ADVERTISEMENT

ബോയിങ്ങിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വിമാനമാണ് 737 മാക്സ്. ലോകമെങ്ങുമുള്ള നൂറിലേറെ വിമാനക്കമ്പനികൾ അയ്യായിരത്തിലേറെ വിമാനങ്ങൾക്കാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ഓർഡർ നൽകിയത്. എന്നാൽ ഈ സൂപ്പർഹിറ്റ് വിമാനം കമ്പനിക്ക് നൽകിയ തലവേദന ചെറുതല്ല. ബോയിങ്ങിന് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് 737 മാക്സ് ഉണ്ടാക്കിയത്. സാങ്കേതിക തകരാർ മൂലം ആറു മാസത്തിനിടെ ഇതേ മോഡൽ രണ്ടു വിമാനങ്ങളാണ് ടേക്ക് ഓഫിനിടെ തകർന്നു വീണത്. അതിൽ ഇന്തോനേഷ്യയിൽ ആദ്യ അപകടം നടന്നിട്ട് ഇന്ന് ഒരു വർഷം.

ലയൺ എയർ

ലോക വൈമാനിക ചരിത്രത്തിൽ ഇതിനെക്കാൾ ദാരുണമായ അപകടങ്ങൾ നടന്നിട്ടുണ്ടെങ്കിലും 5 മാസത്തിനിടെ ഒരേ തരത്തിലുള്ള രണ്ട് അപകടങ്ങൾ ബോയിങ്ങിനെ പ്രതിക്കൂട്ടിലാക്കി. ലയൺ എയർ വിമാനത്തിന്റെ അപകടമായിരുന്നു ആദ്യത്തേത്. 2018 ഒക്ടോബർ 29ന് ജക്കാർത്തയിൽ നിന്ന് ടേക് ഓഫ് ചെയ്ത് 12 മിനിറ്റിനകം വിമാനം ജാവ കടലിലേക്ക് കൂപ്പുകുത്തി. മാക്സ് 8ന്റെ ചരിത്രത്തിലെ ആദ്യ അപകടത്തിൽ യാത്രക്കാരും ജീവനക്കാരുമടക്കം 189 പേർ മരണപ്പെട്ടു. രണ്ടാമത്തെ അപകടം നടന്നത് 2019 മാർച്ച് 10ന്. ഇത്യോപ്യൻ എയർലൈൻസിന്റെ വിമാനം ടേക് ഓഫ് ചെയ്ത് എട്ടു മിനിറ്റിനകം നിലംപതിച്ചു. 149 യാത്രക്കാരും 8 ജീവനക്കാരുമടക്കം മരണം 157. ആദ്യ വിമാനത്തിന്റെ പഴക്കം മൂന്നുമാസമായിരുന്നുവെങ്കിൽ ഇത്യോപ്യൻ വിമാനത്തിനു 4 മാസം മാത്രം പഴക്കം.

ലയൺ എയർ വിമാനാപകടത്തെത്തുടർന്നു നടത്തിയ അന്വേഷണങ്ങളിൽ, വിമാനത്തിന്റെ ഓട്ടോമേഷൻ സംവിധാനങ്ങളിൽ തകരാറുകൾ കണ്ടെത്തിയിരുന്നു. അപകടത്തിന് 2 ദിവസംമുൻപ് വേഗം, ദിശ എന്നിവ കാണിക്കുന്ന ഏതാനും സെൻസറുകൾ ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നും ഇതേത്തുടർന്ന് ഇവ മാറ്റി സ്ഥാപിച്ചിരുന്നുവെങ്കിലും അവയും ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഓട്ടമാറ്റിക് നോസ് ഡൗൺ പ്രശ്നങ്ങളും എൻജിൻ പ്രശ്നങ്ങളും വിമാനം നേരിട്ടതായും കണ്ടെത്തി. ദുരന്തത്തിൽപ്പെട്ട ഇത്യോപ്യൻ എയർലൈൻസ് വിമാനത്തിന്റെ കാര്യത്തിലും ഓട്ടമേഷൻ സംവിധാനങ്ങളിലെ തകരാറു തന്നെയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേ തുടർന്ന് ലോക വ്യാപകമായി 737 മാക്സ് വിമാനങ്ങൾ പറക്കൽ നിർത്തി. ഇന്നും ബോയിങ്ങിന്റെ നിർമാണ ശാലയിൽ തകരാർ പരിഹരിക്കാനായി വിശ്രമിക്കുകയാണ് നിരവധി വിമാനങ്ങൾ.

ഇന്ധനക്ഷമത കൂടിയ 737 മാക്സ് 8

ബോയിങ്ങിന്റെ വിഖ്യാത 737 ന്റെ നാലാം തലമുറയാണ് 737 മാക്സ് 8. തുടർച്ചയായി 6570 കിലോമീറ്റർ വരെ പറക്കാൻ കഴിയും. രണ്ട് ക്ലാസ് സീറ്റുകളാണെങ്കിൽ 162 മുതൽ 178 വരെയും എല്ലാം ഇക്കോണമി സീറ്റുകളാണെങ്കിൽ 210 പേർക്കു വരെയും യാത്ര ചെയ്യാം. 129 അടി നീളവും 117 അടി ചിറകറ്റങ്ങൾക്കിടയിൽ വീതിയുമുണ്ട്. സിഎഫ്എം ഇന്റർനാഷണലിന്റെ 2 ലീപ്–1ബി എൻജിനുകളാണ് ഉപയോഗിക്കുന്നത്.

ബോയിങ് 737 മാക്സ് 8 ന്റെ  ആദ്യ പറക്കൽ നടന്നത് 2016ലാണ്. 2017 മലിന്ദോ എയറിന് ആദ്യ വിമാനം നൽകി. ആദ്യ കൊമേഷ്യൽ പറക്കൽ 2017 മെയ് 22 നായിരുന്നു. 2019 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഇതുവരെ 355 വിമാനങ്ങളാണ് നിർമിച്ചിട്ടുള്ളത്. ഇന്ധനക്ഷമതയും പ്രായോഗികതയുമാണ് ഈ വിമാനത്തിന്റെ പ്രത്യേകത. അതുതന്നെയാണ് ഈ വിമാനം സൂപ്പർ സ്റ്റാറാകാനുള്ള കാരണവും.

‌സാങ്കേതികവിദ്യ എന്ന വില്ലൻ

പറന്നുയരുന്നതിനിടെയാണ് ഇരു വിമാനങ്ങളും തകർന്നു വീണത്. എൻജിൻ തകരാർ ഉണ്ടായിരുന്നില്ല. വിമാനം പറന്നുയരുമ്പോൾ അപകടങ്ങൾ ഒഴിവാക്കാനായി ബോയിങ് ഉപയോഗിക്കുന്ന ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റമായ എംസിഎഎസ് എന്ന മനൂവറിങ് ക്യാരക്ടറെസ്റ്റിക്‌സ് ഓഗമെന്റേഷന്‍ സിസ്റ്റമാണ് (Maneuvering Characteristics Augmentation System) ഇവിടെ വില്ലനായത്.

വിമാനത്തിന്റെ കോക്പിറ്റിന് വെളിയിൽ ഇരുവശങ്ങളിലുമായിട്ടുള്ള സെൻസറുകളാണ് വിമാനം പറന്നുയരുമ്പോഴുള്ള ആംഗിൾ ഓഫ് അറ്റാക്ക് നിർണയിക്കുന്നത്. ആംഗിൾ ഓഫ് അറ്റാക്ക് 15 ഡിഗ്രിയില്‍ അധികമായാൽ വിമാനം അപകടത്തിലാകാൻ സാധ്യതയുണ്ട്. വിമാനത്തിന്റെ സെൻസറുകളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ വെച്ച് അപകടം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കില്‍ അതൊഴിവാക്കാനാണ് എംസിഎഎസ്. ആംഗിൾ ഓഫ് അറ്റാക്ക് അനുവദനീയമായതിലും കൂടുതലാണെങ്കിൽ വിമാനത്തിന്റെ  ഓട്ടോമേഷൻ സംവിധാനം നോസ്ഡൈവ് നടത്തും, അപകടത്തിൽ നിന്ന് രക്ഷിക്കുന്നതിനാണ് ഇത്.

ഈ സെൻസറുകളിൽ നിന്നു ലഭിച്ച തെറ്റായ വിവരമാണ് ലയണ്‍ വിമാനത്തിന്റെ അപകടത്തിന്റെ കാരണം എന്നാണ് കണക്കാക്കുന്നത്. ഈ സുരക്ഷാ സംവിധാനപ്രകാരം വിമാനത്തെ താഴ്ത്തുകയാണ് ചെയ്യുന്നത്. ഇനി അഥവാ ഓട്ടോപൈലറ്റ് മോഡിലല്ലെങ്കിലും ഓരോ 20 സെക്കന്റിലും ഈ സുരക്ഷാസംവിധാനം നോസ്ഡൈവ് ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ഈ സംവിധാനം ഓഫുചെയ്യാനുള്ള സ്വിച്ചുകളുണ്ട്. ഇതു പൈലറ്റുമാർ ശ്രദ്ധിക്കാതെ പോയതും അപകടകാരണമാകാം.

ലയൺ അപകടമുണ്ടായിട്ടും ബോയിങ് അധികാരികൾ കാര്യങ്ങൾ ഗൗരവമായി കാണാത്തതാണ് രണ്ടാമത്തെ അപകടത്തിന് കാരണം എന്നാണ് പ്രധാന ആരോപണം. അഞ്ചു മാസത്തിനിടെയുണ്ടായ രണ്ടാമത്തെ അപകടം പക്ഷേ ബോയിങ്ങിന്റെ നടുവോടിച്ചു. മാക്സ് ബുക്ക് ചെയ്ത് കാത്തിരുന്നവരെല്ലാം ബുക്കിങ് റദ്ദാക്കി. ആദ്യ അപകടം നടന്ന് ഒരു വർഷം കഴിയുമ്പോഴും മാക്സ് 8 ഉണ്ടാക്കിയ നഷ്ടത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ബോയിങ്.

English Summary: One Year After Lion Air Boeing 737 Max 8 Crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com