sections
MORE

ട്രംപിന്റെ കാറും ഹെലികോപ്റ്ററും ചുമക്കും സി 17 ഗ്ലോബ് മാസ്റ്റർ, ഇന്ത്യയിലെത്തുക ഇത്തരം 6 വിമാനങ്ങൾ

c-17-globe-master-2
C 17 Globe Master
SHARE

ലോകത്തിലെ ഏറ്റവും കരുത്തനായ പ്രസിഡന്റ് ഇന്ത്യയിലെത്തുമ്പോൾ സുരക്ഷയൊരുക്കാൻ നിരവധി സന്നാഹങ്ങളാണ് ഒരുങ്ങുന്നത്. ട്രംപിനും  സുരക്ഷ ഉദ്യോഗസ്ഥർക്കും സഞ്ചരിക്കാനുള്ള വാഹനങ്ങൾ, സുരക്ഷ ഉപകരണങ്ങൾ തുടങ്ങി ഹെലികോപ്റ്റർ വരെ അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിക്കും. ബോയിങ്ങിന്റെ സി 17 ഗ്ലോബ്മാസ്റ്റർ എന്ന വിമാനമാണ് അതിനായി ഉപയോഗിക്കുക. ഇത്തരം ആറു വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്നാണ് വിവരം. അതിൽ ആദ്യത്തേത് ലാൻഡ് ചെയ്തു കഴിഞ്ഞു.

c-17-globe-master-1

ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍, കാഡിലാക് വണ്‍, സുരക്ഷാ ഉപകരണങ്ങൾ എന്നിവയാണ് സി 17 ൽ എത്തിക്കുക. ഇന്ത്യൻ സന്ദർശന വേളയിൽ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽനിന്ന് സർദാർ വല്ലഭായി പട്ടേൽ സ്റ്റേഡിയത്തിലേക്കു ട്രംപിനെ എത്തിക്കുക‍‍ മറീൻ വൺ എന്ന് അറിയപ്പെടുന്ന ഹെലികോപ്റ്ററാണ്. ഈ ഹെലികോപ്റ്റർ ഇന്ത്യയിലെത്തിക്കാനും സി 17 ഗ്ലോബ് മാസ്റ്റർ തന്നെയാണ് ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും കരുത്തൻ കാർഗോ വിമാനങ്ങളിലൊന്നാണ് ബോയിങ്ങിന്റെ സി 17 ഗ്ലോബ് മാസ്റ്റര്‍‌.

c-17-globe-master

സി 17 ഗ്ലോബ് മാസ്റ്റര്‍

അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്ങിന്റെ  ഹെവിലിഫ്റ്റ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് സി-17. 2010 മുതൽ ഇന്ത്യൻ എയർഫോഴ്സും ഈ എയർക്രാഫ്റ്റ് ഉപയോഗിക്കുന്നുണ്ട്. സൈനിക ആവശ്യത്തിനുള്ള ചരക്കുകൾ കടത്താനും രക്ഷാപ്രവർത്തനത്തിനുമാണ് ഈ വിമാനം പ്രധാനമായും ഉപയോഗിക്കുന്നത്. ഏതു ദുർഘട സാഹചര്യത്തിലും പ്രവർത്തിക്കാനുള്ള മികവാണ് സി-17നെ ലോകത്തെ സൈനിക ശക്തികളുടെ പ്രിയ വിമാനമാക്കുന്നത്. 

1995 മുതൽ യുഎസ് എയർഫോഴ്സിന്റെ ഭാഗമാണ് ഈ വിമാനം. പൈലറ്റുമാരും ലോഡ്മാസ്റ്ററും അടക്കം മൂന്നു ജീവനക്കാരാണ് വിമാനത്തിലുള്ളത്. 134 വരെ സൈനികരെയും ഉൾക്കൊള്ളും. 

128,100 കിലോഗ്രാം ഭാരമുള്ള ഈ വിമാനത്തിന് 265352 കിലോഗ്രാം വരെ ഭാരം വഹിച്ചു പറന്നുയരാനാവും. 40440 എൽബിഎഫ് ത്രസ്റ്റ് വീതമുള്ള നാല് പ്രാറ്റ് ആൻഡ് വിറ്റ്നി ടർബൊ ഫാൻ എൻജിനുകളാണ് ഈ വിമാനത്തിന്. മണിക്കൂറിൽ 830 കിലോമീറ്ററാണ് ക്രൂസിങ് വേഗത. പരമാവധി 45000 അടി ഉയരത്തിൽ വരെ ഈ സഞ്ചരിക്കാൻ സാധിക്കും. ഏതു ദുർഘടമായ റൺവേയിലും ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സി 17 ഗ്ലോബ് മാസ്റ്ററിന് സാധിക്കും.  അമേരിക്കയ്ക്ക് പുറമേ ഓസ്ട്രേലിയ, കാനഡ, ഇന്ത്യ, കുവൈറ്റ്, ഖത്തർ, യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും നാറ്റോ സഖ്യസൈന്യവും ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.

English Summary: C 17 Globe Master

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA