ADVERTISEMENT

എണ്ണൂറിലേറെ യാത്രക്കാരെ കൊള്ളുന്ന കൂറ്റന്‍ വിമാനത്തേക്കാള്‍ ഭാരം, 15 കണ്ടയ്നറുകളെ അനായാസം വഹിക്കാം ഫോര്‍മുല വണ്‍ കാറുകളുടെ ആറിരട്ടി ശക്തിയുള്ള എൻജിൻ, ഇങ്ങനെ പോകുന്നു ലോകത്തെ ഏറ്റവും വലിയ മൈനിങ് ട്രക്കായ BelAZ 75710 വിശേഷണങ്ങള്‍. കൂറ്റന്‍ ഖനികളില്‍ മാത്രമാണ് ഇത്തരം ട്രക്കുകള്‍ നിലവില്‍ ഉപയോഗിക്കുന്നത്. ആവശ്യക്കാര്‍ക്കനുസരിച്ച് മാത്രം നിർമിച്ചുകൊടുക്കുന്ന BelAZ 75710 ട്രക്കിന്റെ വില ഏകദേശം 6 മില്യണ്‍ ഡോളര്‍ (ഏകദേശം 42.98 കോടി രൂപ) വരും.

ബെലാസ് ട്രക്കിന്റെ ചക്രത്തിനടുത്തു പോയി നിന്നാല്‍ ചക്രം തന്നെ മുഴുവനായി കാണാന്‍ പാടു പെടേണ്ടി വരും. കാരണം ആറ് അടി ഏഴ് ഇഞ്ച് ഉയരമുള്ളയാള്‍ക്ക് മാത്രമേ ട്രക്കിന്റെ ടയറുകളുടെ പകുതി വലുപ്പമെങ്കിലും ഉണ്ടാകൂ. എട്ട് ചക്രങ്ങളിലാണ് ഈ കൂറ്റന്‍ ട്രക്ക് സഞ്ചരിക്കുക. സൈബീരിയയിലെ കല്‍ക്കരി ഖനികളില്‍ പാറകള്‍ നീക്കാന്‍ ഇത്തരം ബെലാസ് ട്രക്കുകള്‍ ഉപയോഗിക്കുന്നുണ്ട്.

dumper-truck-belaz-75710

450 ടണ്‍ ഭാരം ഇത്തരം ബെലാസ് ട്രക്കുകള്‍ക്ക് സുഖമായി വഹിക്കാനാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രക്കിനേക്കാള്‍ 87 ടണ്‍ കൂടുതലാണിത്. ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എയര്‍ബസ് A380 മുഴുവന്‍ യാത്രക്കാരുമായി സഞ്ചരിക്കുമ്പോഴുള്ളതിനേക്കാള്‍ ഭാരം ഈ ട്രക്കിനുണ്ട്. പരമാവധി 853 യാത്രികരെ കൊള്ളുന്ന കൂറ്റന്‍ ഇരുനില വിമാനമാണ് എയര്‍ബസ് A380. 

ഡീസല്‍ വൈദ്യുതി സംവിധാനമാണ് ട്രക്കിലുള്ളത്. രണ്ട് 16 സിലിണ്ടര്‍ ഡീസല്‍ എൻജിനുകളാണ് ട്രക്കിനാവശ്യമായ ഊർജം നല്‍കുന്നത്. ഭാരം വഹിച്ച് കയറ്റം കയറാന്‍ വാഹനങ്ങളെ സഹായിക്കുന്ന ടോര്‍ക് പവറും ബെലാസ് ട്രക്കിന് കുറച്ചൊന്നുമല്ല ഉള്ളത്. 13738 lb/ft ആണ് ബെലാസ് 75710 ട്രക്കിന്റെ പീക് ടോര്‍ക്. ഇത് 24 ഫോര്‍മുല വണ്‍ കാറുകളുടെ എൻജിനുകളുടെ ശേഷി ഒരുമിച്ചാലുള്ള അത്രയും വരും.

26 അടി ഉയരവും 32 അടി വീതിയും 67 അടി നീളവുമുണ്ട് ഈ ട്രക്കിന്. ഭാരവും വലുപ്പവും പോലെ തന്നെ ഇന്ധനം കുടിച്ചു വറ്റിക്കുന്നതിലും ഈ ലോകറെക്കോഡ് ട്രക്ക് ഒട്ടും പുറകിലല്ല. 100 കിലോമീറ്റര്‍ സഞ്ചരിക്കണമെങ്കില്‍ ഈ ബെലാസ് ഡംബ് ട്രക്കിന് 1300 ലിറ്റര്‍ ഇന്ധനം വേണം. ഇന്ധനം ലാഭിക്കാനായി ഭാരം ഇല്ലാതെ പോകുമ്പോള്‍ ഒരു എൻജിന്‍ പൂര്‍ണമായും ഓഫാക്കി സഞ്ചരിക്കാൻ ഇവക്കാകും. ട്രക്ക് ഓടിക്കാന്‍ എളുപ്പമാണെങ്കിലും ഇതിന്റെ വലുപ്പത്തിനനുസരിച്ച് പാകപ്പെടണമെങ്കില്‍ കുറച്ചു സമയമെടുക്കുമെന്നാണ് റഷ്യന്‍ കല്‍ക്കരി ഖനിയില്‍ ബെലാസ് ട്രക്ക് ഓടിക്കുന്ന ആന്ദ്രേ വാഷ്‌കേവിച്ച് പറയുന്നത്. ഒരുതവണ ട്രക്ക് മുഴുവന്‍ വളച്ച് തിരിക്കാനായി 65 അടി സ്ഥലം വേണ്ടി വരുമെന്ന് പറയുമ്പോള്‍ വാഷ്‌കേവിച്ച് പറയുന്നതിന്റെ അര്‍ഥം ഏകദേശം പിടികിട്ടും.

പരമാവധി വേഗത മണിക്കൂറില്‍ 64 കിലോമീറ്ററാണെങ്കിലും. മുഴുവന്‍ ഭാരവും വഹിച്ച് ബെലാസ് 75710 ട്രക്ക് 10 ഡിഗ്രി കുത്തനെയുള്ള കയറ്റം 40 കിലോമീറ്റര്‍ വേഗത്തില്‍ പുഷ്പം പോലെ കേറിപോകും. കയറ്റം 18 ഡിഗ്രി വരെ ആയാലും അധികം ദൂരമില്ലെങ്കില്‍ ഈ ട്രക്ക് ഭീമന് പ്രശ്‌നമുണ്ടാകില്ല. ഖനികളിലേക്ക് പ്രത്യേകം ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കുന്ന ഹോള്‍ ട്രക്കുകളുടെ ഗണത്തില്‍ പെടുന്ന ഈ ട്രക്ക് ബെലാസ് നിര്‍മ്മിക്കുന്നത് ബെലാറസിലാണ്.

English Summary:  Largest Dumper Truck In World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com