ADVERTISEMENT

ബിഎസ് 6 മലിനീകരണ നിലവാര ചട്ടം ഏറ്റവുമധികം ബാധിക്കുക ചെറു ടാക്‌സി സെഗ്മെന്റിനെയാണ്. ടൊയോട്ട എറ്റിയോസ്, ലിവ, ഡീസല്‍ എര്‍ടിഗ, ഡീസല്‍ ഡിസയര്‍ തുടങ്ങി ടാക്‌സി സെഗ്മെന്റിന് പ്രിയപ്പെട്ട വാഹനങ്ങളെല്ലാം അരങ്ങൊഴിഞ്ഞു. ബിഎസ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്നില്ല എന്ന കാരണത്താല്‍ എറ്റിയോസും ലിവയും വിപണിയില്‍ നിന്ന് പിന്‍വലിച്ചപ്പോള്‍ ചെറു ഡീസല്‍ എന്‍ജിനുകള്‍ നിര്‍മിക്കുക ലാഭകരമല്ല എന്ന കാരണമാണ് മാരുതി പറയുന്നത്. എന്തൊക്കെയായാലും എറ്റിയോസും ലിവയും ഡീസല്‍ എര്‍ട്ടിഗയും ഡീസല്‍ ഡിസയറുമുണ്ടാക്കുന്ന വിടവ് വളരെ വലുതായിരിക്കും. ഇവയ്ക്ക് പകരം ടാക്‌സി സെഗ്‌മെന്റില്‍ പരീക്ഷിക്കാവുന്ന വാഹനങ്ങള്‍ ഏതൊക്കെ?

ഹോണ്ട അമേയ്‌സ് ഡീസല്‍ 

Honda Amaze
Honda Amaze

ഡിസയറിന് പകരം പരിഗണിക്കാവുന്ന വാഹനമാണ് ഹോണ്ട അമേയ്‌സ്. ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായാണ് അമേയ്‌സ് എത്തുന്നത്. മാനുവല്‍, സിവിടി ഓട്ടമാറ്റിക്ക് പതിപ്പുകളില്‍ ലഭിക്കുന്ന അമേയ്‌സിന്റെ വില ആരംഭിക്കുന്നത് 7.61 ലക്ഷം രൂപയിലാണ്. ഇന്ധനക്ഷമത ലീറ്ററിന് 24.7 കിലോമീറ്റര്‍.

ഹ്യുണ്ടേയ് ഓറ / എക്‌സെന്റ്

hyundai-aura-2

നിലവില്‍ വിപണിയിലുള്ള ഏറ്റവും ചെറിയ ബിഎസ് 6 ഡീസല്‍ എന്‍ജിനുമായാണ് ഹ്യുണ്ടേയ് ഓറ എത്തിയത്. 75 ബിഎച്ച്പി കരുത്തുണ്ട് 1.2 ലീറ്റര്‍ യു2 സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്. കൂടാതെ ഓറയുടെ സിഎന്‍ജി പതിപ്പുമുണ്ട്. നിലവില്‍ ഹ്യുണ്ടേയ് ഓറയില്‍ മാത്രമേ ബിഎസ് 6 എന്‍ജിന്‍ പുറത്തിറക്കിയിട്ടുള്ള എങ്കിലും ഉടന്‍ എക്‌സെന്റിലും സിഎന്‍ജി പതിപ്പും ഡീസല്‍ എന്‍ജിനും എത്തുമെന്ന് പ്രതീക്ഷിക്കാം. ഹ്യുണ്ടേയ് ഓറ ഡീസലിന്റെ വില ആരംഭിക്കുന്നത് 7.83 ലക്ഷം രൂപമുതലാണ്. ഇന്ധന ക്ഷമത ലീറ്ററിന് 25.37 കിലോമീറ്റര്‍.

ഫോഡ് ഫിഗോ/ആസ്പയര്‍

Figo, Representative Image
Figo, Representative Image

ചെറു കാറായ ഫിഗോയും കോംപാക്റ്റ് സെഡാന്‍ ആസ്പയര്‍ കോമേഷ്യല്‍ സെഗ്മെന്റിലേക്ക് പരിഗണിക്കാവുന്ന മറ്റൊരു വാഹനമാണ്. ഇന്ന് നിലവിലുള്ള വിലകുറഞ്ഞ ഡീസല്‍ കാറുകളിലൊന്നാണ് ഫോഡിന്റെ ഈ വാഹനങ്ങള്‍. 1.5 ലീറ്റര്‍ എന്‍ജിനാണ് ഇരു വാഹനങ്ങളിലും ഉപയോഗിക്കുന്നത്. ഫോഗയുടെ വില ആരംഭിക്കുന്നത് 6.91 ലക്ഷം രൂപയിലും ആസ്പയറിന്റെ വില 7.54 ലക്ഷം രൂപയിലുമാണ്. ഇരു വാഹനങ്ങളുടേയും ഇന്ധന ക്ഷമത ലീറ്ററിന് 24.4 കിലോമീറ്ററാണ് ഇന്ധനക്ഷമത.

ടാറ്റ ആള്‍ട്രോസ്/ നെക്‌സോണ്‍

Altroz-17

അടുത്തിടെയാണ് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ് പുറത്തിറങ്ങിയത്. ബിഎസ് 6 ഡീസല്‍ എന്‍ജിനുമായി എത്തിയ വാഹനത്തിന് മികച്ച സ്‌റ്റൈലും ഫീച്ചറുകളുമുണ്ട്. നെക്‌സോണിലും ആള്‍ട്രോസിലും 1.5 ലീറ്റര്‍ ബിഎസ് 6 ടര്‍ബൊ ചാര്‍ജിഡ് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ആള്‍ട്രോസ് ഡീസല്‍ മോഡിന്റെ വില 6.99 ലക്ഷത്തിലും നെക്‌സോണ്‍ ഡീസലിന്റെ വില 8.45 ലക്ഷത്തിലും ആരംഭിക്കുന്നു.

മാരുതി സിഎന്‍ജി കാറുകള്‍

WagonR CNG, Representative Image
WagonR CNG, Representative Image

സെലേറിയ, ഓള്‍ട്ടോ കെ 10, ഓള്‍ട്ടോ, വാഗണ്‍ ആര്‍, എര്‍ട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ സിഎന്‍ജി പതിപ്പ് മാരുതി പുറത്തിറക്കിയിട്ടുണ്ട്. ഡീസലിന് ബദലായി മാരുതി നിലവില്‍ ടാക്‌സി സെഗ്മെന്റിനായി മുന്നോട്ടു വയ്ക്കുന്നത് സിഎന്‍ജി കാറുകളെയാണ്. സെലേറിയോയിലും ഓള്‍ട്ടോ കെ10 ലും വാഗണ്‍ആറിലും 1 ലീറ്റര്‍ എന്‍ജിനും ഓള്‍ട്ടോയില്‍ 796 സിസി എന്‍ജിനും എര്‍ട്ടിഗയില്‍ 1.5 ലീറ്റര്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്. ഓള്‍ട്ടോയുടെ വില 4.33 ലക്ഷത്തിലും ഓള്‍ട്ടോ കെ10 വില 4.40 ലക്ഷത്തിലും സെലേറിയോയുടെ വില 5.30 ലക്ഷത്തിലും വാഗണ്‍ ആറിന്റെ വില 5.25 ലക്ഷത്തിലും എര്‍ട്ടിഗയുടെ വില 8.95 ലക്ഷത്തിലും ആരംഭിക്കും.

മഹീന്ദ്ര മരാസോ

Mahindra Marazzo
Mahindra Marazzo

നിലവില്‍ ബിഎസ് 6 എന്‍ജിനില്ലെങ്കിലും ഉടന്‍ വിപണയിലെത്താന്‍ സാധ്യതയുള്ള വാഹനമാണ് മരാസോ ബിഎസ് 6. 1.5 ലീറ്റര്‍ എന്‍ജിന്‍ തന്നെയാകും ബിഎസ് 6 പതിപ്പിലും. വില നിലവിലെ മോഡലിനെക്കാള്‍ 80000 മുതല്‍ 1 ലക്ഷം വരെ ഉയരാനും സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com