കോവിഡ് 19: ലോ‌ക്‌ഡൗണിന് ശേഷവും ട്രെയിനിലും ബസിലും പോകുന്നത് സൂക്ഷിക്കണം!

covid-travel
Representative Image
SHARE

കോവിഡ് 19 ഭീഷണി വിട്ടൊഴിയുന്നില്ല. ലോകമെമ്പാടും ഇതുവരെ ഏകദേശം 12.68 ലക്ഷത്തിൽ അധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്, അതിൽ  69152 പേർ മരിക്കുകയും ചെയ്തു. രോഗം ബാധിച്ചവരുമായി അടുത്ത് ഇടപഴകുമ്പോഴാണ് കോവിഡ് 19 പകരാനുള്ള സാധ്യത കൂടുതൽ. അതുകൊണ്ടു വിമാനവും ബസും ട്രെയിനും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരെല്ലാം സൂക്ഷിക്കണം. 21 ദിവസത്തെ ലോക്ഡൗൺ അവസാനിച്ചു കഴിഞ്ഞാലും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർ (ഏതൊക്കെ ഗതാഗത സംവിധാനങ്ങൾ പുനരാരംഭിക്കും എന്ന് ഇതുവരെ വ്യക്തതയില്ല) വലിയ മുൻകരുതലുകൾ എടുക്കണം. പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ എന്തു മുൻകരുതലുകളാണ് എടുക്കേണ്ടത്?

ഇതര സംസ്ഥാനങ്ങളിൽ നിന്നു ബസിലും ട്രെയിനിലും വരുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം?

ലോക്ഡൗണിൽ മറ്റു സ്ഥലങ്ങളിൽ കുടുങ്ങിപോയവർ തിരികെ നാട്ടിലെത്താനായിരിക്കും ആദ്യ ശ്രമിക്കുക. രോഗസാധ്യതയുള്ള മേഖലയിൽനിന്നു വന്നവരുമായി യാത്രയിൽ ഇടപഴകിയിട്ടുണ്ടെങ്കിൽ വീട്ടിൽ എത്തിയാലും നിരീക്ഷണത്തിൽ കഴിയുന്നതാണു നല്ലത്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരാണു യാത്ര ചെയ്യുന്നതെങ്കിൽ അവർ രോഗികളുമായി ഇടപഴകിയിട്ടുള്ളതിനാൽ രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് നിരീക്ഷണത്തിൽ കഴിയുന്നതാണു നല്ലത്. എല്ലാ യാത്രക്കാരും നിരീക്ഷണത്തിൽ കഴിയേണ്ടതില്ല. ട്രെയിനിലും ബസുകളിലും നടത്തുന്ന പരിശോധനയുമായി സഹകരിക്കുക. രോഗലക്ഷണങ്ങളുള്ളവരും സാധ്യതയുള്ളവരും പരമാവധി പൊതുഗതാഗത സംവിധാനങ്ങൾ ഒഴിവാക്കണം.

വിവിധ പ്രതലങ്ങളിൽ കോവിഡ് 19 വൈറസ് എത്ര സമയം രോഗം പകർത്തുന്ന നിലയിൽ തുടരാം?

കോവിഡ് 19 വൈറസ് വിവിധ പ്രതലങ്ങളിൽ എത്രകാലം വരെ സജീവമായിരിക്കുമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷേ അക്കാര്യത്തിൽ മറ്റു കൊറോണ വൈറസുകൾക്കു സമാനമാണ് കോവിഡെന്നാണ് ഗവേഷകരുടെ നിഗമനം. വിവിധ പഠനങ്ങൾ അനുസരിച്ച് കോവിഡ് 19നും മറ്റു കൊറോണ വൈറസുകളും ഏതാനും മണിക്കൂറുകൾ മുതൽ ഏതാനും ദിവസങ്ങൾ വരെ വിവിധ പ്രതലങ്ങളിൽ സജീവമായി തുടരും. ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ട പഠനമനുസരിച്ച്, ചെമ്പ് പ്രതലങ്ങളിൽ നാലു മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്, സ്റ്റീൽ പ്രതലങ്ങളിൽ 3 മുതൽ 4 ദിവസത്തോളവും കോവിഡ് 19 വൈറസ് അതിജീവിക്കാം. പക്ഷേ വിവിധ സാഹചര്യങ്ങളനുസരിച്ച് (ഏതുതരം പ്രതലം, താപനില, ഹ്യുമിഡിറ്റി തുടങ്ങിയവ) അതിലും മാറ്റം വരാം. 

വൃത്തിയാക്കേണ്ടത് എങ്ങനെ?

ഏതെങ്കിലും പ്രതലത്തിൽ വൈറസ് ബാധയുണ്ടാകാനുള്ള സാഹചര്യമുണ്ടെന്ന് സംശയം തോന്നിയാൽ അവിടം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. ബ്ലീച്ച് സൊല്യൂഷനും ഇതിനായി ഉപയോഗിക്കാം. ഒരു ഗാലൻ (3.78 ലീറ്റർ) വെള്ളത്തിന്റെ മൂന്നിലൊന്ന് ബ്ലീച്ച് സൊല്യൂഷൻ ചേർത്ത് ഉപയോഗിക്കാം. പ്രതലങ്ങൾ വൃത്തിയാക്കിയ ശേഷം കയ്യും ശുചിയായി സൂക്ഷിക്കാൻ മറക്കരുത്.

വിമാന യാത്ര ഒഴിവാക്കാം

ക്ഷീണം, വരണ്ട ചുമ, പനി എന്നിവയാണു പൊതു ലക്ഷണങ്ങൾ. ചിലർക്കു ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ കോവിഡ് 19 ലക്ഷണങ്ങളാണ്. ചിലർക്കു ലക്ഷണങ്ങളൊന്നും കാണിക്കില്ല. ഈ ലക്ഷണങ്ങളുള്ളവരും രോഗിയുമായി അടുത്തിടപഴകിയവരും വിമാന യാത്രകൾ ഒഴിവാക്കുകയാണ് നല്ലത്. കോവിഡ് 19 ലക്ഷണങ്ങളുമായി സഞ്ചരിക്കുന്ന രോഗിയുടെ സീറ്റിന്റെ തൊട്ടടുത്ത സീറ്റുകളില്‍ ഇരിക്കുന്നവർക്കും മൂന്നിലെയും പിന്നിലെയും സീറ്റുകളിൽ ഇരിക്കുന്നവർക്കുമാണ് വൈറസ് ബാധയേൽക്കാൻ ഏറ്റവും കൂടുതൽ സാധ്യത. കൂടാതെ ഇവരുമായി അടുത്തിടപഴകുന്ന വിമാന ജീവനക്കാർക്കും വൈറസ് ബാധയേൽക്കാനുള്ള സാധ്യതയുണ്ട്.

വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമാണ് അത് മറ്റുള്ളവരിലേക്കു പകരുന്നത്. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നു മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുക. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാലും രോഗം പരക്കാം. രോഗം ബാധിച്ച ആളിൽനിന്ന് ഒരു മീറ്ററെങ്കിലും (3 അടി) അകലെ നിൽക്കണം എന്നാണ് പറയുന്നത്.

വിമാനങ്ങളിലെ എച്ച്ഇഎപി ഫിൽറ്റർ

രോഗിയുടെ തൊട്ടടുത്തല്ലെങ്കിൽ കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത കുറവാണ് എന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വിമാനത്തിലെ എല്ലാവർക്കും രോഗം വരാനുളള സാധ്യതയില്ല. പുതുതലമുറ വിമാനങ്ങളിലെല്ലാം ഹൈ എഫിഷ്യൻസി പാർക്കുലേറ്റ് ഫീൽറ്ററുകളാണ് ഉപയോഗിക്കുന്നതെന്നാണ് അയാട്ട (IATA) പറയുന്നത്. ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററുകളില്‍ ഉപയോഗിക്കുന്നത്ര കാര്യക്ഷമതയുള്ള ഈ ഫിൽറ്ററുകൾ വായുവിൽ വൈറസിന്റെയും ബാക്ടീരിയകളുടെയും സാന്നിധ്യം പരമാവധി ഒഴിവാക്കുമെന്നും അയാട്ട സൂചിപ്പിക്കുന്നു. 

മുൻകരുതൽ രക്ഷ

പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ കൂടെക്കൂടെ കൈകൾ കഴുകാനോ സാനിറ്റൈസ് ചെയ്യാനോ ശ്രദ്ധിക്കുക. ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധവേണം. കൈകളിലെ വൈറസിനെ ഇല്ലാതാക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകഴുകുന്നതു ശീലമാക്കുക. ഏതു സോപ്പും ഉപയോഗിക്കാം. ഉള്ളംകയ്യിലും പുറം കയ്യിലും വിരലുകൾക്കിടയിലുമായി 20 സെക്കൻഡ് നേരമെങ്കിലും കഴുകണം. സോപ്പ് ഇല്ലെങ്കിൽ, 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA