sections
MORE

പഠനം ക്ലാസ്മുറികൾക്ക് പുറത്താണെന്ന് തെളിയിക്കുന്ന പോളിടെക്നിക്ക് വിദ്യാർഥികൾ

kit-car
SHARE

ആറ്റിങ്ങൽ പോളി ടെക്നിക്കിലെ ഓട്ടമൊബീൽ വിഭാഗം തലവനായ പ്രേംജിത്ത് പ്രഭാകരനോട് കൊല്ലം സ്വദേശിയായ പ്രമോദ് ഒരു ദിവസം ചോദിച്ചു, സാറേ... നിങ്ങള് വല്യ എൻജിനീയറല്ലേ.. നിങ്ങടെ പിള്ളാരെക്കൊണ്ട് റിവേഴ്സ് ഗീയറുള്ള സ്കൂട്ടർ ഉണ്ടാക്കിക്കൂടെ? എന്നാൽ എന്നെപ്പോലുള്ള ഒരുപാടുപേർക്കു പ്രയോജനമുണ്ടാകും. ഭിന്നശേഷിക്കാരനാണു പ്രമോദ്. ഒരിക്കൽ കൊല്ലത്തുവച്ചുണ്ടായ അപകടത്തിൽ പ്രമോദിന്റെ സ്കൂട്ടർ ചെളിയിൽ പുതഞ്ഞുപോയിരുന്നു. തന്റെ സ്കൂട്ടറിനു റിവേഴ്സ് ഗീയർ ഉണ്ടായിരുന്നെങ്കിലെന്ന് അന്ന് അതിയായി ആഗ്രഹിച്ചുപോയി. ഭിന്നശേഷിക്കാർക്കു ഉപയോഗിക്കാവുന്ന രീതിയിൽ സ്കൂട്ടർ കൺവേർട്ട് ചെയ്യുന്നതിനൊപ്പം റിവേഴ് ഗീയറും വേണം എന്നാണ് പ്രമോദിന്റെ ആവശ്യം. ശരിയാണ്. എല്ലാവർഷവും കുട്ടികൾക്ക് ഒാരോ പ്രോജക്ട് ചെയ്യണം എന്നാൽ പിന്നെ റിവേഴ്സ് സ്കൂട്ടർ ആയാലെന്താ? കാര്യം 2018 ലെ അവസാന വർഷ വിദ്യാർഥികളോടു പറഞ്ഞു. അങ്ങനെയാണ് റിവേഴ്സ് ഗിയറുള്ള ട്രൈക്ക് സ്കൂട്ടർ പിറവിയെടുക്കുന്നത്. 

റീവേഴ്സ് ഗീയർ സ്കൂട്ടർ 

സാധാരണ സ്കൂട്ടറിന്റെ പിൻ വീലിനൊപ്പം രണ്ടു വീലുകൾ കൂടി പിടിപ്പിച്ചാണ് ഭിന്നശേഷിക്കാർ ഉപയോഗിക്കുന്നത്. പഴയ ആക്ടീവ ഹോണ്ട ആക്ടീവയാണ് ട്രൈക്ക് ആയി രൂപം മാറിയത്. അതിൽ ആപെ ഓട്ടോയുടെ ഡഫറൻഷ്യൽ മാത്രം കട്ട് ചെയ്തു എടുത്തു. പിന്നിലെ വീൽ ഊരി മാറ്റി അതിൽ ചെയിൻ ആൻഡ് സ്പോക്കറ്റ് അസെബ്ലി പിടിപ്പിച്ചു ചെയിൻ ഡ്രൈവ് സിസ്റ്റമാക്കി. അതിലേക്ക് റീവേഴ്സ് ഗീയർ ഉള്ള ഡിഫറൻഷ്യൽ പിടിപ്പിച്ചു. റിവേഴ്സ് ഗീയർ കൈകൾകൊണ്ടു പ്രവർത്തിപ്പിക്കാം. ട്രൈക്കിനെ ഫുള്ളി ഓട്ടമാറ്റിക് 3 വീലർ എന്നു വിളിക്കാം. മുക്കാൽ മണിക്കൂർകൊണ്ട് ഈ കിറ്റ് സാധാരണ സ്കൂട്ടറിൽ പിടിപ്പിക്കാം. ഏകദേശം 50,000 രൂപ ചെലവായി.   

kit-car-1

പ്രായമായവർക്കും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രയോജനപ്പെടുത്താവുന്നതാണ് ഈ സാങ്കേതിക വിദ്യ. കോളിജിലെ 2017–18 വൈകുന്നേര ബാച്ച് വിദ്യാർഥികളായിരുന്ന ഷെർഷാ, അശ്വിന്ത്, ജിഷ്ണു, വിഷ്ണു കുറുപ്പ്, പൂർവ വിദ്യാർഥിയായ രാഹുൽ എന്നിവർ ചേർന്നാണ് സ്കൂട്ടർ നിർമിച്ചത്. നിർദ്ദേശങ്ങളും സഹായഹസ്തങ്ങളുമായി എച്ച്ഒഡി പ്രേംജിത്തും ഒപ്പം നിന്നു. 

അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര

ട്രൈക്ക് നിർമിച്ച കാര്യം പ്രേംജിത്ത് മഹീന്ദ്ര കമ്പനി ചെയർമാൻ ആനന്ദ് മഹീന്ദ്രയ്ക്കു ട്വീറ്റ് ചെയ്തു. അദ്ദേഹം അഭിനന്ദിച്ചുകൊണ്ട് മറുപടിയും അയച്ചു. മഹീന്ദ്രയിലെ രണ്ടു വിദഗ്ദരെ കോളജിലേക്കയച്ചിരുന്നു. കേരള ഓട്ടമൊബീൽസ് ലിമിറ്റഡ് പ്രധിനിധികളും സ്കൂട്ടർ കാണാനെത്തി. ആറ്റിങ്ങൽ പോളിയിലെ ഓട്ടമൊബീൽ വിദ്യാർഥികൾ നിർമിച്ച സ്കൂട്ടർ ഇപ്പോൾ ഹിറ്റായി. 

ഹാൻഡ് മെയ്ഡ് കാർ

ആറ്റിങ്ങൽ പോളിടെക്നിക്കിൽനിന്നു പഠിച്ചിറങ്ങുന്ന കുട്ടികൾ വാഹനം നിർമിക്കാൻ പഠിച്ചിരിക്കും. മുൻവർഷങ്ങളിൽ (2014–17 ബാച്ച്) പഠിച്ചിറങ്ങിയ കുട്ടികൾ നിർമിച്ചതാണ് ഐഡിയേറ്റർ. ടൂ സീറ്റർ കിറ്റ് കാർ. മാരുതി ഒമ്നിയുടെ എൻജിനും ഗീയർ ബോക്സുമാണ് ഐഡിയേറ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. റിയർവീൽ ഡ്രൈവ് സിസ്റ്റമാണ് ഇതിന്. അലോയ് വീലുകളും ടയറുകളും പുറത്തുനിന്നും വാങ്ങി. ബോഡി ചെയ്തത് കോളജിലെ വർക്ക് ഷോപ്പിൽതന്നെ. 

ഇൻഡിപെൻഡന്റ് സസ്പെൻഷനോടുകൂടിയ ഐഡിയേറ്ററിൽ ഹോണ്ടയുടെ സസ്പെൻഷനാണ് ഉപയോഗിച്ചിരിക്കുന്നത്. നാലു വീലുകളിലും ഡിസ്ക് ബ്രേക്കും നൽകിയിട്ടുണ്ട്. സ്പെയ്സ് ഫ്രെയിമിലാണ് വാഹനത്തിന്റെ മെറ്റൽബോഡി ഉറപ്പിച്ചിരിക്കുന്നത്. റാക്ക് ആൻഡ് പിന്നിയൻ സ്റ്റീയറിങ് സിസ്റ്റവും ഗീയർബോക്സുമാണ് മറ്റൊരു പ്രത്യേകത. ബോണറ്റിൽനിന്നു പിന്നിലേക്കു നീണ്ടുവരുന്ന രീതിയിലാണ് എയർ ഇൻ ടേക്കും എക്സോസ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത്. 

ഐഡിയേറ്റർ  സ്വന്തമാക്കാം

ഒരു വർഷത്തിലധികം സമയമെടുത്താണ് കാർ നിർമാണം പൂർത്തിയാക്കിയത്. സാധനങ്ങൾ വാങ്ങാനും മറ്റുമായിത്തന്നെ 2.5 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. വൈകുന്നേര ബാച്ചിലെ വിദ്യാർഥികളായ രാഹുൽ, സ്യാം കുമാർ, അഖിൽ, ജയകൃഷ്ണൻ, വിഷ്ണു തുടങ്ങയവരുടെ രാപ്പക്കൽ അദ്ധ്വാനമാണ് ഐഡിയേറ്റർ. ഓരോ കുട്ടിയ്ക്കും അനന്തസാധ്യതകൾ തുറന്നിട്ടിരിക്കുന്നു എന്നാണ് ‘ഐഡിയേറ്റർ’ എന്ന പേരുകൊണ്ട് അർഥമാക്കുന്നത്. 

ഐഡിയേറ്റർ വിൽക്കാനുള്ള പദ്ധതിയിലാണ് ഓട്ടമൊബീൽ ഡിപാർട്ട്മെന്റ്.  കുട്ടികളുടെ ഡ്രൈവിങ് പരിശീലനത്തിനായി ബൊലീറോ വാങ്ങാനുള്ള പണം കണ്ടെത്തുകയാണ് ലക്ഷ്യം. വിദ്യാർകൾക്കു പിന്തുണയുമായി സഹഅദ്ധ്യാപകരായ സാബ ജോർജ്, അനൂപ്, സജികുമാർ, ജിജീഷ് മോഹൻ, വർക്ക്ഷോപ്പ് ജീവനക്കാരും കൂടെയുണ്ട്.  

English Summary: Kit Car By Students

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA