sections
MORE

ആൽക്കഹോൾ ടെസ്റ്റിൽ പരാജയപ്പെട്ട് വിമാന ജീവനക്കാർ: പൈലറ്റ് മദ്യപിച്ചാൽ പിടികൂടുന്നതാര്? എന്താണ് നിയമം?

pilot
Representative Image
SHARE

ചെറിയൊരു പിഴവ് മതി വലിയ അപകടങ്ങളുണ്ടാക്കാൻ. നൂറും ഇരുന്നൂറും യാത്രക്കാർ കയറുന്ന വിമാനങ്ങളിൽ അത്തരത്തിലൊരു മാനുഷിക പിഴവ് വരാതിരിക്കാൻ വലിയ മുൻ കരുതലുകളാണ് എടുക്കുക. പൈലറ്റുമാർ മുതൽ വിമാനത്തിന്റെ ഗ്രൗണ്ട് സ്റ്റാഫുകൾ വരെ ആൽക്കഹോൾ ടെസ്റ്റിൽ പാസായാൽ മാത്രമേ ജോലി ചെയ്യാൻ സാധിക്കൂവെന്നത് അതിൽ പ്രധാനമാണ്. എന്നാൽ ഈ ടെസ്റ്റിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സെപ്റ്റംബർ 15 ശേഷം മാത്രം പിടിക്കപ്പെട്ട 16 ജീവനക്കാർ. മൂന്നു മാസത്തേക്ക് ഇവരെ സസ്പെൻഡ് ചെയ്തു എന്നാണ് ഡിജിസിഎ പറയുന്നത്.

പൈലറ്റുമാർ മദ്യപിക്കരുത് 

യാത്രക്കാരുടെയും സഹജീവനക്കാരുടെയും ജീവൻ കൈവശം വച്ചാണ് ഓരോ പൈലറ്റിന്‍റെയും കൃത്യനിർവഹണമെന്നതു കൊണ്ടുതന്നെ ജോലിക്കു മുൻപുള്ള മദ്യപാനത്തെക്കുറിച്ച് കൃത്യമായ വ്യവസ്ഥകളുണ്ട്. രാജ്യങ്ങൾക്കനുസരിച്ച് വ്യവസ്ഥകളിൽ ചെറിയ വ്യതിയാനങ്ങൾ കാണുമെങ്കിലും ഏറെക്കുറെ സമാനമായ, കർശന ചട്ടമാണ് നിലവിലുള്ളത്.

പൈലറ്റിന്‍റെ മദ്യപാനം സുരക്ഷിത യാത്രയെ എങ്ങനെ ബാധിക്കും?

ഒരു പൈലറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമായ മസ്തിഷ്കം, കണ്ണുകൾ, ഉൾചെവി എന്നീ ഭാഗങ്ങളിലാണ് മദ്യപാനത്തിന്‍റെ അനന്തര ഫലങ്ങള്‍ ഏറ്റവും കൂടുതൽ പ്രകടമാകുകയെന്ന് യുഎസ് ഫെഡറൽ‌ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പറയുന്നു. ഓർമ, ചിന്താശേഷി, തീരുമാനം എടുക്കാനുള്ള കഴിവ്, പ്രതികരണ സമയം എന്നീ ഘടകങ്ങളെയാണ് മസ്തിഷകത്തിലെ തളർച്ച ബാധിക്കുക. ഇരട്ടക്കാഴ്ചയിലേക്കും ശ്രദ്ധ പതറുന്നതിലേക്കും നയിക്കുന്ന രീതിയിൽ പേശികളും കണ്ണും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് കാഴ്ച സംബന്ധമായി ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പ്രധാന ലക്ഷണം. തളർച്ച, കേള്‍വിക്കുറവ് എന്നിവ ഉൾചെവിയുടെ പ്രശ്നങ്ങളുടെ ഭാഗമായി സംഭവിക്കുമെന്നും എഫ്എഎ വ്യക്തമാക്കുന്നു.

എന്താണ് നിയമം?

വിവിധ രാജ്യങ്ങളിൽ നിയമം വിവിധതരത്തിലാണ്. മദ്യപാനത്തിനു ശേഷം ഡ്യൂട്ടി ആരംഭിക്കുന്നതിന് ഒരു നിശ്ചിത ഇടവേള പതിവായി നിഷ്കർഷിക്കാറുണ്ട്. മിക്ക രാജ്യങ്ങളിലും ഇതു എട്ടു മണിക്കൂറാണ്. ബോട്ടിൽ ടു ത്രോട്ടിൽ സമയമെന്നാണ് ഈ ഇടവേളയെ വിശേഷിപ്പിക്കാറുള്ളത്. കൂടാതെ, നിയമാനുസൃതം രക്തത്തിലുണ്ടാകാവുന്ന പരമാവധി ആൾക്കഹോൾ അളവിനെക്കാൾ കുറഞ്ഞ ഒരു പരിധിയാണ് വിമാനം പറത്തുമ്പോൾ പൈലറ്റിനുണ്ടാവേണ്ടതെന്ന് മിക്ക രാജ്യങ്ങളും നിഷ്കർഷിക്കാറുണ്ട്.

ഇന്ത്യയിലെ നിയമം

ഡ്യൂട്ടി ആരംഭിക്കുന്നതിന് 12 മണിക്കൂർ മുൻപോ ജോലിക്കിടയിലോ പൈലറ്റോ മറ്റു വിമാന ജീവനക്കാരോ മദ്യമോ മയക്കുമരുന്നോ ഉത്തേജക മരുന്നുകളോ കഴിക്കരുതെന്നാണ് വ്യോമയാന നിയമത്തിലെ വകുപ്പ് 24 വ്യക്തമാക്കുന്നത്. രക്തത്തിൽ പരിധിയിൽ കൂടുതൽ അളവിൽ ആൾക്കഹോൾ സാന്നിധ്യമുള്ള ഒരു വ്യക്തിയും വിമാനത്തിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും നിയമം അനുശാസിക്കുന്നു. ഇന്ത്യയിൽനിന്ന് സർവീസ് ആരംഭിക്കുന്നതും വിദേശത്തുനിന്ന് ഇന്ത്യയിലേക്കു സർവീസ് നടത്തുന്നതുമായ വിമാനങ്ങളിലെ നൂറു ശതമാനം ഫ്ലൈറ്റ് ക്രൂ അംഗങ്ങളും ക്യാബിൻ ക്രൂ അംഗങ്ങളും ഡ്യൂട്ടി ആരംഭിക്കുന്നതിനു മുൻപ് മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധന(പിഎഫ്എംസി)ക്ക് വിധേയരാകണമെന്നാണ് ചട്ടം. ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്ക് ഇതു ദിവസേന എന്ന നിലയിലും ഷെഡ്യൂള്‍ ഇല്ലാത്ത ഓപ്പറേറ്റർമാർ 15 ദിവസത്തിനകവുമാണ് പിഎഫ്എംസി പരിശോധനയ്ക്കു വിധേയരാകേണ്ടത്. എല്ലാ ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാകണം. ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർ അല്ലാത്തവർ, പരിശോധനക്ക് അടിസ്ഥാന സൗകര്യമുള്ള സ്ഥലങ്ങളിൽ 60 ശതമാനം ഫ്ലൈറ്റ് ക്രൂ അംഗങ്ങളെയും ക്യാബിൻ ക്രൂ അംഗങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധനാ സൗകര്യമില്ലെങ്കിൽ ഡ്യൂട്ടിക്കു ശേഷം പരിശോധനയാകാമെന്നും ചട്ടം പറയുന്നു.

കൂടാതെ, ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഐ)ന്റെ കീഴിൽ വരുന്ന എയർ സേഫ്റ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് ക്രൂ അംഗങ്ങളെ ജോലിക്കു മുൻപോ ശേഷമോ ഏതുസമയത്തും ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള അധികാരമുണ്ട്. (2009 നവംബർ 13ന് ഡിജിസിഎ പുറത്തിറക്കിയ സിവിൽ ഏവിയേഷൻ നിബന്ധനകളിൽ നിന്ന്)

നിയമം തെറ്റിക്കുന്ന പൈലറ്റുമാരെ കണ്ടെത്തുന്നത്

മിക്ക അവസരങ്ങളിലും ഗ്രൗണ്ട് സ്റ്റാഫോ കാബിൻ ക്രൂവിന്റെ ഭാഗമായ മറ്റു സഹപ്രവർത്തകരോ ആണ് മദ്യപിച്ച് ജോലിക്കെത്തുന്നവർക്കു കുരുക്കൊരുക്കുന്നത്. ഡ്യൂട്ടിക്കെത്തിയ സഹപ്രവർത്തകൻ മദ്യപിച്ചിട്ടുണ്ടെന്നു സംശയം തോന്നിയാൽ ഇവർ ആ വ്യക്തിയെ തടയുകയോ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയോ ആണ് പതിവ്. കാബിൻ ക്രൂ ഉൾപ്പെടെയുള്ള ജീവനക്കാരെ ഇടവേളകളിൽ മുന്നറിയിപ്പില്ലാതെ മദ്യപാന, മയക്കുമരുന്ന് ഉപയോഗ സ്ഥിരീകരണ പരിശോധനകൾക്കു വിധേയരാക്കാറുണ്ട്. 2015 ൽ 150 യാത്രക്കാരെ വഹിച്ചിരുന്ന ജർമൻ വിങ്സ് വിമാനം ഫസ്റ്റ് ഓഫിസർ ബോധപൂർവ്വം ആൽപ്സ് പർവത നിരകളില്‍ ഇടിച്ചിറക്കിയതിനു ശേഷം ഇത്തരം പരിശോധനകൾ നിർബന്ധമാക്കണമെന്ന് യൂറോപ്പിലെ സുരക്ഷാ റെഗുലേറ്റർമാർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത് തങ്ങളുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും പ്രത്യേകിച്ചു ഗുണമൊന്നും ഉണ്ടാകില്ലെന്നുമാണ് പൈലറ്റുമാരുടെ വാദം. 

വിമാന ജീവനക്കാർ മദ്യപിക്കുന്നതു നിരോധിച്ചു കൂടെ?

യാത്രയ്ക്കു മുൻപ് വിമാനം പ്രവര്‍ത്തനസജ്ജമാണോയെന്ന് ഉറപ്പുവരുത്താനുള്ള പരിശോധന പോലെതന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് മദ്യപാനികളെ ഒഴിവാക്കുന്നതെന്നും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറയുന്നു. യാത്രാപദ്ധതി തയാറാക്കൽ, എയർ ട്രാഫിക് കൺട്രോളിലെ നിർദേശങ്ങൾ അനുസരിക്കൽ, കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയവപോലെതന്നെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കാര്യമാണിത്. അവസാനമായി മദ്യപിച്ചതിന്‍റെ ഹാങ് ഓവർ മാറാൻ 48 മുതൽ 72 മണിക്കൂർ വരെയെടുക്കുമെന്നും എഫ്എഎ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗതവും താരതമ്യേന സുരക്ഷിതവുമായ മാർഗം, മദ്യപിച്ച് 24 മണിക്കൂർ കഴിയുന്നതുവരെ വിമാനം നിയന്ത്രിക്കാതിരിക്കുകയാണ്. തണുത്ത വെള്ളത്തിൽ കുളിച്ചതു കൊണ്ടോ കട്ടൻ കാപ്പി കുടിച്ചതു കൊണ്ടോ നൂറു ശതമാനം ശുദ്ധവായു ശ്വസിച്ചതു കൊണ്ടോ രക്തത്തിലെ ആൽക്കഹോളിന്റെ അള‍വു കുറയുമെന്നത് മിഥ്യാധാരണയാണ്. എട്ടു മണിക്കൂർ ഇടവേളക്കു ശേഷം വിമാനം പറത്താമെന്ന നിബന്ധന കൊണ്ട് ഈ സമയത്തിനുള്ളിൽ രക്തത്തിലെ ആൽക്കഹോൾ നിയന്ത്രിത അളവിനു താഴെയാകുമെന്നോ മികച്ച ആരോഗ്യ അവസ്ഥയിൽ എത്തിമെന്നോ അർഥമില്ലെന്നും എഫ്എഎ പൈലറ്റുമാരെ ഓർമപ്പെടുത്തുന്നു.

ഇതൊക്കെയാണെങ്കിലും പൈലറ്റ് എന്നത് സാമൂഹിക ഉത്തരവാദിത്തമുള്ളൊരു ജോലിയാണ്; ഭൂരിഭാഗം പൈലറ്റുമാരും തങ്ങളുടെ ഉത്തരവാദിത്തം പൂർണമായും മനസിലാക്കുന്നവരും. പരിപൂർണ നിരോധനം ഏർപ്പെടുത്തുന്നത് പൈലറ്റുമാരെ രഹസ്യ മദ്യപാനത്തിനു പ്രേരിപ്പിച്ചേക്കാം. കൂട്ടുകൂടുന്ന അവസരങ്ങളിലെ തുറന്ന മദ്യപാനത്തെക്കാൾ ആപൽക്കരമാകാം ഇത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA