sections
MORE

ഒറ്റചാർജിൽ 100 കി.മീ, കിലോമീറ്റിന് 1 രൂപ: ഇത് ഇലക്ട്രിക് അംബാസഡർ

electric-ambassador
Electric Ambassador
SHARE

പന്ത്രണ്ടു സെക്കൻഡിൽ അറുപതു കിലോമീറ്റർ വേഗംകൈ വരിക്കുന്ന അംബാസഡറിനെ മനസ്സിൽകാണാനൊക്കുമോ? അവിശ്വസനീയമായ വരവായിരുന്നു e- അംബാസഡറിന്റേത്.  ഒരു നൊസ്റ്റാൾജിയ ചിറകടിച്ചെത്തുംപോലെ നിശ്ശബ്ദമായി. പ്രായാധിക്യത്തിന്റേതായ ഒച്ചപ്പാടുകൾ ഒഴിച്ചുനിർത്തിയാൽ എന്തൊരു നിശ്ശബ്ദത! 

വാഹനലോകം ഇലക്ട്രിക് കാറുകളിലേക്കു കൂടുമാറുന്ന ഇ–കാലത്ത് മറഞ്ഞുപൊയൊരു മോഡലിനെ ഇലക്ട്രിക് ഹൃദയവുമായി പുനരൂജ്ജീവിപ്പിച്ച സംഘത്തെ പരിചയപ്പെടാം. അങ്കമാലി  മൂക്കന്നൂരിലെ ഹി–മാൻ ഓട്ടോ റോബോ പാർക്കിൽ ഒരു നിശ്ശബ്ദവിപ്ലവം പോലെ ഹി–മാൻ ഇലക്ട്രിക് അംബാസഡർ കാത്തിരിപ്പുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കുന്ന ഇലക്ട്രിക് അംബാസഡറിന്റെ കൗതുകമാർന്ന വിശേഷങ്ങളിലേക്ക്..  

electric-ambassador-1
Electric Ambassador

എവിടെയാണ്  ഇ–അംബി

ഫുള്ളി ഓട്ടമേറ്റഡ് റോബോട്ടിക് കാർ പാർക്കിങ് സിസ്റ്റം നിർമിച്ചു നൽകുന്ന ഹി–മാൻ ഓട്ടോ റോബോപാർക്കിലെ വതലമുറയുടെ പുതിയ ചുവടുവയ്പ്പാണ് അംബാസഡറിലൂടെ വിജയത്തിലെത്തിയിരിക്കുന്നത്. ഹി–മാൻ ഗ്രൂപ്പ് ഓഫ് കംപനീസ്  ആർ ആൻഡി വിഭാഗം ഹെഡ്  അഷിൻ ജോസ്, ഡയറക്ടർ  പോൾ പി.വർഗീസ്, എൻജിനീയർ വിമൽ ചെറിയാൻ എന്നിവരുടെ  നേതൃത്വം. ഹി–മാനിലെ പരിചയസമ്പന്നരുടെ കരസ്പർശം. ഇവ ചേർന്നപ്പോൾ അംബാസഡറിലെ പുതുഹൃദയം തുടിച്ചു. 

ലെഡ് ആസിഡ് തുടിപ്പ്

പഴയ അംബാസഡർ വിലയ്ക്കുവാങ്ങി. എൻജിൻ അടക്കമുള്ള ഭാഗങ്ങൾ മാറ്റിവച്ചു. ബോണറ്റിനുള്ളിലെ ഒഴിഞ്ഞ ഭാഗത്ത് ലെഡ്–ആസിഡ് ബാറ്ററികൾ ഇടംപിടിച്ചു. ബൂട്ടിലും കുറച്ചു ബാറ്ററികളുണ്ട്. ആകെ 22 ലെഡ് ആസിഡ് ബാറ്ററികൾ. 20 കിലോവാട്ട് അവർ ആണ് ബാറ്ററികളുടെ ശേഷി. ഇവ അംബാസഡറിനു നൽകുന്നത് 1500 ആർപിഎമ്മിൽ 53 ബിഎച്ച്പി കരുത്ത്. 275 എൻഎം ടോർക്ക്! ജീപ് കോംപസ് 1.4 ലീറ്റർ മോഡലിനെക്കാളും ടോർക്ക്! അതുകൊണ്ടുതന്നെ പെട്ടെന്നു കുതിക്കും ഇ–അംബി. പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്റർ.

electric-ambassador-2
Electric Ambassador

ചെലവെത്ര? 

30,000 രൂപയ്ക്ക് പഴയ അംബാസഡർ. ആറുലക്ഷം രൂപയുടെ അധികജോലി. ഇത്രയുമാണ് നിർമാണച്ചെലവ്. ഇനി യാത്രാ ചെലവോ? ഒരു കിലോവാട്ടിന് 5 കിലോമീറ്റർ ദൂരം സഞ്ചരിക്കും എന്നു കണക്കാക്കിയാൽ ഒരു കിലോമീറ്റർ ഓടാൻ ഒരു രൂപ! 

നിരത്തിൽ ഇറങ്ങുമോ? 

ഇല്ല. ഫാക്ടറിക്കുള്ളിൽ മാത്രമാണ് ഹി–മാൻ ഇലക്ട്രിക് കാറിന്റെ ഓട്ടം. ഈ മാറ്റങ്ങൾക്ക് നിയമത്തിന്റെ അംഗീകാരം കിട്ടിയില്ലെന്നതു തന്നെ കാരണം. ഒരു ഭാവിപദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ആണ് ഇ–അംബാസ‍ഡർ എന്നു പറയാം. കാരണം ഹി–മാൻ ഗ്രൂപ്പ് ഓഫ് കംപനീസ്  ആർ ആൻഡി വിഭാഗം ഈ മേഖലയിലേക്കു തിരിയുന്നത് രണ്ടു മാസം മുൻപു മാത്രമാണ്. കാറുകൾ ഇലക്ട്രിക് ആക്കുന്നതിനെക്കാൾ ഇവർ പ്രാമുഖ്യം കൊടുക്കുന്നത് വലിയ വാണിജ്യ വാഹനങ്ങൾക്കാണ്.

electric-ambassador-3
വിമൽ പി. ചെറിയാൻ, ആഷിൻ ജോസ്, പോൾ പി വർഗീസ്

ഡീസൽ ബസുകൾക്ക് കിലോമീറ്ററിന് 20 രൂപയിലേറെ ചെലവുണ്ട്. സർവീസും കാര്യങ്ങളും വേറെ. ഇലക്ട്രിക് ആകുമ്പോൾ ചെലവ് 5 രൂപയായി കുറയും. സോളർ പാനലുകൾ ഈ വാഹനങ്ങളിൽ ഘടിപ്പിക്കാനും ഈ യുവ എൻജിനിയർമാർക്കു പദ്ധതിയുണ്ട്. അപ്പോൾ വീണ്ടും ചെലവു കുറയും. ഇത്തരം ബസ്സുകൾക്ക് വൻ സബ്സിഡി കൂടി ലഭിക്കും.  സാങ്കേതികവിദ്യയും സബ്സിഡിയും കൂടി ചേരുമ്പോൾ നമ്മുടെ നഷ്ടത്തിലുള്ള കെഎസ്ആർടിസിയെ വരെ ലാഭത്തിലാക്കാൻ പറ്റും എന്നാണിവരുടെ ആത്മവിശ്വാസം. പരിസ്ഥിതിമലിനീകരണം ഇല്ലെന്നത് അധിക മേൻമ.

സോളറിന്റെ അധികനേട്ടം

ഇങ്ങനെ വാണിജ്യവാഹനങ്ങളിലേക്കുള്ള പ്രയാണത്തിന്റെ ആദ്യചുവടാണ്  ഇ–അംബി. അംബാസഡർ ഒരു പ്രശ്നവുമില്ലാതെ ഓടുന്നതിന്റെ ആത്മവിശ്വസത്തിലാണ് ഹി–മാൻ ടീം.  ഇ–അംബിയിലും  സോളാർ പാനലുകൾ വച്ച് ഓടിച്ചിട്ടുണ്ട്. കാഴ്ചയിലെ അഭംഗി മാത്രമാണു പോരായ്മയായി തോന്നിയിട്ടുള്ളത്.   

electric-ambassador-5

അംബിയുടെ ഉള്ളിലെ മാറ്റം 

ഇൻഫോ സ്ക്രീൻ ആണ്. ഹി–മാൻ ടീം തന്നെ രൂപകൽപന ചെയ്ത കൺസോളിലെ സ്ക്രീനിൽ വാഹനത്തിന്റെ റേഞ്ച്, ബാറ്ററിനില  തുടങ്ങി ഒട്ടേറെ വിവരങ്ങൾ അറിയാം. ബ്രേക്ക് ചെയ്യുമ്പോൾ ബാറ്ററി ചാർജ് ആകുന്ന റീജനറേറ്റീവ് ബ്രേക്കിങ് വിദ്യ ഇണക്കിച്ചേർത്തിട്ടുണ്ട്. അതെല്ലാം ഗ്രാഫിക്സിലൂടെ ഈ സ്ക്രീനിൽ കാണാം. എസി ഇൻഡക്‌ഷൻ മോട്ടർ ആണ് വീലുകളിലേക്ക് കരുത്തെത്തിക്കുന്നത്. എട്ടു മണിക്കൂർ കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ആകും. ലിഥിയം അയൺ ബാറ്ററി നിർമാണവിദ്യ കൂടുതൽ ലളിതമാകുകയും ലഭ്യമാകുകയും ചെയ്യുമ്പോൾ ഇപ്പോഴുള്ള ലെഡ് ആസിഡ് ബാറ്ററിയിൽനിന്നു മാറും. ഭാരം കുറയും. കൂടുതൽ പ്രവർത്തനക്ഷമതയും റേഞ്ചും കൈവരിക്കും. 

എല്ലാ കാറുകളും ഇങ്ങനെ മാറ്റാനാകുമോ? 

ആകും. പക്ഷേ, എആർഎഐ (ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ ) അംഗീകാരം നേടണം. അതിനുള്ള തയാറെടുപ്പിലാണ് 

ഹി–മാൻ ടീം

ബോണറ്റിന് ഉൾവശത്തിന്റെ ഫോട്ടോ എടുക്കട്ടെ എന്നു ഫൊട്ടോഗ്രഫറുടെ ചോദ്യം. അതു വേണോ? ഞങ്ങളുടെ മാത്രം ചില വിദ്യകൾ അതിലുണ്ട്. പേറ്റന്റ് കിട്ടിയിട്ടു നമുക്കതു പ്രസിദ്ധീകരിച്ചാൽ പോരെ എന്നു വിനയത്തോടെയുള്ള മറുചോദ്യം.  ഭാവിയുടെ വാഹനങ്ങൾക്കുള്ള വിജയകരമായ ആശയങ്ങൾ തൽക്കാലം  രഹസ്യമായിരിക്കട്ടെ. ഇലക്ട്രിക് വാഹനങ്ങളുടെ നിരതന്നെ ഹി–മാനിൽനിന്ന് നിരത്തിലെത്തുമെന്ന ശുഭാപ്തിവിശ്വാസത്തോടെ അംബിയോടു ഞങ്ങൾ വിടപറഞ്ഞു.

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA