ലൈസൻസും ആർസി ബുക്കും ഡിജിറ്റൽ ആയി സൂക്ഷിക്കാം, മൊബൈലിൽ കാണിച്ചാൽ മതി

digi-locker
Digi Locker
SHARE

മോട്ടർ വാഹന നിയമ പ്രകാരം ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മുറയ്ക്കു വാഹനത്തിന്റെ രേഖകൾ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. സെക്‌ഷൻ 158(1) പ്രകാരം, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി), ടാക്സ്, രസീത്, പുക പരിശോധന സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് വാഹനത്തിൽ കരുതേണ്ടത്.

വാണിജ്യ, ചരക്കു, യാത്രാ വാഹനങ്ങളിൽ ഫിറ്റ്നസ്, ബാഡ്ജ്, പെർമിറ്റ്, മുതലായ വിവിധ രേഖകളും കരുതേണ്ടതായുണ്ട്.

അതേസമയം ഡിജിറ്റൽ രൂപത്തിൽ രേഖകൾ സൂക്ഷിക്കുന്നതിനും പരിശോധനകൾക്ക് വിധേയമാക്കുന്നതിനും നിയമം അനുവദിക്കുന്നുണ്ടെങ്കിലും, ആ സൗകര്യം പലരും പ്രയോജനപ്പെടുത്തുന്നില്ല. വളരെ ലളിതമായി ഡിജിറ്റൽ രൂപത്തിൽ മൊബൈലിൽ സ്വന്തം വാഹനത്തിന്റെ പരിശോധനകൾക്ക് ആവശ്യമായ രേഖകൾ സൂക്ഷിക്കാൻ ഏതൊരു പൗരനും സാധിക്കും.

(1) ആദ്യമായി സ്മാർട് ഫോണിലെ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ സ്റ്റോറിൽ നിന്നോ അല്ലെങ്കിൽ ഡിജി ലോക്കർ എന്ന വെബ്സൈറ്റിൽ നിന്നോ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വികസിപ്പിച്ചെടുത്ത ‘ഡിജിലോക്കർ’ എന്ന ആപ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുക.

(2) മൊബൈൽ നമ്പറും പാസ്‌വേഡും ചേർത്ത് ഒടിപിയുടെ സഹായത്തോടെ റജിസ്റ്റർ ചെയ്യുക.

(3) തുടക്കത്തിൽ തന്നെ ആധാർ നമ്പർ ചേർത്ത്, ആപ്പിലെ പ്രസിദ്ധീകരിച്ച രേഖകൾ കാണാവുന്നതാണ്.

(4) തുടർന്ന് റോഡ് ട്രാൻസ്പോർട്ട് –ഹൈവേ മന്ത്രാലയം, സംസ്ഥാനങ്ങൾ എന്ന ലിങ്ക് സേർച്ച് ചെയ്ത് ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, ടാക്സ് രസീത് എന്നിവ ഡൗൺ‌ലോഡ് ചെയ്ത് ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാവുന്നതാണ്.

ഡ്രൈവിങ് ലൈസൻസ് നമ്പർ, വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ, വ്യക്തിപരമായ വിവരങ്ങൾ, വെഹിക്കിൾ ഷാസി നമ്പർ എന്നിവ നൽകി മുകളിൽ കാണുന്ന രേഖകൾ പകർത്തി സൂക്ഷിക്കാം.

(5) അതേസമയം പുക പരിശോധന സർട്ടിഫിക്കറ്റ് നിലവിൽ ഡൗൺ ലോഡ് ചെയ്യാൻ സാധിക്കുന്നില്ല. ചുരുങ്ങിയ കാലയളവിൽതന്നെ അതും സാധിക്കും. തൽക്കാലം പുക പരിശോധന സർട്ടിഫിക്കറ്റ് ഡിജിലോക്കർ ആപ്പിലേക്ക് സ്കാൻ ചെയ്ത് ‘അപ്‌ലോഡ്’ ചെയ്യാവുന്നതാണ്.

ഡിജിലോക്കർ ആപ്പിൽനിന്നു ഡൗൺ‌ലോഡ് ചെയ്യുന്ന എല്ലാ രേഖകൾക്കും ഐടി ആക്ട് പ്രകാരം നിയമസാധുത ലഭിക്കുന്നു. അതേസമയം എല്ലാ രേഖകളും ഡിജിലോക്കർ ആപ്പിൽനിന്നു ഡൗൺലോഡ് ചെയ്യാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

(1) ആധാർ കാർഡിന് കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറും ഇപ്പോഴത്തെ നമ്പറും ഒന്നാവണം.

(2) ഡ്രൈവിങ് ലൈസൻസ്, റജിസ്ട്രേഷൻ, ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ്, പുക സർട്ടിഫിക്കറ്റ് മുതലായ എല്ലാ രേഖകളിലും വാഹനത്തിന്റെ ഷാസി നമ്പർ, എൻജിൻ നമ്പർ, വാഹന ഉടമയുടെ വ്യക്തിപരമായ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ തെറ്റായി അച്ചടിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. തെറ്റായ വിവരങ്ങൾ സമയാസമയം ക്രമപ്പെടുത്തുവാൻ ശ്രദ്ധിക്കുക.

ഡോ. ബി.മനോജ് കുമാർ  എസ്‌സി.എംഎസ്, കൊച്ചി

English Summary: Vehicle Documents In Digital Format

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA