ADVERTISEMENT

ഇന്നത്തെ മോഡേൺ കാറിന്റെ ആദ്യ രൂപം പിറക്കുന്നത് 1886 ൽ ജർമനിയിലാണ്. എൻജിനിലോടുന്ന കാറിന് പിന്നിലെ ചാലക ശക്തി കാൾ ബെൻസായിരുന്നു. പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് ഇന്നു കാണുന്ന തരത്തിലുള്ള കാറുകളുടെ രൂപം പോലും നിലവിൽ വരുന്നത്. ആദ്യത്തെ കാർ ജർമനിയിൽ നിന്നാണെങ്കിലും ബ്രിട്ടണും കാർ നിർമാണത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ബ്രിട്ടണിലെ ഏറ്റവും പഴക്കം ചെന്ന കാർ നിർമാതാക്കളിലൊന്നാണ് അടുത്തിടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച മോറിഗ് ഗ്യാരേജസ് എന്ന എംജി.

MG Vintage Car Rally
MG Vintage Car Displayed On 21 Gun Salute Rally

1924 ൽ സ്ഥാപിതമായ എംജിയുടെ മുത്തച്ഛൻ കാറുകൾ കാണാനും അടുത്തറിയാനുമുള്ള അവസരമായിരുന്നു ഇത്തവണ ന്യൂഡല്‍ഹിയില്‍ നടന്ന 21 ഗണ്‍ സല്യൂട്ട് റാലി. 2011ല്‍ തുടങ്ങിയ റാലിയുടെ 9-ാം പതിപ്പിനായിരുന്നു ഡൽഹി സാക്ഷിയായത്. 1930ൽ തുടങ്ങിയ ലോകത്തിലെ ഏറ്റവും പഴയ കാർ കൂട്ടായ്മകളിലൊന്നായ എംജി കാർ ക്ലബായിരുന്നു, എംജി കാറുകളെ റാലിയിൽ എത്തിച്ചത്. ഏകദേശം 50000 അംഗങ്ങളുള്ള ക്ലബിന് ഇന്ത്യയിലും വേരുകളുണ്ട്.

mg-vintage-car-rally-2
MG Vintage Car Displayed On 21 Gun Salute Rally

എംജിയുടെ എംജിഎ എന്ന കാറാണ് റാലിയുടെ ആവേശമായത്. മോറിസ് ഗ്യാരേജസിന്റെ ഏഴു വിന്റേജ് കാറുകളും റാലിയില്‍ പങ്കെടുക്കാനെത്തി. എംജിയുടെ 1932 മോഡല്‍ ജെ2 റോഡ്സ്റ്ററായിരുന്നു കൂട്ടത്തിലെ കാരണവർ. കൂടാതെ 1947 മോഡല്‍ എംജി ടിഡി കണ്‍വേര്‍ട്ടബിള്‍, 1951 മോഡല്‍ എംജി ടിഡി, 1953 മോഡല്‍ ടിഡി കണ്‍വേര്‍ട്ടബിള്‍, 1946 മോഡല്‍ ടിസി റോഡ്സ്റ്റര്‍, 1950 മോഡല്‍ വൈടി, എംജിഎ തുടങ്ങിയ വാഹനങ്ങളും റാലിയിലെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. എംജി മാത്രമല്ല റോള്‍സ് റോയ്‌സും ബെന്‍സുമടക്കം നിരവധി കമ്പനികളുടെ വിന്റേജ് കാറുകള്‍ റാലിയില്‍ മാറ്റുരച്ചു.

റാലി മാത്രമായിരുന്നില്ല, വിന്റേജ് കാറുകളുടെ പ്രദര്‍ശനവും ഡിഎല്‍എഫ് സൈബര്‍ ഹമ്പില്‍ സംഘാടകര്‍ ഒരുക്കിയിരുന്നു.  ചൈനീസ് കമ്പനിയായ സായിക്കിന്റെ ഉടമസ്ഥതയിലുള്ള എംജിയുടെ ഇന്ത്യന്‍ അരങ്ങേറ്റം കഴിഞ്ഞ വര്‍ഷമായിരുന്നു എങ്കിലും എംജിയുടെ കാറുകള്‍ ഇന്ത്യന്‍ മണ്ണിലെത്തിയിട്ട് ദശാബ്ദങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. അവയില്‍ ചിലതാണ് കാര്‍ റാലിയിലെത്തിയത്. 1924 ല്‍ യുകെയില്‍ സ്ഥാപിതമായ കമ്പനിയുടെ ആദ്യ കാര്‍ ആ വര്‍ഷം തന്നെ വിപണിയിലെത്തി. സ്‌പോര്‍ട്ട് കാറുകളുടെ പേരിലും റോഡ്‌സ്റ്ററുകളുടെ പേരിലും പ്രശസ്തമാണ് എംജി. പല ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും ബ്രിട്ടീഷ് രാജകുടുംബവും എംജിയുടെ ഉപഭോക്താക്കളായിരുന്നു. 

mg-vintage-car-rally-1
MG Vintage Car Displayed On 21 Gun Salute Rally

ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനൊരുങ്ങുന്നതിന്റെ ഭാഗമായി 2018 ലായിരുന്നു എംജി ആദ്യമായി 21 ഗണ്‍ സല്യൂട്ട് റാലിയില്‍ പങ്കെടുത്തത്. അന്ന് ലഭിച്ച മികച്ച പ്രതികരണമാണ് എംജിയെ വീണ്ടും 21 ഗൺസല്യൂട്ട് റാലിയിൽ പങ്കെടുപ്പിക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ കാലത്തെ എംജിയുടെ സൂപ്പർതാരങ്ങളെ കൂടെ ന്യൂജെൻ കാറുകളുടേയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു 21 ഗൺ സല്യൂട്ട് റാലി. 

English Summary: MG Vintage Car Rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com