ADVERTISEMENT

അമേരിക്കൻ നിർമിത ഹെലിക്കോപ്റ്ററായ അപ്പാച്ചിയെ ഇന്ത്യൻ സേന സ്വന്തമാക്കിയത് അടുത്തിടെയാണ്. പഞ്ചാബിലെ പഠാൻകോട്ട് വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവയാണ് 8 ഹെലികോപ്റ്ററുകൾ ഏറ്റുവാങ്ങിയത്. ബോയിങ്ങിൽ നിന്ന് ഇന്ത്യൻ സേന വാങ്ങുന്ന 22 അപ്പാച്ചികളിലെ ഇൗ ആദ്യ ബാച്ച്  ഇന്ത്യ – പാക്ക് അതിർത്തിയിൽ കാവലൊരുക്കും. യുദ്ധമുന്നണിയിൽ ലോകത്തെ ഏറ്റവും കരുത്തുറ്റ അപ്പാച്ചി ഗാർഡിയൻ അറ്റാക്ക് ഹെലികോപ്റ്ററിനെപ്പറ്റി കൂടുതൽ അറിയാം. 

∙ പോരാളികൾ: അമേരിക്കൻ പരമ്പരാഗത ഗോത്രവർഗ്ഗക്കാരാണ് അപ്പാച്ചികൾ. പോരാളികളായ ഇവർ അമേരിക്കയിലേയ്ക്ക് കുടിയേറിയ വെള്ളക്കാർക്ക് സൃഷ്ടിച്ച തലവേദന ചില്ലറയായിരുന്നില്ല. അപ്പാച്ചികളുടെ പോരാട്ട വീര്യത്തിനുള്ള ആദരസൂചകമായാണ് അപ്പാച്ചി എന്ന പേര് ഹെലികോപ്റ്ററിന് നൽകിയത്. അപ്പാച്ചി പോരാളികളെ പോലെ തന്നെ ഇൗ ഹെലികോപ്റ്ററുകളും എതിരാളികള്‍ക്കിടയില്‍ ഭീതിയും നാശവും വിതയ്ക്കുന്നതില്‍ മുന്‍പന്തിയിലാണ്. അത് കൊണ്ടാണ് ജന്മം കൊണ്ട് ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും പ്രതിരോധ മേഖലയില്‍ ഇന്നും അപ്പാച്ചി കരുത്തോടെ തുടരുന്നത്.

∙ സൈനികരുടെ സഹായഹസ്തം:  കരയുദ്ധത്തില്‍ സൈനികരെ സഹായിക്കുക എന്നതായിരുന്നു തുടക്കത്തില്‍ അപ്പാച്ചി ഹെലികോപ്റ്ററുകളുടെ പ്രാഥമിക ദൗത്യം. വിയറ്റ്നാം യുദ്ധസമയത്ത് ഉയോഗിച്ചിരുന്ന കോബ്രാ ഹെലികോപ്റ്ററുകളുടെ ഗുണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടും പരിമിതികള്‍ മറികടന്നുകൊണ്ടുമാണ് ഈ ഹെലികോപ്റ്ററിന്റെ നിര്‍മാണം. 1975–ലാണ് അപ്പാച്ചി ഹെലികോപ്റ്ററിന്‍റെ ആദ്യ മോഡല്‍ നി‌ർമിച്ചതെങ്കിലും ഔദ്യോഗികമായി പുറത്തിറങ്ങുന്നത് 1982–ലാണ്. തുടര്‍ന്ന് നിരവധി അപ്പാച്ചി ഹെലികോപ്റ്ററുകളാണ് നിർമാണം പൂര്‍ത്തിയാക്കി സൈന്യത്തിന്‍റെ ഭാഗമായത്.

∙അമേരിക്കയുടെ കരുത്തൻ: ഇന്ന് ഇന്ത്യ, ആസ്ട്രേലിയ, സൗദി അറേബ്യ, ഇസ്രായേല്‍, ജപ്പാന്‍, യുകെ അടക്കമുള്ള രാജ്യങ്ങൾ ഈ ഹെലികോപ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. യുഎസ് സേനതന്നെയാണ് അപ്പാച്ചി ഏറ്റവും അധികം ഉപയോഗിക്കുന്നത്. വ്യത്യസ്ത കോൺഫിഗറേഷനിലുള്ള ഏകദേശം 800 അപ്പാച്ചികൾ യുഎസ് സേനയ്ക്കുണ്ടെന്നാണ് കണക്കുകൾ.

∙ 100 മുതൽ 300 കോടി വരെ:  സാധാരണ ഒരു അപ്പാച്ചി എച്ച്-64 ന്‍റെ വില 14 മില്യണ്‍ അമേരിക്കന്‍ ഡോളറാണ്. അതായത് ഏകദേശം 100 കോടി ഇന്ത്യന്‍ രൂപ. എന്നാല്‍ ഓരോ രാജ്യങ്ങളും അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ കൂടി വരുത്തി ഹെലികോപ്റ്റർ പുറത്തിറക്കുന്നതിനാൽ പലപ്പോഴു വില 200 മുതല്‍ 300 കോടി വരെയായി ഉയരാറുണ്ട്. ഗ്രീസ് ആണ് ഇതു വരെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് അപ്പാച്ചി വാങ്ങിയത്. 56 മില്യണ്‍ ഡോളറിനാണ് ഗ്രീസ് അപ്പാച്ചികള്‍ സ്വന്തമാക്കിയത്.

∙ പറക്കും ടാങ്ക്:  എം 230 ചെയിൻ ഗണ്ണാണ് അപ്പാച്ചി ഹെലികോപ്റ്ററുകളിലെ പ്രധാന ആയുധം. ഹെലികോപ്റ്ററിനു താഴെ ഘടിപ്പിച്ച യന്ത്രത്തോക്കിൽ നിന്ന് പായുന്നത് ഒരു മിനിറ്റിൽ പായുന്നത് 625 വെടിയുണ്ടകൾ. ടാങ്കുകൾ തകർക്കാൻ കെൽപുള്ള ലേസർ നിയന്ത്രിത മിസൈൽ, കരയിലെ ലക്ഷ്യങ്ങൾ തകർക്കാൻ കെൽപുള്ള 9 വ്യത്യസ്ത പോർമുനകൾ വഹിക്കാവുന്ന ഹൈഡ്ര 70 റോക്കറ്റ്, 12 ശത്രുസ്ഥാനങ്ങൾ നിരീക്ഷിക്കാനും യുദ്ധമുന്നണിയിലെ ചിത്രങ്ങൾ സേനാ താവളത്തിലേക്കു തൽസമയം അയയ്ക്കാനും സൗകര്യമുള്ള അത്യാധുനിക റഡാർ സംവിധാനം, പകൽ, രാത്രി വ്യത്യാസമില്ലാതെ 8 കിലോമീറ്റർ പരിധിയിൽ ശത്രുസാന്നിധ്യം കണ്ടെത്താൻ സാധിക്കുന്ന സെൻസറുകൾ, വെടിയുണ്ടകൾ പ്രതിരോധിക്കാൻ കഴിയുന്ന സംവിധാനം എന്നിവ പറക്കും ടാങ്ക് എന്ന് വിളിപ്പേര് അപ്പാച്ചിക്ക് നൽകുന്നു. അപ്പാച്ചിയുടെ കോക്പിറ്റിൽ 2 പേർക്കിരിക്കാം. ലീഡ് പൈലറ്റ് ഹെലികോപ്റ്റർ പറത്തുമ്പോൾ പിന്നിലിരിക്കുന്ന സഹപൈലറ്റ് (ഗണ്ണർ) ആക്രമണങ്ങൾക്കു നേതൃത്വം നൽകും. 

∙ വെടിയേറ്റാലും കുലുങ്ങില്ല: ലോകത്തെ ഒട്ടുമിക്ക യുദ്ധ മേഖലകളിലും അപ്പാച്ചി കരുത്ത് തെളിയിച്ചിട്ടുണ്ട്. യുദ്ധം ചെയ്യുന്നതിന് മാത്രമല്ല പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിനും അപ്പാച്ചി മിടുക്കനാണ്. തോക്കുകളില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് അപ്പാച്ചിയുടെ പുറം ചട്ട. റോട്ടോര്‍ ഭാഗത്ത് ആക്രമണം ഏറ്റാലും തടസം കൂടാതെ പറക്കാനുള്ള സാങ്കേതിക വിദ്യയും അപ്പാച്ചിയിലുണ്ട്. എൻജിനുകള്‍ രണ്ടും പ്രത്യേകം സുരക്ഷാ കവചങ്ങളിലാണ്. അതുകൊണ്ട് തന്നെ എൻജിനുകളെ ലക്ഷ്യം വച്ച് ആക്രമണം നടന്നാലും ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴില്ല. കൂടാതെ 46 കിലോമീറ്റര്‍ വേഗതയില്‍ വരെ ഭൂമിയില്‍ പതിച്ചാലും ഹെലികോപ്റ്ററിലെ സൈനികര്‍ സുരക്ഷിതരായിരിയ്ക്കും. ഇതിന് പുറമെ ഏതാനും സമയത്തേക്ക് ഇന്ധനത്തില്‍ ചോര്‍ച്ച് ഉണ്ടായാലും ഹെലിോപ്റ്ററിന്‍റെ പ്രകടനത്തെ അതു ബാധിക്കില്ല. 

∙ ആക്രമണത്തിലെ കൃത്യത: ശത്രുസൈന്യത്തിന് മാരകമായ പ്രഹരം ഏല്‍പ്പിക്കുന്നതിന് ഉതകുന്ന സാങ്കതിക വിദ്യകളാണ് അപ്പാച്ചിയിലുള്ളത്. ലക്ഷ്യം കണ്ണുകൊണ്ട് കാണാതെ തന്നെ പൈലറ്റിനോ ഗണ്ണർക്കോ തകർക്കാനുള്ള അത്യാധുനിക സാങ്കേതിക വിദ്യ അപ്പാച്ചിയിലുണ്ട്. കുറഞ്ഞ ദൂരക്കാഴ്ചയുള്ള പ്രദേശങ്ങളില്‍ ഈ സാങ്കേതിക വിദ്യ വളരെ നിര്‍ണ്ണായകമാണ്. ഓടുന്ന വാഹനങ്ങളെ ഏഴു കിലോമീറ്റർ ദൂരത്ത് നിന്ന് വരെ ആയുധമുനയില്‍ ട്രാക്ക് ചെയ്യാന്‍ കഴിയും. ഇങ്ങനെ 256 ലക്ഷ്യങ്ങള്‍ വരെ ഒരു സമയം നിരീക്ഷിക്കാനും അക്രമിക്കാനും സാധിക്കും. ഈ ഘടകങ്ങള്‍ അപ്പാച്ചി ഹെലികോപ്റ്ററുകളെ അഫ്ഗാന്‍ യുദ്ധത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ചെകുത്താന്‍മാരാക്കി മാറ്റിയിരുന്നു. കൂടാതെ പൈലറ്റിനും സൈനികര്‍ക്കും രാത്രി കാഴ്ചയ്ക്കുള്ള സജ്ജീകരണങ്ങളും, തോക്കിന്‍റെ ലക്ഷ്യം നിയന്ത്രിക്കാന്‍ കഴിയുന്ന ഹെല്‍മറ്റും ഒക്കെ അപ്പാ‌ച്ചിയുടെ ഭാഗമാണ്. 

∙ മൂന്ന് കമ്പനികൾ: ഹ്യൂസ് ഹെലികോപ്റ്റേഴ്സ് എന്ന് കമ്പനിയാണ് അപ്പാച്ചിക്ക് രൂപം നല്‍കിയത്. തുടര്‍ന്ന് മക്ഡൊണാൽ ഡഗ്ലസ് എന്ന കമ്പനി ഇവരില്‍ നിന്ന് അപ്പാച്ചി ഏറ്റെടുത്തു. ഇന്ന് ഏറ്റവുമധികം സൈന്യങ്ങള്‍ ഉപയോഗിക്കുന്ന എച്ച് 64 ന് രൂപം നല്‍കിയത് മക്ഡൊണാൽ എന്ന് നിർമാതാക്കളാണ്. തുടര്‍ന്ന് 1997–ല്‍ അപ്പാച്ചിയുടെ നിർമാണവും നിയന്ത്രണവും ബോയിങ് ഏറ്റെടുത്തു. നിലവില്‍ 2026–വരെ അപ്പാച്ചിയുടെ നിര്‍മ്മാണം തുടരാനാണ് ബോയിങ്ങിന്‍റെ പദ്ധതി. ബോയിങ്ങിനെ കൂടാതെ അഗസ്റ്റ വെസ്റ്റ്ലാൻഡും അപ്പാച്ചി നിർമിക്കുന്നുണ്ട്. 

∙ ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനമായ ആന്റൊനോവ് എഎൻ 225 ൽ കയറിയാണ് അപ്പാച്ചി ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com