ് വകഭേദത്തിന് 6.49 ലക്ഷം രൂപയുമാണ് എക്സ്‌ഷോറൂം വില.‍

renault-triber

∙ 4 മീറ്റർ താഴെ നീളം, എസ്‍യുവി ചന്തം: ഇന്ത്യയിലേയും ഫ്രാൻസിലേയും ഡിസൈൻ സെന്ററുകൾ സംയുക്തമായാണ് പുതിയ വാഹനം ഡിസൈൻ ചെയ്തത്. തുടക്കത്തിൽ ഇന്ത്യയിലും പിന്നീട് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലുമടക്കമുള്ള വിപണികളിൽ ഈ വാഹനം വിൽപ്പനയ്ക്കെത്തും. നാലുമീറ്ററിൽ താഴെ നീളവും എസ്‌യുവി ചന്തവുമാണ് ട്രൈബറിന്. റെനൊയുടെ ഗ്ലോബൽ വാഹനങ്ങളോട് സാമ്യം തോന്നുന്ന വലിയ ഗ്രില്ലും പ്രൊജക്ടർ ഹെഡ്‌ലാംപുകളും ഡേടൈം റണ്ണിങ് ലാംപും. മുൻവശം കൂടുതൽ സ്പോർട്ടിയാക്കാൻ ബ്ലാക്ക് ക്ലാഡിങ്ങും സിൽവർ ഫിനിഷുള്ള സ്കീ‍‍ഡ് പ്ലേറ്റും നൽകിയിട്ടുണ്ട്. 3990 എംഎം നീളവും 1739 എംഎം വീതിയും (മിററുകൾ ഉൾപ്പെടുത്താതെ) 1643 എംഎം ഉയരവും (റൂഫ് റെയിൽ ഇല്ലാതെ) 2636 എംഎം വീൽബെയ്സുമുണ്ട് വാഹനത്തിന്. ഉയരത്തിലും നീളത്തിലുമെല്ലാം നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ് വാഹനങ്ങളോട് അടുത്തു നിൽക്കുമെങ്കിലും വീൽബെയ്സ് എല്ലാവരെക്കാളും മുകളിലാണ്. 

Renault Triber
Renault Triber

∙ ആവശ്യംപോലെ സ്ഥലം: അകത്തെ സ്ഥലമാണ് ട്രൈബറിനെ ആകർഷകമാക്കുന്ന പ്രധാന ഘടകം. 5, 6, 7 സീറ്റ് കോൺഫിഗറേഷനുകളിലേക്ക് ക്രമീകരിക്കാം. നിലവാരമുള്ള സീറ്റുകള്‍. ഏഴു സീറ്റും ഉപയോഗിക്കുകയാണെങ്കിൽ 84 ലിറ്റർ ബൂട്ട് കപ്പാസിറ്റിയും 6 സീറ്റ് കോൺഫിഗറേഷനിലാണെങ്കിൽ 320 ലീറ്റർ കപ്പാസിറ്റിയും 5 സീറ്റ് കോൺഫിഗറേഷനിലാണെങ്കിൽ 625 ലീറ്റർ ബൂട്ട് കപ്പാസിറ്റിയുമുണ്ട്.

2019 - Nouveau Renault TRIBER

∙ മികച്ച ഫീച്ചറുകൾ: ആധുനികവും വിശാലവും എന്നാല്‍ ഒതുക്കമുള്ളതുമായ അള്‍ട്രാ മോഡുലാര്‍ രൂപമുള്ള വാഹനമാണ് ട്രൈബർ. മികച്ച ഫിനിഷുള്ള ഡ്യുവൽ ടോൺ ഇന്റരീയർ. ‌എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (നിലവിലെ റെനൊ വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനെക്കാൾ വലുത്), റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ എന്നിവയും പ്രധാന ആകർഷണങ്ങൾ. യുഎസ്ബി, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയവയുള്ള ഇൻഫോടെൻമെന്റ് സിസ്റ്റമാണ്. 3.5 ഇഞ്ച് എൽസിഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ട്രൈബറിന്റെ മറ്റൊരു പ്രത്യേകത.

2019 - Nouveau Renault TRIBER

∙ ഇന്ധനക്ഷമത: ഒരു ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന ട്രൈബറിന് 72 പിഎസ് കരുത്തും 96 എൻഎം ടോർക്കുമുണ്ട്. മികച്ച പെർഫോമൻസും ഇന്ധനക്ഷമതയുമുള്ള എൻജിന് പരിപാലനച്ചെലവ് വളരെ കുറവാണ്. 5 സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുകളിൽ ട്രൈബർ ലഭിക്കും. ലീറ്ററിന് 20.5 കിലോമീറ്റാണ് ട്രൈബറിന്റെ എആർഎഐ സർട്ടിഫൈഡ് ഇന്ധനക്ഷമത. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com