ADVERTISEMENT

റോള്‍സ് റോയ്‌സിന്റെ ജെറ്റ് എൻജിന്‍ ഘടിപ്പിച്ച, ശബ്ദത്തേക്കാള്‍ വേഗമുള്ള കാര്‍. അതാണ് ബ്ലഡ്ഹൗണ്ട്. വേഗതയുടെ റെക്കോഡുകളെ മാറ്റിയെഴുതുകയെന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് ബ്ലഡ്ഹൗണ്ട് സൂപ്പര്‍സോണിക് കാര്‍ നിര്‍മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 1000 മൈല്‍ (ഏകദേശം 1609 കിലോമീറ്റര്‍) വേഗത്തില്‍ സഞ്ചരിക്കുകയാണ് ലക്ഷ്യം. അതിനായുള്ള പരിശീലന ഓട്ടത്തിനിടെ മണിക്കൂറില്‍ 334 മൈല്‍ വേഗത്തിലാണ് ഈ റോക്കറ്റ് കാര്‍ പറ പറന്നത്.

22 വര്‍ഷം മുമ്പ് ബ്രിട്ടീഷ് വ്യോമസേനയിലെ വിംങ് കമാന്ററായ ആന്‍ഡി ഗ്രീന്‍ സ്ഥാപിച്ച മണിക്കൂറില്‍ 768 മൈല്‍ എന്നതാണ് കരയിലെ വേഗതയുടെ ലോകറെക്കോർഡ്. നെവാഡയിലെ ബ്ലാക്ക് റോക്ക് മരുഭൂമിയില്‍ വെച്ചായിരുന്നു ആന്‍ഡി ഗ്രീനിന്റെ റെക്കോർഡ് പ്രകടനം. അടുത്ത വര്‍ഷം പുതിയ ലോകറെക്കോർഡ് സ്ഥാപിക്കാനുള്ള ശ്രമത്തില്‍ ഗ്രീനും പങ്കെടുക്കുന്നുണ്ട്. സ്വന്തം വേഗറെക്കോർഡ് മാറ്റിയെഴുതുകയാണ് ലക്ഷ്യം.

യൂറോഫൈറ്റര്‍ ടൈഫൂണ്‍ ഫൈറ്റര്‍ ജെറ്റിന്റെ എൻജിനാണ് ബ്ലഡ് ഹൗണ്ട് കാറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഓരോ പരീക്ഷണ ഓട്ടത്തിലും മണിക്കൂറില്‍ 50 മൈല്‍ വീതം വര്‍ധിപ്പിച്ച് റെക്കോർഡിലെത്തുകയാണ് ലക്ഷ്യം. റോള്‍സ് റോയ്‌സ് നിര്‍മിച്ച കാറിന്റെ റോക്കറ്റ് എൻജിന് 1.35ലക്ഷം ത്രസ്റ്റ് കുതിരശക്തിയാണുള്ളത്. അതായത് 150 ഫോര്‍മുല വണ്‍ കാറുകള്‍ക്ക് സമം.ദക്ഷിണാഫ്രിക്കയിലെ ഹാക്‌സ്‌കീന്‍പാനിലെ നിരപ്പായ ഉറച്ച മരുപ്രദേശത്താണ് ലോകറെക്കോർഡ് പ്രകടനം നടക്കുന്നത്. ലോകറെക്കോർഡ് വിജയകരമായി ഭേദിക്കാനായാല്‍ മണിക്കൂറില്‍ 1000 മൈല്‍ എന്ന ലക്ഷ്യം മറികടക്കുന്നതുവരെ പരീക്ഷണ ഓട്ടങ്ങള്‍ നടത്താനും സംഘത്തിന് പദ്ധതിയുണ്ട്.

കഴിഞ്ഞ ഒക്ടോബര്‍ 25ന് നടന്ന ആദ്യ പരീക്ഷണ ഓട്ടത്തില്‍ 100 മൈല്‍ വേഗത അനായാസമാണ് ബ്ലഡ്ഹൗണ്ട് മറികടന്നത്. രണ്ടാമത്തേതില്‍ 200 മൈല്‍ കടന്ന ബ്ലഡ് ഹൗണ്ട് നാലാം പരീക്ഷണ ഓട്ടത്തിലാണ് മണിക്കൂറില്‍ 334 മൈല്‍ എന്ന വേഗതയിലെത്തിയിരിക്കുന്നത്. ഇതില്‍ മൂന്നാം പരീക്ഷണ ഓട്ടം മുതലാണ് കാറിലെ ജെറ്റ് എൻജിന്റെ ശേഷി ഉപയോഗിച്ചു തുടങ്ങിയത്. അവസാന ഓട്ടത്തില്‍ 50 മൈലില്‍ നിന്നും 300 മൈലിൽ എത്താന്‍ വെറും 13 സെക്കന്റ് മാത്രമാണ് ബ്ലഡ്ഹൗണ്ടിന് വേണ്ടിവന്നത്.

10 മൈല്‍ നീളത്തിലാണ് ലോകറെക്കോർഡ് പ്രകടനത്തിനായി റേസിങ് ട്രാക്ക് നിർമിച്ചിരിക്കുന്നത്. ഇത്രനീളത്തില്‍ ആദ്യമായാണ് ഏതെങ്കിലും മോട്ടോര്‍ സ്‌പോര്‍ട്ട് പ്രകടനത്തിനായി റേസിങ് ട്രാക്ക് നിര്‍മിക്കുന്നത്. 16,239 ടണ്‍ കല്ലുകളാണ് റേസിങ് ട്രാക്ക് നിര്‍മിക്കുന്നതിനായി പ്രദേശവാസികളുടെ കൂടി സഹകരണത്തോടെ മാറ്റിയത്.

7.5 ടണ്‍ ഭാരമുള്ള സൂപ്പര്‍സോണിക് കാറിന്റെ ഭാഗങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് വ്യോമമാര്‍ഗം എത്തിച്ചശേഷം കൂട്ടിയോജിപ്പിക്കുകയായിരുന്നു. കാറിനകത്തെ റോക്കറ്റ് എൻജിന്‍ പരമാവധി വേഗത്തിലെത്തുമ്പോള്‍ 3000 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരും. 95 കിലോഗ്രാം ഭാരമുള്ള അലൂമിനിയം ചക്രങ്ങള്‍ മിനുറ്റില്‍ 10200 തവണയാണ് കറങ്ങുക(സെക്കന്റില്‍ 170 തവണ!). ഇത്തരത്തില്‍ നിരവധി സവിശേഷതകളുള്ള ബ്ലഡ്ഹൗണ്ട് ആരെയും അതിശയിപ്പിക്കുന്ന വേഗതയുടെ പുതിയ ലോകറെക്കോർഡ് അടുത്ത വര്‍ഷം കുറിക്കുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com