ADVERTISEMENT

ദേശീയപാതാ അതോറിറ്റിയുടെ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഡിസംബര്‍ 15ലേക്ക് നീട്ടി. ജനങ്ങള്‍ക്ക് വാഹനങ്ങളില്‍ ഫാസ്ടാഗുകള്‍ ഘടിപ്പിക്കുന്നതിന് കൂടുതല്‍ സമയം നല്‍കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി. അതേസമയം ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗുകള്‍ റീഡ് ചെയ്യുന്ന യന്ത്രങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞുവെന്നാണ് ദേശീയപാതാ അതോറിറ്റി അറിയിച്ചിരിക്കുന്നത്. 

Fastag
Fastag

വാഹനങ്ങളുടെ വിന്‍ഡ്‌സ്‌ക്രീനിലാണ് ഫാസ്ടാഗുകള്‍ ഒട്ടിക്കേണ്ടത്. ടോള്‍ പിരിവു കേന്ദ്രങ്ങള്‍ വഴി വാഹനം കടന്നുപോകുമ്പോള്‍ പണം ഈടാക്കാന്‍ ഇനി മുതല്‍ ഈ ഫാസ്ടാഗുകള്‍ മതിയാകും. വാഹനം നിര്‍ത്തുകയോ ടോള്‍ ബൂത്തിലെ ജീവനക്കാര്‍ക്ക് പണമോ കാര്‍ഡോ കൈമാറുകയോ ആവശ്യമില്ല. ഫാസ്ടാഗിലെ അക്കൗണ്ടില്‍ നിന്നും ടോള്‍ ബൂത്ത് കടക്കുന്നതിനൊപ്പം പണവും എന്‍.എച്ച്.എ.ഐ ഓണ്‍ലൈനായി പിരിക്കും. ഇത് ടോള്‍ ബൂത്തുകളിലെ നീണ്ട വരിയും തിക്കും തിരക്കും കുറക്കുമെന്നാണ് പ്രതീക്ഷ. ഫാസ്ടാഗുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങള്‍

എന്താണ് ഫാസ്ടാഗ്?

ഡിജിറ്റലായി ടോള്‍ പിരിക്കുന്നതിന് സ്ഥാപിക്കുന്ന പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗുകള്‍. വാഹനങ്ങളുടെ മുന്‍വശത്തെ വിൻഡ് സ്ക്രീനിലാണ് ഫാസ്ടാഗുകള്‍ ഒട്ടിക്കുക. വാഹനം ടോള്‍ പ്ലാസ വഴി കടന്നുപോകുമ്പോള്‍ തന്നെ ടോള്‍ പിരിക്കാന്‍ ഫാസ്ടാഗുകള്‍ സഹായിക്കും. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജി അഥവാ RFID ഉപയോഗിച്ചാണ് ഫാസ്ടാഗുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടില്‍ നിന്നും പണം ഈടാക്കുന്നത്. ടോള്‍ പ്ലാസകളിലോ ഓണ്‍ ലൈന്‍ വഴിയോ ഫാസ്ടാഗുകള്‍ റീ ചാര്‍ച്ച് ചെയ്യാം. രാജ്യത്തെ ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള ഏത് ദേശീയപാതകളിലെ ടോളുകളിലും ഫാസ്ടാഗുകള്‍ ഉപയോഗിക്കാനാകും. 

fastag-1

ഫാസ്ടാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കാരണങ്ങള്‍

ടോള്‍ പിരിവുകേന്ദ്രങ്ങളിലെ തിരക്ക് കുറക്കുമെന്നതാണ് പ്രധാന കാരണം. ഇതുവഴി ഇന്ധനവും ലാഭിക്കാം. ഒരു തിരക്കുമില്ലെങ്കിലും നിലവില്‍ ഏറ്റവും കുറഞ്ഞത് 15-20 സെക്കന്റെങ്കിലും ഓരോ വാഹനവും ടോള്‍ നല്‍കാനായി ചിലവിടുന്നുണ്ടെന്നാണ് കണക്ക്. ഫാസ്ടാഗുകള്‍ വന്നാല്‍ ഇത് വെറും മൂന്ന് സെക്കന്റായിമാറും. പ്രതിമണിക്കൂറില്‍ 240 വാഹനങ്ങളെന്ന നിലവിലെ കണക്ക് ഫാസ്ടാഗുകള്‍ ഘടിപ്പിച്ചാല്‍ 1200 ആയി മാറും. 

ഡിസംബര്‍ 15ന് എന്ത് സംഭവിക്കും?

ഓരോ ടോള്‍ ബൂത്തുകളിലും ഇടത്തേ അറ്റത്തെ ബൂത്ത് ഒഴികെയുള്ളവ ഫാസ്ടാഗുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാനായി നിജപ്പെടുത്തും. ഇടത്തേയറ്റത്തെ ബൂത്തില്‍ ഫാസ്ടാഗും പണവും കാര്‍ഡും എല്ലാം കൊടുത്ത് ടോള്‍ അടക്കാനാകും. 

ഫാസ്ടാഗില്ലെങ്കില്‍ പിഴയെത്ര?

ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഇടത്തേയറ്റത്തെ ടോള്‍ വഴിയിലൂടെ മാത്രമേ പോകാനാകൂ. അത് ലംഘിക്കുന്ന വാഹനങ്ങൾക്ക്  ടോള്‍ സംഖ്യയുടെ ഇരട്ടി പിഴയായി അടച്ചാല്‍ മാത്രമേ പോകാന്‍ സാധിക്കൂ. ആരെങ്കിലും ടോള്‍ അടക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അവരെ പൊലീസിന് കൈമാറും. 

fastag-2

കേരളത്തില്‍ ഫാസ്ടാഗ് ഉപയോഗിക്കാവുന്ന ടോളുകള്‍

ദേശീയ പാതാ അതോറിറ്റിക്ക് കീഴിലുള്ള നാലു ബൂത്തുകളിലും ഫാസ്ടാഗ് ഉപയോഗിക്കാനാകും. വാളയാറിലെ പാമ്പംപള്ളം ടോള്‍, എറണാകുളത്തെ പൊന്നാരിമംഗലം ടോള്‍, തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ, എറണാകുളത്തെ കുമ്പളം ടോള്‍ എന്നിവിടങ്ങളിലാണ് ഫാസ്ടാഗ് ഉപയോഗിക്കാനാവുക. 

സര്‍ക്കാരിന്റെ നേട്ടങ്ങള്‍

ദേശീയപാതാ അതോറിറ്റിയുടെ വരുമാനം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ദേശീയ പാതാ അതോറിറ്റിയുടെ കടം അഞ്ച് വര്‍ഷം കൊണ്ട് എട്ടു മടങ്ങായി വര്‍ധിച്ച് 1.80 ലക്ഷം കോടിയിലെത്തിയിരിക്കുകയാണ്. 

ഫാസ്ടാഗ് എവിടെ കിട്ടും?

എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗുകള്‍ ലഭ്യമാണ്. തെരഞ്ഞെടുത്ത 22 ബാങ്കുകളുടെ ശാഖകള്‍, ആമസോണ്‍ പോലെയുള്ള ഇ കൊമേഴ്‌സ് സൈറ്റുകള്‍, പേടിഎം പോലുള്ള മൊബൈല്‍ വാലറ്റുകള്‍ എന്നിവ വഴിയും ഫാസ്ടാഗ് ലഭിക്കും. 

പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗ് ഉണ്ടായിരിക്കും. അത് റീചാര്‍ജ്ജ് ചെയ്യേണ്ട ആവശ്യമേ ഉണ്ടാകൂ. വാഹനങ്ങള്‍ക്കനുസരിച്ച് ഫാസ്ടാഗിന്റെ വിലയിലും ചെറിയ മാറ്റമുണ്ടാകും. ഫാസ്ടാഗില്‍ സെക്യൂരിറ്റി ഡെപോസിറ്റായും ഒരു തുക സൂക്ഷിക്കേണ്ടി വരും. 

വാഹനത്തിന്റെ ആര്‍.സിയുടെ പകര്‍പ്പ്, ഉടമയുടെ പാസ്‌പോര്‍ട്ട് ഫോട്ടോ, ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നിവ സഹിതമാണ് ഫാസ്ടാഗിന് അപേക്ഷിക്കേണ്ടത്. 100 രൂപമുതല്‍ ഒരു ലക്ഷം രൂപവരെ ഫാസ്ടാഗ് അക്കൗണ്ടില്‍ സൂക്ഷിക്കാനാകും. 

പരാതികള്‍ക്ക്

ഫാസ്ടാഗ് അക്കൗണ്ടുമായുള്ള പരാതികള്‍ക്ക് ദേശീയ പാതാ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 1033ലേക്ക് വിളിച്ചാല്‍ മതിയാകും. ബാങ്കുമായും ബന്ധപ്പെടാവുന്നതാണ്. ടോള്‍ പ്ലാസകളിലെ സഹായകേന്ദ്രങ്ങളേയു പരാതികള്‍ക്കായി ഉപയോഗിക്കാം. കൂടാതെ ഉപഭോക്താവിന്റെ ഓൺലൈൻ അക്കൗണ്ടിലൂടെയും പരാതികൾ രജിസ്റ്റർ ചെയ്യാം.

ടോള്‍ ബൂത്തുകള്‍ക്ക് സമീപത്തുള്ളവര്‍ക്ക്

ഇക്കാര്യത്തില്‍ ഇപ്പോഴും ഒരു വ്യക്തത വന്നിട്ടില്ല. നിലവില്‍ തൃശൂര്‍ പാലിയേക്കര ടോളിന്റെ 10 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ ടോള്‍ നല്‍കാറില്ല. അവര്‍ക്ക് നല്‍കിയിരിക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകളിലൂടെ സര്‍ക്കാരാണ് പണം അടക്കുന്നത്. ഇത്തരം പ്രത്യേക ഇളവുകള്‍ ഇതുവരെ ഫാസ്ടാഗുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

വാഹനം വില്‍കുമ്പോള്‍ ഫാസ്ടാഗുകള്‍ റദ്ദാക്കണോ?

വാഹനം വില്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഫാസ്ടാഗുകള്‍ ഉടമ റദ്ദാക്കേണ്ടതുണ്ട്. സ്വന്തം പേരിലേക്ക് വാഹനം മാറ്റിയ ശേഷം പുതിയ ഉടമക്ക് ഫാസ്ടാഗിന് അപേക്ഷിക്കാം. ഇതിന് മേല്‍പറഞ്ഞ രേഖകളും ഒപ്പം നല്‍കേണ്ടി വരും. വാഹനം കൈമാറുമ്പോള്‍ പഴയ ഫാസ്ടാഗ് റദ്ദാക്കിയതിന് ശേഷമേ പുതിയ ഉടമക്ക് ഫാസ്ടാഗ് എടുക്കാന്‍ സാധിക്കൂ.

വ്യത്യസ്ത വാഹനങ്ങൾക്ക് വിവിധ നിറത്തിലുള്ള ഫാസ്ടാഗുകള്‍

ടോളിലെത്തുന്ന വ്യത്യസ്ത വാഹനങ്ങളിൽ നിന്ന് ഇടാക്കുന്ന പണത്തിന്റെ വ്യത്യാസം പോലെ തന്നെ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ടാഗിന്റെ നിറങ്ങളിലും മാറ്റങ്ങളുണ്ട്. കാറുകൾക്ക് വൈലറ്റ് നിറമുള്ള ടാഗാണ്. എൽസിവി (ഓറഞ്ച്), ബസ്, ട്രക്ക് (പ‍ച്ച), മൂന്നു ആക്സിലുകളുള്ള വാഹനങ്ങൾ (മഞ്ഞ), നാലു മുതൽ ആറ്  ആക്സിലുകളുള്ള വാഹനങ്ങൾ (പിങ്ക്), ഏഴ്  ആക്സിലുകള്‍ക്ക് മുകളിലുള്ള വാഹനങ്ങൾ (സ്കൈ ബ്ലൂ), എർത്ത് മൂവേഴ്സ് വാഹനങ്ങൾ (ആഷ്) എന്നിങ്ങനെയാണ് ഫാസ്ടാഗിന്റെ നിറങ്ങൾ.

English Summary: All you Need to Know About FASTag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com