sections
MORE

വാഹനങ്ങൾ ഇടിച്ചു തകർത്ത് പരിശോധിക്കുന്ന എൻസിഎപി എന്താണ്?

HIGHLIGHTS
  • വാഹനസുരക്ഷയുടെ കാര്യത്തിലെ ഒരു സുപ്രധാന അളവുകോലാണ് NCAP
  • ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം എന്നതാണ് NCAP യുടെ പൂർണ രൂപം
tata-nexon-crash-test
ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ അഞ്ചു സ്റ്റാർ ലഭിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത വാഹനമായ ടാറ്റ നെക്സോണിന്റെ ക്രാഷ് ടെസ്റ്റ് ദൃശ്യം
SHARE

മാറ്റങ്ങളുടെ  കാലഘട്ടത്തിൽക്കൂടി യാത്ര ചെയ്യുകയാണ് ഇന്ത്യൻ വാഹന വിപണി. സ്വാതന്ത്ര്യത്തിനുശേഷമുള്ള അര നൂറ്റാണ്ടിൽ ഉണ്ടായതിൽ കൂടുതൽ മാറ്റങ്ങൾ കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ നിയമങ്ങളിലും ഉപഭോക്താക്കളുടെ ചിന്താഗതിയിലുമുണ്ടായി. വാഹന വില്‍പനയുടെ കാര്യത്തിൽ ലോകത്തിൽ നാലാം സ്ഥാനത്തുള്ള ഇന്ത്യ, റോഡ് അപകടങ്ങളുടെ കാര്യത്തിലും മുന്നിൽ തന്നെയെന്നാണ് WHO (വേൾഡ് ഹെല്‍ത്ത് ഒാര്‍ഗനൈസേഷൻ) കണക്കുകൾ സൂചിപ്പിക്കുന്നത്. വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ചു നിരത്തുകൾ‍ മെച്ചപ്പെടുന്നില്ല എന്നതാണ് പ്രധാന പോരായ്മ. വാഹനങ്ങളുടെ ഗമയിലും ഇന്ധനക്ഷമതയിലും മാത്രം ശ്രദ്ധിച്ചിരുന്ന ഇന്ത്യൻ ഉപഭോക്താക്കൾ, അപകടങ്ങൾ വർധിച്ചതോടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി സുരക്ഷയുടെ കാര്യത്തിലും ശ്രദ്ധാലുക്കളായി. 2014 ൽ ഒരു വിദേശ ഏജന്‍സി അഞ്ച് ഇന്ത്യൻ നിർമിത വാഹനങ്ങളിൽ നടത്തിയ ക്രാഷ് പരീക്ഷണങ്ങളാണ് സുരക്ഷയുടെ കാര്യത്തിൽ ഉപഭോക്താക്കളുടെയും നിർമാതാക്കളുടെയും ചിന്താഗതിയിലുണ്ടായ ഇൗ മാറ്റങ്ങളുെട പ്രേരകശക്തി. വാഹന സുരക്ഷയുടെ കാര്യത്തിലെ  ഒരു സുപ്രധാന അളവുകോല‌ായ  NCAP സുരക്ഷാ പരിശോധനയെയും കണക്കുകളെയും കുറിച്ച് കൂടുതലായി മനസ്സിലാക്കാം

NCAP യുടെ ചരിത്രം

ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം എന്നതാണ് NCAP യുടെ പൂർണ രൂപം, ഗവൺമെന്റിന്റെ സഹായ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര സ്ഥാപനമായി 1979ൽ അമേരിക്കയിലാണു തുടക്കം .പിന്നീട് ജപ്പാൻ, ചൈന, ഒാസ്ട്രേലിയ, യൂറോപ്പ് എന്നിങ്ങനെ ലോകത്തിലെ പ്രധാന വാഹന വിപണികളിലേക്കു വ്യാപിച്ച ഇൗ പ്രസ്ഥാനം വാഹന നിര്‍മാതക്കൾക്കു തങ്ങളുടെ വാഹന സുരക്ഷാ നിലവാരം മെച്ചപ്പെടുത്താന്‍ വലിയ പ്രചോദനമായിരുന്നു. വാഹനങ്ങള്‍ അതതു രാജ്യങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നു എന്നതാണ് ഇതിന്റെ സവിശേഷത, അമേരിക്ക, യൂറോപ്പ്, ഒാസ്ട്രേലിയ എന്നിവിടങ്ങളിലെ പരിശോധന വളരെ  കർക്കശമാണെങ്കിൽ ഇന്ത്യ ഉൾപ്പെടുന്ന വികസ്വര രാജ്യങ്ങളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ സുരക്ഷ എന്ന സാമാന്യ സങ്കൽപത്തിലാണ് പരിശോധന രൂപപ്പെടുത്തിയിരിക്കുന്നത്.

ഗ്ലോബൽ NCAP മായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കര്‍ക്കശമാണ് യൂറോ NCAP പരീക്ഷണങ്ങൾ. മുന്നിൽനിന്നും വശങ്ങളില്‍ നിന്നും രണ്ടു വീതം മൊത്തം നാല് ക്രാഷ് പരീക്ഷണങ്ങളാണ് ഇതിൽ നടത്തുന്നത്‌

ARAI പോലെയുള്ള സ്ഥാപനങ്ങള്‍ വാഹനം ടെസ്റ്റിൽ വിജയിച്ചോ ഇല്ലയോ എന്നു മാത്രം വിലയിരുത്തുമ്പോൾ, NCAP വാഹനങ്ങളെയെല്ലാം പ്രകടനത്തിന് അനുസൃതമായി പൂജ്യം മുതൽ അഞ്ചു വരെയുള്ള സ്റ്റാർ റേറ്റിങ് നല്‍കി തരംതിരിക്കുന്നു. സുരക്ഷാകാര്യത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വാഹനങ്ങൾക്ക് 5 സ്റ്റാര്‍ ലഭിക്കും. ഇത് ഉപഭോക്താക്കള്‍ക്കും നിര്‍മാതാക്കൾക്കും പല വാഹനങ്ങൾ തമ്മിലുള്ള സുരക്ഷാനിലവാരം താരതമ്യം ചെയ്യാൻ അവസരം നല്‍കുന്നു.

ഗ്ലോബൽ NCAP –വികസ്വര രാജ്യങ്ങളുടെ സുരക്ഷാസ്വപ്നം

സ്വന്തമായി സുരക്ഷാ മാനദണ്ഡങ്ങള്‍ വികസിപ്പിക്കാത്ത ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യയെ പോലെയുള്ള വികസ്വര രാജ്യങ്ങളിലും ഗ്ലോബല്‍ NCAP എന്ന സ്ഥാപനമാണ് പരിശോധന നടത്തുന്നത്. യൂറോപ്യൻ യൂണിയനിലുള്ള രാജ്യങ്ങള്‍ക്കു വേണ്ടിയുള്ള യൂറോ NCAP, അമേരിക്കയിലുള്ള  US NCAP എന്നിവയെ അപേക്ഷിച്ച്, െഎക്യരാഷ്ട്ര സംഘടന നിഷ്കർഷിച്ചിരിക്കുന്ന ഏറ്റവും അടിസ്ഥാനമായ സുരക്ഷനിലവാരം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളാണ് ഗ്ലോബൽ NCAP നടത്തുന്നത്.

ഇടി പരീക്ഷണം എങ്ങനെ?

മുതിര്‍ന്ന രണ്ടു വ്യക്തികള്‍ വാഹനത്തിന്റെ മുന്നിലെ സീറ്റുകളിൽ സീറ്റ് ബെൽറ്റ് ധരിച്ച നിലയിലും  18 മാസവും മൂന്നു വർഷവും പ്രായമായ രണ്ടു കുട്ടികൾ രണ്ടാം നിര സീറ്റുകളിൽ ബന്ധിച്ച നിലയിലും യാത്ര ചെയ്യുന്ന വാഹനം 50 കിലോമീറ്റർ വേഗത്തിൽ എതിർദിശയിൽ വരുന്ന മാറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്ന സാഹചര്യമാണ്  ഇൗ ക്രാഷ് പരീക്ഷണത്തിൽ പരിഗണിക്കുന്നത്. ഇതിനായി സെൻസറുകള്‍ ഘടിപ്പിച്ച രണ്ടു വലിയ ഡമ്മികൾ മുന്നിലും  കുട്ടികൾക്കു സദൃശമായ രണ്ടു ചെറിയ ഡമ്മികൾ പിന്നിലും  ഇരുത്തിയ ശേഷം 64 കിലോമീറ്റര്‍ വേഗത്തിൽ വാഹനം ചലിപ്പിച്ച് ഒരു ഭിത്തിയിൽ ഇടിപ്പിക്കുന്നു.

ഇടിയുടെ ആഘാതത്തിൽ ഉള്ളിലെ യാത്രികർക്ക് അനുഭവപ്പെടുന്ന ഷോക്ക് ഡമ്മിയുടെ തല, നെഞ്ച്, തുട, കാൽ‌ മുട്ടിനു താഴെ പാദങ്ങള്‍ എന്നിവിടങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സെന്‍സറുകളുടെ സഹായത്തോടെ ശേഖരിക്കുന്നു. കൂടാതെ വാഹനത്തിന്റെ ഉള്ളിലും പുറത്തും ഘടിപ്പിച്ചിരിക്കുന്ന വിവിധ ഹൈ സ്പീഡ് ക്യാമറകളിൽനിന്നു ശേഖരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സ്ലോ മോഷനിൽ ചലിപ്പിച്ച്, ഇടിക്കുന്ന അവസരങ്ങളിൽ വാഹനത്തിന്റെ ബോഡിക്കും ഉള്ളിലെ ഡമ്മികൾക്കും ഉണ്ടാകുന്ന തകരാറുകളും സൂക്ഷ‍്മ പരിശോധനയ്ക്കു വിധേയമാകുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെല്ലാം അപഗ്രഥിച്ചാണ് ഒാരോ വണ്ടിക്കും മാര്‍ക്കിടുന്നത്.

ഗ്ലോബൽ NCAP പരീക്ഷണങ്ങളിൽ ഒരു വണ്ടിക്കു രണ്ടു തരം റേറ്റിങ് ആണ് നല്‍കുന്നത്.

1. മുന്നിൽ യാത്ര ചെയ്യുന്ന  മുതിര്‍ന്ന  വ്യക്തികളുടെ സുരക്ഷ

2. പിന്നിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ

മുതിർന്ന വ്യക്തികളുടെ സുരക്ഷാ നിലവാരത്തിനു പൂജ്യം മുതൽ പതിനേഴു വരെ പോയിന്റുകളാണ് ഒരു വാഹനത്തിനു ലഭിക്കുന്നത്. അപകടത്തിൽ പ്രധാന അവയവങ്ങൾക്കു വളരെ ഗുരുതമായ പരുക്കു പറ്റാൻ സാധ്യത ഉണ്ടെന്നു കണ്ടെത്തിയാൽ അത്തരം വാഹനങ്ങള്‍ക്കു യാതൊരു മാർക്കും സ്റ്റാറും റേറ്റിങ്ങും നൽകില്ല. എയർ ബാഗുകള്‍ ഇല്ലാത്ത വാഹനങ്ങളിൽ ഡ്രൈവറുടെ തലയ്ക്കും നെഞ്ചിനും സ്റ്റിയറിങ് വീലിൽ തട്ടി ഗുരുതര പരുക്കുകൾ പറ്റുന്നതിനാലാണ് അത്തരം വാഹനങ്ങൾക്കു പൂജ്യം റേറ്റിങ് നൽകുന്നത്. കുട്ടികളുടെ സുരക്ഷയ്ക്കായി പൂജ്യം മുതൽ 49 പോയിന്റുകളാണ് ഒാരോ വാഹനത്തിനും ലഭിക്കുക. ഇതിൽ 36 പോയിന്റ് കുട്ടികൾ ചൈൽഡ് സീറ്റുമായി കൂട്ടിമുട്ടിയോ അതില്‍നിന്നു തെറിച്ചു പോയിട്ടോ ഉണ്ടാകുന്ന പരുക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ്. മിച്ചമുള്ള 13 പോയിന്റ് വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ഘടിപ്പിച്ചിട്ടുള്ള സംവിധാനങ്ങള്‍ക്കാണ്. ഇങ്ങനെ ലഭിക്കുന്ന പോയിന്റുകൾ 46 നു മുകളിലാണെങ്കിൽ 5 സ്റ്റാര്‍. 37 നും 46നും ഇടയിൽ ആണെങ്കിൽ നാലു സ്റ്റാറും 25നും 37നും ഇടയിൽ ആണെങ്കിൽ മൂന്ന് സ്റ്റാറും 13 മുതൽ 25 വരെ രണ്ടു സ്റ്റാറും 13ൽ താഴെ ആണെങ്കിൽ ഒരു സ്റ്റാറുമാണു ലഭിക്കുക.

യൂറോ NCAP 

ഗ്ലോബൽ NCAP മായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കര്‍ക്കശമാണ് യൂറോ NCAP പരീക്ഷണങ്ങൾ. മുന്നിൽനിന്നും വശങ്ങളില്‍ നിന്നും  രണ്ടു വീതം മൊത്തം നാല് ക്രാഷ് പരീക്ഷണങ്ങളാണ് ഇതിൽ നടത്തുന്നത്. ഇതിൽ നാലിലും  മികച്ച സുരക്ഷാനിലവാരം നിലനിർത്തുകയും അപകടങ്ങൾ ഒഴിവാക്കാൻ ഉതകുന്ന ഒാട്ടോണമസ് എമർജന്‍സി ബ്രേക്കിങ്  സംവിധാനങ്ങൾ, വിപ്ലാഷ് ടെസ്റ്റ് അതിജീവിക്കുന്ന സീറ്റുകള്‍ എന്നിവയും ഉണ്ടെങ്കില്‍ മാത്രമേ യൂറോ NCAP യില്‍ മുതിർന്ന വൃക്തികളുടെ സുരക്ഷയിലെ 5 സ്റ്റാർ ലഭിക്കുകയുള്ളൂ. ഇതു കൂടാതെ കാൽനട യാത്രികർക്കും സൈക്കിള്‍ യാത്രികർക്കും വാഹനം ഇടിക്കുമ്പോൾ പറ്റുന്ന പരുക്കുകൾ മനസ്സിലാക്കാൻ നടത്തുന്ന പെഡസ്ട്രിയൻ സുരക്ഷയും യൂറോ NCAP ൽ പരീക്ഷിക്കുന്നു. ഇതുകൊണ്ടുതന്നെ ഇന്ത്യൻ നിര്‍മിത കാറുകൾക്കു ഗ്ലോബൽ NCAP ൽ മികച്ച റേറ്റിങ് ലഭിച്ചു എന്നു കരുതി അത് യൂറോപ്യന്‍ കാറുകളുടെ നിലവാരത്തിൽ എത്തി എന്നു കരുതാൻ പാടില്ല.

സീറ്റ് ബെൽറ്റുകൾ പോലെതന്നെ വളരെ പ്രധാനപ്പെട്ട ഒരു സുരക്ഷാ ഉപകരണമാണ് കുട്ടികൾക്കുള്ള ചൈൽഡ് സീറ്റ്. മുതിർന്നവരുടെ ശരീരഘടനയ്ക്ക് അനുസരിച്ചു രൂപകൽപന ചെയ്ത സീറ്റ് ബെൽറ്റുകൾ കൊച്ചു കുട്ടികൾക്ക് ഇണങ്ങില്ല

മാറ്റങ്ങളുെട അഞ്ചു വർഷം 

ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി വാഹനം നിര്‍മിച്ചിരുന്ന ഇന്ത്യൻ വാഹന നിര്‍മാതാക്കളുടെ കണ്ണു തുറപ്പിച്ചത് ഗ്ലോബൽ NCAP  തുടങ്ങി വച്ച #SaferCarsForindia പ്രചാരണ പ്രവർത്തനങ്ങളിലൂടെയാണ്. 2014 വരെ ഇന്ത്യയിലെ ഒട്ടുമിക്ക നിര്‍മാതാക്കളും എയർബാഗ്, എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ വില കൂടിയ മോഡലുകളിൽ മാത്രമാണു  ലഭ്യമാക്കിയിരുന്നത്. ഗ്ലോബൽ NCAP യുടെ വരവോടെ ഇവരില്‍ വലിയ പങ്കും ഡ്രൈവർ എയർബാഗ് സ്റ്റാൻഡേർഡ് ഫിറ്റ്മെന്റ് ആക്കി.

2017 ഒക്ടോബർ ഒന്നിനു ശേഷം ഇന്ത്യയിൽ പുറത്തിറക്കുന്ന പുതിയ മോഡൽ കാറുകള്‍ക്കു ക്രാഷ് പരീക്ഷണങ്ങൾ നിർബന്ധമാക്കിയതാണ്  സർക്കാർ കൈക്കൊണ്ട ഒരു സുപ്രധാന തീരുമാനം. നിലവിൽ വില്‍പനയുള്ള കാറുകൾക്ക് രണ്ടു വർഷം സാവകാശം നൽകിയ ഇൗ നിയമപ്രകാരം 2019 ഒക്ടോബർ ഒന്നിനു ശേഷം, ക്രാഷ് ടെ‌സ്റ്റുകൾ വിജയിക്കാത്ത വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാനാകില്ല. ഇൗ വർഷം ഏപ്രിൽ ഒന്നു മുതൽ കാറുകളിൽ എയര്‍ബാഗ് നിർബന്ധമാക്കാനും സര്‍ക്കാർ തീരുമാനമായിട്ടുണ്ട്. ഗ്ലോബൽ NCAP പരീക്ഷണവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ വേഗമായ മണിക്കൂറിൽ 56 കിലോമീറ്ററിലാണ് നിയമപ്രകാരമുള്ള ഇൗ ക്രാഷ് പരീക്ഷണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വേഗം കുറവാണെങ്കിലും നിയമപ്രകാരമുള്ള ഇൗ ടെസ്റ്റിൽ ഇന്ത്യയിൽ ഇന്നു വിൽപനയിലുള്ള പല വാഹനങ്ങളും  കടന്നു കൂടാൻ സാധ്യതയില്ല. എയർബാഗുകൾ ഒാപ്ഷണല്‍ ആയി പോലും ലഭ്യമല്ലാത്ത വാഹനങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ അവയുടെ മരണമണി 2019 ൽ  ഉണ്ടായേക്കാം. ഇൗ നിയമങ്ങള്‍ പ്രാബല്യത്തിൽ വരുന്നതോടെ സുരക്ഷാ നിലവാരം കുറഞ്ഞ വാഹനങ്ങളുടെ വില്‍പന ഇന്ത്യയിൽ പൂര്‍ണമായും നിര്‍ത്തലായേക്കാം എന്നത് ഉപഭോക്താക്കള്‍ക്ക്  ആശ്വാസകരമായ ഒരു വാര്‍ത്തയാണ്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

മികച്ച സുരക്ഷാസംവിധാനങ്ങൾ ഉള്ള  വാഹനമാണെങ്കിലും  ശരിയായ രീതിയിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്രയെങ്കിൽ അപകടത്തില്‍ പെടുമ്പോൾ വളരെ ഗുരുതരമായ പരുക്കു പറ്റാനുള്ള സാധ്യത പതിന്മടങ്ങാണ്. ഉദാഹരണത്തിന്, 100 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽ യാത്രികരും 100 കിലോമീറ്റർ വേഗത്തിൽത്തന്നെയാണ് സഞ്ചരിക്കുന്നത്. ഒരു അപകടം നടക്കുന്ന സാഹചര്യത്തിൽ ഈ വാഹനത്തിന്റെ വേഗം ഞൊടിയിടയിലാണു കുറയുന്നത്. സീറ്റ്ബെൽറ്റ് ധരിക്കാത്ത യാത്രികർ 100 കിലോമീറ്റർ േവഗത്തിൽത്തന്നെ വാഹനത്തിന്റെ ജനൽചില്ലുകളിലും ഡാഷ്ബോർഡിലും സൈഡ് പാനലുകളിലും. പോയി ഇടിക്കുന്നു. ഇങ്ങനെ തെറിച്ചു പോയി ഇടിക്കുന്നത് വഴിയിൽക്കൂടി നടന്നു പോകുമ്പോൾ 100 കിലോമീറ്റർ വേഗത്തിൽ വരുന്ന ഒരു വാഹനം നമ്മളെ ഇടിച്ചു തെറിപ്പിക്കുന്നതിനു തുല്യമാണ്. 

സീറ്റ് ബെൽറ്റുകൾ പോലെതന്നെ വളരെ പ്രധാനപ്പെട്ട ഒരു സുരക്ഷാ ഉപകരണമാണ് കുട്ടികൾക്കുള്ള ചൈൽഡ് സീറ്റ്. മുതിർന്നവരുടെ ശരീരഘടനയ്ക്ക് അനുസരിച്ചു രൂപകൽപന ചെയ്ത സീറ്റ് ബെൽറ്റുകൾ കൊച്ചു കുട്ടികൾക്ക് ഇണങ്ങില്ല. മാത്രമല്ല, കുട്ടികൾ സീറ്റ് ബെൽറ്റിൽ കുടുങ്ങി മരണം സംഭവിക്കാനും സാധ്യത ഉണ്ട്. ഇതുകൊണ്ടാണ് വിദേശ രാജ്യങ്ങളിൽ മുതിർന്നവർക്ക് സീറ്റ് ബെൽറ്റ് എന്ന പോലെ കുട്ടികൾക്കു ചൈൽഡ് സീറ്റുകൾ നിർബന്ധമാക്കിയത്. 

റിവേഴ്സ് ഡ്രൈവ്

കുറച്ചു കാശ് അധികം നൽകി 6 എയർ ബാഗും ട്രാക്‌ഷൻ കൺട്രോളും തുടങ്ങി മേൽത്തരം സുരക്ഷാ സംവിധാനങ്ങൾ ഉള്ള വിദേശ നിർമിത ആഡംബര കാറുകൾ വാങ്ങിയിട്ടു സീറ്റ് ബെൽറ്റ് ധരിക്കാതെയും കുട്ടികളെ മുൻസീറ്റിൽ മടിയിലിരുത്തിയും യാത്ര ചെയ്യാമെന്നു കരുതിയാൽ നിങ്ങൾക്കു തെറ്റി. വാഹനത്തിൽ കയറിയാൽ ഉടൻ സീറ്റ് ബൽറ്റ് ധരിക്കുക. അത് ആയുസ്സിന്റെ ബെൽറ്റാണെന്നു കരുതുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA