sections
MORE

വിന്റേജ് വാഹനത്തിനു പുത്തൻ റജിസ്ട്രേഷൻ നമ്പർ

vintage-cars
Representative Image
SHARE

പഴയമയുടെ പ്രൗഢിയും ആഢ്യത്വവും തുളുമ്പുന്ന വിന്റേജ് വാഹനങ്ങൾക്കു രാജ്യത്തു പ്രത്യേക റജിസ്ട്രേഷൻ കോഡ് വരുന്നു. ഓരോ സംസ്ഥാനത്തിനും കേന്ദ്ര ഭരണ പ്രദേശത്തിനും അനുവദിച്ചിരിക്കുന്ന അക്ഷരങ്ങൾക്കൊപ്പം ‘വി എ’ എന്ന് ചേർത്താവും വിന്റേജ് വാഹനങ്ങൾക്കു രാജ്യമെങ്ങും പുതിയ റജിസ്ട്രേഷൻ അനുവദിക്കുക. ഉദാഹരണത്തിനു കേരളത്തിലെ വിന്റേജ് വാഹനങ്ങൾക്ക് ‘കെ എൽ വി എ’ ശ്രേണിയിലാവും റജിസ്ട്രേഷൻ അനുവദിക്കുക; തമിഴ്നാട്ടിൽ ‘ടി എൻ വി എ’ എന്ന പരമ്പരയിലും. ഡൽഹിയിൽ റജിസ്റ്റർ ചെയ്യുന്ന വിന്റേജ് കാറിന് ‘ഡി എൽ വി എ 1234’ പോലെയുള്ള നമ്പറാവും ലഭിക്കുക.

അര നൂറ്റാണ്ടിലേറെ പഴക്കമുള്ള വാഹനങ്ങളെ തിരിച്ചറിയാൻ പുതിയ റജിസ്ട്രേഷൻ സമ്പ്രദായം സഹായിക്കുമെന്നാണു പ്രതീക്ഷ. വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം വിവിധ നിയമപാലന ഏജൻസികളുടെ നിരന്തര പീഡനത്തിൽ നിന്നു മോചനവും ലഭിക്കും. അതേസമയം, വിന്റേജ് വാഹനങ്ങൾക്കും  മുന്നിലും പിന്നിലും അതീവസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ട്. വിന്റേജ് വാഹന റജിസ്ട്രേഷനുള്ള കരട് മാർഗരേഖ ഇതാദ്യമായാണു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിക്കുന്നത്. വാഹനങ്ങൾക്ക് വിന്റേജ് പദവി അനുവദിക്കുന്നതിനുള്ള വ്യക്തമായ മാനദണ്ഡങ്ങളും ഇതോടൊപ്പം തയാറാക്കിയിട്ടുണ്ട്. അപേക്ഷകൾ പരിശോധിക്കാനും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാനുമുള്ള വിശദ നിർദേശങ്ങളും ഈ മാർഗരേഖയിലുണ്ട്.

കാലപ്പഴക്കം മുൻനിർത്തി നിർമാണം, പരിപാലനം, മലിനീകരണ നിയന്ത്രണം തുടങ്ങിയ മേഖലകളിൽ പുതിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിന്റേജ് വാഹനങ്ങൾക്ക് ഇളവുകളും അനുവദിച്ചിട്ടുണ്ട്. വിന്റേജ് വിഭാഗത്തിൽ പരിഗണിക്കപ്പെടുന്ന വാഹനങ്ങൾക്കു പ്രത്യേക ആയുർദൈർഘ്യവും കേന്ദ്ര സർക്കാർ നിഷ്കർഷിക്കില്ല. എന്നാൽ വിന്റേജ് വാഹനങ്ങൾക്ക് സാധാരണ ആവശ്യങ്ങൾക്കോ വാണിജ്യാടിസ്ഥാനത്തിലോ ഉപയോഗിക്കാനുള്ള അനുമതിയുണ്ടാവില്ലെന്നും മാർഗരേഖ വ്യക്തമാക്കുന്നു. പ്രദർശനങ്ങളിലും റാലികളിലും ഷോകളിലും മ്യൂസിയത്തിലമൊക്കെ ഇവ കാഴ്ചവസ്തുക്കളായി അണിനിരത്താം. സാങ്കേതികരംഗത്തെ ഗവേഷണം, സിനിമ, ചരിത്രപരമായ യാത്ര, വിശേഷാവസരങ്ങൾ തുടങ്ങിയവയ്ക്കും വിന്റേജ് വാഹനം ഉപയോഗിക്കാം. ഇതിനു പുറമെ ഇന്ധനം നിറയ്ക്കാനോ അറ്റകുറ്റപ്പണികൾക്കായി വർക്ഷോപ്പിലേക്കു പോകാനോ മാത്രമാണ് വിന്റേജ് വാഹനങ്ങൾക്കു നിരത്തിലിറങ്ങാൻ അനുമതി. 

വിന്റേജ് പദവിക്കുള്ള അപേക്ഷകൾ പരിശോധിച്ചു തീർപ്പുകൽപ്പിക്കാൻ എല്ലാ സംസ്ഥാനത്തും വിന്റേജ് മോട്ടോർ വെഹിക്കിൾസ് സ്റ്റേറ്റ് കമ്മിറ്റി(വി എം വി എസ് സി) രൂപീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. കാര്യമായ അഴിച്ചുപണികളും പരിഷ്കാരങ്ങളുമില്ലാതെ വാഹനത്തിന്റെ യഥാർഥ രൂപവും സാങ്കേതിക മികവും നിലനിർത്തുന്നവയ്ക്കു മാത്രമാണ് വിന്റേജ് പദവിക്ക് അർഹത. വാഹനത്തിന്റെ ആദ്യ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉടമസ്ഥാവകാശ കൈമാറ്റ രേഖകളും വിലാസം മാറിയതിന്റെ രേഖകളുമൊക്കെ സഹിതം വേണം വിന്റേജ് പദവിക്ക് അപേക്ഷിക്കാൻ. 10 വർഷത്തേക്കാണ് പുതിയ റജിസ്ട്രേഷൻ അനുവദിക്കുക; 20,000 രൂപയോളമാവും വിന്റേജ് വാഹന റജിസ്ട്രേഷൻ ഫീസെന്നാണു സൂചന.

വിന്റേജ് ശ്രേണിയിലെ പുതിയ റജിസ്ട്രേഷൻ ലഭിക്കുന്നതോടെ വാഹനത്തിന്റെ പഴയ റജിസ്ട്രേഷൻ റദ്ദാവും. എങ്കിലും ചരിത്രപരമായ പ്രാധാന്യം നിലനിർത്തി വാഹന ഉടമയ്ക്ക് ഈ റദ്ദായ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സൂക്ഷിക്കാം. അതുപോലെ വിന്റേജ് കാറുകളുടെ വിൽപ്പനയും വാങ്ങലുമൊക്കെ അനുവദനീയമാണെന്നും മാർഗരേഖ വ്യക്തമാക്കുന്നു. പക്ഷേ വാഹനം വാങ്ങുന്നവരും വിൽക്കുന്നവരം കൈമാറ്റ വിവരം അതതു സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടി(എസ് ടി എ)യെ അറിയിച്ചിരിക്കണമെന്നു മാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA