ADVERTISEMENT

ലാന്‍സ ഫ്ലൈറ്റ് 508 എന്ന വിമാനത്തിന്റെ പേരില്‍ ഒരു ഗിന്നസ് ബുക്ക് റെക്കോർഡുണ്ട്; ഇടിമിന്നലേറ്റു തകര്‍ന്ന് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച (91 പേർ) വിമാനമെന്ന മരണത്തിന്റെ റെക്കോർഡ്. ഈ ദുരന്ത വാര്‍ത്തയിലെ പ്രതീക്ഷയുടെ നാളമാണ് പതിനേഴുകാരി ജൂലിയാന്‍ കോപ്‌കെ. 1971 ലെ ഈ വിമാന ദുരന്തത്തില്‍പ്പെട്ട് പത്തു ദിവസം ആമസോണ്‍ കാടുകളില്‍ പരുക്കുകളോടെ കഴിഞ്ഞ് ജീവിതത്തിലേക്ക് നടന്നുകയറിയ അദ്ഭുതം.

ജൂലിയന്‍ കോപ്‌കെയുടെ ജീവിതത്തെ ആധാരമാക്കി ഒരു സിനിമയും ഡോക്യുമെന്ററിയും പുസ്തകവും ഇറങ്ങിയിട്ടുണ്ട്, അത് സ്വാഭാവികം മാത്രം. അത്രമേല്‍ നാടകീയമായിരുന്നു ഈ കൗമാരക്കാരി അന്ന് കടന്നുപോയ അനുഭവങ്ങൾ.

1971 ലെ ക്രിസ്മസിന്റെ തലേന്നായിരുന്നു കോപ്‌കെയും അമ്മയും പിതാവിന്റെ അടുത്തെത്താനായി പെറുവിലെ ലിമയില്‍നിന്നു വിമാനം കയറിയത്. ഏഴുമണിക്കൂറോളം വൈകിയതിനെ തുടര്‍ന്ന് അസ്വസ്ഥരായിരുന്നു വിമാനത്തിലെ ഇവരടക്കമുള്ള 84 യാത്രക്കാരും. പെറുവിലെ പുകാല്‍പയിലേക്കുള്ള യാത്രക്കിടെ തുടര്‍ച്ചയായുള്ള ഇടിയും മിന്നലും വിമാനത്തിന്റെ നിയന്ത്രണം തെറ്റിക്കുകയായിരുന്നു. അതേക്കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം ബിബിസിയോട് ജൂലിയാന്‍ കോപ്‌കെ മനസ്സു തുറന്നിട്ടുണ്ട്.

‘യാത്ര തുടങ്ങിയിട്ട് പത്തു മിനിറ്റേ ആയിരുന്നുള്ളൂ. വിമാനം വലിയ തോതില്‍ കുലുങ്ങുന്നുണ്ടായിരുന്നു. യാത്രക്കാരുടെ ബാഗുകളും മറ്റും താഴേക്കു വീണു. ക്രിസ്മസ് സമ്മാനങ്ങളും പെട്ടികളുമെല്ലാം വിമാനത്തില്‍ ചിതറി. ജനലിലൂടെ നോക്കിയപ്പോള്‍ വലിയ തോതില്‍ മിന്നലുണ്ടാകുന്നത് കണ്ടതോടെ പേടി തോന്നി. ഞാനും അമ്മയും കൈകള്‍ കൂട്ടിപ്പിടിച്ചാണിരുന്നത്. ഞങ്ങളുടെ ശബ്ദം പോലും പേടികൊണ്ട് പുറത്തുവരുന്നുണ്ടായിരുന്നില്ല. പല യാത്രക്കാരും കരയുകയും നിലവിളിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു.

പെട്ടെന്ന് വലിയൊരു മിന്നലുണ്ടാവുകയും വിമാനത്തിന്റെ ഇടത്തേ എൻജിന്റെ ഭാഗത്തുനിന്നു തീ ഉയരുകയും ചെയ്തു. 'അവസാനമായി, എല്ലാം കഴിഞ്ഞു' എന്ന് അവസാനമായി അമ്മ പറയുന്നത് ഞാന്‍ കേട്ടു.

രണ്ടു മൈല്‍ ഉയരത്തില്‍നിന്നു വിമാനം ആമസോണ്‍ വനത്തിലേക്ക് മൂക്കും കുത്തി വീണു. യാത്രക്കാരുടെ നിലവിളിയും വിമാനത്തിന്റെ എൻജിന്റെ ഭയാനക ശബ്ദവും മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ശബ്ദം നിലച്ചു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളിലാണെന്ന് മനസ്സിലായി. അപ്പോഴും സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു. കാട്ടില്‍ നിന്നുള്ള കാറ്റിന്റെ മൂളല്‍ മാത്രമേ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ.’

കോപ്‌കെക്ക് ബോധം തെളിയുന്നത് പിറ്റേന്നാണ്. ‘പിറ്റേന്നു ബോധം തെളിഞ്ഞ് ആകാശത്തേക്കു നോക്കിയപ്പോള്‍, വിമാനാപകടത്തില്‍നിന്നു ഞാന്‍ ജീവനോടെ രക്ഷപ്പെട്ടല്ലോ എന്ന അദ്ഭുതമാണ് ആദ്യം തോന്നിയത്.’ ആ പതിനേഴുകാരിയുടെ തോളെല്ല് പൊട്ടിയ നിലയിലായിരുന്നു. കാലിലും ശരീരത്തില്‍ പലയിടത്തും ആഴത്തില്‍ മുറിവുകളുണ്ടായിരുന്നു. മുട്ടിന്റെ ചിരട്ടക്ക് പരുക്കേറ്റിരുന്നെങ്കിലും നടക്കാന്‍ സാധിക്കുമായിരുന്നു.

പിന്നീടാണ് അതിജീവനത്തിന്റെ ദിവസങ്ങള്‍ ആരംഭിക്കുന്നത്. ആമസോണ്‍ കാടുകള്‍ ആളുകള്‍ വിചാരിക്കും പോലെ അത്രമേല്‍ പേടിക്കേണ്ട ഒന്നല്ലെന്ന അറിവ് ജൂലിയാനുണ്ടായിരുന്നുവെന്നതാണ് നിർണായകമായത്. കാരണം കോപ്‌കെയുടെ മാതാപിതാക്കള്‍ പക്ഷി നിരീക്ഷകരായിരുന്നു. പതിനാലു വയസ്സ് മുതല്‍ അവര്‍ മാതാപിതാക്കള്‍ക്കൊപ്പം കാട്ടില്‍ മാസങ്ങളോളം കഴിഞ്ഞ അനുഭവവും തുണയായി.

കണ്ണടയില്ലാതെ അകലെയുള്ളതൊന്നും കാണാനാകില്ലെന്നതായിരുന്നു വെല്ലുവിളികളില്‍ പ്രധാനം. അന്ന് കരിയിലകള്‍ക്കിടയില്‍ കിടന്ന പല പാമ്പുകളെയും താന്‍ കാണാതെ പോയതാകാമെന്നും കോപ്‌കെ പിന്നീടു പറഞ്ഞിട്ടുണ്ട്. വിമാനത്തില്‍നിന്നു കിട്ടിയ മധുരപലഹാരങ്ങളുടെ ഒരു പെട്ടിയുമായാണ് കോപ്‌കെ കാട്ടില്‍ നടന്നു തുടങ്ങിയത്. ആദ്യത്തെ മൂന്നു ദിവസം ഇതായിരുന്നു ഭക്ഷണം. പിന്നീട് പട്ടിണിയായി. നാലാം ദിവസം കഴുകന്മാര്‍ പറന്നിറങ്ങുന്ന ശബ്ദം കേട്ടതോടെ ജൂലിയാന്‍ ഭയന്നു. കൂട്ടമായി ശവങ്ങള്‍ കാണുന്നിടത്തേ കിങ് കഴുകന്മാര്‍ വരാറുള്ളൂവെന്ന് മാതാപിതാക്കളില്‍ നിന്നു ജൂലിയാന്‍ മനസ്സിലാക്കിയിരുന്നു. 

കാട്ടിലെ ഒരു ചെറു അരുവി കണ്ടെത്താനായത് നിർണായകമായി. അതിനോടു ചേര്‍ന്ന് ഒഴുക്കിനൊപ്പം നടന്നാല്‍ വലിയ നദിയിലേക്കെത്താനാകുമെന്ന് ജൂലിയാന്‍ കണക്കുകൂട്ടി. രാത്രികളിലെ കൊടും തണുപ്പും വിശപ്പുമാണ് അവള്‍ക്ക് ഏറ്റവും വെല്ലുവിളിയായത്. ദിവസങ്ങള്‍ കഴിഞ്ഞതോടെ ശരീരത്തിലെ മുറിവുകള്‍ പലതും പഴുത്തു തുടങ്ങിയതും പ്രശ്‌നങ്ങള്‍ വഷളാക്കി.

പത്താം ദിവസമാകുമ്പോഴേക്കും കഷ്ടി നില്‍ക്കാമെന്ന നിലയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അരുവി നദിയിലേക്കു ചേരുന്നിടത്ത് എത്താനായി. നദിയോടു ചേര്‍ന്ന് ഒരു കുടില്‍ കണ്ടു. തെങ്ങോല കൊണ്ടുള്ള മേല്‍ക്കൂരയുള്ള ആ കുടില്‍ മരംവെട്ടുകാരുടേതായിരുന്നു. അന്നു രാത്രി അവിടെ കഴിയാന്‍ തീരുമാനിച്ചു. വലത്തേ കയ്യിലെ മുറിവ് പുഴുവരിക്കുന്ന നിലയിലായിരുന്നു. മുൻപ് വളർത്തുനായയുടെ മുറിവിൽ പുഴുവരിക്കുന്ന അവസ്ഥ വന്നപ്പോള്‍ പിതാവ് മണ്ണെണ്ണ ഒഴിച്ചത് ജൂലിയാന് ഓര്‍മയുണ്ടായിരുന്നു. മരം വെട്ടുകാര്‍ വെച്ചിരുന്ന പെട്രോള്‍ കുറച്ച് മുറിവിലൊഴിച്ചു. എല്ലു നുറുങ്ങുന്ന വേദനയാണ് അനുഭവിക്കേണ്ടി വന്നത്. മുറിവിലെ പുഴുക്കള്‍ ശരീരത്തിനുള്ളിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മുറിവില്‍ നിന്നു 30 പുഴുക്കളെയെങ്കിലും അന്ന് പുറത്തെടുത്തുവെന്നാണ് ജൂലിയാന്‍ പറയുന്നത്. അന്നു രാത്രി ആ കുടിലില്‍ അവള്‍ തളര്‍ന്നുറങ്ങി.

പിറ്റേന്ന് മരംവെട്ടുകാരുടെ സംസാരം കേട്ടാണ് ജൂലിയാന്‍ കോപ്‌കെ ഉണര്‍ന്നത്. കൊടുംകാട്ടില്‍ ജൂലിയാനെ കണ്ടപ്പോള്‍ വനദേവതയാണെന്നാണ് മരംവെട്ടുകാർ ആദ്യം കരുതിയത്. വിമാനാപകടത്തെക്കുറിച്ചും പരുക്കിനെക്കുറിച്ചും ജൂലിയാന്‍ തന്നെയാണ് അവരോട് വിശദീകരിച്ചത്. മുറിവില്‍ മരുന്നു വച്ചുകെട്ടിയ അവര്‍ തന്നെയാണ് ജൂലിയാനെ പുറംലോകത്തെത്തിച്ച് രക്ഷിച്ചതും.

അന്നത്തെ വിമാനാപകടത്തില്‍നിന്നു പലരും രക്ഷപ്പെട്ടിരിക്കാമെന്നാണ് ജൂലിയാന്‍ കരുതുന്നത്. പക്ഷേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാട്ടിലെ പ്രതികൂല സാഹചര്യങ്ങളും പരുക്കും അപകടത്തില്‍ മരിക്കാത്തവരുടെ കൂടി ജീവനെടുക്കുകയായിരുന്നു. പത്തു ദിവസം ആമസോണിലൂടെ നടന്ന് ജീവന്‍ തിരികെ പിടിക്കാന്‍ ജൂലിയാനു മാത്രമേ സാധിച്ചുള്ളൂ. വിമാനാപകടങ്ങളുടെ ചരിത്രത്തില്‍ ഇന്നും ജൂലിയാന്റെ രക്ഷപ്പെടല്‍ ഒരു അദ്ഭുതമായി ശേഷിക്കുന്നു.

English Summary: Survival Story Of Juliane Koepck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com