ADVERTISEMENT

അടുത്തമാസം ഒന്നുമുതല്‍ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെല്ലാം ഫാസ്ടാഗ് സംവിധാനം നിര്‍ബന്ധമായും വേണം. ഫാസ്ടാഗിലൂടെയായിരിക്കും ഇനിയുള്ള ടോള്‍ പിരിവ്. ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽനിന്ന് ടോൾ നിരക്കിന്റെ ഇരട്ടി ഈടാക്കാനാണ് തീരുമാനം. ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഒാട്ടമാറ്റിക്കായി അക്കൗണ്ടില്‍നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്. എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം? എവിടെ നിന്നാണ് വാങ്ങേണ്ടത്? എങ്ങനെ റീചാർജ് ചെയ്യും?

ഫാസ്ടാഗ് എങ്ങനെ വാങ്ങാം

പുതിയ വാഹനങ്ങളിൽ ഡീലർ തന്നെ ഫാസ്ടാഗ് വച്ചു നൽകുന്നുണ്ട്. രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ഉപയോഗിക്കാവുന്ന, വാഹനങ്ങളില്‍ പതിപ്പിക്കുന്ന ഫാസ്ടാഗ് ടോള്‍പ്ലാസകളില്‍നിന്നും മുന്‍നിര ബാങ്കുകളില്‍നിന്നും വാങ്ങാം. മിക്ക ബാങ്കുകളും 500 രൂപയാണ് ഫാസ്ടാഗിന് ഈടാക്കുന്നത്. ഇതിൽ 200 രൂപ നിങ്ങളുടെ ടാഗ് അക്കൗണ്ടിൽ നിക്ഷേപിക്കും. ആർസി ബുക്കും ഉടമയുടെ ഐഡി പ്രൂഫും സമർപ്പിച്ചാൽ ഫാസ്ടാഗ് ലഭിക്കും. അഞ്ചുവര്‍ഷം കാലാവധിയാണ് ഫാസ്ടാഗ് അക്കൗണ്ടിനുള്ളത്. മൊബൈൽ നമ്പർ ഉപയോഗിച്ച് ഫാസ്ടാഗ് അക്കൗണ്ടിൽ ലോഗ്ഇൻ ചെയ്ത് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും അക്കൗണ്ടിലേക്കു പണമടയ്ക്കാം. ഉടൻ തന്നെ ഇതിനായി ഒരു ആപ്പും പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് ഇളക്കി മറ്റൊരു വാഹനത്തിൽ പിടിപ്പിക്കാനാവില്ല. 

എന്താണ് ഫാസ്ടാഗ്

പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം.

വാഹനങ്ങളിലെ ഫാസ്ടാഗിനെ ആര്‍എഫ്‌ഐഡി റീഡര്‍ വഴി റീഡ് ചെയ്ത് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇവിടെ. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്‌മെന്റ് എന്നിവ ഇതു വഴി സാധ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍പ്ലാസയിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്. 

ഫാസ് ടാഗി‌ന്റെ നേട്ടങ്ങള്‍

ടോള്‍ നല്‍കുന്നതിന് വാഹനങ്ങളുടെ കാത്തുനില്‍പ് ഒഴിവാക്കാമെന്നുള്ളതാണ് പ്രധാന നേട്ടം. വാഹനം നിർത്താതെതന്നെ കുറഞ്ഞ സമയത്തിനുള്ളില്‍ കടന്നുപോകാവുന്നതുകൊണ്ട് സമയലാഭവും ഇന്ധനലാഭവും ഉണ്ട്. ഓണ്‍ലൈന്‍ സേവനം വഴിയുള്ള ഇടപാട് ആയതിനാല്‍ പണം കയ്യില്‍ കരുതേണ്ടതില്ല.

അഞ്ചിരട്ടി വേഗത്തില്‍ ടോള്‍പ്ലാസ കടക്കാം

ഇലക്ട്രോണിക് ടോള്‍ കലക്‌ഷന്‍ സംവിധാനമായ ഫാസ്ടാഗിലൂടെ ടോള്‍ബൂത്തുകളിലെ തിരക്ക് ഒഴിവാക്കി നിലവിലെ സാഹചര്യത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ വാഹനങ്ങള്‍ക്ക് ടോള്‍പ്ലാസ മറികടക്കാം. ഇപ്പോള്‍ ഒരു വാഹനത്തിന് ടോള്‍ബൂത്ത് മറികടക്കാന്‍ 15 സെക്കന്‍ഡാണ് ദേശീയപാത അതോറിറ്റി നിര്‍ദേശിക്കുന്ന സമയം. പലപ്പോഴും ഇത് ദീര്‍ഘിക്കാറുമുണ്ട്. ഫാസ്ടാഗിൽ ഇത് മൂന്ന് സെക്കന്‍ഡ്ഡായി ചുരുങ്ങും.

നിലവില്‍ ഒരു ടോള്‍ ബൂത്തിലൂടെ മണിക്കൂറില്‍ 240 വാഹനങ്ങള്‍ക്കു വരെ കടന്നുപോകാം. ഫാസ്ടാഗ് വരുന്നതോടെ 1200 വാഹനങ്ങള്‍ക്കുവരെ കടന്നുപോകാനാകും. 

English Summary: Know More About Fastag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com