sections
MORE

ഡ്രൈവിങ് കംപ്യൂട്ടര്‍ ലൗഡ, ജീവിതം ആഘോഷിച്ച ഹണ്ട്: ട്രാക്കിനെ ത്രസിപ്പിച്ച പോരാട്ടം

rush
നിക്കി ലൗഡയുടേയും ജയിംസ് ഹണ്ടിന്റേയും ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ച ഹോളിവുഡ് ചിത്രം റഷിന്റെ പോസ്റ്റർ
SHARE

എഴുപതുകളില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത് നിക്കി ലൗഡയും ജയിംസ് ഹണ്ടും തമ്മിലുള്ള പോരാട്ടങ്ങളായിരുന്നു. മത്സരം ജയിക്കാനുള്ള തൃഷ്ണയിലൊഴികെ മറ്റൊന്നിലും ഇരുവരും തമ്മില്‍ യാതൊരു സാമ്യവുമുണ്ടായിരുന്നില്ല. പണക്കൊഴുപ്പും പ്രശസ്തിയും പെണ്ണുങ്ങളും ചേര്‍ന്നുള്ള ആഡംബര ജിപ്‌സി ജീവിതമായിരുന്നു ജയിംസ് ഹണ്ടിന്റേത്. കംപ്യൂട്ടറിന്റെ കൃത്യതയില്‍ ഫോര്‍മുല വണ്‍ ട്രാക്കിലെ അപകടം പോലും പ്രവചിക്കാന്‍ കഴിവുള്ള അപൂര്‍വ പ്രതിഭയായിരുന്നു നിക്കി ലൗഡ.

സിനിമയും യാഥാര്‍ഥ്യവും

ഇരുവരുടെയും പ്രസിദ്ധമായ 1976 ലെ ഫോര്‍മുല വണ്‍ പോരാട്ടങ്ങള്‍ അതിന്റെ വീറും വാശ‌ിയും ഒട്ടും ചോരാതെ അവതരിപ്പിച്ചാണ് ഹോളിവുഡില്‍ റഷ് എന്ന ചിത്രം 2013ല്‍ ഇറങ്ങിയത്. യഥാര്‍ഥ വ്യക്തികളോട് അത്രമേല്‍ സാമ്യമുള്ള അഭിനേതാക്കളെക്കൊണ്ടും യഥാര്‍ഥ സംഭവങ്ങളുടെ പുനരാവിഷ്‌കരണം കൊണ്ടും ചിത്രം ഏറെ ശ്രദ്ധ നേടി. ‘സത്യസന്ധമായ അവതരണം കൊണ്ട് ചിത്രം അദ്ഭുതപ്പെടുത്തി’ എന്നായിരുന്നു സിനിമ കണ്ടശേഷം നിക്കി ലൗഡ പറഞ്ഞത്. '

james-hunt
James Hunt

എന്നാല്‍, ചിത്രത്തില്‍ പറയുന്നതുപോലെ അത്ര കണിശക്കാരനായിരുന്നില്ല താനെന്നും ലൗഡ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം ജയിംസ് ഹണ്ടിനേക്കാള്‍ അച്ചടക്കം തീര്‍ച്ചയായും ഉണ്ടായിരുന്നു. ലൗഡ ഒരിക്കലും റേസിനു മുമ്പ് മദ്യപിച്ചിരുന്നില്ല. എന്നാല്‍, റേസിനു ശേഷം മദ്യപിച്ചിരുന്നു. ഓരോ ഫോര്‍മുല വണ്‍ മത്സരത്തിലും ഡ്രൈവര്‍ മരിക്കാന്‍ 20 ശതമാനം സ്വാഭാവിക സാധ്യതയുണ്ടെന്നാണ് നിക്കി ലൗഡ കണക്കാക്കിയിരുന്നത്. അത് ഒഴിവാക്കാന്‍ തന്നിലെ പ്രതിഭയ്ക്ക് എളുപ്പം സാധിക്കുമെന്നും ലൗഡയ്ക്കറിയാമായിരുന്നു. 

ഹണ്ടിന്റെ വഴിവിട്ട ജീവിതം

മറുവശത്ത്, ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരിലെ ജിപ്‌സിയായിരുന്നു ജയിംസ് ഹണ്ട്. തന്റെ പ്രശസ്തിയെയും സ്ത്രീകള്‍ക്കു തന്നോടുള്ള ആകര്‍ഷണത്തെയും പരമാവധി മുതലെടുത്തിട്ടുണ്ടെന്ന് ഹണ്ട് തന്നെ പലപ്പോഴും സമ്മതിച്ചിട്ടുണ്ട്. 5000ത്തിലേറെ സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഹണ്ട് പരസ്യമായി പറഞ്ഞിട്ടുള്ളത്. റേസിന് മിനിറ്റുകള്‍ക്കു മുമ്പ് വരെ സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു പറയുന്ന ഹണ്ട്, ‘ലൈംഗികതയാണ് ചാംപ്യന്മാരുടെ പ്രഭാതഭക്ഷണം’ എന്നു വിശ്വസിച്ചിരുന്നയാളാണ്! 

Niki Lauda
Nikki Lauda

ജയിംസ് ഹണ്ട് കയറുന്നതു മുതല്‍ അദ്ദേഹത്തിന്റെ റേസിങ് കാര്‍ അടിമുടി ത്രസിക്കുമായിരുന്നു. റേസിങ്ങിനോടുള്ള ഹണ്ടിന്റെ ആവേശം കൂടിയായിരുന്നു ആ ഇളക്കം. എന്നാല്‍, നിക്കി ലൗഡയുടെ കാറില്‍നിന്ന് അനാവശ്യമായി ഒരു ചലനം പോലും വന്നിരുന്നില്ല. അത്രമേല്‍ ആധികാരികമായിരുന്നു ലൗഡയുടെ ഡ്രൈവിങ്.

കംപ്യൂട്ടര്‍ ലൗഡ

ഊണിലും ഉറക്കത്തിലും റേസിങ്ങിനെകുറിച്ചും ഡ്രൈവിങ്ങിനെ കുറിച്ചും മാത്രം ചിന്തിക്കുന്ന സമ്പൂര്‍ണ്ണ ഫോര്‍മുല വണ്‍ ഡ്രൈവറായിരുന്നു നിക്കി ലൗഡ. കാറിന്റെ വേഗമെന്നത് അപകടസാധ്യത വര്‍ധിപ്പിക്കാനുള്ള ശേഷിയാണെന്ന് കണക്കുകൂട്ടുന്നയാള്‍. ഡ്രൈവിങ് കംപ്യൂട്ടറായാണ് കമന്റേറ്റര്‍മാര്‍ നിക്കി ലൗഡയെ വിശേഷിപ്പിച്ചത്. 1975-76 വര്‍ഷങ്ങളില്‍ ഒരു തെറ്റുപോലും വരുത്താത്ത സമ്പൂര്‍ണ ഡ്രൈവിങ്ങാണ് താന്‍ കാഴ്ചവച്ചതെന്നാണ് ബിബിസി ഡോക്യുമെന്ററിക്കു നല്‍കിയ അഭിമുഖത്തിൽ നിക്കി ലൗഡ ആത്മവിശ്വാസത്തോടെ പറഞ്ഞത്.

1976 ല്‍ നടന്ന വിഖ്യാതമായ ഹണ്ട്- ലൗഡ പോരാട്ടത്തെക്കുറിച്ചാണ് റഷ് എന്ന സിനിമ. 1976 മേയ് രണ്ടിന് നടന്ന സ്പാനിഷ് ഗ്രാന്‍പ്രീയില്‍ ജയിംസ് ഹണ്ടായിരുന്നു വിജയിച്ചത്. രണ്ടാമതെത്തിയ നിക്കി ലൗഡ ഒടിഞ്ഞ രണ്ട് വാരിയെല്ലുകളുമായാണ് മത്സരത്തിനെത്തിയത്. ഓസ്‌ട്രേലിയയിലെ സ്വന്തം നാട്ടില്‍ വെച്ച് ട്രാക്ടര്‍ അപകടത്തിലായിരുന്നു ലൗഡയുടെ വാരിയെല്ലുകള്‍ ഒടിഞ്ഞത്. മത്സരശേഷം നടത്തിയ പരിശോധനയില്‍ ഹണ്ടിന്റെ കാറിന് 1.8 സെന്റിമീറ്റര്‍ വലുപ്പം കൂടുതലാണെന്നു കണ്ടെത്തി. ഇതോടെ ഹണ്ടിനെ അയോഗ്യനാക്കുകയും ആ പോയിന്റുകള്‍ കൂടി ലൗഡയ്ക്ക് നല്‍കുകയും ചെയ്തു. ഇതിനെതിരെ ഹണ്ടും മക്‌ലാരനും അപ്പീല്‍ നല്‍കി. ലൗഡയും ഫെറാരിയും എതിര്‍ത്തെങ്കിലും മത്സരഫലത്തെ തീരുമാനിക്കും വിധം കാറിന് വലുപ്പ വ്യത്യാസമില്ലെന്നു വിധിവന്നു. പോയിന്റുകള്‍ വീണ്ടും ഹണ്ടിനു ലഭിച്ചു.

1976 ജൂലൈയില്‍ നടന്ന ബ്രിട്ടിഷ് ഗ്രാൻപ്രീയില്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നിൽ ഒന്നാമതെത്തിയിട്ടും തോല്‍ക്കേണ്ട ഗതികേട് വീണ്ടും ഹണ്ടിനു വന്നു. മത്സരത്തിനിടെയുണ്ടായ കൂട്ടിയിടിയെ തുടര്‍ന്ന് ഹണ്ട് റേസിങ് ട്രാക്കിനുള്ളിലെ റോഡ് വഴി കുറച്ചു ദൂരം പോയിരുന്നു. റേസിങ് സസ്‌പെന്‍ഡ് ചെയ്താല്‍ പോലും ട്രാക്കില്‍നിന്നു മത്സരാര്‍ഥികള്‍ മാറരുതെന്ന നിയമം എതിരാളിയായ ഫെറാരി പൊടി തട്ടിയെടുത്തു. മത്സരം കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷം നടന്ന നിയമപോരാട്ടത്തിനൊടുവില്‍ ഹണ്ടിനെ അയോഗ്യനാക്കി. നിക്കി ലൗഡ വിജയിയായി. അപ്പോഴേക്കും നിക്കി ലൗഡക്ക് റേസിങ് ട്രാക്കിൽവച്ച് ജീവിതത്തിലെ ഏറ്റവും വലിയ അപകടം നേരിടേണ്ടി വന്നിരുന്നു. 

സ്വന്തം അപകടം പ്രവചിച്ച ലൗഡ

1976 ഓഗസ്റ്റ് ഒന്നിന് നിശ്ചയിച്ചിരുന്ന ജര്‍മന്‍ ഗ്രാന്‍പ്രീ റേസര്‍മാരുടെ ചാവുനിലമായ മാറിയ ന്യൂബര്‍ഗ് ട്രാക്കിലാണ് നടക്കേണ്ടിയിരുന്നത്. അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതും ട്രാക്കിന്റെ വീതിക്കുറവും ന്യൂബര്‍ഗ് ട്രാക്കിനെ കുരുതിക്കളമാക്കിയിരുന്നു. അന്നുവരെ 63 ഡ്രൈവര്‍മാര്‍ക്കാണ് ന്യൂബര്‍ഗില്‍ ജീവന്‍ നഷ്ടമായിരുന്നത്. ജീവച്ഛവങ്ങളായവരും അനവധി. സ്വാഭാവികമായ അപകടസാധ്യതയ്ക്കൊപ്പം മോശം കാലാവസ്ഥയും കൂടി വന്നതോടെ നിക്കി ലൗഡ മുന്‍കയ്യെടുത്ത് ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരുടെ യോഗം വിളിച്ചു. ജര്‍മന്‍ ഗ്രാന്‍പ്രീയില്‍നിന്നു പിന്മാറാനുള്ള ലൗഡയുടെ ആവശ്യം വോട്ടിനിട്ടപ്പോള്‍ ഒരു വോട്ടിനാണ് പരാജയപ്പെട്ടത്.

FILES-AUTO-F1-NIKI LAUDA
Nikki Lauda

ന്യൂബര്‍ഗിലെ റേസിനിടെ നിക്കി ലൗഡയുടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് കത്തുകയായിരുന്നു. ഒരു മിനിറ്റോളം 800 ഡിഗ്രിയിലേറെ ചൂടില്‍ ആളിക്കത്തുന്ന ഫോര്‍മുല വണ്‍ കാറിനുള്ളില്‍ ലൗഡയ്ക്ക് കഴിയേണ്ടി വന്നു. തൊട്ടടുത്തുവന്നു നിന്ന മരണത്തില്‍നിന്ന് മനക്കരുത്തുകൊണ്ടു മാത്രമാണ് ലൗഡ ജീവിതം തിരിച്ചുപിടിച്ചത്. ചികിത്സയുടെ ഒരുഘട്ടത്തില്‍ ഡോക്ടര്‍മാര്‍ പോലും പ്രതീക്ഷ കൈവിട്ട നിക്കി ലൗഡ ആറ് ആഴ്ചയ്ക്കു ശേഷം വീണ്ടും ഫോര്‍മുല വണ്‍ റേസ് ട്രാക്കിലിറങ്ങി!

1976 സെപ്റ്റംബര്‍ 12ന് നടന്ന ഇറ്റാലിയന്‍ ഗ്രാൻപ്രീയില്‍ നാലാമതെത്തി ലൗഡ. ഇത്തവണ റേസിങ് ട്രാക്കില്‍ നിയന്ത്രണം നഷ്ടമായി കാര്‍ ചുറ്റിക്കറങ്ങിയതോടെ ഹണ്ടിന് മത്സരത്തില്‍നിന്നു പിന്മാറേണ്ടി വന്നു. തൊട്ടു മുന്‍പു നടന്ന മത്സരത്തില്‍, അനുവദനീയമായതിലും കൂടുതല്‍ ഒക്ടെയിന്‍ ഹണ്ടിന്റെ കാറിന്റെ ഇന്ധനത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ഇറ്റാലിയന്‍ ഗ്രാന്‍പ്രീയില്‍ ഏറ്റവും പിറകില്‍ മത്സരിക്കേണ്ടി വന്ന ഹണ്ട് സര്‍വശേഷിയുമെടുത്തു കുതിച്ചപ്പോഴാണ് കറങ്ങിപ്പോയത്.

ജപ്പാനിലെ മലക്കംമറിച്ചിലുകള്‍

ചാംപ്യന്‍ഷിപ് ഉറപ്പിക്കാനുള്ള അവസാന അവസരമായ ജപ്പാന്‍ ഗ്രാന്‍പ്രീക്ക് മുമ്പ് നിക്കി ലൗഡയായിരുന്നു പോയിന്റ് നിലയില്‍ മുന്നില്‍. ഹണ്ട് മൂന്നു പോയിന്റിനു പിന്നിലായിരുന്നു. ജപ്പാനിലും മഴ റേസിങ് ട്രാക്കില്‍ ഭീതിയായി. പല ഡ്രൈവര്‍മാരും പ്രതിഷേധിച്ചു. എങ്കിലും മത്സരം തുടങ്ങി. രണ്ടാം റൗണ്ടില്‍ നിക്കി ലൗഡ പിന്മാറി. തീപ്പൊള്ളലിൽ ഗുരുതരമായി പരുക്കേറ്റിരുന്ന ലൗഡയ്ക്ക് കണ്ണ് അടയ്ക്കാനാവുമായിരുന്നില്ല. കടുത്ത മഴയാക്കൊപ്പം, വിയര്‍പ്പ് കണ്ണിലേക്കിറങ്ങി കാഴ്ച കൂടുതല്‍ മങ്ങിയതും ലൗഡയുടെ പിന്മാറ്റത്തിനു കാരണമായി. ജപ്പാനില്‍ മൂന്നാമതെത്തി ജയിംസ് ഹണ്ട് ജീവിതത്തിലെ ഏക ഫോര്‍മുല വണ്‍ ചാംപ്യൻഷിപ് സ്വന്തമാക്കി.

1975 ലും 1977 ലും 1984 ലും ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കിയത് നിക്കി ലൗഡയായിരുന്നു. നേര്‍ക്കുനേരേയുള്ള പോരാട്ടത്തില്‍ 16 ഗ്രാൻപ്രീ വിജയങ്ങളും 39 പോഡിയങ്ങളുമായി നിക്കി ലൗഡ മുന്നിലാണ്. ജയിംസ് ഹണ്ടിന് 10 ഫോര്‍മുല വണ്‍ ഗ്രാൻപ്രീ കിരീടങ്ങളും 23 ഒന്നാംസ്ഥാനത്തിന്റെ പോഡിയവുമാണ് ലൗഡക്കൊപ്പം മത്സരിച്ചപ്പോള്‍ ലഭിച്ചത്. കംപ്യൂട്ടറിനെ വെല്ലുന്ന കൃത്യതയുള്ള ലൗഡയാണ് നേട്ടങ്ങളില്‍ മുന്നിലെങ്കിലും കൂടുതല്‍ ആരാധകര്‍ ജയിംസ് ഹണ്ടിനായിരുന്നു. 

റിബല്‍ ഹണ്ട്

1993 ല്‍ നാല്‍പത്തഞ്ചാം വയസ്സിലായിരുന്നു ജയിംസ് ഹണ്ട് മരിച്ചത്. തന്നേക്കാള്‍ 18 വയസ്സു കുറവുള്ള കാമുകി ഹെലന്‍ ഡൈസനോട് ഫോണില്‍ വിവാഹാഭ്യര്‍ഥന നടത്തി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു മരണം. രണ്ടു വിവാഹങ്ങളിലായി രണ്ട് മക്കളുണ്ടായിരുന്നു. 1979 ല്‍ റേസിങ്ങില്‍നിന്നു വിരമിച്ച ഹണ്ട് ഫോര്‍മുല വണ്‍ കമന്റേറ്ററായി ബിബിസിക്കുവേണ്ടി പ്രത്യക്ഷപ്പെട്ടിരുന്നു. കമന്ററി പറയുമ്പോള്‍ പോലും എതിരാളികളോട് യാതൊരു ദയയും ജയിംസ് ഹണ്ട് കാണിച്ചിരുന്നില്ല. 

പറക്കും ലൗഡ

ജയിംസ് ഹണ്ടിനെപ്പോലെ 1979 ല്‍ തന്നെ നിക്കി ലൗഡയും വിരമിച്ചിരുന്നു. പിന്നീട് ലൗഡ എയര്‍ എന്ന പേരില്‍ വിമാനക്കമ്പനി തുടങ്ങി. ബിസിനസ് വിപുലീകരിക്കാന്‍ പണം കണ്ടെത്താനായി 1982 ല്‍ വീണ്ടും ട്രാക്കിലിറങ്ങി. 1984 ല്‍ മൂന്നാമത് ലോകചാംപ്യന്‍ഷിപ് നേടുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം റേസിങ് ട്രാക്കില്‍നിന്നു വിരമിച്ചു. ലൗഡ എയര്‍ 1999 ല്‍ ഓസ്‌ട്രേലിയന്‍ എയര്‍ലൈനിനു വിറ്റ നിക്കി ലൗഡ 2003 ല്‍ നിക്കി എയര്‍ എന്ന പേരിലും വിമാനക്കമ്പനി തുടങ്ങി. പൈലറ്റ് ലൈസന്‍സുണ്ടായിരുന്ന നിക്കി ലൗഡ പലപ്പോഴും തന്റെ വിമാനങ്ങളില്‍ ക്യാപ്റ്റനായും പോകാറുണ്ടായിരുന്നു.  അഞ്ചു പുസ്തകങ്ങളെഴുതിയ നിക്കി ലൗഡ ഫെരാരി ടീമിന്റെ കണ്‍സൽറ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

2008 ല്‍, തന്നേക്കാള്‍ 30 വയസ്സ് പ്രായം കുറഞ്ഞ ബിര്‍ജിത്തിനെ വിവാഹം കഴിച്ചു. ലൗഡയുടെ എയര്‍ലൈനില്‍ ജോലിക്കാരിയായിരുന്ന ബിര്‍ജിത്ത് ലൗഡയ്ക്ക് കിഡ്‌നി ദാനം ചെയ്തിരുന്നു. ബിര്‍ജിത്തില്‍ രണ്ടു മക്കളും ആദ്യ ഭാര്യ മര്‍ലെനില്‍ രണ്ടു മക്കളും ലൗഡക്കുണ്ട്. കഴിഞ്ഞ മേയ് 20ന്, എഴുപതാം വയസ്സിലാണ് നിക്കി ലൗഡ മരിച്ചത്. മരണം വരെ റേസിങ് ട്രാക്കുമായുള്ള ബന്ധം ലൗഡ സൂക്ഷിച്ചിരുന്നു.

English Summary: The Story Behind Rivalry Between Nikki Lauda and James Hunt

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA