sections
MORE

75 വിമാനങ്ങൾ, 2 ആണവ റിയാക്ടറുകൾ, ഇത് ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍

uss-gerald-ford-2
USS Gerald R. Ford
SHARE

ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക സൗകര്യങ്ങളെല്ലാം ആദ്യം ലഭ്യമാകുന്നത് പ്രതിരോധ മേഖലയ്ക്കാണെന്നു നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും മികച്ച വാഹനങ്ങളുടെ ശേഖരവും വിവിധ രാജ്യങ്ങളുടെ പ്രതിരോധ സേനകൾക്കു തന്നെയാകും. യുഎസ്എസ് ജെറാള്‍ഡ് എന്ന, ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പല്‍ അമേരിക്കന്‍ നാവിക സേനയുടെ കയ്യിലാണ്. 2017 ജൂലൈ 22 ന് കമ്മിഷന്‍ ചെയ്ത കപ്പല്‍ നിലവിലെ കണക്കുകളനുസരിച്ച് ലോകത്തെ ഏറ്റവും വേഗമേറിയ കപ്പലുകളിലൊന്നാണ്.

75 വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ ഡക്കുള്ള കപ്പലിന്റെ നിർമാതാക്കൾ ന്യൂപോര്‍ട്ട് ഷിപ്പ് ബില്‍ഡിങ് കമ്പനിയാണ്. 2009 ല്‍ ആരംഭിച്ച നിർമാണം പൂര്‍ത്തിയായത് 2013 ലാണ്. നാവികസേന ആവശ്യമായ മാറ്റങ്ങൾ വരുത്തി കമ്മിഷന്‍ ചെയ്യാന്‍ നാലു വര്‍ഷം കൂടിയെടുത്തു. ഇതുവരെ ദൂരയാത്രകളൊന്നും നടത്തിയിട്ടില്ലാത്ത യുഎസ്എസ് ജെറാള്‍ഡ് ഇപ്പോള്‍ വിര്‍ജീനിയയിലെ നോര്‍ഫോക്ക് തുറമുഖത്ത് വിശ്രമത്തിലാണ്.

പേരിനു പിന്നില്‍

അമേരിക്കയുടെ 38-ാം  പ്രസിഡന്‍റ് ജെറാള്‍ഡ് ഫോര്‍ഡിന്‍റെ പേരാണ് ഈ കപ്പലിന്. രണ്ടാം ലോക മഹായുദ്ധ സമയത്ത് നേവിയില്‍ സേവനമനുഷ്ഠിച്ചതിന്‍റെ ബഹുമാനാര്‍ത്ഥമാണ് ജെറാള്‍ഡിന്‍റെ പേര് ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലിനു നല്‍കാന്‍ തീരുമാനിച്ചതും.

വിശാലമായ ഡോക്ക്

256 അടി വീതിയും 1092 അടി നീളവുമാണ് യു.എസ്.എസ് ജെറാള്‍ഡിന്‍റെ ഡോക്കിനുള്ളത്. ഒരേ സമയം നാലു വിമാനങ്ങള്‍ക്കു പറന്നുയരാനുള്ള സൗകര്യം ഈ ഡോക്കിലുണ്ട്. കപ്പലിനെതിരായ ആക്രമങ്ങളെ ചെറുക്കാനുള്ള റഡാറുള്‍പ്പടെയുള്ള സംവിധാനങ്ങളും ഡോക്കില്‍ കാണാം.

ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെ നീളമുള്ള ഹാങ്ങര്‍ ബേ

177 അടി ഉയരമാണ് കപ്പലിനുള്ളത്. ഡോക്കിന് താഴെ കപ്പലിന്‍റെ ഉള്ളില്‍ ഏറ്റവും മുകളിലായുള്ളത് വിമാനങ്ങളുടെ ഹാങ്ങര്‍ ബേ ആണ്. ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്‍റെ നീളമുണ്ട് ഈ ഹാങ്ങര്‍ബേയ്ക്ക് കപ്പലിന്‍റെ പരമാവധി ശേഷിയായ 75 വിമാനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയും.

ഹാങ്ങര്‍ ബേയുടെ മധ്യത്തിൽ മൂന്നു വെപ്പണ്‍ ഇലവേറ്ററുകളുണ്ട്. യുദ്ധസമയത്ത് വിമാനങ്ങളില്‍ നിറയ്ക്കാനുള്ള ആയുധങ്ങള്‍ എത്തിക്കാനാണ് ഇവ‍. വിമാനങ്ങളിലേക്ക് റോക്കറ്റുകളും വെടിയുണ്ടകളും മറ്റും നേരിട്ടു നിറയ്ക്കാന്‍ ഈ ഇലവേറ്ററുകളില്‍ സംവിധാനമുണ്ട്. സെക്കൻഡുകള്‍ക്കുള്ളില്‍ ഒരു വിമാനത്തിനാവശ്യമായ സാമഗ്രികള്‍ നിറച്ച് പറന്നുയരാന്‍ ഈ ഇലവേറ്ററുകള്‍ സഹായിക്കും.

അപകടകാരികളായ കടല്‍ക്കുരുവികള്‍

കപ്പലിന്‍റെ പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമാണ് ഈ കടല്‍ക്കുരുവികള്‍. കപ്പലില്‍നിന്ന് നേരിട്ടു വിക്ഷേപിക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനത്തിന്‍റെ പേരാണ് സീ സ്പാരോസ് അഥവാ കടല്‍ക്കുരുവികള്‍. റോളിങ് എയര്‍ഫ്രേം മിസൈല്‍ സിസ്റ്റം എനിന മറ്റൊരു മിസൈല്‍ സംവിധാനം കൂടി യുഎസ്എസ് ജറാള്‍ഡിലുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ ഏതു ദിശയിലേക്കും മിസൈലുതിര്‍ക്കാന്‍ ഇതിനു കഴിയും.

ഫ്ലൈറ്റ് ഡെക്കിലെ ഓജോ ബോര്‍ഡ്

ഡോക്കിലുള്ള വിമാനങ്ങളുടെ പറക്കേണ്ട സമയവും ഗതിയും ദിശയും നിയന്ത്രിക്കുന്നത് ഫ്ലൈറ്റ് ഡെക്കില്‍ നിന്നാണ്. ഫ്ലൈറ്റ് ഡെക്കിന്‍റെ ഉള്ളില്‍നിന്നുതന്നെ ഡോക്കിലുള്ള വിമാനങ്ങളുടെ സ്ഥാനം മനസ്സിലാക്കാനാകും. കംപ്യൂട്ടര്‍ സഹായത്തോടെയാണ് ഇതു ചെയ്യുന്നതെങ്കിലും കംപ്യൂട്ടറില്‍ തകരാറുകള്‍ സംഭവിച്ചാല്‍ അടിയന്തരമായി ഉപയോഗിക്കുന്ന ഒരു ബോര്‍ഡ് കൂടി ഫ്ലൈറ്റ് ഡക്കിലുണ്ട്. മുകളിൽ ഡോക്കിലെ വിമാനങ്ങളുടെ സ്ഥാനവും അവയുടെ നീക്കവും ഈ ബോര്‍ഡില്‍ വിമാനങ്ങളുടെ ചെറുമാതൃകകളിലൂടെ കാണാം. മുകളില്‍ വിമാനം ഡോക്കില്‍ നീങ്ങുന്നതനുസരിച്ച് ബോര്‍ഡിലും ഇവ നീങ്ങും. ഡോക്കിലുള്ള സെയ്‌ലര്‍മാര്‍ക്ക് അവിടുന്നുതന്നെ ഈ ബോര്‍ഡിലെ ചെറുവിമാനങ്ങളെ നിയന്ത്രിക്കാനാകും. ഇങ്ങനെ കൈതൊടാതെ നീങ്ങുന്ന വിമാനങ്ങളുള്ളതിനാല്‍ ബോര്‍ഡിനു നാവികര്‍ നല്‍കിയ പേരാണ് ഓജോ ബോര്‍ഡ്.

ബോര്‍ഡിനു താഴെ ഏതാനും അമേരിക്കന്‍ കറന്‍സികളുടെ ശേഖരവും കാണാം. അമേരിക്കന്‍ പ്രസിഡന്‍റുമാരോ മറ്റ് ഉന്നത പദവിയിലുള്ളവരോ വന്നാല്‍ അവര്‍ക്ക് ഓട്ടോഗ്രാഫ് രേഖപ്പെടുത്തുന്നതിനാണ് ഈ കറന്‍സികള്‍. ഡോണള്‍ഡ് ട്രംപും നാവിക സേനാ തലവനും മറ്റും ഒപ്പ് വച്ച ഡോളറുകളും ഇനി വരുന്നവർക്ക് ഒപ്പ് വയ്ക്കാനുള്ളവയും ഇതില്‍ ഉള്‍പ്പെടുന്നു.

സ്റ്റിയറിങ് ഉപയോഗിക്കാത്ത കപ്പല്‍

എല്ലാം ഡിജിറ്റലായി നിയന്ത്രിക്കുന്നതിനാല്‍ സ്റ്റിയറിങ് ആവശ്യമില്ലാത്ത കപ്പലാണ് യുഎസ്എസ് ജറാള്‍ഡ്. എങ്കിലും അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നതിന് ഒരു സ്റ്റിയറിങ് കപ്പിത്താന്‍റെ ഡക്കില്‍ ഘടിപ്പിച്ചിട്ടുണ്ട്. കപ്പലിന്‍റെ വേഗം വർധിപ്പിക്കുന്നതിനായി രണ്ട് അണുറിയാക്ടറുകളും യുഎസ്എസ് ജറാള്‍ഡിലുണ്ട്. ഇവയുടെ സഹായത്തോടെ മണിക്കൂറില്‍ 30 മൈലിനു മുകളില്‍ വരെ വേഗത്തില്‍ (മണിക്കൂറില്‍ ഏതാണ്ട് 50 കിലോമീറ്റര്‍) സഞ്ചരിക്കാം. 

മൂത്രപ്പുരകളില്ലാത്ത യുഎസ്എസ് ജറാള്‍ഡ്

അത്യാധുനിക സൗകര്യങ്ങള്‍ നിരവധിയുണ്ടെങ്കിലും ഒരു കുറവാണ് ജറാള്‍ഡിലുള്ളത്. ഒരു മൂത്രപ്പുര പോലും ഈ കപ്പലില്‍ ഇല്ല. മൂത്രമൊഴിക്കണമെങ്കില്‍ ഓരോരുത്തരായി ടോയ്‍ലെറ്റുകള്‍ക്ക് മുന്നില്‍ വരി നില്‍ക്കേണ്ടി വരും. മൂത്രപ്പുരകള്‍ ഇല്ലാതെ യുഎസ്എസ് ജറാള്‍ഡ് നിര്‍മിച്ചതിനു പിന്നില്‍ ഒരു കഥയുണ്ട്.  

ഇപ്പോള്‍ നേവിയില്‍ കൂടുതലുള്ളത് പുരുഷന്‍മാരാണെങ്കിലും ഭാവിയിലെ സാദ്ധ്യതകള്‍ കണക്കിലെടുത്താണ് ടോയ്‌ലെറ്റുകള്‍ മാത്രം നിര്‍മിക്കാന്‍ നേവി തീരുമാനിച്ചത്. ഇതിലൂടെ കപ്പലിലെ എല്ലാ ടോയ്‌ലെറ്റുകളും എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയും. പക്ഷേ പാശ്ചാത്യരീതിയിലുള്ള ഈ ടോയ്‌ലെറ്റുകള്‍ ഇത്രയധികം ആളുകള്‍ ഒരുമിച്ച് ഉപയോഗിക്കുമ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന ആശങ്കയും ചിലര്‍ പങ്കു വയ്ക്കുന്നുണ്ട്.

English Summary: USS Gerald R Ford 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA