sections
MORE

ആശാൻ കൈവെച്ചാൽ പഴയ ബൈക്കുകൾ പുത്തൻപോലെ, ഇത് ‘യമഹാ’മന്ത്രികൻ

yamaha-1
പാട്രിക്
SHARE

നൊസ്റ്റാൾജിയയ്ക്ക് ഒരു ശബ്ദമുണ്ടെങ്കിൽ അത് യമഹ ആർ എക്സ് 100 ന്റേതായിരിക്കും. ശബ്ദം സംഗീതമായി മാറണമെങ്കിൽ ചില മാന്ത്രികരുടെ കൈ തൊടണം. അങ്ങനെയുള്ള ഒരു യമഹാമാന്ത്രികനാണ് എറണാകുളത്ത് കലൂർ സ്റ്റേഡിയത്തിനു പിന്നിൽ താമസിക്കുന്ന പാട്രിക് ആശാൻ. നാൽപതു വർഷമായി യമഹ ബൈക്കുകൾ മാത്രം നന്നാക്കുന്ന ആശാന് വാഹനത്തിലെ ഒരു ചെറു ശബ്ദവ്യത്യാസം പോലും അറിയാൻ പറ്റും. അതുകൊണ്ടുതന്നെയാണ് യമഹയെ പൊന്നുപോലെ നോക്കുന്നവർ എത്ര ബുദ്ധിമുട്ടിയാലും എത്ര സമയമെടുത്താലും തന്റെ ബൈക്ക് ആശാൻ പണിതാൽ മതി എന്നു പറഞ്ഞ് എറണാകുളത്തെ വീട്ടിനു മുന്നിലെ ഗാരിജിൽ ക്യൂ നിൽക്കുന്നത്. അതിന്റെ ഗുട്ടൻസ് എന്താണെന്നറിയാൻ ആശാൻ കൈതൊട്ട ബൈക്കുകളുടെ ഉടമകളെ കേൾക്കണം.  

‘‘എനിക്കു രണ്ട് യമഹ ആർഎക്സ് 135 ബൈക്കുകളുണ്ട്. രണ്ടും ഒന്നാന്തരം കണ്ടീഷൻ ആണ്. ആശാനാണു സർവീസ് ചെയ്യുന്നത്’’– കലിപ്പടക്കണം, കപ്പടിക്കണം എന്ന കേരളാ ബ്ലാസ്റ്റേഴ്സ് പരസ്യചിത്രമൊരുക്കിയ സംവിധായകൻ ശിവകുമാർ പറയുന്നു. ‘‘ഒരു കലിപ്പുമില്ലാതെയാണ് ആശാൻ ബൈക്കുകളെ നോക്കുക.  ഒരു ബൈക്ക് ഒരു സമയം. അക്കാലത്ത് അദ്ദേഹം മറ്റൊരു ബൈക്കിന്റെയും മേജർ വർക്കുകൾ ഏറ്റെടുക്കുകയില്ല. അതുകൊണ്ടാണ് ആ വീട്ടിൽനിന്നു ബൈക്ക് തിരികെ വാങ്ങുന്നവർ ഒരു കപ്പ് കിട്ടിയതുപോലെ കലിപ്പില്ലാതെ മടങ്ങുന്നത്’’ ശിവേട്ടൻ ആശാനെ പരിചയപ്പെടുത്തി. 

yamaha-2

ആർഡിയിൽ ആരംഭം

യമഹ ബൈക്കുകൾ കേരളത്തിൽ ഇറക്കുമ്പോൾ മുതൽ കൂടെയുണ്ട് പാട്രിക്. കാലം എൺപതുകൾ. അന്നു ജിയോ മോട്ടോഴ്സ് മാത്രമേ യമഹയുടെ സർവീസും സെയിൽസിനുമായി രംഗത്തുള്ളൂ. അംബാസഡർ ഷോറൂമിനോടു ചേർന്നായിരുന്നു ബൈക്കിന്റെയും സർവീസ് സ്റ്റേഷൻ. ആർഡി 350 എന്ന ഇതിഹാസമാണ് ആദ്യമിറങ്ങിയത്. പിന്നീടു മൂന്നുകൊല്ലം കഴിഞ്ഞ് ആർഎക്സ് 100 രംഗത്തെത്തി. കേരളപോലീസ് പതിനേഴ് ആർഡി 350 എടുത്തപ്പോൾ ജോസഫ് പാട്രിക് ആണു ടെസ്റ്റ്റൈഡിനായി ചെന്നത്. 

ആർ‍ഡി എന്നു പറയുമ്പോൾ നൂറിൽ പോകുന്ന ഹരമാണ് പാട്രിക് ആശാന്. ‘‘ ഫോർക് ഒടിഞ്ഞുപോയിട്ടും യാത്രികനൊന്നും പറ്റാതിരുന്ന ഒരു സംഭവമുണ്ട്. അത്രയ്ക്കും സ്ഥിരതയാണ് ആർഡിയ്ക്ക്. ബസ്സിനടിയിൽ പോയ മറ്റൊരു ആർഡിയുെട ഷാസിക്ക് ഒരു തരിപോലും കോട്ടം തട്ടിയിട്ടില്ലാതിരുന്നതും ഓർമ വരുന്നു. ന്യുജെൻ വാഹനങ്ങൾക്കു പരമാവധി അഞ്ചുവർഷം ഒക്കെയാണ് ആയുസ്സ്. എന്നാൽ ‍പഴയ യമഹകൾ പണിതിറക്കിയാൽ ഇപ്പോഴും പുത്തൻപോലെയാകും’’ അന്ന് ഇന്നത്തെപ്പോലെ അധികം റോഡുകളില്ല. അതുകൊണ്ട് ക്വാർട്ടർ മൈൽ റേസുകൾ ഈ വണ്ടികൾക്കു േവണ്ടി ഐലന്റ് എയർപോർട്ട് റോഡിൽ നടന്നിരുന്നതായി ഓർമ പങ്കുവയ്ക്കുന്നു ആശാൻ. ആ പ്രതാപകാലം 2002 ൽ അവസാനിച്ചതോടെ പാർട്ണർഷിപ്പിൽ വർക്‌ഷോപ്പ് തുടങ്ങി. പിന്നീട് വീട്ടിൽ സ്വന്തമായി ഗാരിജ് ആരംഭിച്ചു. ഒരു പരസ്യവും ഇല്ലാതിരുന്നിട്ടും ആ വീടിന്റെ ഉമ്മറത്ത് യമഹകളുടെ നാദം ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടിരുന്നു. ആശാന്റെ ഭാഷയിൽ പറഞ്ഞാൽ ‘‘നാലുവണ്ടി നടക്ക്ണേണ് പുറകേ... ഇപ്പോൾ’’. മുഴുവൻ കാശ് ആദ്യമേ നൽകുന്നവരുണ്ട്. അവർക്കറിയാം ആശാൻ കൈവച്ചാൽ പിന്നെ വണ്ടി ഒന്നൊന്നരയാകുമെന്ന്. 

കേട്ടാലറിയാം കാര്യങ്ങൾ

ആദ്യകാല സർവീസ് ക്യാംപുകളിലൊന്ന്–  ഡോക്ടർ ബെന്നിയുടെ ആർഡി 350 യ്ക്ക് ഒരു ചെറിയ മിസ്സിങ്. ഉത്തരേന്ത്യക്കാരനായ യമഹ കമ്പനി എൻജിനീയർ കാര്യം നോക്കി. നടന്നില്ല. പിന്നെ പാട്രിക്കിനെ വിളിച്ച് ഒന്ന് ഓടിച്ചുനോക്കാൻ പറഞ്ഞു. ഓടിച്ചുനോക്കുകയൊന്നും വേണ്ട, ഇന്നതാണു കംപ്ലയിന്റ്,  ആ പാർട് മാറ്റിയാൽ മതി എന്നു ഞാൻ പറഞ്ഞു. മാറ്റി ഇറക്കിയപ്പോൾ വണ്ടി പുലിപോലെ ആയി. പിന്നെ കമ്പനി എൻജിനീയർമാർ പോലും പാട്രിക് ആശാനോട് ചോദിക്കും ചില കാര്യങ്ങൾ. 

പിന്നീട്, യഹമയിലെ ജാപ്പനീസ് വിദഗ്ധർ നയിച്ച അടുത്ത സർവീസ് ക്യാംപ്  ബെംഗളുരുവിലായിരുന്നു. അന്നു വന്ന വാഹനങ്ങളിൽ പ്രധാനപ്പെട്ടതും മറ്റുള്ളവർക്കു മനസ്സിലാകാത്തതുമായ കേടുപാട് പാട്രിക് ആണു കണ്ടുപിടിച്ചത്. ബൈക്കിൽ നിന്നൊരു ചൂളമടി ശബ്ദം– സെവൻ പോർട്ട് സിസ്റ്റത്തിൽ ഇൻലെറ്റ് പോർട്ടിൽ നിന്നാണാ ശബ്ദം വരുന്നത്. ഒരു പിൻഹോൾ ആണു പ്രശ്നക്കാരൻ.  അത്രയും സൂക്ഷ്മമായ തകരാർ കണ്ടുപിടിച്ചു സ്റ്റാർ ആയി മാറിയ പാട്രിക് അതേ സൂക്ഷ്മതയോടെയാണ് ഇന്നും യമഹ മോഡലുകളെ പരിപാലിക്കുന്നത്.  അന്ന് അഭിനന്ദനങ്ങളുമായി ജപ്പാനിൽ നിന്നുള്ളവർ വരെ പാട്രിക്കിന്റെ ചുറ്റും കൂടി. ഇന്നു ചുറുചുറുക്കുള്ള ചെറുപ്പക്കാരാണു ചുറ്റിനും എന്നൊരു വ്യത്യാസം മാത്രം.

yamaha

ഭാരതപര്യടനത്തിലെ നിശബ്ദസാന്നിധ്യം

ടീം 135 ലെ നാലംഗസംഘം യമഹ ആർഎക്സ് 135 ൽ ഭാരതപര്യടനത്തിനിറങ്ങുമ്പോൾ പാട്രിക് ആശാനായിരുന്നു ആത്മബലം. ‘‘ അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്– പാട്രിക് അങ്കിൾ ആണ് വാഹനം തയാറാക്കിയത്. 62 ദിവസം നീണ്ട യാത്രയിൽ ഹിമാലയത്തിൽ വരെ ചെന്നെത്തിയിട്ടും ബൈക്കുകൾക്ക് ഒരു തകരാറു പോലും പറ്റിയില്ല.  രണ്ട്– എന്തു ചെറിയ തകരാർ പോലും ഫോണിലൂടെ പറഞ്ഞു കൊടുത്താൽ അങ്കിൾ അതിന്റെ ശരിയായ കാരണവും എന്താണു ചെയ്യേണ്ടതെന്നും പറഞ്ഞുതരും.  അങ്കിളിന്റെ ഫോണിൽ നിന്നാണ് വീട്ടിൽനിന്നുള്ളതിനെക്കാൾ കോൾ ഞങ്ങൾക്കു വന്നിട്ടുള്ളത്. വണ്ടി ഇറക്കിവിട്ടാൽ ഉത്തരവാദിത്തം തീർന്നു എന്നു കരുതുന്ന മെക്കാനിക്കുകൾക്കിടയിൽ അങ്കിൾ വേറിട്ടുനിൽക്കുന്നത് ഇക്കാര്യങ്ങൾ കൊണ്ടു കൂടിയാണ്. അഞ്ചാമനായി അങ്കിളും കൂടെയുണ്ടെന്ന ധൈര്യം– അതൊന്നു വേറെയാണ് ’’. സംഘത്തിലെ ജിബിൻ ആന്റണി, റെനീഷ് കെ, കെവിമൽ റാഫേൽ, കണ്ണൻ സിഎസ് എന്നിവർക്ക് ഇക്കാര്യത്തിലും ഒരേ സ്വരം. 

സ്ഥിരമായി പെയിന്റിങ് ചെയ്തു കൊടുക്കുന്നത് അശോകനും സംഘവുമാണ്. കിട്ടുന്ന സാധനം എടുത്തു ഫിറ്റ് ചെയ്തു നൽകുന്ന പതിവില്ല. അസ്സൽ പാർട്സുകൾ മാത്രം. വാഷർ പോലും മാറ്റിയിടുകയില്ല. ഇക്കാര്യങ്ങളൊക്കെ കൊണ്ടുതന്നെയാണ് പാട്രിക് ആശാന്റെ മുറ്റം യമഹാസംഗീതസാന്ദ്രമാകുന്നത്; കാസർകോട് നിന്നുപോലും ബൈക്കുകൾ സർവീസിനായി എത്തുന്നത്.  വീട്ടിൽനിന്നൊരാളെ സംതൃപ്തിയോടെ യാത്രയയക്കുന്നത്ര മനസ്സോടെ ആശാൻ പൂമുഖത്തു നോക്കിനിൽപ്പുണ്ടാകും  ഓരോ യമഹയും സർവീസ് കഴിഞ്ഞു പോകുമ്പോൾ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക– 9946151024

English Summary: Patrick Yamaha Mechanic From Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA