sections
MORE

'സുന്ദരി'യെ കണ്ട് മോഹിച്ച പൊലീസ് മാമന്മാർ

miniature-auto
Image Source: Social Media
SHARE

ഞായറാഴ്ച ഇന്റര്‍സെപ്റ്ററിൽ പതിവു പരിശോധനകൾക്കിറങ്ങിയതാണ് പൊലീസ് മാമൻമാർ. റോഡിലൂടെ പോകുന്നതിനിടെയാണ് വഴിയരികിലായി ഹോട്ടലിനു മുന്നിൽ ഒരു 'സുന്ദരി'യെ കണ്ടത്. അപ്പോത്തന്നെ സൈഡൊതുക്കി ചാടിയിറങ്ങി. ഫൈനടിക്കാനല്ല, സുന്ദരി ഓട്ടോ  'ഫൈനെ'ന്നു  പറഞ്ഞു ഒപ്പം ഫോട്ടോ എടുക്കാൻ. വലുപ്പത്തില്‍ കുഞ്ഞനാണെങ്കിലും യഥാര്‍ഥ ഓട്ടോറിക്ഷകളിലെ എല്ലാവിധ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഓട്ടോയാണ്  സുന്ദരി. വീട്ടുമുറ്റത്തു മക്കൾക്കു ഓടിച്ചു കളിക്കാനായി തൊടുപുഴ സ്വദേശി അരുൺകുമാര്‍ നിർമിച്ചതാണ് സുന്ദരിയെ, കെഎൽ-11-636 എന്ന നമ്പരും ഓട്ടോയുടെ മുന്നിലുണ്ട്.

മാധവ് കൃഷ്ണയുടെയും കേശനി കൃഷ്ണയുടെയും 'സുന്ദരി' ഓട്ടോറിക്ഷ വെറും കളിപ്പാട്ടമല്ല പുലിക്കുട്ടിയാണ്. യഥാർഥ ഓട്ടോറിക്ഷയെ വെല്ലുന്ന രീതിയിലാണ് ഇവരുടെ അച്ഛൻ തൊടുപുഴ വെള്ളിയാമറ്റം മൂത്തേടത്തുപറമ്പിൽ അരുൺകുമാർ പുരുഷോത്തമൻ(33) സ്വന്തമായി ഓട്ടോറിക്ഷ നിർമിച്ചു നൽകിയത്. 60 കിലോഗ്രാം ഭാരമുള്ള 'സുന്ദരി'ക്ക് 150 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. ഉപയോഗ രഹിതമായ വസ്തുക്കൾ വിനിയോഗിച്ചാണു ഓട്ടോറിക്ഷയുടെ നിർമാണം.

ഡിടിഎച്ച് ഡിഷ് ആന്റിന ഓട്ടോയുടെ മുൻവശത്തിനായും സ്റ്റൗവിന്റെ മെറ്റൽ ഭാഗം ബേസ്‌മെന്റിനായും ഉപയോഗപ്പെടുത്തി. സൈക്കിളിന്റെ ഡിസ്‌ക് ബ്രേക്ക് രീതിയാണു മുച്ചക്രത്തിലേക്കു പകർത്തിയത്. തടിയിൽ ഒരുക്കിയ ചക്രങ്ങളിൽ ടയറിന്റെ ഗ്രിപ്പ് ഒട്ടിച്ചാണു ടയർ നിർമിച്ചത്. കിക്കർ, ഇൻഡിക്കേറ്റർ, വൈപർ, ഹെഡ്‌ലൈറ്റ്, ഹോൺ, ഫസ്റ്റ് എയ്ഡ് ബോക്‌സ്, പാട്ടുപെട്ടി തുടങ്ങിയവ എല്ലാമുള്ള ഒരു സമ്പൂർണ ഓട്ടോറിക്ഷയാണു സുന്ദരി. മൂന്നരയടി ഉയരവും ആനുപാതികമായ നീളവുമുള്ള 'കുട്ടി ഓട്ടോ' ഏഴര മാസത്തെ അധ്വാനത്തിലൂടെയാണ് അരുൺകുമാർ നിർമിച്ചത്. ഉപകരണങ്ങൾക്കു മാത്രമായി 15000 രൂപ ചെലവായി.

പ്രാരാബ്ധങ്ങൾമൂലം ചെറുപ്പകാലത്തു തനിക്കു ലഭിക്കാതെ പോയ കളിപ്പാട്ടങ്ങൾ കഠിനാധ്വാനത്തിലൂടെ മക്കൾക്കു നിർമിച്ചു നൽകുന്നതിലാണ് ഈ പിതാവിന്റെ സന്തോഷം. നഴ്‌സായി ജോലി ചെയ്യുന്ന അരുൺകുമാറിന്റെ ആവേശമാണ് ചെറു വാഹനങ്ങളുടെ നിർമ്മാണം. നെടുമ്പള്ളി എന്ന പേരിൽ ലൂസിഫറിലെ മോഹൻലാലിന്റെ വാഹനം നിർമാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ് അരുൺ കുമാർ. ചെറുപ്പം മുതൽ കളിക്കാനായി വാഹനങ്ങൾ സ്വന്തമായി നിർമിച്ചിരുന്ന ഇദ്ദേഹം എസ്എസ്എൽസിക്കു പഠിക്കുമ്പോൾ മണ്ണുമാന്തിയന്ത്രത്തിന്റെ വർക്കിങ് മോഡൽ നിർമിച്ചു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA