ADVERTISEMENT

എയർപോർട്ടുകൾ ആവശ്യമില്ലാത്ത ചെറുവിമാനങ്ങൾ യാത്രാവിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ്– വാഷിങ്ടൺ ഡിസിയിൽ നടന്ന ഊബർ എലിവേറ്റ് ഉച്ചകോടിയിൽ മലയാള മനോരമയെ പ്രതിനിധീകരിച്ച സീനിയർ അസിസ്റ്റന്റ് എഡിറ്റർ ജോൺ കക്കാട് തയാറാക്കിയ റിപ്പോർട്ട്

സത്യൻ അന്തിക്കാടിന്റെ നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ കുളപ്പുള്ളി ലീല അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. ‘‘നമ്മുടെ വീട്ടിൽ പെട്ടെന്നു കുറെ വിരുന്നുകാരു കയറി വരുന്നു. നോക്കുമ്പോ മീനില്ല, പച്ചക്കറിയില്ല. പത്തു കിലോമീറ്റർ അകലെയുള്ള മേലത്തങ്ങാടിയിൽ പോണം. ഒരു മിനിറ്റുകൊണ്ട് അങ്ങോട്ട് ഒരു മിനിറ്റുകൊണ്ട് ഇങ്ങോട്ട്. ആകെക്കൂടി അഞ്ചുമിനിറ്റുകൊണ്ട് സാധനം വാങ്ങി വീട്ടിലെത്താം .’’ നാട്ടിൽ വിമാനത്താവളം വരുന്നതുകൊണ്ടുള്ള ഗുണം വിവരിക്കുകയാണ് ശാരദ എന്ന കഥാപാത്രം ഇവിടെ. നാട്ടുമ്പുറംകാരിയായ വീട്ടമ്മയുടെ അജ്ഞതയിൽ തിയറ്റർ മുഴുവൻ ചിരിച്ചു മറിഞ്ഞു. 

എന്നാൽ ആ സങ്കൽപം യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്. നമുക്കിഷ്ടമുള്ള സ്ഥലത്തുനിന്ന് എവിടേക്കുവേണമെങ്കിലും വിമാനത്തിൽ പറക്കാവുന്ന യുഗം പിറക്കുന്നു. നിലവിലുള്ളതുപോലെയുള്ള വിമാനത്താവളങ്ങളുടെ ആവശ്യമില്ല. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചെറുവിമാനങ്ങളാവും ഇനി നഗരങ്ങളിലൂടെ യാത്രക്കാരുമായി പറക്കുക. നീണ്ടുകിടക്കുന്ന വാഹനവ്യൂഹത്തിൽനിന്നു പുറത്തുകടക്കാൻ കാത്തുകെട്ടിക്കിടക്കേണ്ടതില്ല. കൃത്യസമയത്ത് ഓഫിസിലോ മീറ്റിങ്ങുകൾക്കോ എത്തിച്ചേരാം. പ്രശസ്ത ഓൺലൈൻ ടാക്സി സർവീസായ ഊബർ നടപ്പാക്കുന്ന എയർ ടാക്സികളാണ് യാത്രാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്നത്. ഒരുതവണ ചാർജ് ചെയ്തുകഴിഞ്ഞാൽ 240 കിലോമീറ്റർ നിർത്താതെ പറക്കാൻ കഴിയുന്നവയാണ് ഈ വിമാനങ്ങൾ. 2023 ൽ തുടക്കം കുറിക്കാൻ കഴിയുംവിധമാണ് കാര്യങ്ങൾ മുന്നേറുന്നത്. അടുത്ത വർഷം മുതൽ പരീക്ഷണപ്പറക്കലുകൾ തുടങ്ങും. 

ഊബർ എലിവേറ്റ് എന്നാണ് പുതിയ സംരംഭത്തിനു പേര്. ലോകമെമ്പാടുമുള്ള വിദഗ്ധരെയും സംരംഭകരെയും വിളിച്ചു ചേർത്ത് യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിൽ നടത്തിയ ഉച്ചകോടിയിൽ ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ഉച്ചകോടിയിൽ പങ്കെടുത്ത്, പറക്കുന്ന ടാക്സികൾക്കു പിന്തുണ അറിയിച്ചത് അമേരിക്കയിലെ ഗതാഗത സെക്രട്ടറി എലയ്ൻ ഷാവോ ഉൾപ്പെടെയുള്ളവരാണ്. കൂടാതെ സെനറ്റർമാരും, നാസ, യുഎസ് സൈന്യം എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. ഭാവി ഗതാഗത സംവിധാനത്തിൽ ന്യൂജെൻ പരിഷ്കാരങ്ങൾ കടന്നുകയറുകയാണ്. അതിന്റെ ഭാഗമാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനങ്ങളുടെ കടന്നുവരവും. ഡ്രൈവറില്ലാ ടാക്സി കാറുകൾ ഉടൻ ഊബർ നിരത്തിലെത്തിക്കും. വോൾ‌വോയുമായി ചേർന്നാണ് 

ഈ സംരംഭം. eVITOL( ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്– ഓഫ് ആൻഡ് ലാൻഡിങ്) എന്നറിയപ്പെടുന്ന വിമാനങ്ങൾ ലോകോത്തര വിമാന നിർമാണ കമ്പനികൾതന്നെയാണ് പുറത്തിറക്കുന്നത്. ഒറോറ (ബോയിങ്), എംബ്രയർ, കരേം എയർക്രാഫ്റ്റ്, പിപിസ്ട്രെൽ വെർട്ടിക്കൽ സൊല്യൂഷൻസ്, പ്രമുഖ ഹെലികോപ്റ്റർ നിർമാതാക്കളായ ബെൽ എന്നീ കമ്പനികളാണ് ഊബറിന്റെ എയർടാക്സി ലോകത്തിനു ചെറുവിമാനങ്ങളെ സമ്മാനിക്കുക. നാലുപേർക്കിരിക്കാവുന്നവയാണ് വിമാനങ്ങൾ.

ഉച്ചകോടിയിൽ പുതിയ വിമാനത്തിന്റെ പൂർണ മാതൃക പ്രദർശിപ്പിച്ചിരുന്നു. കൂടാതെ ഓരോ വിമാന കമ്പനികളും പുറത്തിറക്കുന്ന വിമാനങ്ങളുടെ ചെറുപതിപ്പുകളും ഉച്ചകോടി നടന്ന റൊണാൾഡ് റീഗൻ ബിൽഡിങ്ങിൽ പ്രദർശനത്തിനു വച്ചിട്ടുണ്ടായിരുന്നു. കെട്ടിടങ്ങൾക്കു മുകളിലൂടെ ഊളിയിട്ട് നഗരത്തിരക്കുകൾക്കു മുകളിലൂടെ പറക്കുന്ന അനുഭവം പകരുന്ന എയർടാക്സി യാത്ര യാഥാർഥ്യത്തിന്റെ മുനമ്പിലെത്തിക്കുംവിധം വെർച്വൽ റിയാലിറ്റി സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ഷെയർ ടാക്സിയായി നഗരങ്ങളിൽ സർവീസ് നടത്താനാണ് തീരുമാനം. അമേരിക്കയിലെ ലൊസാഞ്ചലസ്, ഡാലസ് എന്നിവിടങ്ങളിൽ ആരംഭിക്കുന്ന എയർ ടാക്സി. അമേരിക്കയ്ക്കു പുറത്ത് ആദ്യം ആരംഭിക്കുന്ന നഗരം ഓസ്ട്രേലിയയിലെ മെൽബണാണ്. 2020ൽ ഈ നഗരങ്ങളിൽ പരീക്ഷണപ്പറക്കലുകൾ തുടങ്ങും. 2023ൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. 

ഗതാഗതക്കുരുക്കുകൾ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പരിഹരിക്കപ്പെടാത്ത പ്രശ്നമായി തുടരുമ്പോഴാണ് ഒറ്റയടിക്ക് ഇവ ഒഴിവാക്കാൻ എയർടാക്സികളുടെ വരവ്. വൈദ്യുതിയിൽ പറക്കുന്നതായതിനാൽ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രശ്നവുമില്ല. മണ്ണിലും വിണ്ണിലും വൈദ്യുതി വാഹനങ്ങൾ തരംഗം സൃഷ്ടിക്കുമ്പോൾ വാഹനങ്ങൾവഴിയുള്ള മലിനീകരണത്തോത് കുറഞ്ഞുകിട്ടും. അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ, യുഎസ് സൈന്യത്തിന്റെ റിസർച്ച് ആൻഡ് എൻജിനീയറിങ് കമാൻഡ് തുടങ്ങിയ സ്ഥാപനങ്ങളുമായും ഊബർ കരാറിലേർപ്പെട്ടിട്ടുണ്ട്. 

സ്കൈപോർട് 

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക രീതിയിൽ രൂപകൽപനചെയ്ത വിമാനത്താവളങ്ങൾ നിർമിച്ച് അവിടെനിന്നാണ് എയർടാക്സി പ്രവർത്തിപ്പിക്കുക. സ്കൈപോർട് എന്നു പേരിട്ടിരിക്കുന്ന ഈ വിമാനത്താവളങ്ങൾ ബഹുനില മന്ദിരങ്ങളായിരിക്കും. ഷോപ്പിങ് മാളുകളും ഫുഡ്കോർട്ടുകളും അടങ്ങിയ കെട്ടിടസമുച്ചയത്തിന്റെ ടെറസിലാണ് വിമാനങ്ങൾ പറന്നിറങ്ങുക. ഒട്ടേറെ ചെറു‌വിമാനങ്ങൾക്ക് ഒരേസമയം പറന്നിറങ്ങാനും പാർക്ക് ചെയ്യാനും സൗകര്യമുണ്ടാകും. ബാറ്ററികൾ റീചാർജ് ചെയ്യാനും സൗകര്യങ്ങളുണ്ട്. സ്കൈപോർട് നിർമാണത്തിനായി ആഗോള റിയൽ എസ്റ്റേറ്റ്, ലൈഫ്സ്റ്റൈൽ ഭീമനായ റിലേറ്റഡ് എന്ന കമ്പനിയുമായി കൈകോർക്കുന്നു. ന്യൂയോർക്ക് ആസ്ഥാനമായ റിലേറ്റഡിന് ലോകമെമ്പാടും ഓഫിസുകളും പ്രോജക്ടുകളുമുണ്ട്.ഊബർ എലിവേറ്റിന്റെ സ്കൈപോർട് ഗ്രൗണ്ട് പ്രവർത്തനങ്ങൾക്കായി സിഗ്നേച്ചർ എന്ന കമ്പനിയുമായാണ് കരാർ. 

ഭാവിയിൽ പൈലറ്റില്ലാ വിമാനങ്ങൾ 

ഏറ്റവും കുറഞ്ഞ ചെലവിൽ പരമാവധി സൗകര്യം എന്നതാണ് എ‌യർടാക്സി ലക്ഷ്യം. യാത്രാസുഖം, സുരക്ഷിതത്വം എന്നിവ അടിസ്ഥാനപ്രമാണമായി സ്വീകരിച്ചുള്ള രൂപകൽപനയാണ് eVITOL വിമാനങ്ങൾക്ക് നിർമാണ കമ്പനികൾ സ്വീകരിച്ചിരിക്കുന്നത്. നിലവിൽ പൈലറ്റ് നിയന്ത്രിത വിമാനങ്ങൾ ഘട്ടംഘട്ടമായി പൂർണമായും ഓട്ടമേറ്റഡ് ആക്കി മാറ്റും. അതിനുള്ള സംവിധാനങ്ങൾ ഇപ്പോൾത്തന്നെ പുറത്തിറക്കുന്ന വിമാനങ്ങളിലുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com