sections
MORE

മുഖച്ഛായ മാറുന്ന ഓട്ടോകൾ; സിഎൻജി, ഇലക്ട്രിക്, ചെലവ് കുറഞ്ഞത് ഏത്?

auto
Auto rickshaw
SHARE

ഇനി ഇലക്ട്രിക് വാഹനങ്ങളുടെ കാലം. അന്തരീക്ഷമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വാഹന നയം ഇന്ത്യയിലും നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.  എന്തുകൊണ്ട് ഇലക്ട്രിക്–സിഎൻജി വാഹനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു? 

വാഹനലോകം എന്നും മാറ്റത്തിന്റെ പാതയിലാണ്. ഡീസൽ എൻജിനുകളുടെ വരവോടെ വൻകുതിച്ചുചാട്ടമാണ് ഈ രംഗത്ത് ഉണ്ടായത്. എന്നാൽ അതിനും മാറ്റം വന്നുതുടങ്ങി. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ സിഎൻജിയിലേക്കും (കംപ്രസ്ഡ് നാചുറൽ ഗ്യാസ്), വൈദ്യുത വാഹനങ്ങളിലേക്കും മാറിക്കൊണ്ടിരിക്കുയാണ്. മലിനീകരണം രൂക്ഷമായ ഡൽഹിയിൽ പബ്ലിക് ട്രാൻസ്പോർട് പൂർണമായും സിൻജി, ഇലക്ട്രിക് ആയി മാറി. ഇപ്പോൾ കേരള സർക്കാരും അതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങി. പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ഡീസൽ ഓട്ടോറിക്ഷകൾക്ക് ടൗൺ പെർമിറ്റ് നൽകില്ല. തുടക്കം കൊച്ചി നഗരത്തിൽ നിന്നാണ്. ഏപ്രിൽ മുതൽ സിഎൻജി, ഇലക്ട്രിക് വാഹനങ്ങൾക്കു മാത്രമേ പെർമിറ്റ് നൽകുന്നുള്ളൂ. കൊച്ചിയിൽ മാത്രമേ നിലവിൽ സിഎൻജി പമ്പുകൾ ഉള്ളൂ. മറ്റിടങ്ങളിലേക്കും താമസിയാതെ വ്യാപിക്കും. 

ഫാസ്റ്റ്ട്രാക്ക് ഇത്തവണ കേരളത്തിലെ മൂന്നിൽ രണ്ട് ജനങ്ങളെയും നേരിട്ടു ബാധിക്കുന്ന ഓട്ടോറിക്ഷകളുടെ സിഎൻജി, ഇലക്ട്രക് മോഡലുകളെക്കുറിച്ചും അവയുടെ ചെലവുകളെക്കുറിച്ചും കംപാരിസൺ നടത്തുന്നു. വിപണിയിൽ ലഭ്യമായ മോഡലുകൾ, അവയുടെ വില, സർവീസ് വിവരങ്ങൾ, ഡീസൽ മോഡലുമായുള്ള കംപാരിസൺ, ഇറങ്ങാനിരിക്കുന്ന മോഡലുകൾ എന്നിവയും അവതരിപ്പിക്കുന്നു. 

കൈനറ്റിക് ഗ്രീൻ സഫർ സ്മാർട്ട്

പഴയ കൈനറ്റിക് ഹോണ്ടയിലെ പാർട്ട്നർ ആയ കൈനറ്റിക് ഇലക്ട്രിക് വിപ്ലവവുമായാണ് കളത്തിൽ നിറയുന്നത്. 1200 വാട്ട് മോട്ടോർ ആണ് കൈനറ്റിക് സഫർ മോഡലിന്. ഉത്തരേന്ത്യയിലെ സൈക്കിൾ റിക്ഷയുടെ ആധുനിക രൂപം എന്നുവേണമെങ്കിൽ പറയാം. സഫറിൽ ലിഥിയം അയൺ ബാറ്ററിയാണ്. മൂന്നു വർഷം വാറന്റിയുണ്ട്. അ‍ഞ്ച് വർഷമാണ് ലൈഫ്. രണ്ടര മൂന്ന് മണിക്കൂർകൊണ്ട് ബാറ്ററി ഫുൾ ചാർജ്ആകും. ഫുൾചാർജിൽ 70–80 കിലോമീറ്റർ വരെ ഓടാം. 

മൂന്നു സ്പീഡ് മോഡുകളുണ്ട്. ഹൈ സ്പീഡ് മോഡിൽ 30–35 kmph വേഗത്തിൽ സഞ്ചരിക്കാം. മീഡിയം മോഡിൽ 25 kmph ഉം ലോ മോഡിൽ 20 kmph വേഗത്തിലും സഞ്ചരിക്കാം. ഫുൾ ചാർജ് ചെയ്യാൻ നാല്–അഞ്ച് യൂണിറ്റ് വൈദ്യുതി വേണം. ഒരു ദിവസം 20 രൂപ ചെലവ് വരും. ഡ്രൈവർ ഉൾപ്പടെ 5 പേർക്ക് ഇരിക്കാം. കേരളത്തിൽ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ സർവീസ് നടത്തുന്ന ഓട്ടോകൾ കൈനറ്റിക്കിന്റേതാണ്. ആറ് സൗജന്യ സർവീസ് ഉണ്ട്. ആദ്യ സർവീസ് 30 ദിവസത്തിനകം. സബ്സിഡി കുറച്ച് 1.94 ലക്ഷം രൂപയാണ് ഓൺ റോഡ് വില. 37,000 രൂപയാണ് സബ്സിഡി. ലിഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്നവയ്ക്കു മാത്രമേ സബ്സിഡി ഉള്ളൂ.    

മഹീന്ദ്ര ട്രിയോ

ഇപ്പോൾ വിപണിയിലുള്ള ഇലക്ട്രിക് ഓട്ടോയിൽ മികച്ച പവർ ഉള്ള മോഡൽ. ലിഥിയം അയൺ ബാറ്ററി ആണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. കൂടിയ വേഗം 45 Kmpl. ഡിജിറ്റൽ ഇഗ്‌നിഷൻ. ബാറ്ററി ചാർജ് എത്രയാണ് വാഹനം എവിടെ നിൽക്കുന്നു, നിലവിലെ ബാറ്ററി ചാർജ് കൊണ്ട് എത്ര കിലോമീറ്റർ ഓടാൻ കഴിയും എന്നെല്ലാം ഡിജിറ്റൽ ക്ലസ്റ്റർ നോക്കി മനസ്സിലാക്കാം. ഫോൺ ബാറ്ററിയുമായി കണക്ട് ചെയ്യാം. ബാറ്ററി മോഷണം പോയാൽ മൊബൈൽ വഴി കണ്ടുപിടിക്കാൻ കഴിയും. പ്ലാസ്റ്റിക് ഫൈബർ നിർമിത ബോഡിയായതുകൊണ്ട് ഡാമേജ് കുറവായിരിക്കും. പെയിൻറ് ചെയ്യേണ്ടതില്ല. റീജനറേറ്റീവ് ബാറ്ററി സിസ്റ്റം ആയതിനാൽ ബ്രേക്ക് ചെയ്യുമ്പോൾ ബാറ്ററി ചാർജ് ആകും. നിർത്തിയിടുമ്പോൾ ബാറ്ററി ഡിസ്ചാർജ് ആകില്ല. സാധാരണ പവർ പ്ലഗിൽനിന്നു ചാർജ് ചെയ്യാം. ബാറ്ററി എടുത്തു മാറ്റാനാകും. 3 മണിക്കൂർ 50 മിനിറ്റ് വേണം ബാറ്ററി ഫുൾ ചാർജ് ആകാൻ. ഫുൾ ചാർജിൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാം. ബാറ്ററി ഫുൾ ചാർജ് ആകാൻ വേണ്ടത് 8 യൂണിറ്റ്. 

mahindra-treo

അഞ്ചുവർഷമാണ് ബാറ്ററി ലൈഫ്. രണ്ടു വർഷം വാറണ്ടി. മൂന്ന് മോഡുകളിൽ ഡ്രൈവ് ചെയ്യാം. ലോ സ്പീഡ്, മീഡിയം സ്പീഡ്, ഹൈ സ്പീഡ്. ലോ സ്പീഡിൽ 25 കിലോമീറ്റർ വേഗത്തിലും മീഡിയം സ്പീഡിൽ 35 കിലോമീറ്റർ വേഗത്തിലും ഹൈസ്പീഡിൽ 45 കിലോമീറ്റർ വേഗത്തിലും സഞ്ചരിക്കാം.

കേരള നീം ജി 

കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടമൊബീൽസ് ലിമിറ്റഡ് വിപണിയിൽ അവതരിപ്പിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയാണ് നീം ജി. കേരളത്തിന്റെ സ്വന്തം ഇ–ഓട്ടോ. പൂർണമായും കേരളത്തിൽ നിർമിച്ച ആദ്യ മോഡൽ. മാത്രമല്ല എആർഎഐ സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യ പൊതുമേഖലാ സ്ഥാപനം കൂടിയാണ്  കെഎഎൽ. നാല് കിലോ വാട്ടിന്റേതാണ് മോട്ടോർ. ലിഥിയം അയൺ ബാറ്ററിയാണ്. ഫുൾ ചാർജിൽ 100 കിലോമീറ്റർ സഞ്ചരിക്കാം. 3.55 മണിക്കൂർ വേണം ബാറ്ററി പൂർണമായും ചാർജ് ആകാൻ. രണ്ടു മണിക്കൂർകൊണ്ട് 50 ശതമാനം ചാർജ് ആകും. കൂടിയ വേഗം 45–50 Kmpl. കിലോമീറ്ററിന് 50 പൈസയേ ചെലവുള്ളൂ. വീട്ടിലെ പവർപ്ലഗിൽ ചാർജ് ചെയ്യാം. മെയ്ന്റനൻസ് ചാർജ് ഇല്ല. റോഡ് ടാക്സ് ഇല്ല. ജിഎസ്ടി 5% മാത്രം. ഒരു വർഷമാണ് വാറന്റി എങ്കിലും എക്സ്റ്റൻഡ് വാറന്റി ലഭിക്കും. 630 കിലോഗ്രാം വരെ ഭാരം കയറ്റാം. 3+1 ആണ് പാസഞ്ചർ കപ്പാസിറ്റി. നീം ജിയുടെ ഉൽപാദനം തുടങ്ങി. ഓണത്തിനു വിപണിയിൽ എത്തിയേക്കും. വില ഏകദേശം 2.50–2.70 ലക്ഷം രൂപ.   

ഗ്രീൻറിക് പാസഞ്ചർ സൂപ്പർ

ഇന്ത്യൻ കമ്പനിയായ ഗോഇൻക ഇലക്ട്രിക് മോട്ടോഴ്സാണ് ഗ്രീൻറിക്–ഓട്ടോകളുടെ നിർമാതാക്കൾ. ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ 25 കിലോമീറ്ററാണ് വേഗം. രണ്ടു മണിക്കൂർകൊണ്ട് ലിഥിയം അയൺ ബാറ്ററി ഫുൾ ചാർജ് ആകും. 6 യൂണിറ്റ് വൈദ്യുതി വേണം. ബാറ്ററിക്ക് 3 വർഷം വാറന്റി ഉണ്ട്. ഫുൾ ചാർജിൽ ലോഡ് ഇല്ലാതെ 100 കിലോമീറ്റർ ഓടും. ലോഡ് ഉണ്ടെങ്കിൽ 80 കിലോമീറ്റർ. 1200 കിലോവാട്ടിന്റേതാണു ബാറ്ററി. ഈ ഇലക്ട്രിക് ഓട്ടോയ്ക്ക് വാഹന പെർമിറ്റ്, ബാഡ്ജ് എന്നിവയൊന്നും വേണ്ട. എന്നാൽ ഡ്രൈവർക്ക്, ലൈസൻസ് വേണം. വില മൂന്നു ലക്ഷം രൂപയോളം. 

സിഎൻജി മോഡലുകൾ

സിഎൻജി അല്ലെങ്കിൽ പെട്രോൾ ഇന്ധനമാക്കി ഓടുന്ന ഓട്ടോകളാണ് സിഎൻജി വിഭാഗത്തിലുള്ളത്. 

ടിവിഎസ് കിങ്സ് സിഎൻജി

200 സിസി എൻജിനാണ് ടിവിഎസ് കിങ്സ് സിഎൻജിക്ക്. 50 കിലോമീറ്ററാണ് മൈലേജ്. 3+1 ആണ് ലോഡിങ് കപ്പാസിറ്റി. സിഎൻജിക്കും പെട്രോളിനും ഒരേ എൻജിനാണ് ഉപയോഗിക്കുന്നത്. ഡ്യുവൽ ഹെഡ് ലാംപ്, ലിവർ ഉപയോഗിക്കാതെ ഹാൻഡിൽ റിവേഴ്സ് ഗിയർ തുടങ്ങിയവ പ്രത്യേകതകൾ. 

4.5 കിലോഗ്രാമിന്റേതാണ് ഫ്യുവൽ ടാങ്ക്. പെട്രോൾ ടാങ്ക് 3 ലീറ്റർ. ഫുൾ ടാങ്കിൽ 250 കിലോമീറ്റർ യാത്ര ചെയ്യാം. ആദ്യ സർവീസ് 1000 കിലോമീറ്റർ അല്ലെങ്കിൽ ഒരു മാസം ആകുമ്പോൾ ചെയ്യണം. 8 സൗജന്യ സർവീസുകൾ ടിവിഎസ് നൽകുന്നുണ്ട്. മൊബൈൽ ചാർജിങ് സൗകര്യമുണ്ട്. വില 1.96 ലക്ഷം രൂപ (ഓൺ റോഡ്).

ബജാജ് മാക്സിമ എക്സ്‌ വൈഡ് സിഎൻജി

ബജാജിന്റെ ഏറ്റവും വലിയ മോഡൽ. 236.2 സിസി എൻജിനാണ് എക്സ് വൈഡിൽ. 8.5 കിലോഗ്രാമിന്റേതാണ് സിഎൻജി ഫ്യൂവൽ ടാങ്ക്. 35–40 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. ഡ്രൈവർ ഉൾപ്പടെ 4 പേർക്ക് സഞ്ചരിക്കാം. മറ്റു മോഡലുകളെ അപേക്ഷിച്ച് 2 ഇന്ധന ടാങ്കുകൾ ഉണ്ട് എന്നതാണ് ഈ മോഡലിന്റെ പ്രത്യേകത. സാധാരണ ഡീസൽ ഓട്ടോയുടെ വലുപ്പം ഉണ്ട്. ലഗേജ് വയ്ക്കാനും സൗകര്യമുണ്ട്. വില 2.61 ലക്ഷം രൂപ (ഓൺ റോഡ്).

ബജാജ് മാക്സിമ സി സിഎൻജി

ഇടത്തരം മോഡലാണ് മാക്സിമ സി. 236 സിസി. 40–45 കിലോമീറ്റർ മൈലേജ് ലഭിക്കും. രണ്ടു ഭാഗത്തും ഡോർ ഉള്ള മോഡൽ ആണിത്. 6 കിലോഗ്രാമാണ് സിഎൻജി ടാങ്ക് കപ്പാസിറ്റി. 2.5 ലീറ്റർ പെട്രോൾ ടാങ്ക്.  വില 2.33 ലക്ഷം രൂപ (ഓൺ റോഡ്).

ബജാജ് കോംപാക്ട് സിഎൻജി

ഏറ്റവും ചെറിയ മോഡലാണിത്. 198.88 സിസി എൻജിൻ. 45 കിലോമീറ്റർ വരെ ഇന്ധനക്ഷമത ലഭിക്കും. മറ്റു മോഡലുകളെ അപേക്ഷിച്ച് വലുപ്പം കുറവാണ്. ലഗേജ് സൗകര്യം കുറവ്.വില 2.08 ലക്ഷം രൂപ (ഓൺ റോഡ്).

അതുൽ ഓട്ടോ ജെമനി സിഎൻജി, ജെം പ്രീമിയം 

ഇന്ത്യൻ കമ്പനിയായ അതുലിന്റെ സിഎൻജി മോഡലുകളാണ് ജെമനി സിഎൻജിയും, ജെം പ്രീമിയവും. 200 സിസി കപ്പാസിറ്റിയുള്ള എൻജിനാണ് ജെമനി, ജെം പ്രീമിയം സിഎൻജി മോഡലുകൾക്കുള്ളത്. കൂടിയ പവർ 8.7 ബിഎച്ച്പി, ടോർക്ക് 11.9 എൻഎം. 6.5 കിലോഗ്രാമാണ് സിഎൻജി ടാങ്ക് കപ്പാസിറ്റി. 36 മാസം വാറന്റിയുണ്ട്. പെട്രോൾ 2.3 ലീറ്റർ പെട്രോൾ ടാങ്ക് ഉണ്ട്. ഇന്ധനക്ഷമത 45 Kmpl. വില ജെം പ്രീമിയം 2.45 ലക്ഷം, ജെമിനി സിഎൻജി 2.28 ലക്ഷം (ഓൺ റോഡ്). 

പിയാജിയോ ആപെ സിറ്റി പ്ലസ് സിഎൻജി

ഓട്ടോറിക്ഷകളിലെ ഹിറ്റ് മോഡലായ ആപെയുടെ സിഎൻജി വേർഷൻ. 230 സിസി എൻജിൻ കരുത്ത് 10.14 എച്ച്പി. ടോർക്ക് 17.51 എൻഎം. 6.5 – 7 ലീറ്റർ സിഎൻജി ടാങ്ക് ഉണ്ട്. പെട്രോൾ ടാങ്ക് 2.8 ലീറ്റർ. 36 മാസം വാറന്റി ഉണ്ട്. ഇന്ധനക്ഷമത  40 Kmpl
വില  NA

ഇലക്ട്രിക് സ്കൂട്ടർ

ഹീറോ ഫ്ലാഷ് എൽഐ

ഫുൾ ചാർജിൽ 60 കിലോമീറ്റർ സഞ്ചരിക്കാം. പോർട്ടബിൾ ബാറ്ററി. മൊബൈൽ ചാർജ് ചെയ്യുന്നതുപോലെ ബാറ്ററി അഴിച്ചുമാറ്റി വീട്ടിനകത്തുകൊണ്ടുപോയി ചാർജ് ചെയ്യാം. നാലു മണിക്കൂറിൽ ബാറ്ററി ഫുൾ ചാർജ് ആകും. ഫുൾ ചാർജിൽ 65–70 കിലോമീറ്റർ യാത്ര ചെയ്യാം.  പൂർണമായും ചാർജ് തീർന്ന ബാറ്ററി 30 മിനിറ്റ് ചാർജ് ചെയ്താൽ 10–15 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 48 വോൾട്ടിന്റെ ലിഥിയം അയൺ ബാറ്ററിയാണ് ഫ്ലാഷിൽ. ബാറ്ററിക്കും സ്കൂട്ടറിനും 3 വർഷം വാറന്റിയുണ്ട്. പരമാവധി വേഗം 25 കിലോമീറ്റർ. ഷോപ്പിങ് ബാഗുകൾ തൂക്കിയിടാൻ മുന്നിൽ ഹുക്കുകൾ നൽകിയിട്ടുണ്ട്. നഗര യാത്രകൾ, ഷോപ്പിങ് എന്നിവയ്ക്കു ഫ്ലാഷ് യോജിക്കും. എൽഇഡി ഹെഡ്‌ലാംപ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സോഫ്റ്റ് ടെലിസ്കോപിക് സസ്പെൻഷൻ തുടങ്ങിയവ മറ്റു സവിശേഷതകൾ. സീറ്റിനടിയിൽ 25 ലീറ്റർ സ്റ്റോറേജ് സൗകര്യം. 
വില ₨ 52,900.

ഹീറോ ഒപ്റ്റിമ

ലേഡീസ് ഇ–സ്കൂട്ടറാണ് ഒപ്റ്റിമ. ഫ്ലാഷിലുള്ള അതേ സാങ്കേതികവിദ്യ തന്നെയാണ് ഒപ്റ്റിമയിലും. വനിതകൾക്ക് ഇണങ്ങും വിധമാണ് ഡിസൈൻ. ഫുൾ ചാർജിൽ 65 കിലോമീറ്റർ സഞ്ചരിക്കാം. കൂടിയ വേഗം 25 Kmph 3 നിറങ്ങളിൽ ഒപ്റ്റിമ സ്വന്തമാക്കാം. യുഎസ്ബി മൊബൈൽ ചാർജർ, കോംപി ബ്രേക്ക്, സോഫ്റ്റ് ടെലിസ്കോപിക് സസ്പെൻഷൻ, ഡിജിറ്റൽ കൺസോൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സീറ്റിനടിയിൽ സ്റ്റോറേജ് കുറവാണ്. റജിസ്ട്രേഷനോ ലൈസൻസോ ആവശ്യമില്ല. ഇൻഷുറൻസ് വേണമെങ്കിൽ എടുക്കാം. കാര്യമായ സർവീസ് വേണ്ടിവരുന്നില്ല. ബാറ്ററി ഉൾപ്പടെ വാഹനത്തിന് 3 വർഷം വാറന്റി.  
വില ₨ 57,900 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA