sections
MORE

ശ്രീറാം വെങ്കിട്ടരാമൻ അപകടക്കേസ്: പഠിക്കാനുണ്ട് നമുക്കും ചിലത്

HIGHLIGHTS
  • നഗരഹൃദയങ്ങളിലെ പാതകളിൽ വേഗ പരിധി 50 കി.മീ
  • അമിതവേഗം നിങ്ങളുടെ കണ്ണിന്റെ വീക്ഷണ കോണിനെ ബാധിക്കും
accident
അപകടത്തിൽ പെട്ട വാഹനങ്ങൾ
SHARE

‘‘ശക്തമായ ഇരമ്പലോടെ കാർ പിന്നിൽനിന്നു വരുന്നതു മനസ്സിലാക്കി ഞാൻ ഓട്ടോ ഒതുക്കിക്കൊടുത്തു. മ്യൂസിയം ജംക്‌ഷൻ നടുത്തുവച്ച് ഓവർടേക്ക് ചെയ്ത് കാർ അതിവേഗത്തിൽ കുതിച്ചു. ജംക്‌ഷൻ കഴിഞ്ഞു മുന്നോട്ടുപോയ കാർ വളവെത്തിയപ്പോൾ തിരിയാതെ മുന്നിൽപോയ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു’’ – ഇതൊരു ത്രില്ലർ സിനിമയുടെ കഥയല്ല. കേരളം കഴിഞ്ഞമാസം ചർച്ച ചെയ്ത, ഉന്നതോദ്യോഗസ്ഥൻ ഉൾപ്പെട്ട പാതിരാക്കൊലപാതകത്തിലെ സാക്ഷിമൊഴിയാണ്. ഇത്രയും വേഗത്തിൽ കുതിക്കാൻ തിരുവനന്തപുരം നഗരഹൃദയത്തിൽ റോഡുണ്ടോ എന്നൊരു സംശയത്തിന്റെ പുറത്താണ് ഫാസ്റ്റ്ട്രാക്ക് ടീം 

ആ വഴിയിൽ അതേ സമയത്ത് ഒരു കാറിൽ സഞ്ചരിച്ചത്. ആരുടെയും  പക്ഷം പിടിക്കാതെ അപകടത്തെ വിശകലനം ചെയ്യുമ്പോൾ ലഭിക്കുന്ന പാഠമെന്ത് എന്നാണു നമ്മുടെ നോട്ടം.

ആദ്യം വഴിയെപ്പറ്റി

കവടിയാർ–വെള്ളയമ്പലം റോഡ് എന്നു കേട്ട പരിചയം മാത്രമേയുള്ളൂ. സമയം രാത്രി 11.45.  പ്രതികൾ ഒന്നിച്ചു യാത്രയാരംഭിച്ച കവടിയാർ പാർക്കിനു മുന്നിൽ ഒരു ഓട്ടോക്കാരൻ മാത്രം. ചേട്ടാ, ഇവിടെനിന്നെത്ര ദൂരമുണ്ട് അപകടം നടന്നയിടത്തേക്ക്? ‘‘കഷ്ടിച്ച് പത്തുമിനിറ്റ് യാത്ര മതി’’ . വിവേകാന്ദന്റെ പ്രതിമയ്ക്കിപ്പുറം പാർക്കിന്റെ മതിലിനോടു ചേർന്നൊരു ഫ്ലക്സ് ബോഡ്. ഉണ്ട്  ‘‘ ഈ ബോഡ് അപകടം നടന്നശേഷം വച്ചതാണോ?’’  ‘‘അല്ല, അതു മുൻപേ ഉണ്ട്.’’  അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘‘ ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്, മദ്യപിച്ചു വാഹനം ഓടിക്കുക, അമിത വേഗതയിൽ വാഹനം ഓടിക്കുക, മനഃപൂർവമായി അലക്ഷ്യമായി  ഡ്രൈവിങ് നടത്തുക, ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുക!!!’’ ശേഷം ഒരു ലൈൻ താഴെയാണ്  മറ്റു വാചകങ്ങൾ‘‘എന്നിവ മൂലമുണ്ടാകുന്ന മരണങ്ങൾക്ക്’’

നിങ്ങൾ 304 ഐപിസി (കുറ്റകരമായ നരഹത്യ) വകുപ്പ് പ്രകാരം റിമാൻഡ് ചെയ്യപ്പെടുകയോ, ഡ്രൈവിങ് ലൈസൻസ് ക്യാൻസൽ (താൽക്കാലികമായി) ചെയ്യപ്പെടുകയോ പത്തുവർഷം വരെ തടവും പിഴയും ലഭിക്കുകയോ ചെയ്തേക്കാം. (ഈ ഭാഗം ചെടിപ്പടർപ്പിനാൽ മറഞ്ഞിരിപ്പുണ്ട്)

ഈ ബോർഡ് സ്ഥിതി ചെയ്യുന്ന പാർക്കിനു മുന്നിൽനിന്നു തുടങ്ങിയ കാറോട്ടമാണ് മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിനു കാരണമായത്.

ഓട്ടോക്കാരനോടു ടാറ്റ പറഞ്ഞ് ഓട്ടക്കാരുടെ വഴിയിലേക്കു  ഞങ്ങൾ  കാർ മെല്ലെ മുന്നോട്ടെടുത്തു. നമുക്കാദ്യം ഈ സ്ഥലങ്ങളറിയാൻ ഒന്നു കറങ്ങിവരാം. യാത്ര തുടങ്ങുമ്പോൾ മീറ്റർ കൺസോളിൽ  1036.6 കി മീ ദൂരം. കാർ നാലാം ഗിയറിലേക്കു വീഴും മുൻപേ വെള്ളയമ്പലം റൗണ്ടിലെത്തി. അപ്പോൾ ദൂരം 1037.8 കി.മീ. അവിടെനിന്ന് വലത്തോട്ടു തിരിഞ്ഞ് മ്യൂസിയം റോഡിലേക്ക്. ഇനി നേർവഴി.  700 മീറ്റർ പോയാൽ മ്യൂസിയം പോലീസ് സ്റ്റേഷൻ. മ്യൂസിയം ജങ്ഷൻ എന്നു ആ ചെറു കവലയിലേക്ക്  ബേക്കറി ജംക്‌ഷൻ റോഡിൽ നിന്നു രണ്ടു കൈവഴികൾ ചേരുന്നു. ഇവിടെ വളരെ സൂക്ഷിച്ചാണു കാറോടിക്കേണ്ടത്. ആദ്യമായി ബേക്കറി ജങ്ഷനിൽ നിന്നു നമ്മുടെ ‘വിവാദ’റോഡിലേക്ക് ഒരു ക്രോസ് റോഡുണ്ട്. ഈ റോഡിൽ നിന്നു വാഹനങ്ങൾ സൂക്ഷിച്ചാണു പ്രധാന റോഡിലേക്കു കയറുക. എന്നാൽ ബേക്കറി ജംക്‌ഷൻ റോഡിൽ നിന്നു ഫ്രീ ലെഫ്റ്റ് റോഡുമുണ്ട്. ഇതിലെ പെട്ടെന്ന് വാഹനങ്ങൾ നമ്മുടെ റോഡിലേക്കു കയറാൻ സാധ്യതയുണ്ട്. ചീറിപ്പാഞ്ഞുവരാൻ പറ്റിയ റോഡ് അല്ല ഇതെന്നു സാരം. ഈ കവലയിൽനിന്ന് 200 മീറ്റർ ദൂരം പോലുമില്ല പബ്ലിക് ഓഫീസ് കോംപ്ലക്സിലേക്ക്. ഇതിനിടയിലാണ് അപകടം നടന്നത്. നോക്കുക, ആകെ ദൂരം അപകടത്തിൽപെട്ട കാർ സഞ്ചരിച്ചത്  2.1 കിലോമീറ്റർ.  ഈ ദൂരത്തിനിടയിൽ ഒരു പ്രധാന റൗണ്ട് റോഡ് അടക്കം രണ്ടു കവലകൾ. 

ഹ്രസ്വദൂരത്തിനിടെ ലംഘിക്കപ്പെട്ടതു പല നിയമങ്ങൾ

1) വേഗപരിധി മറികടന്നു നഗരഹൃദയങ്ങളിലെ പാതകളിൽ വേഗ പരിധി മണിക്കൂറിൽ 50 കിലോമീറ്റർ ആണ്. ‘വിവാദ’ റോഡ് ഏതൊരു റോഡിനെയും പോലെ രാത്രിയിൽ വിജനമാണ്. അതു പക്ഷേ, വിജനത അഭ്യാസം കാണിക്കാനുള്ള ലൈസൻസ് അല്ല. രാത്രിയായാലും പകലായാലും പാതയിലെ വേഗപരിധി പാലിക്കണം. സാക്ഷിമൊഴികളെല്ലാം പറയുന്നത് ഈ അമിതവേഗത്തെ പറ്റിയാണ്.

നമുക്കുള്ള പാഠം– ഏതു സമയമായാലും അതതു റോഡുകളിലെ വേഗപരിധി പാലിക്കണം. രാത്രിയല്ലേ, ഒന്നു പറപ്പിച്ചേക്കാം എന്നുകരുതിയാൽ നിരപരാധികളുടെ ജീവൻ പന്താടുന്ന അവസ്ഥയുണ്ടകും. നമുക്കുതന്നെ അപകടങ്ങളുണ്ടാകും. അമിതവേഗത്തിന്റെ അനന്തരഫലങ്ങൾ.

സ്റ്റോപ്പിങ് ദൂരം (ബ്രേക്കിങ് ഡിസ്റ്റൻസ് ) കൂടുന്നു–  വാഹനവേഗം നൂറിൽനിന്നു  പൂജ്യത്തിലെത്താനുള്ള സമയത്തെ ബ്രേക്കിങ് ഡിസ്റ്റൻസിന്റെ മാനകമാക്കാം. വിഗ്ധരുടെ കണക്ക് അനുസരിച്ച് 40kmph വേഗമുള്ള കാർ, ബ്രേക്ക് ചവിട്ടണോ എന്നു ഡ്രൈവർ ചിന്തിക്കുമ്പോൾത്തന്നെ 17 മീറ്റർ മുന്നോട്ടുപോയിട്ടുണ്ടാകും. ബ്രേക്ക് പ്രയോഗിച്ചശേഷം 9 മീറ്റർ കൂടി സഞ്ചരിച്ചശേഷമേ വാഹനം നിൽക്കൂ. അപ്പോൾ 26 മീറ്റർ ആണ് ആകെ സ്റ്റോപ്പിങ് ഡിസ്റ്റൻസ്.  

വേഗം ഇരട്ടിയായി എന്നു കരുതുക– ബ്രേക്കിങ് ഡിസ്റ്റൻസ് 69 മീറ്റർ ആയി ഉയരും. ഏകദേശം രണ്ടര മടങ്ങ് വർധന! കണക്കുകളിൽ മാറ്റങ്ങളുണ്ടാകുമെങ്കിലും വേഗം കൂടുമ്പോൾ ബ്രേക്കിങ് ഡിസ്റ്റൻസ് പലമടങ്ങ് ഉയരുമെന്നതു കണക്കിലെടുത്തു വേണം ഡ്രൈവ് ചെയ്യാൻ.  തിരുവനന്തപുരത്തെ അപകടത്തിൽ   ഇടിച്ചിട്ടു വേഗം കുറയാത്ത കാർ ബൈക്കിനെ, 25 മീറ്ററോളം തള്ളിനീക്കി, ഫൂട്പാത്തും കടത്തിയാണ് അപ്പുറത്തെ മതിലിനോടു ചേർത്തത്.  ഏതു വാഹനത്തിലും വേഗം കൈവരിക്കാൻ എളുപ്പമാണ്. എന്നാൽ ഈ ബ്രേക്കിങ് ഡിസ്റ്റൻസ് കൂടി കണക്കിലെടുത്തുവേണം എത്ര വേഗത്തിൽ സഞ്ചരിക്കണം എന്നു തീരുമാനമെടുക്കാൻ. ടയറിന്റെ തേയ്മാനം, ഓടിക്കുന്ന പ്രതലത്തിന്റെ ചെരിവ് എന്നിങ്ങനെ മറ്റു ചില ഘടകങ്ങൾ കൂടി ബ്രേക്കിങ് ദൂരത്തെ ബാധിക്കും.

ബി) യാത്രികരുടെ കാഴ്ച കുറയുന്നു

അമിതവേഗം നിങ്ങളുടെ കണ്ണിന്റെ വീക്ഷണ കോണിനെ സാരമായി ബാധിക്കും. വേഗം കൂടുംതോറും കണ്ണ് വളരെ ദൂരത്തേക്കു നോക്കാൻ നിർബന്ധിതമായിത്തീരും. വശങ്ങളിലേക്കുള്ള കാഴ്ച കുറയുമെന്നർഥം. അന്നേരം ഒരു ബൈക്കോ, കാൽനടയാത്രികനോ റോഡിലേക്ക് ഇറങ്ങുന്നതോ നടന്നുപോകുന്നതോ ശ്രദ്ധിക്കാൻ പറ്റാതെയാകും. ടണൽ വിഷൻ എന്നാണ് ഇത്തരം അവസ്ഥയ്ക്കു പേരു പറയുക. ഒരു പേപ്പർ ചുരുട്ടിയിട്ട് ഉള്ളിലൂടെ നോക്കുന്നതുപോലെ കണക്കാക്കാം. ഇരമ്പിയെത്തിയ കാർ ഇടത്തു ചേർന്നോടുന്ന ആ ബൈക്കിനെ ഇടിച്ചിട്ടതിനു പിന്നിലും ആ കാഴ്ചക്കുറവു തന്നെയാണെന്നു കാണാം.

2) അടിസ്ഥാന നിയമങ്ങൾ  ലംഘിച്ചു

ഏതു വാഹനമാണെങ്കിലും ഒരു ജംക്‌ഷനോ ക്രോസ് റോഡോ മുന്നിലുണ്ടെങ്കിൽ വേഗം കുറച്ച് ഇരുവശത്തേക്കും നോക്കി വേണം മുന്നോട്ടു നീങ്ങാൻ. ഒരു റൗണ്ടും ക്രോസ് റോഡും ഉള്ള ആ പാതയിൽ  എത്ര അലക്ഷ്യമായിട്ടായിരിക്കും ആ കാർ താണ്ടിയിട്ടുള്ളത് എന്നു സാക്ഷിമൊഴികൾ കേട്ടാലറിയാം.

നമുക്കുള്ള പാഠം– വിജനമായ പാതയാണെങ്കിലും ക്രോസ് റോഡുകളിലും കവലകളിലും വേഗം കുറയ്ക്കണം. ചുറ്റും നോക്കിമറ്റാരുമില്ലെന്ന് ഉറപ്പു വരുത്തിയിട്ടു വേണം മുന്നോട്ടുപോകാൻ.

3) മദ്യപിച്ചു വാഹനമോടിച്ചു

ഏറ്റവും ഗുരുതരമായ കുറ്റമാണ് മദ്യപിച്ചുള്ള ഡ്രൈവിങ്. രണ്ടെണ്ണം ഉള്ളിൽ ചെന്നാലും തനിക്കു ഡ്രൈവിങ് പ്രശ്നമല്ലെന്ന് ‘ആത്മവിശ്വാസം’ പ്രകടിപ്പിക്കുന്നവരാണു പലരും.  രക്തത്തിലെ മദ്യത്തിന്റെ അളവ് (ബ്ലഡ് ആൽക്കഹോൾ കോൺസെൻട്രേഷൻ–ബിഎസി ) നിങ്ങളുടെ ഡ്രൈവിങ്ങിനെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ ബോക്സ് കാണുക. നൂറ് മില്ലിലിറ്റർ രക്തത്തിൽ  എത്ര  ഗ്രാം മദ്യമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഡ്രൈവറുടെയും ‘പെർഫോമൻസ്’.

രാത്രിയാത്രകളിൽ സംഭവിക്കുന്നതെന്ത്?

‌‌മരങ്ങൾ അതിരിടുന്ന വഴികളാണ് തിരുവനന്തപുരം നഗരത്തിനുള്ളിൽ. നമ്മുടെ പാതയും അതുപോലെത്തന്നെ. സ്വാഭാവികമായും രാത്രിയിൽ വശങ്ങളിലേക്കുള്ള കാഴ്ച ഒട്ടുമില്ലാതാകും. ഇതിനോടൊപ്പം അമിതവേഗം, മദ്യലഹരി എന്നിവ കൂടിച്ചേരുമ്പോൾ രാത്രിയാത്ര ജീവനെടുക്കുന്ന സാഹസിക പ്രവൃത്തിയായി മാറുന്നു. 

ഇൻഷുറൻസ് ക്ലെയിം ലഭിക്കുമോ? 

മദ്യം വില്ലനാകുന്ന അപകടങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന അവസ്ഥ എന്താണ്? ഈ അപകടത്തിൽ മദ്യപിച്ചാണു ഡ്രൈവിങ് എന്നു പത്തുമണിക്കൂർ കഴിഞ്ഞുള്ള രക്തപരിശോധനയിൽ തെളിഞ്ഞിട്ടില്ല. ഡോക്ടർ ആശുപത്രിയിൽ വച്ച് മദ്യത്തിന്റെ മണമുണ്ട് എന്നെഴുതിയതു മാത്രം വച്ച് ഈ സംഭവത്തിൽ ക്ലെയിം നിരസിക്കാനാവില്ല എന്നാണ് ഇൻഷുറൻസ് വിദഗ്ധർ പറയുന്നത്.  

സാധാരണക്കാർ ശ്രദ്ധിക്കേണ്ടത്

മദ്യപിച്ചുള്ള ഡ്രൈവിങ്ങിൽ മരണം സംഭവിക്കുകയാണെങ്കിൽ, ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരസിക്കും. പിന്നെ, അപകടത്തിലെ ഇരയ്ക്കു പറ്റുന്ന നാശനഷ്ടങ്ങൾക്കു മദ്യപിച്ചു വണ്ടിയോടിച്ചയാളാണ് ഉത്തരവാദി.. തിരുവനന്തപുരം അപകടത്തിൽ മദ്യപിച്ചു വണ്ടിയോടിക്കാൻ പ്രോത്സാഹനം നൽകി എന്നതിനാൽ വണ്ടിയിലുണ്ടായിരുന്നയാൾക്കെതിരെയും കേസ് ഉണ്ട്. മദ്യപിച്ചവരോടിക്കുന്നു വണ്ടിയിൽ കയറുന്നതു പോലും സൂക്ഷിക്കണം എന്നർഥം.  മദ്യപിച്ചവർ ഓടിക്കുന്ന ബൈക്ക് ഇടിച്ചാൽപോലും മരണം സംഭവിക്കാം. ഗുരുതരമായ പരിക്കുകളുണ്ടാകാം. ഇത്തരം അവസ്ഥകളിൽ മദ്യപിച്ചു എന്നു തെളിഞ്ഞാൽ ഇൻഷുറൻസ് ക്ലെയിം പോലും നിരസിക്കപ്പെടും. ടാക്സിയോ, ഓട്ടോ റിക്ഷയോ വിളിച്ചു പോകുന്ന തുച്ഛമായ ചെലവ് വഹിക്കാനുള്ള മടിയാണു മദ്യപിച്ചാലും സ്വന്തം വാഹനം ഓടിക്കാനുള്ള കാരണം. ഫലമോ? ലക്ഷങ്ങളുടെ കടം, ജയിൽവാസം(ഇതു പത്തുവർഷം വരെ തടവുവരെയാകാം)

മദ്യം ഒരു വില്ലനാകുന്നതെങ്ങനെ? 

ഫെയ്സ്ബുക്കിൽ നിന്നൊരു കുറിപ്പ് – കുഞ്ഞാലിക്കുട്ടി (ഇൻഫോക്ലിനിക്) “രാത്രിയിലെ പാർട്ടി കഴിഞ്ഞു വീട്ടിൽ പോയിക്കിടന്നുറങ്ങിയ ശേഷം രാവിലെ കാറുമെടുത്ത് ഓഫീസിൽ പോകുന്ന വഴിക്ക് പോലീസ് ചെക്കിങ്ങിൽ പെടുകയും മദ്യപിച്ചു വണ്ടിയോടിച്ച കുറ്റത്തിന് പ്രോസിക്യൂട്ട് ചെയ്യപ്പെടുകയും ചെയ്ത സംഭവങ്ങൾ നമ്മൾ പത്രങ്ങളിലും മറ്റും കണ്ടിട്ടുണ്ടാവുമല്ലോ. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ചെറിയ മന്ദതയൊക്കെ തോന്നിയാലും ‘ഓ ഇന്നലെ രാത്രിയല്ലേ മദ്യപിച്ചത്, ഇനിയിപ്പോ എന്തു വരാനാ’ എന്ന് കരുതുന്നവരാണ് മിക്കവരും.

എന്ത് കൊണ്ടാണ് രാത്രി മദ്യം കഴിച്ചാലും രാവിലെയാകുമ്പോൾ മദ്യം നമ്മുടെ ശരീരത്തിൽ നിന്ന് പൂർണ്ണമായി പുറന്തള്ളപ്പെടാത്തത്? അതിന് നമ്മൾ ആൽക്കഹോൾ മെറ്റബോളിസത്തെക്കുറിച്ചറിയണം.

ഫസ്റ്റ് ഓർഡർ കൈനറ്റിക്സ് 

നമ്മൾ കഴിക്കുന്ന മിക്ക മരുന്നുകളും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നത് ഫസ്റ്റ് ഓർഡർ കൈനെറ്റിക്സ് (First order kinetics) പ്രകാരമാണ്. കഴിച്ച മരുന്നിന്റെ 50% പുറന്തള്ളപ്പെടാൻ എടുക്കുന്ന സമയത്തെ ആ മരുന്നിന്റെ ഹാഫ് ലൈഫ് (half life) എന്നും പറയുന്നു. നിങ്ങൾ 500 മില്ലിഗ്രാം പാരസെറ്റമോൾ കഴിച്ചാലും 

1 ഗ്രാം പാരസെറ്റമോൾ കഴിച്ചാലും ഏകദേശം 3 മണിക്കൂർ (പാരസെറ്റമോളിന്റെ ഹാഫ്‌ ലൈഫ്) കഴിയുമ്പോൾ അതിന്റെ അളവ് ഏകദേശം 50% മായി കുറയുന്നു. അതായത് ഒരു ഗ്രാം പാരസെറ്റമോൾ കഴിച്ചാൽ മൂന്ന് മണിക്കൂറിൽ ഏകദേശം 500 മി.ഗ്രാം പുറന്തള്ളപ്പെടുന്നു, അടുത്ത മൂന്ന് മണിക്കൂറിൽ പിന്നെയും 250 മി.ഗ്രാം പുറന്തള്ളപ്പെടുന്നു, അങ്ങനെ കുറച്ചു സമയത്തിനുള്ളിൽ മുഴുവൻ മരുന്നും ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നു.

മദ്യത്തിന്റെ ‘കൈനറ്റിക്സ് ’ എന്ത്?  

വേറെ ചില മരുന്നുകളുണ്ട്, അവ പുറന്തള്ളപ്പെടുന്നത് zero order kinetics എന്ന വ്യവസ്ഥ പ്രകാരമാണ്. അതായത്. ഒരു നിശ്ചിത സമയത്തിൽ ഇത്ര അളവ് (ശ്രദ്ധിക്കുക, അളവാണ് ശതമാനം  അല്ല) വീതമേ ശരീരം ഇവയെ പുറന്തള്ളൂ. അതിൽ പ്രധാനമായ ഒന്നാണ് ആൽക്കഹോൾ. നിങ്ങൾ കഴിക്കുന്ന മദ്യത്തിന്റെ ഒരു ചെറിയ അളവ് മാത്രമേ ഓരോ മണിക്കൂറിലും ശരീരം പുറന്തള്ളൂ. അങ്ങനെ വരുമ്പോൾ കൂടുതൽ മദ്യപിക്കുന്നവർക്ക് ആ മദ്യം മൊത്തം ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകാൻ അനേകം മണിക്കൂറുകൾ എടുക്കാം.

ഏകദേശ കണക്ക് വെച്ച് നോക്കിയാൽ ഒരു യൂണിറ്റ് ആൽക്കഹോൾ ശരീരം പുറത്തു കളയാൻ ഏകദേശം ഒരു മണിക്കൂർ എടുക്കും. അപ്പോൾ, ഒരാൾ 10 യൂണിറ്റ് മദ്യം കഴിച്ചുവെന്നിരിക്കട്ടെ, 10 മണിക്കൂർ കഴിഞ്ഞാലേ അയാളുടെ ശരീരത്തിൽ നിന്നു മദ്യം പൂർണമായും അപ്രത്യക്ഷമാകൂ. ഒരു പാർട്ടിയിൽ 12 യൂണിറ്റ് മദ്യം കഴിക്കുന്ന ഒരാൾ പുലർച്ചെ ഒരു മണിക്ക് മദ്യപാനം അവസാനിപ്പിച്ച് ഉറങ്ങാൻ പോയെന്നിരിക്കട്ടെ. അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിയാകണം, അയാളുടെ ശരീരത്തിൽ നിന്നു മദ്യത്തിന്റെ അവസാന കണികയും അപ്രത്യക്ഷമാകാൻ.

മദ്യം ‘ഫസ്റ്റ് ഓർഡറിൽ’ ആണെങ്കിൽ?

നേരത്തെ പറഞ്ഞ first order kinetics പ്രകാരമായിരുന്നു മദ്യത്തിന്റെ എലിമിനേഷൻ എങ്കിൽ ഈ കണക്ക് എങ്ങനെയാകും?. ആദ്യ മണിക്കൂറിൽ പന്ത്രണ്ടു യൂണിറ്റ് എന്നത് ആറു യൂണിറ്റാകും, രണ്ടു മണിക്കൂറിൽ മൂന്ന്, മൂന്ന് മണിക്കൂറിൽ ഒന്നര, അടുത്ത രണ്ടോ മൂന്നോ മണിക്കൂറിൽ തീരെയും കണ്ടുപിടിക്കാൻ പറ്റാത്ത അളവിലുമാകും. ഇത്രയും മദ്യം കഴിച്ചു കഴിഞ്ഞാലും അഞ്ചോ ആറോ മണിക്കൂർ കഴിയുമ്പോൾ ആൾ കുട്ടപ്പനാകും! പക്ഷേ, എന്തൊരു കഷ്ടം, ആൽക്കഹോൾ zero order kinetics ലാണ് എലിമിനേഷൻ.

അപകടത്തിന്റെ അളവറിയാം

എത്ര മദ്യമാണ് ഒരു യൂണിറ്റ്?. സ്പിരിറ്റ്സ് ഗ്രൂപ്പിൽ വരുന്ന വിസ്കി, ബ്രാൻഡി, റം, വോഡ്‌ക തുടങ്ങിയ 40% ABV (alcohol by volume) വരുന്ന മദ്യങ്ങളെല്ലാം ഏകദേശം 25 മില്ലിയാണ് ഒരു യൂണിറ്റ്. 5% ABV ഉള്ള ബിയറുകൾ ഒക്കെ ഒരു പൈന്റിന്റെ (568 ml) മൂന്നിലൊന്നാണ് ഒരു യൂണിറ്റ്. 12% ABV ഉള്ള വൈൻ ആണെങ്കിൽ ഒരു സ്റ്റാൻഡേർഡ് വൈൻ ഗ്ളാസിന്റെ (175 ml) പകുതിയും.

യൂണിറ്റ്  അറിയാൻ ഒരു സമവാക്യമുണ്ട്. strength (ABV) x volume (ml) / 1000 = units. അതായത് 40% ABV ഉള്ള വിസ്കി 100 മില്ലി കഴിച്ചാൽ 40 x 100 / 1000 = 4 യൂണിറ്റ് എന്ന് അറിയാം. അതെ പോലെ ഒരു പൈന്റ് ബിയറിൽ (5%, 568 ml) 2.3 യൂണിറ്റ് മദ്യമുണ്ട്. മദ്യപിച്ചു വാഹനമോടിക്കുന്നവർ തങ്ങളെ മാത്രമല്ല, നിരപരാധികളായ മറ്റു റോഡ് യാത്രക്കാരെക്കൂടിയാണ് അപകടത്തിലാക്കുന്നത്.

വാഹനാപകടം ഒരു ദുരന്തമാണ്

തിരുവനന്തപുരം നഗരത്തിന്റെ ആക്സിഡന്റ് കണക്കുകൾ (അവലംബം, കേരള റോഡ് സേഫ്റ്റി അഥോറിറ്റി)ആകെ അപകടങ്ങൾ 2306 എണ്ണം. മരണം– 206. കേരളത്തിലെ അപകടങ്ങളുടെ കണക്കെടുത്താൽ ഏഴാം സ്ഥാനം ഈ നഗരത്തിനുതന്നെയുണ്ട്. നഗരങ്ങളിൽ എറണാകുളത്തിനു പിന്നിൽ രണ്ടാം സ്ഥാനം. 

നോക്കുക, നൂറ്റാണ്ടു കണ്ട മഹാപ്രളയത്തെയും ശേഷം വന്ന പ്രകൃതിദുരന്തത്തെയും അതിജീവിച്ചവരാണു നമ്മൾ. കഴിഞ്ഞ മാസങ്ങളിൽ നടന്ന ദുരന്തങ്ങളിൽ 113 ജീവൻ നഷ്ടപ്പെട്ടു. എന്നാൽ റോഡ് ദുരന്തങ്ങളിൽ പൊലിയുന്ന ജീവന്റെ കണക്കെടുക്കുമ്പോഴാണു നാം ഞെട്ടുക. ഓവർസ്പീഡ് കൊണ്ടുള്ള അപകടത്തിൽ മാത്രം മരിച്ചവർ  2985 പേരാണ്. (2018 ലെ കണക്ക്). ഒരു തവണയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ നാം കാണിക്കുന്ന ജാഗ്രത പാതകളിലെ നിത്യദുരന്തം കുറയ്ക്കുന്നതിലും ഉണ്ടാകണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA