sections
MORE

ശൂന്യാകാശത്തേക്ക് ആളെകൊണ്ടുപോകും സ്‌പേസ് ഷട്ടിലുകള്‍

space-shuttle-1
Space Shuttle
SHARE

റോക്കറ്റിനെപോലെ കുത്തനെ ബഹിരാകാശത്തേക്ക് പറന്നുയര്‍ന്ന് വിമാനത്തെ പോലെ തിരിച്ച് ഭൂമിയിലേക്ക് ഇറങ്ങാന്‍ ശേഷിയുള്ളവയാണ് സ്‌പേസ് ഷട്ടിലുകള്‍. കൊളംബിയ, ചലഞ്ചര്‍, ഡിസ്‌കവറി, അറ്റ്‌ലാന്റിസ്, എന്‍ഡവര്‍ എന്നിവയാണ് അമേരിക്ക നിര്‍മിച്ച സ്‌പേസ് ഷട്ടിലുകള്‍. 1981 മുതല്‍ മുപ്പത് വര്‍ഷക്കാലത്തോളം അമേരിക്കന്‍ ബഹിരാകാശ സ്വപ്‌നങ്ങളുടെ മുഖചിത്രമായിരുന്നു ഇവ.

ഭാഗികമായെങ്കിലും പുനരുപയോഗിക്കാവുന്ന ശൂന്യാകാശവാഹനം എന്ന ആശയത്തില്‍ നിന്നാണ് സ്‌പേസ് ഷട്ടില്‍ പിറവിയെടുക്കുന്നത്. അമേരിക്കന്‍ വ്യോമസേനയും ബഹിരാകാശ ഏജന്‍സി നാസയും സഹകരിച്ചായിരുന്നു ഇവയുടെ നിര്‍മാണം. 1981 മുതല്‍ 2011 വരെ 135 ബഹിരാകാശ ദൗത്യങ്ങള്‍ അമേരിക്ക സ്‌പേസ് ഷട്ടിലുകള്‍ ഉപയോഗിച്ച് നടത്തി. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് പറന്നുയരുന്ന സ്‌പേസ് ഷട്ടിലുകള്‍ അമേരിക്കയുടെ അഭിമാനത്തിന്റെ ചിഹ്നങ്ങള്‍ കൂടിയായി.

പ്രധാന എൻജിന്‍, പുനരുപയോഗിക്കാവുന്ന ഇരട്ട റോക്കറ്റ് ബൂസ്റ്ററുകള്‍ എക്‌സ്റ്റേണല്‍ ടാങ്ക് എന്നിവക്കൊപ്പം ബഹിരാകാശ വാഹനം കൂടി ഘടിപ്പിക്കുന്നതാണ് സ്‌പേസ് ഷട്ടിലുകള്‍. സാധാരണ റോക്കറ്റുകള്‍ പോലെയാണ് സ്‌പേസ് ഷട്ടിലുകളേയും വിക്ഷേപിക്കാറ്. സോളിഡ് റോക്കറ്റ് ബൂസ്റ്ററുകളുടെ സഹായത്തിലാണ് ഭൂമിയില്‍ നിന്നും സ്‌പേസ് ഷട്ടില്‍ കുതിച്ചുയരുക. ഇന്ധനം തീരുന്ന മുറക്ക് പാരച്യൂട്ടുകളുടെ സഹായത്തില്‍ ഇവ ഭൂമിയിലേക്ക് വീഴുകയും അവ വീണ്ടെടുക്കുകയുമാണ് പതിവ്.

ശൂന്യാകാശത്തെത്തുന്നതോടെ ഇരട്ട ഓര്‍ബിറ്റല്‍ മാന്യുറിംങ് സിസ്റ്റങ്ങളാണ് (OMS) നിയന്ത്രണം ഏറ്റെടുക്കുക. ശൂന്യാകാശ വാഹനത്തെ തിരിച്ച് ഭൂമിയിലെ അന്തരീക്ഷത്തിലേക്ക് വിടുന്നതും ഒ.എം.എസിന്റെ സഹായത്തോടെ തന്നെ. കെന്നഡി ബഹിരാകാശ നിലയത്തിലോ കാലിഫോര്‍ണിയിലെ എഡ്വേഡ്‌സ് വ്യോമസേനാ ആസ്ഥാനത്തോ ആയിരിക്കും ഇവ തിരിച്ചിറങ്ങുക. കാലിഫോര്‍ണിയയിലാണ് ഇറങ്ങുന്നതെങ്കില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ബോയിംങ് 747 വിമാനം ശൂന്യാകാശ വാഹനത്തെ കെന്നഡി സ്‌പേസ് സെന്ററിലെത്തിക്കും.

space-shuttle

ലോകത്ത് ആദ്യമായി നിര്‍മിക്കപ്പെട്ട പുനരുപയോഗിക്കാവുന്ന ശൂന്യാകാശ വാഹനങ്ങളെന്ന റെക്കോർഡ് അമേരിക്കയുടെ ഈ സ്‌പേസ് ഷട്ടിലുകള്‍ക്കാണ്. ഓരോ ശൂന്യാകാശ വാഹനങ്ങളും നൂറു തവണ വിക്ഷേപിക്കാന്‍ കഴിയുന്നവയായിരുന്നു. അമേരിക്കയിലെ നാസയുടെ വിവിധ കേന്ദ്രങ്ങള്‍ക്കും വ്യോമസേനക്കുമായിരുന്നു സ്‌പേസ് ഷട്ടിലുകളുടെ വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങളിലും ഭാഗങ്ങളിലും ഉത്തരവാദിത്വമുണ്ടായിരുന്നത്.

സ്‌പേസ് ഷട്ടില്‍ വിക്ഷേപണം, തിരിച്ചിറക്കല്‍, ശൂന്യാകാശ പേടകത്തിന്റെ കറക്കങ്ങള്‍ തുടങ്ങിയവ കെന്നഡി ബഹിരാകാശ കേന്ദ്രത്തിന്റേയും വ്യോമസേനയുടേയും സംയുക്ത ചുമതലയായിരുന്നു. സ്‌പേസ് ഷട്ടിലിന്റെ ഓരോ നീക്കങ്ങളും സസൂഷ്മം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തത് ജോണ്‍സണ്‍ സ്‌പേസ് സെന്ററായിരുന്നു. പ്രധാന എൻജിന്‍, എക്‌സ്റ്റേണല്‍ ടാങ്ക്, സോളിഡ് റോക്കറ്റ് ബൂസ്റ്ററുകള്‍ എന്നിവയുടെ ഉത്തരവാദിത്വം മാര്‍ഷല്‍ സ്‌പേസ് ഫ്ലൈറ്റ് സെന്ററിനായിരുന്നു. പ്രധാന എൻജിന്റെ പരീക്ഷണങ്ങള്‍ ജോണ്‍ സി. സ്‌റ്റെന്നിസ് ബഹിരാകാശ കേന്ദ്രത്തിനും ഗ്ലോബല്‍ ട്രാക്കിംങ് നെറ്റ്‌വര്‍ക്കിന്റെ മേല്‍ നോട്ടം ഗൊദാര്‍ദ് സ്‌പേസ് ഫ്ലൈറ്റ് സെന്ററിനുമായിരുന്നു. 

നാസയേയും അമേരിക്കയേയും മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു സ്‌പേസ് ഷട്ടിലുകളുടെ ഓരോ യാത്രകളും. ആകെ 135 തവണ നടത്തിയ ദൗത്യങ്ങളില്‍ രണ്ട് തവണ മാത്രമാണ് നാസക്ക് പിഴച്ചിട്ടുള്ളത്. അതില്‍ ചലഞ്ചര്‍ ദുരന്തം പറന്നുയരുമ്പോഴും കൊളംബിയ ദുരന്തം തിരിച്ചിറങ്ങുമ്പോഴുമായിരുന്നു. ആകെ 14 യാത്രികര്‍ക്ക് ഈ ദുരന്തങ്ങളിലായി ജീവന്‍ നഷ്ടമായി.

1986 ജനുവരി 22നായിരുന്നു ആദ്യം ചലഞ്ചര്‍ വിക്ഷേപിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് 23, 24 എന്നീ തീയതികളിലേക്കും പിന്നീട് 28ലേക്കും വിക്ഷേപണം മാറ്റി. രാവിലെ 11.30 കുതിച്ചുയര്‍ന്ന ചലഞ്ചര്‍ 73 സെക്കന്റിനു ശേഷം ആകാശത്തു വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഏഴ് സഞ്ചാരികളുടേയും കുടുംബാംഗങ്ങളും ലോകവും കണ്ടു നില്‍ക്കെയായിരുന്നു ദുരന്തം.

2003 ഫെബ്രുവരി ഒന്നിന് ഭൂമിയിലേക്ക് തിരിച്ചിറങ്ങും വഴിയായിരുന്നു കൊളംബിയ തകര്‍ന്നത്. ഇന്ത്യയുടെ അഭിമാനമായ കല്‍പന ചൗളയും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ഏഴ് പേരില്‍ ഉണ്ടായിരുന്നു. ഭൂമിയിലേക്ക് തിരിച്ചെത്താന്‍ 16 മിനുറ്റ് മാത്രം ബാക്കി നില്‍ക്കെയായിരുന്നു ദുരന്തം. വിക്ഷേപണ സമയത്തു സംഭവിച്ച സാങ്കേതിക തകരാറുകളാണ് തിരിച്ചിറങ്ങുമ്പോള്‍ കൊളംബിയ തകരുന്നതിലേക്ക് നയിച്ചതെന്ന് പിന്നീട് കണ്ടെത്തി.

ആകെ 1322 ദിവസവും 19 മണിക്കൂറും 21 മിനുറ്റും 23 സെക്കന്റുമാണ് അമേരിക്കയുടെ വിവിധ സ്‌പേസ് ഷട്ടില്‍ ദൗത്യങ്ങള്‍ നീണ്ടു നിന്നത്. 2011 ജൂലൈ 21ന് അറ്റ്‌ലാന്റിസിന്റെ അവസാന ദൗത്യത്തോടെ നാസ സ്‌പേസ് ഷട്ടില്‍ അധ്യായത്തിന് തിരശ്ശീലയിട്ടു. പിന്നീട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളേയും ചരക്കും എത്തിക്കാന്‍ റഷ്യയുടെ സോയൂസ് ശൂന്യാകാശ വാഹനത്തെയാണ് അമേരിക്ക ആശ്രയിക്കുന്നത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അമേരിക്കയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം(എസ്.എല്‍.എസ്) അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്. പലതവണ മാറ്റിയ എസ്.എല്‍.എസിന്റെ വിക്ഷേപണം 2021ല്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary: Know More About Space Shuttle

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA