ADVERTISEMENT

ഹോൾഡൻ എന്ന ബ്രാൻഡ് നാമം വ്യവസായ ലോകത്തേക്ക് എത്തിയത് ഒന്നര നൂറ്റാണ്ടു മുൻപാണ്. കൃത്യമായി പറഞ്ഞാൽ 1856 ൽ. യാത്രക്കാർക്കു കുതിരപ്പുറത്തു സുഖമായി ഇരിക്കുന്നതിന് ഉറപ്പിക്കുന്ന ജീനി നിർമിച്ചു വിതരണം ചെയ്യുന്ന സ്ഥാപനമായാണ് ബ്രിട്ടിഷ് വ്യവസായി ജെയിംസ് അലക്സാണ്ടർ ഹോൾഡൻ ‘ജെ.എ. ഹോൾഡൻ ആൻഡ് കമ്പനി’ തുടങ്ങിയത്. തെക്കൻ ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡിലായിരുന്നു കമ്പനി. 

holden-logo

ജെയിംസിന്റെ മകൻ ഹെൻറി ജെയിംസ് ഹോൾഡനൊപ്പം എച്ച്.എ. ഫ്രോസ്റ്റ് എന്ന വ്യവസായി കൂടി ചേർന്നു. 1885 ൽ ‘ഹോൾഡൻ ആൻഡ് ഫ്രോസ്റ്റ്’ ആയി മാറിയ സ്ഥാപനം ജെ.എ. ഹോൾഡന്റെ കൊച്ചുമകൻ എഡ്വേഡിന്റെ വരവോടെ മോട്ടർ വാഹന വ്യവസായത്തിലേക്കു ചുവടുവച്ചു. 1905 ൽ സർ എഡ്വേഡ് വീവാൾ ഹോൾഡനാണ് കമ്പനിക്കു പുതിയ ദിശാബോധം നൽകിയത്.1908 ൽ കാറുകളുടെ സീറ്റ് നിർമാണത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1913 ൽ മോട്ടർ സൈക്കിൾ സൈഡ്കാർ നിർമാണം തുടങ്ങി. 1914 ൽ ഓസ്ട്രേലിയയിലെ തന്നെ മറ്റൊരു വാഹന ബോഡി നിർമാതാവിന്റെ പഴയ കോച്ചുകൾ റീബോഡി ചെയ്യാൻ തുടങ്ങി. 1919 ൽ ഹെൻറി ഹോൾഡന്റെ നേതൃത്വത്തിൽ ഹോൾഡൻ മോട്ടർ ബോഡി ബിൽഡേഴ്സ് ലിമിറ്റഡ് (എച്ച്എംബിബി) എന്ന കമ്പനി റജിസ്റ്റർ ചെയ്തു. ഇന്നത്തെ ഹോൾഡൻ ഓട്ടമോട്ടിവിന്റെ യഥാർഥ പിൻമുറക്കാരൻ എച്ച്എംബിബി ആണ്.

യഥാർഥ ‘ഓസ്ട്രേലിയൻ’

ഇന്നത്തെ ചിത്രം എടുത്താൽ ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികൾ എങ്ങനെ ഇന്ത്യയുടെ ‘സ്വന്തം’ ആണെന്നു പറയുന്നുവോ, അങ്ങനെ തന്നെയാണ് ഓസ്ട്രേലിയയ്ക്കു ഹോൾഡനും. കുതിരവണ്ടികളിൽനിന്നു കാറുകളിലേക്ക് ഓസ്ട്രേലിയ മാറിത്തുടങ്ങുന്ന കാലത്തു തന്നെ ഹോൾഡൻ അവിടെയുണ്ട്, 1919 ൽ ബോഡി ബിൽഡിങ് തുടങ്ങിയ എച്ച്എംബിബി 1923 ആയപ്പോഴേക്കും 12000 വാഹനങ്ങൾ പ്രതിവർഷം പുറത്തിറക്കാൻ ശേഷി നേടി. 

ആദ്യം ഫോഡ്, ജനറൽ മോട്ടോഴ്സ് (ജിഎം) കമ്പനികളുടെ ഷാസികൾക്കു ബോഡി നിർമിച്ചു നൽകിയിരുന്ന ഹോൾഡൻ 1924 ൽ ജിഎമ്മിനു വേണ്ടി മാത്രം പ്രവർത്തിച്ചു. എന്നാൽ ഹോൾഡന്റെ പല ബോഡികളും ആ കാലത്തെ ഒരേവിഭാഗത്തിൽപ്പെടുന്ന പല കാറുകൾക്കും യോജിച്ചവ ആയിരുന്നു. ഈ സാധ്യത മറ്റൊരു വഴിയിലൂടെ എച്ച്എംബിബി പ്രയോജനപ്പെടുത്തുന്നുമുണ്ടായിരുന്നു. 1920 ൽ ട്രാം കാറുകൾ നിർമിക്കുന്നതിനുള്ള കരാർ ഏറ്റെടുക്കാൻ പോലും കമ്പനി ധൈര്യം കാട്ടി.

holden-monaro-ht
Holden Monaro HT

ജിഎം ഏറ്റെടുക്കുന്നു

1926 ൽ അഞ്ച് അസംബ്ലി കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ട് ജിഎമ്മിന്റെ ഓസ്ട്രേലിയ ഘടകം സ്ഥാപിതമായി. എന്നിട്ടും ബോഡികൾ എച്ച്എംബിബി തന്നെ നിർമിച്ചു. 1930 കളിലെ  സാമ്പത്തികമാന്ദ്യം തളർത്തിയ ഹോൾഡനെ 1931 ൽ ജിഎം ഏറ്റെടുത്തു. അങ്ങനെ കമ്പനി ‘ജിഎം–എച്ച് ലിമിറ്റഡ്’ ആയി. എന്നിട്ടും പൂർണമായും ‘ജിഎം– എച്ച് ലിമിറ്റഡി’ന്റെ കീഴിൽ ആകാതിരുന്ന ഹോൾഡന്റെ വുഡ്‌വില്ലെ പ്ലാന്റിൽ നിന്ന് ആ കാലത്തെ എണ്ണം പറഞ്ഞ കാറുകളായ ഓസ്റ്റിൻ, ക്രൈസ്‌ലർ, ഹിൽമാൻ, വില്ലീസ് – ഓവർലാൻഡ്, ഫിയറ്റ്, ഹഡ്സൺ, സ്റ്റുഡിബേക്കർ, ക്ലീവ്‌ലാൻഡ്, എസെക്സ്, ഡോഡ്ജ് എന്നിവയുടെ മികച്ച മോഡലുകൾ പുറത്തിറങ്ങി. ലോകമഹായുദ്ധങ്ങളുടെ കാലത്ത് ഹോൾഡനും മറ്റു കാർ നിർമാതാക്കളെപ്പോലെ തോക്കും മിലിട്ടറി വാഹനങ്ങളും വിമാന എൻജിനുകളും ഒക്കെ നിർമിച്ചിട്ടുണ്ട്. 

ആദ്യ ഹോൾഡൻ പിറക്കുന്നു

യുദ്ധാനന്തരം വാഹനവ്യവസായം വളരണമെന്ന ആഗ്രഹത്തോടെ ഓസ്ട്രേലിയൻ സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്തു. ഫോഡും ജിഎമ്മും പുതിയ ഒരു ‘ഓസ്ട്രേലിയൻ’ കാറിന്റെ രൂപരേഖ സമർപ്പിച്ചു. ജിഎമ്മിനാണു നറുക്കു വീണത്. കാരണം, ഫോഡിന്റെ പദ്ധതിക്കു സർക്കാരിന്റെ കൂടുതൽ സഹകരണവും സാമ്പത്തിക സഹായവും വേണമായിരുന്നു. അങ്ങനെ ‘ഓസ്ട്രേലിയൻ’ കാർ നിർമിക്കാനുള്ള ചുമതല ജിഎം–എച്ച് ലിമിറ്റഡിനായി. ജിഎമ്മിന്റെ കീഴിലുള്ള ഷെവർലെ ബ്രാൻ‍ഡ് മുന്നോട്ടു വയ്ക്കുകയും തൽക്കാലത്തേക്കു മടക്കുകയും ചെയ്ത ഒരു ഡിസൈൻ പൊടിതട്ടിയെടുത്താണ് 1948 ൽ ആദ്യ ‘ഓസ്ട്രേലിയൻ’ കാർ പുറത്തിറങ്ങുന്നത്. ‘48–215’ എന്ന് ഔദ്യോഗിക നാമം ഉണ്ടായിരുന്ന കാർ പക്ഷേ നാട്ടുകാർക്ക് ‘ഹോൾഡൻ’ ആയിരുന്നു. അങ്ങനെ ഓസ്ട്രേലിയയ്ക്കായി പിറന്ന ബ്രാൻഡ് നാമം അവരുടെ ആദ്യ മോഡലിന്റെയും പേരായി. ‘എഫ്എക്സ്’ എന്നും ഈ കാർ അറിയപ്പെട്ടു.

holden-fj
Holden FJ

‘ഹോൾഡൻ’ വളരുന്നു

1950 കളിൽ ഹോൾഡന്റെ വളർച്ച തുടങ്ങി. ‘നമ്പർ വൺ ഓസ്ട്രേലിയൻ’ ആയി മാറി ഹോൾഡൻ. കമ്പനിയുടെ വളർച്ചയ്ക്കനുസരിച്ച് ജിഎം കൂടുതൽ നിക്ഷേപവും നടത്തിക്കൊണ്ടിരുന്നു. എന്നാൽ, കുറഞ്ഞ വിലയ്ക്കു വാങ്ങാൻ കഴിയുമായിരുന്ന 48–215 കാറുകൾ നാലു സിലിണ്ടർ എൻജിൻ ഉള്ളവയായിരുന്നതിനാൽ അവയ്ക്ക് ആ കാലത്തെ ഓസ്ട്രേലിയൻ റോഡ് സാഹചര്യങ്ങളിൽ അത്ര തിളങ്ങാൻ സാധിച്ചില്ല. തുടർന്ന് 50–2106 എന്ന ‘കൂപ്പെ യൂട്ടിലിറ്റി’ (യൂട്ട്) കാർ ഹോൾഡൻ പുറത്തിറക്കി. അതിന് ആറു സിലിണ്ടർ എൻജിൻ ഘടിപ്പിച്ചു. അത് സൂപ്പർ ഹിറ്റ് ആയിരുന്നു. 

വിപണി പിടിക്കുന്നു

1953 ൽ ഹോൾഡൻ കാറുകളുടെ ആദ്യ തലമുറമാറ്റം നടന്നു. വിവിധ ബോഡി സ്റ്റൈലുകളിൽ കുറച്ചുകൂടി കാലികമായ എഫ്ജെ എന്ന മോഡൽ നിലവിൽ വന്നു. ‘യൂട്ട്’ പോലെ എഫ്ജെയും ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ആയി. 1954 ൽ ഹോൾഡൻ എഫ്ജെ ന്യൂസീലൻഡിലേക്ക് ആദ്യമായി കയറ്റുമതി ചെയ്തു. പിന്നീട് 1956 ൽ എഫ്ഇ എന്ന മോഡൽ കൂടി വന്നതോടെ മലേഷ്യ, തായ്‌ലൻഡ് എന്നീ ഏഷ്യൻ രാജ്യങ്ങളിലേക്കു കൂടി കയറ്റുമതി തുടങ്ങി. 1957 ആയപ്പോഴേക്കും ഓസ്ട്രേലിയയിൽ അൻപതു ശതമാനത്തിലേറെ വിപണിവിഹിതവും 17 രാജ്യങ്ങളിൽ സാന്നിധ്യവുമായി ഹോൾഡൻ കമ്പനിക്ക്. 1961ൽ ഡ്യുവൽ ടോൺ പെയിന്റിങ്, ഓട്ടമാറ്റിക് ഗ‍ിയർ സംവിധാനം, കുഷൻ സീറ്റുകൾ എന്നിവയുള്ള ‘പ്രീമിയർ’ എന്ന മോഡൽ അവതരിപ്പിച്ചു കമ്പനി മറ്റൊരു ചുവടുവയ്പു നടത്തി. ഈ സമയത്തെല്ലാം എൻജിൻ പരിഷ്കരണത്തിലും കമ്പനി ബദ്ധശ്രദ്ധ പുലർത്തി. 2200 മുതൽ 3300 വരെ സിസി ശേഷിയുള്ള ആറു സിലിണ്ടർ ‘റെഡ്’ സീരീസ് എൻജിനുകൾ ആണ് ആ കാലത്ത് ഹോൾഡൻ ഉപയോഗിച്ചുകൊണ്ടിരുന്നത്.

holden-hx-1
Holden HX 1

1965 ൽ അന്നത്തെ ഏറ്റവും മികച്ച പവർഗ്ലൈഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനും 1966 ൽ രാജ്യത്ത് ആദ്യമായി കാറുകൾക്കെല്ലാം സീറ്റ് ബെൽറ്റുകളും ഹോൾഡൻ‌ നൽകി. 1968 ൽ ഷെവർലെയുടെ വി8 എൻജിൻ വിവിധ ഹോൾഡൻ മോഡലുകളിൽ അവതരിപ്പിക്കപ്പെട്ടു. എച്ച്കെ പ്രസ്റ്റീജ്, ബ്രൗഘാം, മോണാരോ എന്നിവയാണ് ഇങ്ങനെ പുറത്തിറങ്ങിയ മോഡലുകൾ. 1969 ൽ 20 ലക്ഷം ഹോൾഡൻ കാറുകൾ പുറത്തിറക്കിയ ആഘോഷം നടത്തി. 70 കളിൽ കൂടുതൽ അമേരിക്കൻ, ജാപ്പനീസ് കമ്പനികൾ ഓസ്ട്രേലിയയിൽ എത്തുംവരെ ഹോൾഡൻ കിരീടം വയ്ക്കാത്ത രാജാവായിരുന്നു. 

പിടിച്ചുനിന്നു, കഷ്ടപ്പെട്ട്...

ഷെവർലെ, ഇസുസു, നിസ്സാൻ, ഓപ്പൽ, സുസുക്കി, ടൊയോട്ട, വോക്സോൾ മോട്ടോഴ്സ് എന്നീ കമ്പനികളുടെ പല മോഡലുകളും റീബാഡ്ജ് ചെയ്തു ഹോൾഡൻ വിറ്റിട്ടുണ്ട്. ‘റീബാഡ്ജ് കിങ്’ എന്നൊരു ടൈറ്റിൽ ഉണ്ടെങ്കിൽ ഹോൾഡൻ അതു നേടാൻ ശക്തമായി മത്സരരംഗത്തുണ്ടാകും. 70 കളിൽ ‘സ്റ്റേറ്റ്സ്മാൻ’ എന്ന ഉപബ്രാൻഡിൽ സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന ഹോൾഡനുകൾ ഇറങ്ങി. മസ്ദയുടെ റോട്ടറി എൻജിൻ ഇറക്കുമതി ചെയ്ത് ഉപയോഗിച്ചിട്ടുണ്ട് ഹോൾഡൻ. പകരം ഹോൾഡന്റെ എച്ച്എക്സ് സീരിസ് മസ്ദ ‘റോഡ്പേസർ’ എന്ന പേരിൽ വിവിധ വിപണികളിൽ അവതരിപ്പിച്ചിട്ടുമുണ്ട്. 1975 ൽ പുറത്തിറക്കിയ ‘ജെമിനി’ എന്ന ചെറുകാറും മികച്ച വിൽപന നേടി.

holden-fe-fc-1896
Holden FE & FC 1896

1978 ൽ ആണ് ഏറ്റവും പ്രസിദ്ധമായ ‘കമ്മഡോർ’ എന്ന കാർ ഹോൾഡൻ അവതരിപ്പിക്കുന്നത്. ‘വിബി’ എന്നായിരുന്നു ആദ്യത്തെ പരമ്പരയുടെ പേര്. ഓപ്പൽ റെക്കോർഡ്, ഓപ്പൽ സെനറ്റർ എന്നീ കാറുകളുടെ സങ്കരമായിരുന്നു ആദ്യത്തെ വിബി. അവതരിപ്പിക്കപ്പെട്ട കാലം മുതൽ മിക്ക വർഷങ്ങളിലും ‘കമ്മഡോർ’ ആണ് ഏറ്റവും മികച്ച വിൽപനയുള്ള ‘ഹോൾഡൻ’. 80കളിൽ കമ്മഡോറിന്റെ ശക്തി ക്ഷയിക്കാൻ തുടങ്ങി. ഇതിനിടയിൽ ‘കമീറ’ പോലുള്ള ചെറുകാറുകൾ ഇറക്കിയതുവഴി 50 കോടി ഡോളറിന്റെ നഷ്ടം ഹോൾഡനുണ്ടായി. എന്നിട്ടും കമ്മഡോറിന്റെ വികസനം കമ്പനി മുടക്കിയില്ല. കാലാകാലങ്ങളിൽ കമ്മഡോറിന്റെ പുതിയ വകഭേദങ്ങൾ ഇറക്കിയതു ഹോൾഡനു പിടിച്ചുനിൽക്കാൻ ശേഷി നൽകിക്കൊണ്ടിരുന്നു. 

ജാപ്പനീസ് പങ്കാളിയായ ‘ഇസുസു’വിന്റെയും ബ്രിട്ടനിലെ വോക്സ്ഹാൾ മോട്ടോഴ്സ് ഏറ്റെടുത്തതു വഴി ലഭിച്ച ബെഡ്ഫോർഡ് ബ്രാൻഡിന്റെയും പല കാർ മോഡലുകളും 80 കളിൽ ജിഎം ഹോൾഡൻ കാറുകളാക്കി ഓസ്ട്രേലിയയിൽ വിറ്റു. ടിഎഫ്, റോഡിയോ, ജാക്കറൂ, ഷട്ടിൽ, പിയാസ എന്നീ കാറുകളുടെ പിറവി ഇങ്ങനെ സംഭവിച്ചതാണ്

ek

ഒന്നായും പിന്നെ രണ്ടായുംകടം കൂടി വന്നപ്പോൾ ജിഎം ഇടപെട്ട് കമ്പനി രണ്ടാക്കി. ഹോൾഡൻ മോട്ടോഴ്സും ഹോൾഡൻ എൻജിൻസും നിലവിൽ വന്നു. തുടർന്ന് ബ്യൂക്കിന്റെ സഹകരണത്തോടെ ഇറക്കിയ വിഎൻ കമ്മഡോർ സാങ്കേതികമായി മികച്ചു നിന്നു. സുസുക്കിയും നിസ്സാനുമായി ഇതിനിടയിൽ കമ്പനി സഹകരിച്ചു. 1989 ൽ ഈ കൂട്ടുകെട്ടെല്ലാം വിട്ട് ടൊയോട്ടയുമായി ചേർന്ന് യുണൈറ്റഡ് ഓസ്ട്രേലിയൻ ഓട്ടമൊബീൽ ഇൻഡസ്ട്രീസ് (യുഎഎഐ) രൂപീകരിച്ചു. ടൊയോട്ട കൊറോളയും കാംറിയും ഹോൾഡൻ നോവയും അപ്പോളോയും ആയി പുറത്തിറങ്ങി. 

21 ശതമാനമായി കുറഞ്ഞുപോയ വിപണിവിഹിതം തൊണ്ണൂറുകളിൽ 28.5 ശതമാനമായി കമ്പനി മെച്ചപ്പെടുത്തി. 1998 ൽ ‘ജിഎം – എച്ച്’ ലിമിറ്റഡ് വീണ്ടും ഹോൾഡൻ ലിമിറ്റഡ് ആയി രൂപാന്തരം പ്രാപിച്ചു. ഈ കാലത്ത് സർക്കാർ ഇറക്കുമതി തീരുവ കുറച്ചതു വീണ്ടും ഹോൾഡനെ ഭയപ്പെടുത്താൻ തുടങ്ങി. സ്റ്റേറ്റ്സ്മാൻ, കാപ്രൈസ് എന്നീ മോഡലുകൾ വിപണിയിലെത്തിച്ച് ഇറക്കുമതിക്കാർക്ക് മറുപടി നൽകി ഈ ഓസ്ട്രേലിയൻ വീരൻ. 1993 ൽ ‘വിആർ’ എന്ന തലമുറയിൽ നിന്ന് കമ്മഡോർ ബ്രാൻഡ് നാമം ‘വിഎൻ’ എന്നതിലേക്കു മാറി. 1994 ൽ യുഎഎഐ പിരിഞ്ഞു വീണ്ടും ഹോൾഡൻ ജിഎമ്മിന്റെ മാത്രം സ്വന്തം ആയി.  

1997 ൽ 60 കോടി ഡോളറിന്റെ പുനഃക്രമീകരണ പദ്ധതികൾ ജിഎം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 5000 സിസി, 5700 സിസി എൻജിനുകൾ ഘടിപ്പിച്ച വിടി കമ്മഡോർ, ഓപ്പലിന്റെ മികച്ച ചെറുകാർ ആയിരുന്നു ആസ്ട്ര എന്നിവ വിപണിയിലെത്തിച്ചു. 

ഒന്നാം സ്ഥാനം സ്വപ്നമായി

2000 ത്തിനുശേഷം ഒരിക്കലും ഹോൾഡൻ ഒന്നാം സ്ഥാനത്തത്തിയിട്ടില്ല. അന്നു മുതൽ ഓസ്ട്രേലിയൻ വാഹന വിപണി ടൊയോട്ടയാണു ഭരിക്കുന്നത്. ഹോൾഡന്റെ കടം കൂടി വന്നപ്പോൾ 2008 ൽ ചില സാമ്പത്തിക വശങ്ങളും സൗകര്യ

വും മുൻനിർത്തി കമ്പനി വീണ്ടും ജിഎം–എച്ച് ലിമിറ്റഡ് ആയി മാറി. സ്ഥിരമായ ആസ്ഥാനം വിക്ടോറിയയിലെ പോർട്ട് മെൽബോൺ ആക്കി. 2001 ൽ മോണാരോ കൂപ്പെ വീണ്ടും വിപണിയിലെത്തിച്ചു. പിന്നാലെ 2002 ൽ വിവൈ സീരീസ് കമ്മഡോറും 2004 ൽ വിസെഡ് പരമ്പരരും എത്തി. 2006 ൽ ജിഎമ്മിന്റെ ഒട്ടേറെ കാറുകളിൽ ഉപയോഗിച്ചിരുന്ന സീറ്റ പ്ലാറ്റ്ഫോമിൽ ഇന്നത്തെ കമ്മഡോറിനോട് ഏറെ സാദൃശ്യമുള്ള വിഇ സീരീസ് (നാലാം തലമുറ) ഇറങ്ങി. ഈ കാലത്ത് കൊറിയയിലെ ദെയ്‌വൂ കമ്പനി ജിഎം ഏറ്റെടുക്കാനുള്ള ശ്രമം തുടങ്ങി. ആ സമയത്തു തന്നെ ജിഎം – ഇസുസു ബന്ധം ഏകദേശം അവസാനിക്കാറായിരുന്നു. അങ്ങനെ പല ഇസുസു വണ്ടികളുടെയും അവകാശം നഷ്ടമാകുകയും ചില ദെയ്‌വൂകൾ പുതിയ ഹോൾഡനുകളാകുകയും ചെയ്തു. 

യൂട്ടിലിറ്റി വാഹനങ്ങളുടെ കാര്യത്തിൽ ജിഎമ്മിന്റെ കീഴിലുള്ള ഷെവർലെ, ജിഎംസി ബ്രാൻഡുകൾ സഹായത്തിനെത്തി. പിന്നീടൊരിക്കലും കാര്യങ്ങൾ അത്ര ‘സ്മൂത്ത്’ ആയില്ല. മാതൃകമ്പനിയായ ജിഎമ്മും ഓസ്ട്രേലിയൻ സർക്കാരും കാർ നിർമാണം നിലനിർത്താൻ പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും എല്ലാം 2017 ൽ ഹോൾഡന്റെ നിർമാണശാല പൂട്ടുന്നതിലേക്കാണു നയിച്ചത്. എന്നാൽ അപ്പോഴും ജിഎം ഹോൾഡൻ ബ്രാൻഡ് ഉപേക്ഷിക്കാൻ തയാറായില്ല. പകരം ജിഎമ്മിന്റെ കീഴിലുള്ള പല കാറുകളും ഹോൾഡൻ ആക്കി മാറ്റി ഓസ്ട്രേലിയയ്ക്കു നൽകി. 

വാഹനങ്ങൾ ഇറക്കുമതി ചെയ്തു വിൽക്കുന്ന കമ്പനിക്കെതിരെ ശക്തമായി പൊരുതിനിന്ന ഹോൾഡൻ നിലവിൽ അതു തന്നെ ചെയ്യുന്നു. ഓസ്ട്രേലിയയുടെ ആവശ്യങ്ങൾ മനസ്സിലാക്കി കാറുകൾ രൂപകൽപന ചെയ്യുന്നതിനും പരീക്ഷിക്കുന്നതിനും വേണ്ട സംവിധാനങ്ങൾ കമ്പനി നിലനിർത്തിയിട്ടുണ്ട്. എത്രയൊക്കെ പ്രതികൂല സാഹചര്യമുണ്ടായിട്ടും ഇന്നും വാർഷിക കണക്ക് എടുക്കുമ്പോൾ ഹോൾഡൻ വിൽപന ചാർട്ടിൽ ഓസ്ട്രേലിയയിലെ ആദ്യ അഞ്ചു ബ്രാൻഡുകളിൽ ഒന്നാണ്. മികവ് എന്നാൽ നിരന്തര പ്രയത്നമാണ് എന്നതിന്റെ ഓസ്ട്രേലിയൻ ഉദാഹരണമായി ഹോൾഡൻ ബ്രാൻഡിനെ കണക്കാക്കാം. 

പ്രധാന മോഡലുകൾ 

ഇറങ്ങിയ കാലം മുതൽ എല്ലായ്പോഴും ഏറ്റവും മികച്ച പ്രതികരണം നേടി മുന്നേറിയ ബ്രാൻഡ് നാമമാണ് ഹോൾ‍ഡന്റെ ‘കമ്മഡോർ‌’. ആ വിജയകഥ ഇപ്പോഴും തുടരുന്നു. 1978ൽ ആദ്യമായി പുറത്തിറക്കുമ്പോൾ 3000 സിസി ആറു സിലിണ്ടർ എൻജിൻ മുതൽ 5000 സിസി എട്ടു സിലിൻണ്ടർ എൻജിൻ വരെ കമ്മഡോറിൽ ലഭ്യമായിരുന്നു. അന്നും ഇന്നും സെഡാൻ, എസ്റ്റേറ്റ് ബോഡിഷെയ്പ്പുകളിൽ ലഭ്യം. നിലവിൽ ‘സെഡ്ബി’ എന്ന പരമ്പരയാണു വിൽപനയ്ക്കുള്ളത്. ഓപ്പൽ ഇൻസിഗ്‌നിയ ബ്യുക്ക് റീഗൽ എന്നീ പേരുകളിൽ മറ്റു പല വിപണികളിലും ലഭ്യമായ കാർ ആണ് ഇപ്പോഴത്തെ കമ്മഡോർ.

നിലവിൽ കമ്മഡോർ അല്ലാത്ത മറ്റെല്ലാ ഹോൾഡൻ കാറുകളും ജിഎമ്മിന്റെ ഏതെങ്കിലും ഒരു ബ്രാൻഡിൽ അമേരിക്കയിൽ ലഭ്യമായവയാണ്. കോർവറ്റേ സ്പോർട്സ് കാർ, ട്രാക്സ്, ട്രെയിൽ ബ്ലെയ്സർ, ഇക്വിനോക്സ്, അക്കാഡിയ എസ്‌യുവികൾ, കോളറാഡോ പിക്കപ്പ് ട്രക്ക് എന്നിവ അമേരിക്കൻ വേരുകളുള്ള ബ്രാൻഡ് നാമങ്ങളും വാഹനങ്ങളുമാണ്. ജിഎം ഓപ്പൽ ബ്രാൻഡിനെ ഫ്രാൻസിലെ പിഎസ്എ ഗ്രൂപ്പിനു വിറ്റെങ്കിലും പഴയ ക്രമീകരണം അവസാനിക്കുന്നതുവരെ അവരുടെ ‘ആസ്ട്ര’ മോഡൽ കോംപാക്ട് കാർ ഹോൾഡൻ ഉപയോഗിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com