ADVERTISEMENT

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തി. യുഎസ് എയർഫോഴ്സിന്റെ കാർഗോ വിമാനത്തിലാണ് ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിച്ചത്. ട്രംപിന്റെ കാറായ കാഡിലാക്കും സുരക്ഷാ ജീവനക്കാരുടെ വാഹനങ്ങളും സുരക്ഷ ഉപകരണങ്ങളും വിമാനത്തിൽ എത്തിച്ചിരുന്നു. ഇത്തരം ആറ് കാർഗോ വിമാനങ്ങൾ ട്രംപിന്റെ വരവിനു മുമ്പ് ഇന്ത്യയിലെത്തും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര ഉദ്ഘാടനം ചെയ്തതിനു ശേഷം ട്രംപ്, സർദാർ വല്ലഭായ് പട്ടേൽ ഇന്റർനാഷനൽ എയർപോർട്ടിലേക്ക് പോകുന്നത് ഈ ഹെലികോപ്റ്ററിലായിരിക്കും. 

മറീൻ വണ്ണിന്റെ പ്രത്യേകതകൾ

∙ അമേരിക്കൻ പ്രസിഡന്റിനെ എയർഫോഴ്സ് വണ്ണിലേക്ക് എത്തിക്കുക എന്നതാണ് മറീൻ വണ്ണിന്റെ പ്രധാന ചുമതല. ചെറു യാത്രകൾക്കും മറീൻ വൺ ഉപയോഗിക്കാറുണ്ട്. 

∙ മറീൻ വൺ എന്നത് ഒരു ഹെലികോപ്റ്ററല്ല നിരവധി ഹെലികോപ്റ്ററുകളാണ്. സാധാരണയായി അഞ്ചു ഹെലികോപ്റ്ററുകളുടെ ഒരു സംഘമായിട്ടാണ് മറീൻ വൺ സഞ്ചരിക്കുക. അതിലൊന്നിലായിരിക്കും പ്രസിഡന്റ്. ആക്രമണമുണ്ടായാൽ പ്രസിഡന്റിന്റെ ഹെലികോപ്റ്റർ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇത്.

∙ 1957 ൽ അമേരിക്കയുടെ 34–ാമത് പ്രസിഡന്റായ ഡ്വൈറ്റ് ഐസനോവറാണ് ഹെലികോപ്റ്റർ ആദ്യമായി ഉപയോഗിക്കുന്ന യുഎസ് പ്രസിഡന്റ്. 

∙ അമേരിക്കൻ ഡിഫൻസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്റെ സഹകമ്പനി സീക്രോസ്കൈ എന്ന കമ്പനിയുടെ വിഎച്ച്–3ഡി സീകിങ്, വിച്ച്–60എൻ വൈറ്റ് ഹോക്ക് എന്നീ ഹെലികോപ്റ്ററുകളാണ് മറീൻ വൺ ആയി ഉപയോഗിക്കുന്നത്. 

∙ മണിക്കൂറിൽ 214 കിലോമീറ്റർ വരെ വേഗത്തിൽ ഈ ഹെലികോപ്റ്ററുകള്‍ സഞ്ചരിക്കും. ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം, മിസൈൽ വാണിങ് സിസ്റ്റം, ആന്റി മിസൈൽ ഡിഫൻസ് സിസ്റ്റം, അത്യാധുനിക കമ്യൂണിക്കേഷൻ സിസ്റ്റം തുടങ്ങിയവ മറീൻ വണ്ണിനെ ലോകത്തിലെ ഏറ്റവും സുരക്ഷിത ഹെലികോപ്റ്ററാക്കുന്നു.

∙ പരമാവധി 14 പേർക്കാണ് ഈ ഹെലികോപ്റ്ററിൽ സഞ്ചരിക്കാനാവുക. 200 സ്കയർ ഫീറ്റ് സ്ഥലമുണ്ട് ഉള്ളിൽ. കൂടാതെ ഒരു ശുചിമുറിയും. ഹെലികോപ്റ്റർ എൻജിൻ ശബ്ദം ഉള്ളിലേക്കു വരാതിരിക്കാനും വെടിയുണ്ട ഏൽക്കാതിരിക്കാനും ശേഷിയുള്ള ബോഡിയാണ് ഇതിന്. മൂന്ന് എൻജിനുള്ള ഹെലികോപ്റ്ററിന്റെ ഒരു എൻജിൻ പ്രവർത്തന രഹിതമായാലും സുരക്ഷിതമായി സഞ്ചരിക്കാം. 

∙ മറീൻ ഹെലികോപ്റ്റർ സ്വാഡ്രോൺ വണ്ണാണ് (എച്ച്എംഎക്സ്–1)മറീൻ വണ്ണിന്റെ ചുമതലക്കാർ. എച്ച്എംഎക്സ് വണ്ണിന്റെ നാലു പൈലറ്റുമാരാണ് ഹെലികോപ്റ്റർ പറത്തുക. 

∙ അമേരിക്കൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് തലവന്മാർ, ഡിഫൻസ് തലവന്മാർ തുടങ്ങിയ വിവിഐപികളുടെ യാത്രാചുമതല എച്ച്എംഎക്സ് വണ്ണിനാണ്. 

English Summary: Amazing Facts About Trump Marine One

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com