ADVERTISEMENT

‘പൊറിഞ്ചു മറിയം ജോസ്’ സിനിമ കണ്ടവരാരും മറക്കില്ല മറിയത്തെ. പാതിരാത്രിയിൽ പിന്നാലെ വണ്ടിയോടിച്ചു വന്നു ശല്യപ്പെടുത്തിയ പൂവാലന്മാരെ ജാക്കിലിവറുമായി ചാടിയിറങ്ങി വെല്ലുവിളിക്കുന്ന തന്റേടിയായ മറിയം. തിരശീലയ്ക്കു പുറത്തും മറിയം അങ്ങനെയാണോ? മറിയം ആയി തകർത്തഭിനയിച്ച നൈല ഉഷ തന്റെ വാഹനാനുഭവങ്ങൾ‘ഫാസ്റ്റ്ട്രാക്കിനോടു’പങ്കുവയ്ക്കുന്നു... പൊറിഞ്ചു മറിയം ജോസിലെ മറിയം നാട്ടുവഴികളിലൂടെ പ്രീമിയർ പത്മിനി ഓടിച്ചു നടക്കുന്നുണ്ടെങ്കിലും നൈല ഉഷ്യ്ക്ക് ഇഷ്ടം ദുബായിലൂടെ ഔഡിയിൽ പറക്കാനാണ്. വണ്ടി ഓടിക്കാൻ ഇപ്പോഴും പേടിയാണന്നു പറയുന്ന നൈലയ്ക്കു പക്ഷേ, വണ്ടിയില്ലാതൊരു ജീവിതമില്ല.

അയ്യോ.. മാനുവൽ കാറോ..

മാനുവൽ കാർ എന്നു കേട്ടാൽ നൈലയുടെ ചങ്കിടിക്കും. കാരണം നൈലയ്ക്കു മാനുവൽ കാർ ഒാടിക്കാനറിയില്ല. പ്രത്യേകിച്ച് നാട്ടിലെ വഴികളിലൂടെ വണ്ടി ഓടിക്കേണ്ടി വന്നാൽ പെട്ടു. ‘എനിക്ക് നാട്ടിലെ ലൈസൻസ് ഇല്ല. ദുബായിലെ ലൈസൻസാണുള്ളത്. അതും ഓട്ടമാറ്റിക്. എന്നാൽ 2 സിനിമകളിൽ മാനുവൽ കാർ ഓടിച്ചിട്ടുണ്ട്. പ്രീമിയർ പത്മിനിയും ഫിയറ്റും. ഷൂട്ടിങ് സെറ്റിലെ അസിസ്റ്റന്റ് ഡയറക്ടർമാരാണ് ഡ്രൈവിങ്ങിനുള്ള കോൺഫിഡൻസ് തന്നത്. അങ്ങനെ ഞാൻ മാനുവൽ കാറും ഓടിച്ചു...’

nyla-usaha

സൈക്കിൾ പോലും 

ഓടിക്കാത്ത ഞാൻ നാട്ടിലുള്ള കാലത്ത്് വണ്ടിയോടിക്കാൻ ഭയങ്കര പേടിയായിരുന്നു. സൈക്കിളെടുത്തുപോലും റോഡിലേക്ക് ഇറങ്ങാൻ പേടി. ദുബായിലെ റോഡിൽ വണ്ടിയോടിക്കുന്ന കാര്യം സ്വപ്നത്തിൽ പോലുമില്ലായിരുന്നു. പക്ഷേ, ഇവിടെ വണ്ടിയില്ലാതെ പറ്റില്ല. 45 കിലോമീറ്റർ ദൂരമുണ്ടായിരുന്നു ഓഫിസിലേക്ക്. നിവൃത്തിയില്ലാതെ ഡ്രൈവിങ് പഠിച്ചു. ദുബായിലെത്തി ആദ്യവർഷം തന്നെ ലൈസൻസ് എടുത്തു 22–ാംവയസ്സിൽ.

എന്റെ ബെസ്റ്റ്ഫ്രണ്ട്

ആദ്യം വാങ്ങിയ വാഹനം ടൊയോട്ട എക്സ്ഇ. മഞ്ഞ നിറമുള്ള ഒരു ക്യൂട്ട് കാർ. മൂന്നു വർഷം അവനായിരുന്നു എന്റെ ബെസ്റ്റ്ഫ്രണ്ട്. എന്റെ ഓൾ ടൈം ഫേവറിറ്റ് കാർ ഏതെന്നു ചോദിച്ചാൽ ഉത്തരം എക്സ്‌ഇ തന്നെ.

ഒരു അഴിയാക്കുരുക്ക് അപാരത

ഭയങ്കര ശ്രദ്ധക്കുറവുള്ള ആളാണു ഞാൻ. വണ്ടിക്കെന്തെങ്കിലും പറ്റിയാലും അറിയാറില്ല. ഒരുദിവസം ഡ്യൂട്ടി കഴിഞ്ഞ് പോരുമ്പോഴാണ്. ദുബായിലെ മക്തും ബ്രിഡ്ജിൽ വച്ച് കാർ ഓഫായിപ്പോയി. ഭയങ്കര തിരക്കുള്ള സമയം. ഞാൻ വീണ്ടും വീണ്ടും സ്റ്റാർട്ട് ചെയ്യാൻനോക്കി, നോ രക്ഷ. പിന്നെയാണു മനസ്സിലായത്, പെട്രോൾ തീർന്നതാണെന്ന്. പതിയെ പുറത്തേക്ക് ഇറങ്ങി. ആളുകൾ നന്നായി ചീത്ത വിളിക്കുന്നുണ്ട്. ആരെയും ശ്രദ്ധിക്കാതെ മുന്നോട്ടു നടന്നു. പെട്രോൾപമ്പിലെത്തി. പക്ഷേ, അവിടെ പെട്രോൾ കുപ്പിയിലൊന്നും കൊടുക്കില്ല. ഞാൻ ഒരു വിധത്തിൽ എന്റെ അവസ്ഥ അവരെ പറഞ്ഞു മനസ്സിലാക്കി. ഒരു കുപ്പി വെള്ളം വാങ്ങി, കാലിയാക്കി അതിൽ പെട്രോൾ വാങ്ങി. ആ സമയം എന്നെ അറിയാവുന്ന ഒരാൾ പെട്രോളടിക്കാനെത്തി. എന്നെ അദ്ദേഹത്തിന്റെ വാഹനത്തിൽ കൊണ്ടു പോയി കാറിൽ പെട്രോൾ ഒഴിച്ചു തന്നു. അപ്പോഴേക്കും റോഡിൽ വമ്പൻ ബ്ലോക്ക്. ഒരു വിധത്തിൽ അവിടെ നിന്ന് ഒാടി രക്ഷപ്പെടുകയായിരുന്നു.

nyla-usaha-1

ദുബായ് പൊലീസ് വേറെ ലെവലാ...

വണ്ടി വാങ്ങി ആദ്യ ദിവസം തന്നെ ടയർ പഞ്ചറായി. രാത്രി ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിയാണ്. പരിചയക്കാരാരും അടുത്തില്ല. ആകെ പെട്ടു പോയ അവസ്ഥ. ഉടനെ പൊലീസിനെ വിളിച്ചു. വൈകാതെ തന്നെ അവർ എത്തി. എന്നോടു കാറിൽ ഇരുന്നോളാൻ പറഞ്ഞിട്ട് അവർ തന്നെ ടയർ മാറ്റിത്തന്നു!

എന്റെ സ്വന്തം എ7

ഇപ്പോൾ ഔഡി എ7 ആണ് എന്റെ കാർ. ഒരുപാട് ഇഷ്ടപ്പെട്ടു വാങ്ങിയതാണ്. വളരെ സ്മൂത്താണ്. അതുകൊണ്ട് വേഗം കൂടുന്നത് അറിയില്ല. പ്ലെയിനിൽ ഇരിക്കുന്നതു പോലെ കംഫർട്ടബിൾ യാത്ര. കറുപ്പാണ് എന്റെ ഇഷ്ടനിറമെങ്കിലും എ7 വൈറ്റാണ്.

സ്വപ്നവണ്ടികൾ...

ഇനി വാങ്ങാൻ ആഗ്രഹിക്കുന്നത് റെയ്ഞ്ച് റോവറാണ്. പക്ഷേ, ബിഎംഡബ്ല്യു എക്സ്6 ഉം ടെസ്‌ലയും മനസ്സിലുണ്ട്.

എന്നും ഇഷ്ടം ദുബായ്

എന്റെ ഫേവറിറ്റ് സ്ഥലം ദുബായ് ആണ്. പോയിട്ടുള്ള സ്ഥലങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് പാരിസ്. ചരിത്രത്തിന്റെയും പുതിയ കാലത്തിന്റെയും ഒരുമിക്സ് പാരിസിൽ കാണാം. അവിടെയുള്ളവരൊക്കെ ഭയങ്കര ഫാഷനബിളാണ്.

പെൺകുട്ടികളോട് ഒരു വാക്ക്

വണ്ടിയോടിക്കാൻ എന്നെക്കാൾ പേടിയുള്ള ഒരാളുണ്ടാകുമോ എന്നെനിക്കു സംശയമുണ്ട്. എന്നിട്ടും ഞാൻ ലൈസൻസ് എടുത്തു. ഇത് ആത്മവിശ്വാസത്തിന്റെ ഒരു കളിയാണ്. സ്ത്രീകളെല്ലാം ഡ്രൈവിങ് പഠിക്കണം എന്നാണ് എന്റെ അഭിപ്രായം കാരണം, അതു നമ്മളെ കൂടുതൽ സ്വതന്ത്രരാക്കും. 

English Summary: Celebrity Car Nyla Usha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com