ADVERTISEMENT

ഫോട്ടോ ഷൂട്ടിനായി നീം ജിയെ നിരത്തിൽ ഇറക്കിയപ്പോൾ ഓട്ടോചേട്ടന്മാർ വട്ടംകൂടി.  ചേട്ടാ... ഇത് അവനല്ലേ... കറന്റിൽ ഓടുന്ന ഓട്ടോ അതേ.. നീം ജി ഏത് കമ്പനീടെ വണ്ടിയാ?..ആറാലുമൂട്ടിലുള്ള കേരള ഓട്ടമൊബീസ് ലിമിറ്റഡ് ഓ...ദാ അവിടെയുള്ള കമ്പനി. എത്രയാകും ? 2.80 ലക്ഷം. ഫുൾ ചാർജിൽ 100 കിമീ ഓടും. എങ്ങനെ ചാർജ് ചെയ്യും? അതിനു പ്ലഗ് ഉണ്ട് ചേട്ടാ..എടാ.. എല്ലാ ഓട്ടോ സ്റ്റാൻഡിലും ചാർജിങ് സ്റ്റേഷൻ വരുമെന്നേ.. സ്റ്റാന്റിൽ നിൽക്കുമ്പോൾ കുത്തിയിട്ടാൽ മതി. ഭാവിയിൽ എല്ലാം ഇലക്ട്രിക് വണ്ടികളായിരിക്കും.ആഹാ.. കൊള്ളാം കേട്ടോ..എന്റെ വണ്ടി കൊടിത്തിട്ട് ഇദ് ഒരെണ്ണം വാങ്ങണം. എണ്ണയടിക്കണ്ടാലോ!!

neemg-2

ഇലക്ട്രിക് ഓട്ടോ കൗതുകമാണ്. സാധാരണ ഓട്ടോ പോലെ പവർ ഉണ്ടാകുമോ? എൻജിൻ ഇല്ലേ? എത്ര ദൂരം ഓടും? എങ്ങനെ ചാർജ് ചെയ്യും നൂറുകൂട്ടം സംശയങ്ങളായിരുന്നു അവർക്ക്. വാഹനലോകം മാറാൻ പോകുകയാണെന്ന് സാധാരണക്കാരും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു.  

neemg-4

ഡിസൈൻ

ഒരു പൊതുമേഖലാ സ്ഥാപനം നിർമിച്ച്, എആർഎഐ സർട്ടിഫിക്കേഷൻ കിട്ടിയ ആദ്യ ഇലക്ട്രിക് ഓട്ടോയാണ് നീം ജി. കേരള സർക്കാർ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം ആറാലുംമൂടുള്ള കേരള ഓട്ടമൊബീൽസ് ലിമിറ്റഡിലാണ് നീം ജിയുടെ നിർമാണം. മൂന്നുപേർക്കു ഇരിക്കാവുന്ന സാധാരണ ഓട്ടോയെക്കാളും വലുപ്പമുണ്ട്. ഡ്രൈവർ ഉൾപ്പടെ നാലുപേർക്കു സഞ്ചരിക്കാം. 60 V ലിഥിയം അയൺ ബാറ്ററിയും 2.2 KW ഇലക്ട്രിക് മോട്ടോറുമാണ് ഇ–ഓട്ടോയുടെ പ്രധാന ഭാഗങ്ങൾ. ബാറ്ററി ഡ്രൈവർ സീറ്റിനടിയിൽ സെറ്റ് ചെയ്തിരിക്കുന്നു. വേണമെങ്കിൽ എടുത്തുമാറ്റാം. ഓട്ടോയിൽതന്നെയുള്ള ചാർജർ ഉപയോഗിച്ചു  നേരിട്ടു വീട്ടിലെ ത്രീ–പിൻ പ്ലഗിൽ ചാർജ് ചെയ്യാം. കൺസോളിൽ ഇലക്ട്രിക് മോട്ടോറിന്റെ പവർ, ബാറ്ററി ചാർജ് നില എന്നിവ   അറിയാം. ബാറ്ററി ചാർജ്നില കുറയുന്നതനുസരിച്ചു കൺസോളിലെ ചുവന്ന ലൈറ്റുകൾ ഓരോന്നായി അണയും. ഫൈബർ നിർമിത ബോഡി. പിന്നിൽ മൂന്നുപേർക്കു ഞെരുക്കമില്ലാതെ സുഖമായിരിക്കാം. വിശാലമായ ലെഗ് സ്പേസ്.      

neemg-5

ഡ്രൈവ് 

ബാറ്ററി ഓൺ ചെയ്തു ഹാൻഡിലിലെ സ്വിച്ച് ഡ്രൈവ് മോഡിലേക്കിട്ട് ആക്സിലറേഷൻ കൊടുക്കേണ്ട താമസം ഓട്ടോ ഓടാൻ റെഡിയായി. ആദ്യം ആക്സിലറേഷൻ കൊടുക്കുമ്പോൾ ചെറിയ ചാട്ടം ഫീൽ ചെയ്യും. ഇനീഷ്യൽ ടോർക്ക് കൂടുതലായതുകൊണ്ടാണിത്. സാധാരണ ഓട്ടോയെക്കാളും ശബ്ദം കുറവാണ്. അകത്ത് കുലുക്കം അനുഭവപ്പെടുന്നില്ല. ഡ്രൈവ്, ന്യൂട്രൽ, റിവേഴ്സ് എന്നിങ്ങനെ മൂന്നു മോഡിൽ ഹാൻഡിൽ സ്വിച്ച് പ്രവർത്തിപ്പിക്കാം. 

neemg-3

തിരിക്കാനും വളയ്ക്കാനും വളരെ എളുപ്പം. ഭാരം വഹിച്ചുകൊണ്ട് കയറ്റം കയറാനും പ്രയാസമില്ല. സാധാരണ ഓട്ടോകളിലേതുപോലെ ഗിയർ ട്രാൻസ്മിഷൻ ഇല്ലെങ്കിലും, കുത്തനെയുള്ള കയറ്റം കയറുമ്പോൾ കൂടുതൽ പവർ ലഭ്യമാകുന്നതിനായി അധികമായി ലോഡ് ഗിയർ ചേർത്തിട്ടുണ്ട്. മണിക്കൂറിൽ 45-50 കിലോമീറ്ററാണ് കൂടിയ വേഗം.  4 മണിക്കൂർകൊണ്ട് ബാറ്ററി ഫുൾ ചാർജ് ആകും. 5.5 യൂണിറ്റ് വൈദ്യുതി വേണം. ഫുൾ ചാർജിൽ 100 കിലോമീറ്റർ സഞ്ചരിക്കാം. സാധാരണ പെട്രോൾ, ഡീസൽ ഓട്ടോയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 2 രൂപയോളം ചെലവു വരുമ്പോൾ നീം ജിക്ക് 50 പൈസയാണ് ചെലവ്. ഭാരം 320 കിലോഗ്രാം. ഓട്ടോ സ്റ്റാൻഡുകൾ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ കേരള ഓട്ടമൊബീൽസ് ലിമിറ്റഡ് ചാർജിങ് സംവിധാനം ഒരുക്കും. സ്റ്റാൻഡിൽ നിർത്തിയിടുമ്പോൾ ചാർജ് ചെയ്യാം. 

neemg

ഫൈനൽ ലാപ്

കേരള ഓട്ടമൊബീൽസിന്റെ നീം ജി (2.80 ലക്ഷം) വാങ്ങുകയാണെങ്കിൽ സർക്കാർ സബ്സിഡിയായി 30,000 രൂപ ലഭിക്കും. അതായത്, വില ഫലത്തിൽ 2.50 ലക്ഷം രൂപ മാത്രം. എതിരാളിയായ മഹീന്ദ്ര ട്രിയോയ്ക്ക് 2.43 ലക്ഷം രൂപയാണു വില. ഇന്ധനച്ചെലവും പരിപാലനച്ചെലവും ഗണ്യമായി കുറയുമെന്നതാണ് വൈദ്യുത ഓട്ടോകളുടെ മികവ്. മലിനീകരണ പ്രശ്നമില്ലാത്തതിനാൽ മറ്റു ടെസ്റ്റുകളും വേണ്ട. അനായാസം കൈകാര്യം ചെയ്യാമെന്നതും നീം ജിയെ മികവുറ്റതാക്കുന്നു. ഒരു വർഷം 10,000–15,000 ഇ–ഓട്ടോകൾ നിർമിക്കുകയാണ് കെഎഎല്ലിന്റെ ലക്ഷ്യം. 

English Summary: KAL Electric Auto NEEM G

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com