കാറുകളോടുള്ള ഇഷ്ടം പലർക്കും പല രീതിയിലാണ്. ചിലർക്ക് കാറുകൾ ഓടിക്കാനായിരിക്കും ഇഷ്ടം, എന്നാൽ ചിലർക്ക് സൂപ്പർകാറുകളെ അടുത്തുകാണാനായിരിക്കും ഇഷ്ടം. എന്നാൽ കോട്ടയം സ്വദേശി ബിനു ജേക്കബിന്റെ കാറിഷ്ടങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ഒറിജിനലിനെ വെല്ലുന്ന ഡൈകാസ്റ്റ് കാറുകളോടാണ് ബിനുവിന്റെ പ്രിയം. ഈ ഇഷ്ടം കൊണ്ടെത്തിച്ചത് ആയിരത്തിൽ അധികം ഡൈകാസ്റ്റ് കാറുകളിലാണ്.
കളിപ്പാട്ടമല്ല ഡൈകാസ്റ്റ്
ഈ കുഞ്ഞൻ കാറുകളെ കളിപ്പാട്ടകാറുകൾ എന്നു വിളിച്ച് അവഹേളിക്കാൻ വരട്ടെ, ഇതു വെറും പ്ലാസ്റ്റിക്ക് കാറുകളല്ല, ഡൈകാസ്റ്റ് മെറ്റലിൽ തീർത്ത, ഒറിജിനലിന്റെ ചെറു പതിപ്പാണ്. 1:18 എന്ന അനുപാതത്തിലാണ് ഈ കാറുകൾ നിർമിച്ചിരിക്കുന്നത്. ഡോർ തുറക്കാനും സ്റ്റിയറിങ്ങ് തിരിക്കാനും തുടങ്ങി ടയർ തിരിക്കാൻ വരെ സാധിക്കുന്ന മോഡൽ വരെയുണ്ട് ഡൈകാസ്റ്റുകളുടെ ഇടയിൽ.

150 ബെൻസ് 12 ലാൻഡ് റോവർ
ബെൻസിന്റെ കാറുകളാണ് ഏറ്റവും കൂടുതൽ. ഏകദേശം 150 ബെൻസ് കാറുകള്‍ ശേഖരത്തിലുണ്ടെന്ന് ബിനു പറയുന്നു. ബെൻസിന്റെ ആദ്യ കാറായ 1885 മോഡൽ മോട്ടർവാഗൺ, 1888 കാർ തുടങ്ങി ഒട്ടുമിക്ക മോഡലുകളുമുണ്ട്. ബെൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലാൻഡ് റോവറാണ്. ഏകദേശം 12 ലാൻഡ് റോവറുകളുണ്ട് കളക്ഷനിൽ. കൂടാതെ റോൾസ് റോയ്സ്, ബിഎംഡബ്ല്യു തുടങ്ങി വാഹന ലോകത്തെ സൂപ്പർതാരങ്ങൾ നിരവധി ഈ ശേഖരത്തിലുണ്ട്.

30 വർഷത്തെ ശേഖരം
ചെറുപ്പത്തിൽ കളിപ്പാട്ടകാറുകളുണ്ടായിരുന്നു. പക്ഷേ അതൊക്കെ നശിച്ചുപോയി എന്നാണ് ബിനു പറയുന്നത്. ഇപ്പോഴത്തെ ഈ ശേഖരം തുടങ്ങിയത് മുപ്പതു വർഷം മുമ്പാണ്. ഇപ്പോൾ ആയിരത്തിൽ അധികം കാറിൽ എത്തി നിൽക്കുന്നു. ഇപ്പോൾ കുറച്ചു കാറുകൾ മാത്രമേ വീട്ടിൽ പ്രദർശിപ്പിച്ചിട്ടുള്ളു. ബാക്കി കാറുകൾ പെട്ടിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. മുഴുവൻ കാറുകളും പ്രദർശിപ്പിക്കുന്നതിനായി ഒരു മുറി ഒരുക്കണം എന്നാണ് ബിനുവിന്റെ ആഗ്രഹം.
1500 മുതലാണ് ഓരോ വാഹനത്തിന്റെയും വില
1500 രൂപ മുതൽ ലക്ഷങ്ങൾ വരെ വിലയുള്ള കാറുകളുണ്ട്. ഓരോ മോഡലിന്റെയും ബ്രാൻഡുകളുടെയും വ്യത്യാസം അനുസരിച്ച് വില കൂടിയും കുറഞ്ഞും ഇരിക്കും. ഇവ എല്ലാകാലവും പുതിയതുപോലെ സൂക്ഷിക്കാനാണ് ഏറെ പാട്, എല്ലാ ഞായറാഴ്ചകളിലും അവ വൃത്തിയാക്കാറുണ്ട്.

അംബാസിഡർ മാർക്ക് വൺ, ഹോണ്ട സിറ്റി
കുഞ്ഞൻ കാറുകളോടുള്ള ഇഷ്ടം പോലെ വിനു ഉപയോഗിക്കുന്ന കാറുകളും പഴയ മോഡലാണ്. 1959 മോഡൽ മാര്‍ക്ക് വൺ അംബാസിഡറും പഴയ ഹോണ്ട സിറ്റിയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
മുപ്പതു വർഷത്തെ വാഹനശേഖം ആയിരത്തിൽ എത്തിനിൽക്കുമ്പോൾ, ഇനിയും കുഞ്ഞൻ കാറുകൾ സ്വന്തമാക്കാനാണ് ബിനുവിന്റെ ആഗ്രഹം. യാത്ര പോകുമ്പോൾ കാറുകൾ കൂടെ കരുതുന്ന ബിനു നല്ലൊരു ലൊക്കേഷൻ കണ്ടാൽ കുഞ്ഞൻ വാഹനങ്ങളുടെ ചിത്രങ്ങൾ എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനും മറക്കാറില്ല.
English Summary: Diecast Car Callector From Kottayam