ADVERTISEMENT

കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കിലോ മീറ്റേഴ്സ് ആൻഡ്  കിലോ മീറ്റേഴ്സ് ദൂരത്തിലെത്തും, കൂർത്ത മുള്ളുകൾക്കു മീതെ  പാഞ്ഞാൽ പോലും പങ്ചറാവില്ല, എതിരെ വില്ലൻ വന്നാൽ മുന്നിലെ നമ്പർ പ്ലേറ്റ് തുളച്ച് വെടിയുണ്ടകൾ പായും, ഇനി എതിരെ ഒരു കണ്ടെയ്നർ ലോറിയാണു വരുന്നതെങ്കിൽ കാർ ചിലപ്പോൾ തലകുത്തി മറിയും അല്ലെങ്കിൽ കണ്ടെയ്നറും കടന്നു പറക്കും..അതിനിടെ അടിതെറ്റി കൊക്കയിലേക്കു വീണാൽ കാറിനു മുകളിൽ ഒരു പാരച്യൂട്ട് പ്രത്യക്ഷപ്പെടും. അങ്ങിനെ കാറ്റിലേറി പോയിപ്പോയി വല്ല കടലിലും വീണാലോ? കാറൊരു ബോട്ടായി മാറും. അപ്പോഴുണ്ട് വില്ലന്മാർ കപ്പലിൽ വരുന്നു. നേരെ വെള്ളത്തിനടിയിലേക്കൊരു പോക്കാണ്. അതോടെ സംഗതി മുങ്ങിക്കപ്പലായി. ഒരു മിസൈലു കൂടി വെള്ളത്തിനടിയിലൂടെ വിട്ട് കപ്പൽ തവിടുപൊടിയാക്കുന്നതോടെ സകലവില്ലന്മാരും ടമാർ പടാർ ക്ലോസ്. ഇങ്ങിനെയൊരു വണ്ടി ആർക്കുണ്ടാകും? സംശയമെന്താ ദൈവത്തിനു മാത്രമുണ്ടാകും. ദൈവത്തിനു മാത്രമാണ് ഇത്തരമൊരു കാറിനവകാശമെങ്കിൽ ജയിംസ് ബോണ്ട് ഭൂമിയിലെ ദൈവമാണ്. 

aston-martin-db5-1
Aston Marin DB 5

സൂപ്പർ സ്പൈ ജെയിംസ്ബോണ്ടിന്റെ വാഹനമേതെന്ന് ചോദിച്ചാൽ ഏതൊരു സിനിമാ പ്രേമിയും കണ്ണടച്ചു പറയും ആസ്റ്റൺ മാർ‌ട്ടിൻ. എന്തുകൊണ്ടാണ് റോൾസ് റോയ്സ് ഫാന്റമോ അല്ലെങ്കിൽ ഫെറാരിയോ ലംബോര്‍ഗിനെയോ ഒന്നും ഒരു ബോണ്ട് കാറാകാത്തത്. അതിന് ഒരു കാരണമുണ്ട്.

ജയിംസ് ബോണ്ടിന്റെ സൃഷ്ടാവ് ഇയാൻ ഫ്ലെമിങ്ങിന്റെ സങ്കൽപ്പത്തിലെപ്പോലും 007ന്‍ ഡ്രൈവ് ചെയ്തിരുന്നത് ഒരു ബെന്റ്ലി കൺവെർട്ടിബിളാണ്. പിന്നെ എന്താണ് ആസ്റ്റൺ മാർട്ടിൻ അതിന്റെ ഉത്തരം സിനിമ ഒരു ബിസിനസാണെന്നത് കൂടിയാണ്. പലപ്പോഴും വാഹനപ്രേമികളുടെ ഹരമാണ് നായകകഥാപാത്രങ്ങളുപയോഗിക്കുന്ന കാറുകൾ. വാഹനങ്ങൾ കാണാൻ വേണ്ടി ഇത്തരം സിനിമകൾ കാണാൻ പോകുന്നവർ പോലുമുണ്ട്.

aston-martin-v8-vantage
Aston Marin V8 Vantage

ആൽപൈൻ മുതൽ  ആസ്റ്റൺ മാർട്ടിൻ വരെ

ആദ്യ ചിത്രമായ 'ഡോ. നോ'യിൽ ആസ്റ്റൺ മാർട്ടിനായുരുന്നില്ല ബോണ്ട് കാർ പിന്നെയോ ഒരു സൺബീം ആൽപൈൻ കൺവെർട്ടിബിളായിരുന്നു. ‘ഡോ.നോ’ സിനിമയിൽ പേരു പോലെ തന്നെ അത്ഭുത സംവിധാനങ്ങളും ഗാഡ്ജറ്റുകളും നിറച്ച കിടിലൻ ബോണ്ട് കാറുകളോടും ശരിക്കും നോ പറയുന്ന അവസ്ഥയായിരുന്നു. ബോണ്ട് താരം സീൻ കോണറിയ്ക്ക് ആ ചിത്രത്തിൽ ആകെ ഓടിക്കാൻ കിട്ടിയത് ആൽപൈൻ സൺബീമിന്റെ സെക്കൻഡ് സീരീസിലെ  ഒരു കൺവേർട്ടിബിൾ മോഡൽ. അതാകട്ടെ പലപ്പോഴും ബോണ്ടിന് ഓടിക്കേണ്ടിയും വന്നില്ല. സ്റ്റുഡിയോയിലിരുന്ന് ചുമ്മാ ഓടിക്കുന്നതായി കാട്ടി പിന്നെ എഡിറ്റിങ് വഴി വെട്ടിക്കേറ്റുന്ന ഏർപ്പാടായിരുന്നു. അതിനു ശേഷം 1963ലിറങ്ങിയ ‘ഫ്രം റഷ്യ വിത് ലവ്’  ചിത്രത്തിൽ സാധാരണ ഒരു ബെന്റ്ലി മാർക് ഫോറായിരുന്നു ഉപയോഗിച്ചത്, പക്ഷേ ഈ ബോണ്ട് കാറുകളൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല.

aston-martin-dbs
Aston Marin DB S

എന്നാൽ 1964 ൽ പുറത്തിറങ്ങിയ മൂന്നാം ചിത്രം ഗോഡ്‌ഫിംചർ മുതൽ കാണികളുടെ കണ്ണിലും മനസ്സിലും മറ്റൊരു വാഹനത്തിന്റെ രൂപം പതിയാൻ തുടങ്ങി. സിനിമാ ചരിത്രത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട വാഹനം. പക്ഷേ കാലം കടന്നുപോയപ്പോൾ ആസ്റ്റൺ മാർട്ടിനനല്ലാതെ മറ്റൊരു വാഹനം ബോണ്ടിന് സങ്കൽപ്പിക്കാനാകില്ലെന്ന നിലയിലായി കാര്യങ്ങൾ.മൂന്നാം ചിത്രത്തിലും തയ്യാറാക്കിയ ബോണ്ട് കാർ ആസ്റ്റൺ മാർട്ടിന്‍ മാർക്ക് 3 ആണ് പക്ഷേ ഏറ്റവും പുതിയതും മികച്ചതും ഉൾപ്പെടുത്തണമെന്ന നിർമ്മാതാക്കളുടെ നിർബന്ധമാണ് ഷൂട്ടിങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് നിർമ്മിച്ച ഡിബി5നെ ഉൾപ്പെടുത്തിയത്.പിന്നെ ലോകം കണ്ടത് ബോണ്ടിനൊപ്പം നായക പദവിയിലേക്ക് ഒരു വാഹനവും വരുന്നതാണ്. 1965ലിറങ്ങിയ തണ്ടർ ബോളിലും ആസ്റ്റൺ മാർട്ടിൻ ഡിബി 5 ആയിരുന്നു ബോണ്ടിന്റെ വണ്ടി. ലക്ഷണമൊത്ത ആദ്യ ബോണ്ട് വാഹനമെന്നു തന്നെ ഡിബി ഫൈവിനെ വിളിക്കാം. 

മെഷീൻ ഗണ്ണും തോക്കും ബോംബും പുകപടലവുമൊക്കെയായി ശത്രുക്കൾക്കെതിരെ ഡിബി5ഉം നിറഞ്ഞാടി. തണ്ടർ ബോൾട്ടിലും (1965) പിന്നീട് വന്ന ഗോൾഡൻഐ (1995), ടുമാറോ നെവർ ഡൈസ്(1997), കാസിനോ റോയല്‍ (2006), സ്കൈഫാൾ (2012) എന്നിവയിലെല്ലാം ഡിബി 5എത്തി. 2002ലിറങ്ങിയ ഡൈ അനദര്‍ ഡേയിലാണ് അദൃശ്യനാകുന്ന സൂപ്പർ കാര്‍ വന്നത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷായിരുന്നു അത്. വാഹനത്തിന്റെ മോഡലുകൾ വൻ തോതിൽ വിൽക്കപ്പെട്ടു.

aston-martin

ഏതായാലും ആസ്റ്റൺ മാർട്ടിൻ എന്ന കമ്പനിക്ക് ജെയിംസ്ബോണ്ട് സിനിമകളെപ്പോലെതന്നെ ലോകമെമ്പാടും സ്വീകാര്യത ലഭിച്ചു. ഏതായാലും ബോഡ് കാറിന്റെ പ്രശസ്തിയോടെ സിനിമകളിലൂടെ ഒരു പ്രോഡക്ട് അവതരിപ്പിക്കുന്ന രീതിക്ക് അതോടെ പ്രചാരം കൂടി. ഓട്ടോമോട്ടീവ് കമ്പനികളെല്ലാം തങ്ങളുടെ വാഹനങ്ങൾ പുതിയ ചിതങ്ങളിലൂടെ ശ്രദ്ധാകേന്ദ്രമായി മാറണമെന്ന ബിസിനസ് മോഡലിന്റെ ആരാധകരായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com