sections
MORE

ഭാവിയിലെ വാഹനങ്ങളിൽ എതൊക്കെ തരം മാറ്റങ്ങൾ ഉണ്ടാകും

HIGHLIGHTS
  • ഭാരം കുറച്ചും എന്നാൽ കരുത്തുകൂട്ടിയും വാഹനനിർമാണരീതി മാറിക്കഴിഞ്ഞു
  • പ്രതലങ്ങൾക്കനുസരിച്ച് ആകൃതി മാറുന്നതുമായ ടയറുകൾ
future-of-electric-cars
Future Car
SHARE

Tomorrow never dies  എന്ന ജയിംസ് ബോണ്ട് സിനിമയിൽ റിമോട്ട് കൺട്രോൾ ഉപകരണം കൊണ്ടു പ്രവർത്തിപ്പിക്കുന്ന ഒരു കാറുണ്ട്. ബിഎംഡബ്ല്യു സെവൻ സീരീസ്. തോക്കുകളുമായി നിൽക്കുന്ന വില്ലൻമാരെ കബളിപ്പിക്കാൻ ഓടുന്ന വണ്ടിയിൽനിന്നു ബോണ്ട് ഡോർ തുറന്ന് ഉരുണ്ടിറങ്ങുകയും ശേഷം റിമോട്ട് കൊണ്ട് ആ കാർ ഓടിക്കുകയും ചെയ്യുന്നുണ്ട്. അന്നത് സിനിമയല്ലേ, വേണമെങ്കിൽ പറക്കും കാറിനെ വരെ അവർ അവതരിപ്പിച്ചേക്കും എന്നു പറഞ്ഞവരാണു നമ്മൾ. ഭാവിയുടെ വാഹനങ്ങൾ അത്തരത്തിലുള്ളതായിരിക്കും എന്നതിൽ  തിരക്കഥാകൃത്തുക്കൾക്കു പക്ഷേ, സംശയമുണ്ടാകാനിടയില്ല. ഇപ്പോൾ കാണുന്ന കാറുകളായിരിക്കില്ല നമ്മുടെ അടുത്ത തലമുറയുടേത്. നിർമിത ബുദ്ധിയും മറ്റും ഭരിക്കുന്ന ഭാവി കാറുകളുടെ സാങ്കേതികവിദ്യകൾ എന്തൊക്കയായിരിക്കും?

സാങ്കേതികമുന്നേറ്റം സമീപഭാവിയിൽ

റിമോട്ട് കാർ ഓടിച്ച് ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. അസ്സൽ കാർ തന്നെ റിമോട്ടുകളിൽ നിയന്ത്രിക്കാമെന്നു വച്ചാൽ രസകരമല്ലേ? ഹ്യൂണ്ടായ് വെന്യു മുതൽ ബിഎംഡബ്ല്യു സെവൻ സീരീസിൽ വരെ ഇത്തരം റിമോട്ട് ഫീച്ചറുകൾ ഏറിയോ കുറഞ്ഞോ നിലവിലുണ്ട്. കാർ അകലെനിന്നു സ്റ്റാർട്ട് ചെയ്യുക, എസി ഓൺ ആക്കുക തുടങ്ങിയ കാര്യങ്ങൾ മുതൽ വാഹനത്തിന്റെ റിമോട്ടിൽ നിയന്ത്രിക്കാം. ബിഎം ഫൈവ് സീരീസിൽ കാർ പാർക്ക് ചെയ്യിക്കാൻ വരെ ഇത്തരം റിമോട്ടുകൾക്കു കഴിയും.

ഭാവിയുടെ വാഹനങ്ങളിൽ ഏതൊക്കെ തരത്തിലാണ് മാറ്റമുണ്ടാകുക?

നിർമാണ രീതി 

ഭാരം കുറച്ചും എന്നാൽ കരുത്തുകൂട്ടിയും വാഹനനിർമാണരീതി മാറിക്കഴിഞ്ഞു. കാർബൺ ഫൈബർ ഘടകങ്ങളൊക്കെ വാർത്തയല്ലാതായിക്കഴിയുമ്പോൾ ഇനിയുള്ളത് അഡാപ്ടീഡ് സ്ട്രക്ചർ ടെക്നോളജി ഉപയോഗിച്ചുള്ള നിർമാണമാണ്..  പരിതസ്ഥിതികൾക്കനുസരിച്ച് പ്രതികരിക്കുന്ന പദാർഥങ്ങളുപയോഗിച്ചാകും വാഹനങ്ങളുടെ ബോഡി. സ്മാർട്ട് മെറ്റീരിയൽസ് എന്നും ഇവയെ വിളിക്കാം. പ്രകൃതിയോടിണങ്ങിയ മോഡലുകൾ തിരിച്ചുവരുന്നതും ഭാവിയുടെ കാഴ്ചയാകാം) ടൊയോട്ട സെറ്റ്സൗന കൺസെപ്റ്റ് സ്റ്റഡി കാർ മരംകൊണ്ടാണു നിർമിച്ചിട്ടുള്ളത്.

ടയറുകൾ 

കറന്റ് ഉൽപാദിപ്പിക്കാൻ തക്കശേഷിയുള്ളതായിരിക്കും ടയറുകൾ. താപോർജം വൈദ്യുതിയാക്കാനുള്ള തെർമോ ഇലക്ട്രിക് മെറ്റീരിയലുകൾ ഘടിപ്പിച്ച ടയറുകൾ കാറുകളുടെ ബാറ്ററി ചാർജ് ചെയ്യുന്ന കാലം വരും. അതായത് യാത്ര തന്നെ ഊർജം ഉൽപാദിപ്പിക്കുന്ന അവസ്ഥ!. ഗുഡ്ഇയർ ബിഎഎച്ച്ഒ 3 ടയർ കൺസെപ്റ്റ് ഇത്തരത്തിലുള്ളതാണ്. എയർ ഇല്ലാത്തതും പ്രതലങ്ങൾക്കനുസരിച്ച് ആകൃതി മാറുന്നതുമായ ടയറുകൾ മിഷലിൻ വികസിപ്പിച്ചുകഴിഞ്ഞു. യുപ്റ്റിസ് എന്നാണു പേര്–( യുനീക് പങ്ചർ–പ്രൂഫ് ടയർ സിസ്റ്റം). 2024 ൽ ജിഎം വാഹനങ്ങൾ ഈ ടയറുകളിൽ ഓടിത്തുടങ്ങും. പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രാധാന്യം കൊടുക്കുമ്പോൾ റബർ പ്ലാന്റേഷനുകൾ കുറയ്ക്കേണ്ട അവസ്ഥയുണ്ടായേക്കാം. ഡാൻഡലിയോൺ ചെടിയിൽനിന്നുള്ള റബർ ലാറ്റക്സ് ഇപ്പോഴത്തെ റബറിനു പകരമായി ഉപയോഗിക്കാം എന്നു തെളിഞ്ഞിട്ടുണ്ട്. കോൺടിനെന്റൽ കമ്പനി അത്തരം ടയർ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്നുണ്ട്.  

michelin-airless-tyre

ഗുഡ് ഇയർ 360 അർബൻ കൺസെപ്റ്റ് ഓട്ടണോമസ് കാറുകൾക്കു ചേർന്ന ടയറുകളാണ്. യഥാർഥത്തിൽ ടയറല്ല ഒരു സ്ഫിയർ ആണിത്. ഇതിൽ സെൻസറുകളും മറ്റും അടങ്ങിയിട്ടുണ്ട്. ഓട്ടണോമസ് വാഹനങ്ങളുടെ തലച്ചോറിലേക്ക് ഈ ടയറുകൾ പ്രതികരണങ്ങൾ നൽകും. ഡ്രൈവിങ് കൂടുതൽ സ്മൂത്ത് ആകും. ഉദാഹരണത്തിന് റോഡിന്റെ പ്രതലം എത്തരത്തിലുള്ളതാണ് എന്ന് ഈ ടയർ കംപ്യൂട്ടറിലേക്കു വിവരം നൽകും. അതിനനുസരിച്ച് സസ്പെൻഷൻ സ്ഥിതി, ഗതി, വേഗം എന്നിവ മാറ്റാം. സൂപ്പർ ഇലാസ്റ്റിക് പോളിമർ ഉപയോഗിച്ചു നിർമിക്കുന്ന ടയറിന്റെ പുറം പാളി (ബയോണിക് സ്കിൻ) മനുഷ്യചർമത്തിന്റേതുപോലെ വികസിക്കാനും ചുരുങ്ങാനുമുള്ള കഴിവുള്ളതായിരിക്കുമെന്നും കമ്പനി പറയുന്നു. ഈ ടയറിന്റെ  ഗോളാകൃതി കാരണം വാഹനം പാർക്ക് ചെയ്യാനും മറ്റും എളുപ്പവുമായിരിക്കും.  

വാഹനങ്ങളുടെ രൂപം

നാം ഇന്നു കാണുന്ന സാമ്പ്രദായിക രൂപങ്ങളായിരിക്കില്ല ഭാവി വാഹനങ്ങൾക്ക് എന്നറിയാമല്ലോ. ട്രാൻസ്ഫോമേഴ്സ് എന്ന സിനിമ കണ്ടവർക്കറിയാം കാറുകൾ എങ്ങനെ പ്രകൃതിക്കനുസരിച്ചു രൂപം മാറുന്നു എന്നത്. ബിഎംഡബ്ല്യു വിഷൻ നെക്സ്റ്റ് 100 കൺസെപ്റ്റ് അത്തരം രൂപമാറ്റങ്ങളുടെ കഥയാണു പറ

Toyota-SetSauna-concept

യുന്നത്. നൂറുകണക്കിനു ചെറു ത്രികോണരൂപങ്ങൾകൊണ്ട് രൂപത്തെ മാറ്റുന്ന കൺസെപ്റ്റിന്  അലൈവ് ജ്യോമട്രി എന്നാണ് ഓമനപ്പേര്. കൂടുതൽ കാഴ്ച കിട്ടുന്ന ഭാഗത്തേക്ക് സ്റ്റിയറിങ് കോളവും മറ്റു കൺസോളുകളും മാറുകയും ഡ്രൈവർ അവിടെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. (ഡ്രൈവർ ലെസ് യുഗത്തിലും ഡ്രൈവ് ചെയ്യാൻ മനുഷ്യർ താൽപ്പര്യപ്പെടും എന്നു ബിഎംഡബ്ള്യു കണക്കാക്കുന്നു).

ആകാശപ്പാതകൾ

യാത്ര റോഡുകളിലൂടെത്തന്നെയാകും എന്നതിന് ഉറപ്പില്ല. ചെറിയ ആകാശപ്പാതകൾ വികസിപ്പിക്കേണ്ടിവരും. ഡ്രോണുകൾ ഡോർ ഡെലിവറി ചെയ്യുന്ന കാലത്താണു നാം ജീവിക്കുന്നത്. ഇനി യാത്ര അത്തരം എയർ ടാക്സികളിലും ആകാശപ്പാതകളിലുമാകും. ഡെയിംലറും എയർബസ് കമ്പനിയും ഒത്തുചേർന്ന് ഭാവിയിലേക്ക് എയർ ടാക്സികൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ വിനോദകാര്യത്തിനുപയോഗിക്കുന്ന റോപ്‌വേ സൗകര്യം നിത്യേനയുള്ള ആവശ്യങ്ങൾക്കുള്ള എല്ലാം തികഞ്ഞ ക്യാബിനുകളാക്കി മാറ്റാം. ഇപ്പോൾ ഓൺലൈൻ ടാക്സികൾ ബുക്ക് ചെയ്യുന്നതുപോലെ ഈ കേബിൾ കാറുകൾ നിങ്ങൾക്കായി മുന്നിൽ വരും.

sky-cars

ഗതാഗത സംസ്കാരം

ഇന്ധനം കുറച്ചുപയോഗിച്ച് പരമാവധി യാത്രികരെ കൊണ്ടുപോകുക  എന്നതാണ് എന്നത്തെയും മികച്ച വാഹനനയം. ഭാവിയിൽ കാറുകൾ തമ്മിൽ കമ്യൂണിക്കേഷൻ സാധ്യമാകുന്ന സാഹചര്യത്തിൽ ഒരേ റൂട്ടിലേക്കു പോകുന്നവ തമ്മിലൊരു യോജിപ്പിലെത്തി കാർ പൂൾ സംവിധാനം ഒരുക്കും. നമുക്കു വാഹനം മാറിക്കയറേണ്ട കാര്യമേ ഉണ്ടാകൂ. ട്രാഫിക് ജാം എന്ന തലവേദനയ്ക്ക് ഇത്തരം കാർ പൂളിങ്ങും കാര്യക്ഷമമായ ബസ് റാപിഡ് ട്രാൻസിറ്റും(ബിആർടി) മറ്റുമാകും പരിഹാരങ്ങൾ.  

ഡ്രൈവിങ്

ടെസ്‍‌ല പോലുള്ള ഓട്ടോ പൈലറ്റ് സംവിധാനമുള്ള കാറുകളിൽ സ്റ്റിയറിങ്ങിൽ ഡ്രൈവർ പിടിച്ചിരിക്കണം എന്നുണ്ട്. നിയന്ത്രിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടുതന്നെ ഡ്രൈവിങ് ഒരു തലവേദനയായി മാറുന്നില്ല. എന്നാൽ ചിലയിടത്ത് മനുഷ്യനുമാത്രം സാധിക്കുന്ന ചിന്താശേഷികൊണ്ടു വാഹനം നിയന്ത്രിക്കേണ്ട അവസ്ഥ വരും. ഇത്തരം അപൂർവ സാഹചര്യത്തിൽ മാത്രം ഡ്രൈവ് ചെയ്യേണ്ട അവസ്ഥയിലേക്കെത്തും നാം.

സെൽഫ് ഡ്രൈവിങ് കാറുകൾ

സ്വയം ഓടിക്കുന്ന വാഹനങ്ങളാകും ഭാവി എന്നതു പഴഞ്ചൊല്ലായി മാറിയിട്ടുണ്ട്. ടെസ്‌ല എക്സ് എന്ന ഓട്ടോപൈലറ്റ് വാഹനത്തിൽ സഞ്ചരിച്ച അനുഭവം അടുത്ത പേജുകളിലുണ്ട്. ഇത്തരം കാറുകൾ ആകും നിങ്ങളുടെ പങ്കാളി. ഡ്രൈവ് ചെയ്യുക മാത്രമല്ല ഒരു പഴ്സനൽ അസിസ്റ്റന്റിന്റെ ജോലി കൂടി ചെയ്യാൻ ഉതകുന്നവയായിരിക്കും ഭാവിയിലെ സെൽഫ് ഡ്രൈവിങ് കാറുകൾ. നിങ്ങൾ കാറിൽ കയറിയിരുന്നാൽ മാത്രം മതി. ഇന്നത്തെ പ്രോഗ്രാമുകൾ, ഷെഡ്യൂളുകൾ എല്ലാം തിരിച്ചറിഞ്ഞ് സ്വയം അവിടേക്ക് ഓടിച്ചെത്തി നിങ്ങളെ സഹായിക്കാൻ കാറുകൾക്കാകും.

future-of-electric-cars-1

ഇന്റർനെറ്റ് സേവനം

ടയർ തൊട്ട് ആന്റിനവരെ ഇന്റർനെറ്റുമായും സെൻസറുകളുമായും ബന്ധിപ്പിക്കപ്പെട്ട ഒരു ഇന്റർനെറ്റ് ഹബ് ആയിരിക്കും കാറുകൾ. റോൾസ് റോയ്സ് കാറുകളിൽ ഇപ്പോൾത്തന്നെ ഗൂഗിൾ മാപ്പ് വിശകലനം ചെയ്താണു യാത്ര.  ദൂരെ ഒരു വളവുണ്ടെങ്കിൽ അതിനനുസരിച്ച് സസ്പെൻഷനും സുരക്ഷാസംവിധാനങ്ങളും കാർ തനിയെ ക്രമീകരിക്കും. അത്തരം കാര്യങ്ങളിൽ ഇനി പുതുമയില്ലാതാകും. കാറും നിങ്ങളും  എല്ലായ്പോഴും ഇന്റർനെറ്റിന്റെ വലയിൽത്തന്നെയാകാനുള്ള കാലം വിദൂരമല്ല.

നിർമിത ബുദ്ധി

കാറുകളെ നിങ്ങളുടെ പഴ്സനൽ അസിസ്റ്റന്റ് ആക്കുന്ന വിദ്യ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് അഥവാ നിർമിതബുദ്ധി ചെയ്തോളും. റോഡിന്റെ ഇടത്തുചേർന്നൊരു സ്കൂൾ ബസ് നിർത്തിയിട്ടുണ്ട്. വലതുവശത്ത് ബസ്സിറങ്ങുന്ന കുട്ടിയെ കാത്ത് അമ്മ നിൽപ്പുണ്ട്. റോഡിൽ ആളില്ല. സാധാരണ സെൻസറുകളുടെയും മറ്റും സഹായത്താൽ ഓടുന്ന ഒരു കാറിൽ ആണു നിങ്ങൾ ഇരിക്കുന്നതെങ്കിൽ ആ കാർ ബസ്സിനെ മറികടന്നു മുന്നോട്ടുപോകും. പക്ഷേ, ഒരു മനുഷ്യനാണ് വണ്ടിയോടിക്കുന്നതെങ്കിൽ സ്കൂൾ ബസ്സിൽ നിന്നിറങ്ങിയ കുട്ടി തന്റെ അമ്മയുടെ അടുത്തേക്ക് എത്താൻ റോഡ് ക്രോസ് ചെയ്യുമെന്നു മനസ്സിലാക്കി വണ്ടി നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്യും. ഇതേ ബുദ്ധി കാറിനും ലഭിക്കുക എന്നതാണ്  നിർമിതബുദ്ധി (എഐ) കാറിൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാറുകളിൽ എഐ വിദ്യയുടെ പ്രസരത്തിനു കാതോർക്കാം. ചക്രമുള്ള റോബട്ടു

കൾ എന്ന് അത്തരം വാഹനങ്ങളെ വിളിക്കാം. ശക്തിയേറിയ കംപ്യൂട്ടറുകൾ, സെൻസറുകൾ, റഡാറുകൾ, ക്യാമറകൾ എന്നിവയാണ് ഇതിലടങ്ങിയിരിക്കുക. ചുറ്റുപാടുമുള്ള ചെറുചലനം പോലും നിരീക്ഷിച്ച് വിശകലനം ചെയ്ത് ഒരു ഡാറ്റാബേസ് നിർമിച്ചും അവ കൈമാറിയും എഐ സംവിധാനം പ്രവർത്തിക്കും. ഇതേപോലുള്ള പതിനായിരക്കണക്കിന് സംഭവങ്ങൾ വിശകലനം ചെയ്ത് സെക്കൻഡിന്റെ ചെറിയ അംശത്തിനുള്ളിൽ തീരുമാനമെടുക്കാനുള്ള ശേഷി ഈ കാറുകൾക്കുണ്ടാകും. അപകടങ്ങളുടെ  90 ശതമാനം കാരണവും മനുഷ്യന്റെ തീരുമാനത്തിലെ പാളിച്ചയാണെന്നാണു പഠനങ്ങൾ പറയുന്നത്. ഈ അവസ്ഥ കുറയ്ക്കാനാകും. ബോഷ് കമ്പനി തങ്ങളുടെ എഐ അടങ്ങുന്ന ബ്രേക്കിങ് സിസ്റ്റത്തിന്റെ ശേഷിയെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്– നിർമിതബുദ്ധി ഉപയോഗിക്കുന്ന കാറിൽ  192 മില്ലിസെക്കൻഡിനുള്ളിൽ കാറിന്റെ മുഴുവൻ ബ്രേക്കിങ് ശേഷിയും പ്രവർത്തനസജ്ജമാകും. കണ്ണൊന്നു ചിമ്മുന്നതിനുള്ള സമയം മതിയാകുമെന്നർഥം.

ഇലക്ട്രിക് കാറുകൾ

2030 ൽ  ഫ്രാൻസ് ഇലക്ട്രിക് കാറുകളിലേക്കു മാറും. ഇന്ത്യയും തങ്ങളുടെ ഇ–വാഹനനയം പ്രഖ്യാപിച്ചു കഴിഞ്ഞു. സൗരോർജത്തിൽ അധിഷ്ഠിതമായ ഇലക്ട്രിക് കാറുകളായിരിക്കും ഭാവിയിൽ. ഇപ്പോൾ താപോർജനിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയാണ് ഇലക്ട്രിക് കാറുകൾക്കും ഉപയോഗിക്കുന്നത്.

ഇന്ധനപമ്പുകൾ

അതിവേഗ ചാർജിങ് സ്റ്റേഷനുകൾക്കായി ഇപ്പോഴത്തെ പെട്രോൾ പമ്പുകൾ വഴിമാറും. ഇലക്ട്രിക് വാഹനങ്ങളിൽ ഇപ്പോൾതന്നെ മാറ്റി വയ്ക്കാവുന്ന ബാറ്ററികൾ വന്നു തുടങ്ങി. ഫുൾ ചാർജ് ഉള്ള ബാറ്ററികൾ വാടകയ്ക്ക് എന്നെഴുതിയ ബോർഡുകൾ ഇനി കാണും. നിങ്ങളുടെ വാഹനത്തിന്റെ ബാറ്ററി തീർന്നു എന്നിരിക്കട്ടെ, അതേ കമ്പനിയുടെ ഔട്ട് ലെറ്റിൽനിന്ന് ഫുൾ ചാർജ് ബാറ്ററി കിട്ടും. ബാറ്ററിയുടെ വാടക നൽകി മാറ്റിവച്ച് യാത്ര തുടരാം.  

 ചില പ്രേത സിനിമകളിൽ പ്രതികാരം ചെയ്യുന്ന കാറുകളെ കണ്ടിട്ടില്ലേ? വില്ലൻ കാറിൽ കയറുമ്പോൾ വിൻഡോസ് ഓട്ടമാറ്റിക് ആയി ലോക്ക് ആകും. തനിയെ സ്റ്റാർട്ട് ആയി സ്റ്റിയറിങ് തിരിച്ച് തീക്കണ്ണു തുറന്ന് ആക്സിലറേറ്റർ തനിയേ അമർന്ന് നായകന്റെ അടുത്തേക്ക് വില്ലനെ ഒരു പരിക്കും കൂടാതെ എത്തിക്കുന്ന അത്തരം കാറുകൾ ഇനി പ്രേതസിനിമയിൽ മാത്രമല്ല വിലസുക എന്ന് ഇന്നു നമുക്കറിയാം. ഭാവിയുടെ കാറുകളിൽ ആധുനികതയുടെ ‘പ്രേതബാധ’ ആസ്വദിക്കുന്നവരായി നമ്മൾ മാറും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA